കാൽവരി: രണ്ടു മനോഭാവങ്ങളുടെ സമാഗമ വേദി!

ഫ്രാൻസീസ് പാപ്പായുടെ ഓശനത്തിരുന്നാൾ ചിന്തകളും ത്രികാലജപ സന്ദേശവും.

 

സ്വാർത്ഥ ഭാവവും ആത്മദാന ഭാവവും നേർക്കുനേർ

കാൽവരിയിൽ രണ്ട് മനോഭാവങ്ങൾ കൂട്ടിമുട്ടുന്നു. സുവിശേഷത്തിൽ, വാസ്തവത്തിൽ, ക്രൂശിതനായ യേശുവിൻറെ വാക്കുകൾ അവിടത്തെ ക്രൂശിക്കുന്നവരുടെ വാക്കുകൾക്ക് വിരുദ്ധമായി നിൽക്കുന്നു. അവർ ഒരു പല്ലവി ആവർത്തിക്കുന്നു: “നീ നിന്നെത്തന്നെ രക്ഷിക്കൂ”. പ്രമാണികൾ പറയുന്നു: “ഇവൻ ദൈവത്തിൻറെ തിരഞ്ഞെടുക്കപ്പെട്ടവനായ ക്രിസ്തുവാണെങ്കിൽ സ്വയം രക്ഷിക്കട്ടെ” (ലൂക്കാ 23:35). പടയാളികൾ അത് ആവർത്തിക്കുന്നു: “നീ യഹൂദന്മാരുടെ രാജാവാണെങ്കിൽ, നീ നിന്നെത്തന്നെ രക്ഷിക്കുക” (വാക്യം 37). ഒടുവിൽ, ഇതു ശ്രവിച്ച, കുറ്റവാളികളിൽ ഒരുവൻ, അതേ ആശയംതന്നെ ആവർത്തിക്കുന്നു: “നീ ക്രിസ്തുവല്ലേ? നിന്നെത്തന്നെ രക്ഷിക്കുക! ” (വാക്യം 39). സ്വയം സംരക്ഷിക്കുക, സ്വന്തം കാര്യം നോക്കുക, മറ്റുള്ളവരെക്കുറിച്ചല്ല അവനവനെക്കുറിച്ച് ചിന്തിക്കുക; അവനവൻറെ ആരോഗ്യം, വിജയം, സ്വന്തം താൽപ്പര്യങ്ങൾ എന്നിവയെക്കുറിച്ച്; കൈവശമാക്കൽ, അധികാരം, പ്രകടനപരത. നീ സ്വയം രക്ഷിക്കുക: ഇത് കർത്താവിനെ കുരിശിൽ തറച്ച മാനവരാശിയുടെ പല്ലവിയാണ്. നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം.

വേറിട്ടുനിൽക്കുന്ന യേശുഭാവം 

ഞാൻ എന്ന മനോഭാവം ദൈവത്തിൻറെ മനോഭാവത്തിനു വിരുദ്ധമാണ്; നീ നിന്നെത്തന്നെ രക്ഷിക്കൂ എന്നത് സ്വയം അർപ്പിക്കുന്ന രക്ഷകനുമായി കൂട്ടിമുട്ടുന്നു. കാൽവരിയെക്കുറിച്ചുള്ള ഇന്നത്തെ സുവിശേഷത്തിൽ യേശുവും തൻറെ എതിരാളികൾ ചെയ്തതുപോലെ, മൂന്നു പ്രാവശ്യം സംസാരിക്കുന്നു (വാക്യങ്ങൾ 34.43.46). എന്നാൽ ഒരു സാഹചര്യത്തിലും അവൻ തനിക്കായി ഒന്നും അവകാശപ്പെടുന്നില്ല; സ്വയം പ്രതിരോധിക്കുകയോ ന്യായീകരിക്കുകയോ പോലും ചെയ്യുന്നില്ല. അവിടന്ന് പിതാവിനോട് പ്രാർത്ഥിക്കുകയും നല്ല കള്ളനോട് കരുണ കാണിക്കുകയും ചെയ്യുന്നു. “പിതാവേ, അവരോടു പൊറുക്കേണമെ” (വാക്യം 34) ഈ പ്രയോഗം, പ്രത്യേകിച്ച്,  “നീ നിന്നെത്തന്നെ രക്ഷിക്കുക” എന്നതിൽ നിന്നുള്ള വ്യത്യസ്തയാൽ മുദ്രിതമായ ഒന്നാണ്.

