ക്രിസ്ത്യാനിയുടെ ശരിക്കുള്ള ശത്രു എന്താണെന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു
വത്തിക്കാന്‍ സിറ്റി: ഏറ്റവും വലിയ വിശുദ്ധരെ പോലും തകര്‍ക്കാന്‍ ശക്തിയുള്ള ഒരു തിന്മയുണ്ട്. അതിനെതിരെ ക്രിസ്ത്യാനി ജാഗ്രത പാലിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറയിപ്പ് നല്‍കുന്നു. അത് അഹങ്കാരം എന്ന തിന്മയാണ്.
ഏറ്റവും വലിയ വിശുദ്ധര്‍ പോലും അയാള്‍ക്കുള്ള സകല നന്മകളും ദൈവത്തില്‍ നിന്ന് ദാനമായി സ്വീകരിച്ചതാണ്. അങ്ങനെയല്ല എന്ന മട്ടില്‍ അഹങ്കരിച്ചാല്‍ വിശുദ്ധി നഷ്ടപ്പെടും, പാപ്പാ പറഞ്ഞു.
‘ദൈവം നമ്മെ സ്‌നേഹിച്ചതു പോലെ ആരും നമ്മെ സ്‌നേഹിച്ചിട്ടില്ല. അങ്ങനെ നാം കരുതുന്നെങ്കില്‍ കുരിശിന്റെ മുന്നില്‍ പോയി നില്‍ക്കുക. അപ്പോള്‍ മനസ്സിലാകും നമ്മുടെ സ്‌നേഹവും ദൈവത്തിന്റെ സ്‌നേഹവും തമ്മിലുള്ള അന്തരം’ പാപ്പാ പറഞ്ഞു.
ദൈവത്തിന്റെ മുന്നില്‍ നാം എല്ലാവരും പാപികളാണ്. നമ്മില്‍ പാപമില്ലെന്ന് നാം പറയുകയാണെങ്കില്‍ നാം നമ്മെ തന്നെ വഞ്ചിക്കുകയാണ്. നമ്മില്‍ സത്യമില്ല, യോഹന്നാന്റെ ലേഖനം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. അഹങ്കാരമാണ് ്ക്രിസ്ത്യാനിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തിന്മ. ധിക്കാരം നിറഞ്ഞ മനോഭാവം സന്ന്യാസ ജീവിതം നയിക്കുന്നവരെ പോലും നശിപ്പിക്കും എന്ന് ഓര്‍ക്കുക, പാപ്പാ മുന്നറിയിപ്പ് നല്‍കുന്നു.
മറ്റെല്ലാ പാപത്തേക്കാള്‍ ഭയാനകമാണ് അഹങ്കാരം. നാം മറ്റെല്ലാവരെയും കാള്‍ ഉയര്‍ന്നവരും നല്ലവരും ആണെന്ന് മനോഭാവമാണത്. അത് ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നു. എന്നാല്‍ നാം എപ്പോഴും ദൈവപിതാവിന്റെ മക്കളാണ്. ഈ ഓര്‍മയും ബോധ്യവും എപ്പോഴും വേണം. നമക്കുള്ളതെല്ലാം ദൈവത്തന്റെ ദാനമാണെന്നും ഓര്‍ക്കണം, പാപ്പാ പറഞ്ഞു.