ലോകത്തിലെ ഇരുളിനേക്കാള്‍ വലുതാണ് ക്രിസ്തുവിന്റെ പ്രകാശം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന രാജ്യങ്ങള്‍ക്കു വേണ്ടി ക്രിസ്മസ് ദിനത്തില്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇറാക്ക്, ലെബനോന്‍, വെനിസ്വേല, യെമന്‍, ഉക്രൈന്‍, ബുര്‍ക്കിന ഫാസോ, തുടങ്ങിയ രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു മാര്‍പാപ്പായുടെ പ്രാര്‍ത്ഥന.
‘രാത്രിയുടെ ഇരുളിലും തണുപ്പിലും നേര്‍ത്തെ വെട്ടം പ്രസിരിപ്പിക്കുന്ന ഒരു ചെറുതിരി പോലെ പുത്രന്‍ ജനിച്ചിരിക്കുന്നു. കന്യാമേരിയുടെ ആ സുതന്‍ വചനം മാംസം ധരിച്ചവനാണ്. മനുഷ്യഹൃദയങ്ങളില്‍ അന്ധകാരം ഉണ്ടെന്നാലും അതിനേക്കാള്‍ വലുതാണ് ക്രിസ്തുവാകുന്ന വെളിച്ചം’ പാപ്പാ ഡിസംബര്‍ 25 ാം തിയതി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചു പറഞ്ഞു. ഉര്‍ബി എത് ഓര്‍ബി എന്നറിയപ്പെടുന്ന പ്രഭാഷണത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ കാഴ്ചപ്പാട് പങ്കുവച്ചത്.
തകര്‍ന്ന കുടുംബ ബന്ധങ്ങളുടെ ഇരുളിലും സാമ്പത്തികവും ഭൂമിശാസ്ത്രപരവും രാഷ്്ട്രീയവും പരിസ്ഥിതിപരവുമായ എല്ലാ സംഘര്‍ഷങ്ങളെക്കാളും വലുതാണ് ക്രിസ്തുവിന്റെ പ്രകാശം, പാപ്പാ പറഞ്ഞു.
‘മധ്യേപൂര്‍വേഷ്യയില്‍, യുദ്ധവും സംഘര്‍ഷവും മൂലം കഷ്ടപ്പാടുകള്‍ സഹിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ഇടയിലേക്ക് ക്രിസ്തു തന്റെ വെളിച്ചം കൊണ്ടുവരട്ടെ. പ്രിയപ്പെട്ട സിറിയന്‍ ജനതയെ അവിടുന്ന് ആശ്വസിപ്പക്കട്ടേ’ പാപ്പാ പറഞ്ഞു.
കലുഷതമായ അന്തരീക്ഷം നിലനില്‍ക്കുന്ന വിശുദ്ധനാട്ടിലേക്കും, യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലെഹേമിലേക്കും കര്‍ത്താവായ ക്രിസ്തു തന്റെ പ്രകാശം പ്രസരിപ്പിക്കട്ടെ എന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.