മാപ്പേകുന്ന പ്രാർത്ഥനാ ഭാവം 

ഈ വാക്കുകളെക്കുറിച്ച് നമുക്ക് മനനം ചെയ്യാം. എപ്പോഴാണ് കർത്താവ് അത്  പറയുന്നത്? കൃത്യമായ ഒരു നിമിഷത്തിൽ: ക്രൂശീകരണ വേളയിൽ, ആണികൾ കൈത്തണ്ടയിലും കാലുകളിലും തുളച്ചുകയറുന്നതായി അനുഭവപ്പെടുമ്പോൾ. ഇത് ഉണ്ടാക്കിയ തുളച്ചുകയറുന്ന വേദന നമുക്ക് സങ്കൽപ്പിക്കാൻ ശ്രമിക്കാം. അവിടെ, പീഢാസഹനത്തെക്കാൾ കഠിനമായ ശാരീരിക വേദനയനുഭവിക്കുമ്പോൾ, ക്രിസ്തു തന്നെ ദ്രോഹിക്കുന്നവർക്കുവേണ്ടി മാപ്പപേക്ഷിക്കുന്നു. ആ സമയത്ത് ഒരാൾ ദേഷ്യവും കഷ്ടപ്പാടുംകൊണ്ട് അലറിവിളിക്കും; എന്നാൽ യേശുവാകട്ടെ ഇപ്രകാരം പറയുന്നു: പിതാവേ, ഇവരോട് പൊറുക്കേണമേ. ബൈബിൾ പരാമർശിക്കുന്ന (2 മക്കബായർ 7: 18-19) മറ്റ് രക്തസാക്ഷികളിൽ നിന്ന് വ്യത്യസ്തമായി, അവിടന്ന് തന്നെ കൊല്ലാൻ ശ്രമിക്കുന്നവരെ ശാസിക്കുകയോ ദൈവത്തിൻറെ നാമത്തിൽ ശിക്ഷലഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ല, മറിച്ച് ദുഷ്ടന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. നിന്ദനത്തിൻറെ കഴുമരത്തട്ടിൽ ചേർന്നുനിന്നുകൊണ്ട്, സ്വയംദാനത്തിൻറെ തീവ്രത വർദ്ധമാനമാക്കുന്നു, അത് മാപ്പായി മാറുന്നു.

കുരിശിലേക്ക് നയനങ്ങൾ തിരിക്കുക

സഹോദരീസഹോദരന്മാരേ, ദൈവം നമ്മോടും അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്ന് നമുക്കു കരുതാം: നമ്മുടെ ചെയ്തികളാൽ നാം അവിടത്തെ വേദനിപ്പിക്കുമ്പോൾ, അവിടന്ന് യാതന അനുഭവിക്കുന്നു, അവിടത്തെ ആഗ്രഹം ഒന്നു മാത്രമാണ്: നമ്മോട് പൊറുക്കുക. ഇത് മനസ്സിലാക്കണമെങ്കിൽ, നാം കുരിശിലേക്കു നോക്കണം. അവിടത്തെ മുറിവുകളിൽ നിന്നാണ്, നമ്മുടെ ആണികൾ ഉണ്ടാക്കിയ വേദനയുടെ സുഷിരങ്ങളിൽ നിന്നാണ് മാപ്പ് നിർഗ്ഗമിക്കുന്നത്.

