അമൂല്യമായത് സ്വന്തമാക്കാന്‍ പരിശ്രമിക്കുവിന്‍; ഫ്രാന്‍സിസ് പാപ്പാ
അമൂല്യമായത് സ്വന്തമാക്കാനുള്ള സന്നദ്ധത
അനർഘങ്ങളായ രണ്ടു ഭിന്ന യാഥാർത്ഥ്യങ്ങളോടു, അതായത്, വയലിൽ ഒളിച്ചു വച്ചിരിക്കുന്ന നിധിയോടും വിലേയറിയ രത്നത്തോടും സ്വർഗ്ഗരാജ്യത്തെ സാദൃശ്യപ്പെടുത്തുന്ന ആദ്യത്തെ രണ്ടു ഉപമകളെക്കുറിച്ചാണ് ഇന്നു ഞാൻ ചിന്തിക്കുക. രത്നമോ നിധിയൊ കണ്ടെത്തുന്നയാളുടെ പ്രതികരണം വാസ്തവത്തിൽ ഒന്നു തന്നെയാണ്. നിധികണ്ടെത്തുന്നയാളും രത്നം കണ്ടെത്തുന്ന വ്യാപാരിയും തങ്ങൾക്കേറ്റം പ്രിയങ്കരമായത് വാങ്ങുന്നതിനായി തങ്ങൾക്കുള്ള സർവ്വവും വിൽക്കുന്നു. ഈ രണ്ടു സാദൃശ്യങ്ങളിലൂടെ യേശു നമ്മെ സ്വർഗ്ഗരാജ്യനിർമ്മിതിയിൽ പങ്കുചേർക്കാൻ ശ്രമിക്കുന്നു. അതിനായി അവിടന്ന് ക്രൈസ്തവ ജീവിതത്തിൻറെ, സ്വർഗ്ഗീയ ജീവിതത്തിൻറെ അത്യന്താപേക്ഷിത സവിശേഷത അവതരപ്പിക്കുന്നു: സർവ്വവും ഉപേക്ഷിക്കാൻ തയ്യാറുള്ളവർ, ധൈര്യമുള്ളവർ ആണ് ദൈവരാജ്യത്തിനായി സകലവും നിക്ഷേപിക്കുക. വാസ്തവത്തിൽ നിധികണ്ടെത്തിയ മനുഷ്യനും രത്നം കണ്ടെത്തിയ വ്യാപാരിയും തങ്ങൾക്കുള്ള സർവ്വവും വില്ക്കുകയും അങ്ങനെ ഭൗതിക സുരക്ഷിതത്വം വെടിയുകയും ചെയ്യുന്നു. ഇതിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത് സ്വർഗ്ഗരാജ്യം കെട്ടിപ്പടുക്കുന്നതിന് ദൈവകൃപ മാത്രം പോരാ, മനുഷ്യൻറെ സന്നദ്ധതയും ആവശ്യമാണെന്നാണ്. ദൈവാനുഗ്രഹമാണ് സകലവും സാധ്യമാക്കുന്നത്. എന്നാൽ നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത് സന്നദ്ധതയാണ്, ദൈവകൃപയെ ചെറുത്തു നില്ക്കുകയല്ല ചെയ്യേണ്ടത്. ദൈവകൃപ സകലവും പൂർത്തിയാക്കും എന്നാൽ “എൻറെ” സന്നദ്ധത, എൻറെ സംലഭ്യത ആവശ്യമാണ്.
ആർജ്ജിക്കേണ്ട മനോഭാവം
സമ്പത്തെല്ലാം ഉപേക്ഷിച്ച് ഏറ്റം അമൂല്യമായവ സ്വന്തമാക്കാൻ ശ്രമിക്കുന്ന ആ മനുഷ്യൻറെയും ആ വ്യാപാരിയുടെയും ചെയ്തികൾ നിർണ്ണായകങ്ങൾ, മൗലികങ്ങൾ ആയിരുന്നു. അവ ഏക ദിശോന്മുഖം ആയിരുന്നുവെന്ന് ഞാൻ പറയും. അങ്ങോട്ടും ഇങ്ങോട്ടുമുള്ളതായിരുന്നില്ല. സർവ്വോപരി, അവർ രണ്ടു പേരും സന്തോഷത്തോടെയാണ് അതു ചെയ്തത്, കാരണം അവർ നിധി കണ്ടെത്തിയിരുന്നു. സുവിശേഷത്തിൽ കാണുന്ന ഈ രണ്ടു കഥാപാത്രങ്ങളുടെ മനോഭാവം, സ്വർഗ്ഗരാജ്യം ആരോഗ്യകരമായ ഒരു തരം അസ്വസ്ഥതയോടുകൂടി അന്വേഷിക്കുന്നവരായിത്തീർന്നുകൊണ്ട്, സ്വന്തമാക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. സ്വർഗ്ഗരാജ്യാന്വേഷണത്തിനും അതിൻറെ നിർമ്മിതിക്കും വിഘാതം സൃഷ്ടിക്കുന്ന ലൗകികസുരക്ഷിത്വങ്ങളുടെ കനത്ത ഭാരം, അതായത്, കൈവശപ്പെടുത്താനുള്ള അത്യാഗ്രഹം, സമ്പത്തിനും അധികാരത്തിനുമായുള്ള ദാഹം, സ്വന്തം കാര്യത്തെക്കുറിച്ചു മാത്രമുള്ള ചിന്ത എന്നിവ, വെടിയുക എന്നാണ് ഇതിൻറെ വിവക്ഷ.
ക്ഷണിക വെളിച്ചവും നിത്യ പ്രകാശവും
നമ്മുടെ ഈ കാലത്ത്, നമുക്കെല്ലാവർക്കുമറിയാവുന്നതു പോലെ, ചിലരുടെ ജീവിതം സാധാരണവും മന്ദീഭവിച്ചതുമാണ് . അതിനു കാരണം, ഒരു പക്ഷേ അവർ യഥാർത്ഥ നിധി അന്വേഷിക്കാത്തതായിരിക്കും. ആകർഷണീയവും എന്നാൽ ക്ഷണികവും കണ്ണഞ്ചിപ്പിക്കുന്നവയും, പിന്നീട് ഇരുളിലേക്കു തള്ളിയിടുന്ന മായികവുമായ വസ്തുക്കളിൽ അവർ തൃപ്തിയടയുന്നു. നേരെ മറിച്ച്, സ്വർഗ്ഗരാജ്യത്തിൻറെ പ്രകാശം വെടിക്കെട്ടിൻറെ വെളിച്ചമല്ല, അത് യഥാർത്ഥ പ്രകാശമാണ്. വെടിക്കെട്ടിൻറെ പ്രഭ ഒരു നിമിഷം മാത്രം നീണ്ടു നില്ക്കുന്നതാണ്, എന്നാൽ സ്വർഗ്ഗരാജ്യത്തിൻറെ വെളിച്ചം നമ്മുടെ ജീവിതത്തിലുടനീളം നമ്മോടൊപ്പം ഉണ്ടായിരിക്കും.