ശത്രുസ്നേഹം യേശു ജീവിക്കുന്ന സമയം 

അവിടെ, ക്രൂശിക്കപ്പെടുന്ന വേളയിൽ, ഏറ്റവും പ്രയാസകരമായ നിമിഷത്തിൽ, യേശു തൻറെ ഏറ്റവും ബുദ്ധിമുട്ടുള്ള കല്പന ജീവിക്കുന്നു: ശത്രുക്കളോടുള്ള സ്നേഹം. നമ്മെ മുറിവേല്പിച്ച, ദ്രോഹിച്ച, നിരാശപ്പെടുത്തിയ ഒരാളെക്കുറിച്ച് നമുക്ക് ചിന്തിക്കാം; നമ്മെ പ്രകോപിപ്പിച്ച, നമ്മെ മനസ്സിലാക്കാത്ത അല്ലെങ്കിൽ ഒരു നല്ല മാതൃകയല്ലാത്ത ഒരാളെക്കുറിച്ച് ചിന്തിക്കാം. നമ്മെ ദ്രോഹിച്ച ഒരാളെക്കുറിച്ച് എത്ര നാളുകളാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുക! ഇന്ന് യേശു നമ്മെ പഠിപ്പിക്കുന്നത് അതിൽ നിൽക്കാനല്ല, പ്രത്യുത, പ്രതികരിക്കാനാണ്. തിന്മയുടെയും ആകുലതയുടെയും ദൂഷിത വലയം തകർക്കാനാണ്. ജീവിതത്തിൽ തുളച്ചുകയറുന്ന കൂർത്ത ആണികളോട് സ്നേഹത്തോടെ, പകയുടെ പ്രഹരങ്ങളോട് ക്ഷമയുടെ തലോടൽകൊണ്ട് പ്രതികരിക്കാൻ. എന്നാൽ യേശുവിൻറെ ശിഷ്യൻമാരായ നാം പിൻചെല്ലുന്നത് ഗുരുവിനെയാണോ അതോ നമ്മുടെ അമർഷം പ്രകടിപ്പിക്കുന്ന സഹജവാസനയെയാണോ? നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്. നമ്മൾ ക്രിസ്തുവിൻറെതാണെന്ന് സ്ഥിരീകരിക്കണമെങ്കിൽ, നമ്മെ വേദനിപ്പിച്ചവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാൽ മതി. അവിടത്തെ സംബന്ധിച്ചിടത്തോളം നമ്മൾ എല്ലാവരും അവിടന്ന് ആശ്ലേഷിക്കാനും ക്ഷമിക്കാനും ആഗ്രഹിക്കുന്ന പ്രിയപ്പെട്ട മക്കളാണ്. മകൻറെ വിവാഹ വിരുന്നിലേക്കുള്ള ആ ക്ഷണത്തിലും ഇതുതന്നെയാണ് പ്രകടമാകുന്നത്, ആ വ്യക്തി സ്വന്തം വേലക്കാരെ കവലയിലേക്ക് അയച്ചുകൊണ്ട് പറയുന്നു: “എല്ലാവരേയും, വെളുത്തവരും കറുത്തവരും നല്ലവരും ചീത്തവരും, ആരോഗ്യമുള്ളവരും, രോഗികളുമായ, എല്ലാവരേയും കൊണ്ടുവരിക …” ( മത്തായി 22: 9-10). യേശുവിൻറെ സ്നേഹം എല്ലാവരോടും ഉള്ളതാണ്, ഇതിൽ സവിശേഷാനുകൂല്യങ്ങളില്ല. നാം ഓരോരുത്തരുടെയും സവിശേഷ പദവി സ്നേഹിക്കപ്പെടുക, ക്ഷമിക്കപ്പെടുക എന്നതാണ്.

മാപ്പേകുന്നതിൽ മടുക്കാത്ത ദൈവം

പിതാവേ, അവരോട് പൊറുക്കേണമേ, എന്തെന്നാൽ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ഇത് യേശു “പറഞ്ഞു” (വാക്യം 34) എന്ന്  സുവിശേഷം ഊന്നിപ്പറയുന്നു: കുരിശിലേറ്റൽ വേളയിൽ എന്നന്നേക്കുമായി  ഒരിക്കൽ അല്ല അവിടന്ന് ഇത് പറഞ്ഞത്, മറിച്ച്, തൻറെ അധരത്തിലും ഹൃദയത്തിലും ഈ വാക്കുകളുമായി അവിടന്ന് മണിക്കൂറുകൾ കുരിശിൽ ചെലവഴിച്ചു. ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും തളരില്ല. നമ്മൾ ഇത് മനസ്സിലാക്കണം, മനസ്സുകൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ട് മനസ്സിലാക്കണം: ദൈവം ക്ഷമിക്കുന്നതിൽ ഒരിക്കലും മടുപ്പ് കാണിക്കുന്നില്ല, എന്നാൽ നമ്മളാണ് അവിടത്തോട് ക്ഷമ ചോദിക്കുന്നതിൽ തളരുന്നത്, അവിടന്ന് മാപ്പേകുന്നതിൽ ഒരിക്കലും മടുക്കുന്നില്ല.