ജീവിതത്തെ നവീകരിക്കുന്ന സ്വർഗ്ഗരാജ്യം
സ്വർഗ്ഗരാജ്യം ലോകമേകുന്ന ഉപരിപ്ലവങ്ങളായ വസ്തുക്കൾക്ക് വിപരീതമാണ്, അത് ബാലിശമായ ഒരു ജീവിതത്തിനെതിരാണ്. സ്വർഗ്ഗരാജ്യം അനുദിനം നമ്മുടെ ജീവിതത്തെ നവീകരിക്കുകയും ഉപരിവിശാലമായ ചക്രവാളങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു നിധിയാണ്. വാസ്തവത്തിൽ ഈ നിധി കണ്ടെത്തുന്നവന് സർഗ്ഗാത്മകവും അന്വേഷണത്വരയുള്ളതുമായ ഒരു ഹൃദയം ഉണ്ട്. ആ ഹൃദയം ആവർത്തനം ഒഴിവാക്കുകയും, മറിച്ച്, ദൈവസ്നേഹത്തിലേക്കും പരസ്നേഹത്തിലേക്കും നമ്മെത്തന്നെ സത്യത്തിൽ സ്നേഹിക്കുന്നതിലേക്കും നയിക്കുന്ന പുതിയ പാത വെട്ടിതുറക്കുകയും ചെയ്യുന്നു. ദൈവരാജ്യത്തിൻറെ ഈ പാതയിലൂടെ നടക്കുന്നവരുടെ അടയാളം രചനാത്മകതയും എന്നും കൂടുതലായ അന്വേഷണവുമാണ്. ഈ സർഗ്ഗാത്മകത ജീവൻ പ്രാപിക്കുകയും ജീവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അത് നല്കിക്കൊണ്ടിരിക്കുന്നു…… ജീവനേകുന്നതിന് വിഭിന്നങ്ങളായ നിരവധി മാർഗ്ഗങ്ങൾ തേടുന്നു.
യേശു സംവേദനം ചെയ്യുന്ന സന്തോഷം
മറഞ്ഞുകിടക്കുന്ന നിധിയും അമൂല്യ രത്നവുമായ യേശുവിന് ആനന്ദം, ലോകത്തിൻറെ മുഴുവൻ സന്തോഷം ഉളവാക്കാതിരിക്കാനാകില്ല: സ്വന്തം ജീവിതത്തിൻറെ പൊരുൾ കണ്ടെത്തുന്നതിൻറെ സന്തോഷം, വിശുദ്ധി പ്രാപിക്കുന്നതിനുള്ള സാഹസികയത്നത്തിൽ മുഴുകിയ അനുഭവത്തിൻറെ ആനന്ദം ആണ് അ ത്.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാം
സ്വർഗ്ഗരാജ്യത്തിൻറെ നിധി അനുദിനം അന്വേഷിക്കാൻ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ. യേശുവിലൂടെ ദൈവം നമുക്ക് നല്കിയ സ്നേഹം, അങ്ങനെ, നമ്മുടെ വചനപ്രവർത്തികളിലൂടെ അനാവൃതമാകട്ടെ.
ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു.
യൊവാക്കിം, അന്ന എന്നീ വിശുദ്ധരുടെ ഓർമ്മത്തിരുന്നാൾ
യേശുവിൻറെ മുത്തശ്ശീമുത്തശ്ശന്മാരായ യൊവാക്കിം, അന്ന എന്നീ വിശുദ്ധരുടെ ഓർമ്മത്തിരുന്നാൾ അനുവർഷം ജൂലൈ 26-ന് ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പാപ്പാ ഈ വിശുദ്ധരെ അനുസ്മരിച്ചു.
വൃദ്ധജനത്തോടു, വിശിഷ്യ, വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും ഒറ്റയ്ക്കു കഴിയുന്നവരും മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ കഴിയുന്നവരുമായ പ്രായാധിക്യത്തിലെത്തയവരോട് സ്നഹാർദ്രത പ്രകടിപ്പിക്കാൻ പാപ്പാ യുവതയെ പ്രത്യേകം ക്ഷണിച്ചു.
മുത്തശ്ശീമുത്തശ്ശന്മാരെ ഒറ്റയ്ക്കാക്കരുത്
ഈ പ്രായം ചെന്നവരിലോരോരുത്തരും യുവജനങ്ങളുടെ മുത്തശ്ശിയൊ മുത്തശ്ശനൊ ആണെന്ന് ഓർമ്മിപ്പിച്ച പാപ്പാ അവരെ ഒറ്റയ്ക്കാക്കരുതെന്ന് ഉപദേശിച്ചു.
സ്നേഹത്തിൻറെ കല്പനാശക്തി പ്രകടപ്പിക്കാനും മുത്തശ്ശീമുത്തശ്ശന്മാരെ ഫോണിൽ വിളിക്കുകയും ദൃശ്യസംവിധാനമുള്ള ഫോണിലൂടെ അവരെ കണ്ടു സംസാരിക്കുകയും അവർക്ക് സന്ദേശങ്ങളയക്കുകയും അവരെ ശ്രവിക്കുകയും, ആരോഗ്യസുരക്ഷാ വ്യവസ്ഥകൾ അനുവദിക്കുകയാണെങ്കിൽ അവരെ സന്ദർശിക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മുത്തശ്ശീമുത്തശ്ശന്മാരാകുന്ന വേരുകൾ
യുവജനത്തിൻറെ വേരുകൾ മുത്തശ്ശീമുത്തശ്ശന്മാരാണെന്ന സത്യം പാപ്പാ അടിവരയിട്ടു പറഞ്ഞു.
വേരിൽ നിന്നു വിച്ഛേദിക്കപ്പെട്ട ഒരു വൃക്ഷം വളരുകയൊ പുഷ്പ്പിക്കുകയൊ ഫലം പുറപ്പെടുവിക്കുതയൊ ചെയ്യില്ല എന്ന പ്രകൃതി നിയമം ചൂണ്ടിക്കാട്ടിയ പാപ്പാ അതുകൊണ്ടു തന്നെ വേരുമായുള്ള ഐക്യവും ബന്ധവും നിലനിറുത്തുക സുപ്രധാനമാണെന്ന് ഉദ്ബോധിപ്പിച്ചു.
“കുഴിച്ചിട്ടതിൽ നിന്നുമുളച്ചതാണ് പൂത്തുലഞ്ഞു നില്ക്കുന്ന വൃക്ഷം” എന്ന് തൻറെ നാട്ടുകാരനായ, അതായത് അർജന്തീനക്കാരനായ, ഒരു കവി കുറിച്ചിട്ടത് പാപ്പാ അനുസ്മരിച്ചു.
ഡോൺബാസ്സിൽ വെടിനിറുത്തൽ
തുടർന്ന് പാപ്പാ, കിഴക്കെ ഉക്രയിനിലെ ചരിത്ര-സാംസ്കാരിക-സാമ്പത്തിക പ്രാധാന്യമുള്ള സംഘർഷവേദിയായ ഡോൺബാസ്സ് പ്രദേശത്ത് വീണ്ടും വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തി.
ബെലാറസിൻറെ തലസ്ഥാന നഗരിയായ മിൻസ്കിൻറെ നാമത്തിലുള്ള മിൻസ്ക് പ്രോട്ടൊക്കോൾ എന്നറിയപ്പെടുന്ന ധാരണപ്രകാരം നിലവിൽ വന്നിരിക്കുന്ന ഈ വെടിനിറുത്തൽ പീഢിതമായ ഡോൺബാസ് പ്രദേശത്ത് ഏറെ ആഗ്രഹിക്കുന്ന സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള സന്മനസ്സിൻറെ അടയാളമാണെന്ന് പറയുന്ന പാപ്പാ അതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
നിരായുധീകരണത്തിനും മണ്ണിൽ വിതറപ്പെട്ടിരിക്കുന്ന സ്ഫോടകഗോളങ്ങളായ മൈനുകൾ നീക്കംചെയ്യുന്നിനുമുള്ള ഫലപ്രദമായ പ്രക്രിയയിലൂടെയും ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നതിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ അറിയിക്കുന്നു.
വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ജനത്തിന് ഏറെ ആവശ്യവും അവർ പ്രതീക്ഷിച്ചിരിക്കുന്നതുമായ അനുരഞ്ജനത്തിന് അടിത്തറയിടുന്നതിനും ഏക മാർഗ്ഗം ഇതാണെന്ന് പാപ്പാ പറയുന്നു