യേശുവിനെ വീണ്ടും കുരിശിലേറ്റുന്ന യുദ്ധം 

അക്രമവേളയിൽ ഒരുവൻ പിതാവായ ദൈവത്തെക്കുറിച്ചോ സഹോദരങ്ങളായ മറ്റുള്ളവരെക്കുറിച്ചോ അജ്ഞനാണ്. നാം ലോകത്തിലായിരിക്കുന്നത് എന്തിനാണ് എന്നത്  നാം മറക്കുകയും ഭോഷത്തമായ ക്രൂരതകൾ ചെയ്യുകയും ചെയ്യുന്നു. ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്ന ഭ്രാന്തമായ യുദ്ധത്തിൽ നാം ഇതു കാണുന്നു. അതെ, ഭർത്താക്കന്മാരുടെയും മക്കളുടെയും അന്യായമായ മരണത്തിൽ വിലപിക്കുന്ന അമ്മമാരിൽ ക്രിസ്തു വീണ്ടും കുരിശിൽ തറയ്ക്കപ്പെടുന്നു. കുഞ്ഞുങ്ങളെ കൈകളിലേന്തി ബോംബുകളിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളിൽ അവിടന്ന് ക്രൂശിക്കപ്പെടുന്നു. ഏകാന്തതയിൽ മരിക്കാൻ തള്ളിവിടപ്പെട്ട പ്രായമായവരിലും, ഭാവി നഷ്ടപ്പെട്ട യുവാക്കളിലും, സഹോദരന്മാരെ കൊല്ലാൻ അയക്കപ്പെട്ട സൈനികരിലും അവിടന്ന് ക്രൂശിക്കപ്പെടുന്നു. അവിടെ ഇന്ന് ക്രിസ്തു ക്രൂശിക്കപ്പെടുന്നു.

നമുക്ക് ചില ഉറപ്പുകൾ നൽകുന്ന വിശുദ്ധ വാരം  

സഹോദരീസഹോദരന്മാരേ, ദൈവത്തിന് എല്ലാ പാപങ്ങളും ക്ഷമിക്കാൻ കഴിയുമെന്ന ആ ഉറപ്പിനെ നമുക്ക് ഈ ആഴ്ച വരവേൽക്കാം. ദൈവം എല്ലാവരോടും ക്ഷമിക്കുന്നു, എല്ലാ ദൂരങ്ങളെയും ഇല്ലാതാക്കാൻ അവിടത്തേക്കു കഴിയും, എല്ലാ വിലാപങ്ങളെയും ആനന്ദനൃത്തമാക്കി മാറ്റാൻ സാധിക്കും (സങ്കീർത്തനം 30:12) എന്ന ഉറപ്പ്; ക്രിസ്തുവിനൊപ്പം എല്ലാവർക്കും എപ്പോഴും ഇടമുണ്ടെന്ന ഉറപ്പ്. യേശുവിനോടൊപ്പം ഒരിക്കലും അവസാനമില്ല ഒന്നും ഒരിക്കലും വൈകിയിട്ടില്ല എന്ന ഉറപ്പ്. ദൈവത്തോടൊപ്പം നിങ്ങൾക്ക് എല്ലായ്പ്പോഴും ജീവിതത്തിലേക്ക് മടങ്ങാം. ധൈര്യമുള്ളവരായിരിക്കുക, അവിടന്ന് പ്രദാനം ചെയ്യുന്ന മാപ്പോടുകൂടി നമുക്ക് പെസഹോന്മുഖമായി നീങ്ങാം. എന്തെന്നാൽ ക്രിസ്തു നമുക്കുവേണ്ടി പിതാവിനോട് നിരന്തരം മാദ്ധ്യസ്ഥ്യം വഹിക്കുന്നു (ഹെബ്രായർ 7:25), നമ്മുടെ അക്രമോത്സുകവും വ്രണിതവുമായ ലോകത്തെനോക്കി “പിതാവേ, ഇവരോടു പൊറുക്കേണമേ, എന്തെന്നാൽ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ  അറിയുന്നില്ല” എന്ന് ആവർത്തിക്കുന്നതിൽ അവിടന്ന് മടുപ്പിക്കുന്നില്ല – ആ വാക്കുകൾ നമുക്ക് ഇപ്പോൾ നമ്മുടെ ഹൃദയം കൊണ്ട്, മൗനമായി – ആവർത്തിക്കാം.

ഈ വാക്കുകളിൽ തൻറെ വിചിന്തനം ഉപസംഹരിച്ച പാപ്പാ ദിവ്യബലി തുടരുകയും സമാപനാശീർവ്വാദത്തിനു മുമ്പ് മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും ചെയ്തു. ത്രികാലപ്രാർത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ ഹ്രസ്വ വിചിന്തനത്തിൽ പാപ്പാ എല്ലാവർക്കും, വിശിഷ്യ, യുവജനത്തിനും മാദ്ധ്യമങ്ങളിലൂടെ ഈ തിരുക്കർമ്മത്തിൽ പങ്കുചേരുന്നവർക്കും നല്ലൊരു വിശുദ്ധവാരം ആശംസിച്ചു.

തെക്കെ അമേരിക്കൻ നാടായ പെറുവിന് പാപ്പായുടെ പ്രാർത്ഥനാ സഹായം 

പാപ്പാ, തെക്കെ അമേരിക്കൻ നാടായ പെറു സാമൂഹ്യ പ്രതിസന്ധിയിലുഴലുന്നത് അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം തുടർന്നു:

സാമൂഹിക പിരിമുറുക്കത്തിൻറെതായ പ്രയാസകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന പെറുവിലെ പ്രിയപ്പെട്ട ജനങ്ങളുടെ ചാരെ ഞാനുണ്ട്. നിങ്ങൾക്കു ഞാൻ പ്രാർത്ഥനാസഹായം ഏകുകയും നാടിൻറെ നന്മയ്ക്കുതകുന്ന, പ്രത്യേകിച്ച് ഏറ്റം ദരിദ്രരായവർക്കായി, എല്ലാവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങളോടുള്ള ആദരവിൽ, സമാധാനപരമായ പരിഹാരം കാണാൻ എല്ലാ വിഭാഗങ്ങൾക്കും പ്രചോദനം പകരുകയും ചെയ്യുന്നു.

യുദ്ധത്തിനറുതിവരുത്താൻ ദൈവത്തിനു കഴിയും

അല്പസമയത്തിനുള്ളിൽ നാം കർത്താവിൻറെ മാലാഖ എന്ന പ്രാർത്ഥന വഴി പരിശുദ്ധ അമ്മയിലേക്കു തിരിയും. മംഗളവാർത്താ വേളയിൽ കർത്താവിൻറെ ദൂതൻ തന്നെയായിരുന്നു മറിയത്തോട് പറഞ്ഞത്: “ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” (ലൂക്കാ 1:37). ദൈവത്തിന് അസാധ്യമായി ഒന്നുമില്ല, അന്ത്യം കാണാനാവാത്ത ഒരു യുദ്ധം അവസാനിപ്പിക്കാൻ പോലും. നിരായുധരായ പൗരന്മാർക്കെതിരെ നടത്തുന്ന ഹീനമായ കൂട്ടക്കൊലകളും നിഷ്ഠൂരതകളും ഓരോ ദിവസവും നമ്മുടെ കൺമുന്നിൽ വയ്ക്കുന്ന ഒരു യുദ്ധം. യുദ്ധാന്ത്യത്തിനായി നമുക്കു പ്രാർത്ഥിക്കാം.

ക്രിസ്തുവിനെ ജയിക്കാൻ അനുവദിക്കൂ

ഉത്ഥാനത്തിരുന്നാളിനു മുൻപുള്ള ദിവസങ്ങളിലാണ് നമ്മൾ. പാപത്തിൻറെയും മരണത്തിൻറെയും മേൽ കർത്താവായ യേശുക്രിസ്തു വരിച്ച വിജയം ആഘോഷിക്കാൻ നമ്മൾ തയ്യാറെടുക്കുകയാണ്. പാപത്തിൻറെയും മരണത്തിൻറെയും മേലാണ്, അല്ലാതെ, ആരുടെയെങ്കിലും മേലോ മറ്റൊരാൾക്കെതിരായോ അല്ല. എന്നാൽ ഇന്ന് യുദ്ധമാണ് നടക്കുന്നത്. ലോകത്തിൻറെതായ രീതിയിൽ ജയിക്കാൻ ആഗ്രഹിക്കുന്നതെന്തിനാണ്? അങ്ങനെ തോൽവി മാത്രമാണ് ഉണ്ടാകുന്നത്. എന്തുകൊണ്ട് ക്രിസ്തുവിനെ ജയിക്കാൻ അനുവദിച്ചുകൂടാ? തിന്മയുടെ ആധിപത്യത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ ക്രിസ്തു കുരിശ് വഹിച്ചു. ജീവനും സ്നേഹവും സമാധാനവും വാഴുന്നതിനു വേണ്ടി അവിടന്ന് മരണം വരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles