സഭാ കൂട്ടായ്മയെ കുറിച്ച് മാര്‍പാപ്പാ എന്താണ് പറഞ്ഞത്?

മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തുന്ന യേശുവിന്‍റെ നാലാമത്തെ പ്രഭാഷണത്തെ “സഭാകൂട്ടായ്മയെ സംബന്ധിച്ച പ്രഭാഷണം” എന്നു പറയാറുണ്ടെന്ന് പാപ്പാ വിവരിച്ചു (മത്തായി 18, 15-20). ഈ സുവിശേഷഭാഗം സാഹോദര്യത്തിലുള്ള തിരുത്തല്‍ എങ്ങനെയാണു ചെയ്യേണ്ടതെന്ന് വിവരിച്ചുകൊണ്ട് ക്രൈസ്തവാസ്തിത്വത്തിന്‍റെ രണ്ടു പ്രധാനപ്പെട്ട മാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നത് പാപ്പാ വിവരിച്ചു : സമൂഹം പിന്‍തുണയ്ക്കേണ്ട സഭയുടെ കൂട്ടായ്മയുടെ ആദ്യത്തെ തലവും, വ്യക്തിയെയും അയാളുടെ മനഃസാക്ഷിയെയും മാനക്കേണ്ട വ്യക്തിയുടെ രണ്ടാമത്തെ തലവും.

സഹോദരന്‍റെ തെറ്റുതിരുത്താന്‍ യേശു നിര്‍ദ്ദേശിക്കുന്ന ബോധനരീതി വീണ്ടെടുക്കലാണ്. തെറ്റില്‍ ആണ്ടുപോയവനെ തിരികെ കൊണ്ടുവരുവാനും രക്ഷിക്കുവാനുമുള്ള വഴിയാണത്. ഈശോ പഠിപ്പിക്കുന്ന ഈ വീണ്ടെടുപ്പിന്‍റെ രീതിക്ക് മൂന്നു പടികളുണ്ട്. ആദ്യമായി ദ്രോഹകാരിയെ ഉപദേശിക്കുക, അയാളുമായി സംവദിക്കുക. തെറ്റുകാരനും തെറ്റിന് ഇരയായ വ്യക്തിയും തനിച്ചായിരിക്കെ സംസാരിച്ചു പ്രശ്നത്തിനു പ്രതിവിധി തേടുക (15). അതായത് അയാളുടെ തെറ്റു പറഞ്ഞുപരത്തുകയോ, പരസ്യപ്പെടുത്തുകയോ ചെയ്യാതെ, വകതിരിവോടും വിവേകത്തോടുംകൂടെ രണ്ടുപേര്‍ തമ്മില്‍ പ്രശ്നപരിഹാരം തേടുകയും, ചെയ്ത തെറ്റിനെക്കുറിച്ച് അയാള്‍ക്ക് അവബോധംനല്കുകയും ചെയ്യുന്ന രീതിയാണിത്.

ഇതുപോലെ ധാരാളം കേസുകള്‍ നാം കണ്ടേക്കാമെന്നു പാപ്പാ പറഞ്ഞു. “ആരെങ്കിലും വന്നു പറഞ്ഞേക്കാം, നീ ചെയ്തത് ശരിയായില്ല, തെറ്റാണ്.” “ഈ രീതി അത്ര നല്ലതല്ല”. ആദ്യം പറഞ്ഞയാളോട് ദേഷ്യം തോന്നാം. എന്നാല്‍ അവസാനം അയാള്‍ക്ക് നന്ദിപറഞ്ഞാണ് രണ്ടുപേരും പിരിയുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കാരണം ഈ ചെറിയ തിരുത്തല്‍ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അടയാളവും, അപരന് വലിയ സഹായവും, ഒരു തിരിച്ചുവരവിനുള്ള അവസരവുമാണെന്ന് പാപ്പാ വ്യക്തമാക്കി.

ഈശോയുടെ ഈ തെറ്റുതിരുത്തല്‍ പ്രബോധനം പ്രായോഗികമാക്കുവാന്‍ അത്ര എളുപ്പമല്ല. കാരണം പലതാണെന്ന് പാപ്പാ വിശദമാക്കി. തെറ്റുചെയ്ത സഹോദരന്‍ അല്ലെങ്കില്‍ സഹോദരി തീര്‍ച്ചയായും പ്രതികരിക്കും, അല്ലെങ്കില്‍ എതിര്‍ക്കും. തെറ്റുകാരന് നന്മയിലേയ്ക്കു തിരിച്ചുപോകാനുള്ള അല്ലെങ്കില്‍ തെറ്റുതിരുത്തുവാനുള്ള ബോധ്യമോ ആത്മവിശ്വാസമോ സാധാരണ ഗതിയില്‍ ഉണ്ടാകണമെന്നില്ല. പിന്നെ മറ്റൊരു ഒഴിവുകഴിവ്, സാധാരണ കേള്‍ക്കാറുള്ളത്, “ഇതെല്ലാം ദൈവനിശ്ചയമാണ്, ദൈവത്തിന്‍റെ വഴികളാണ്…,” എന്നൊരു ആത്മീയന്യായം പറഞ്ഞു തള്ളുന്നവരുമുണ്ടെന്ന് പാപ്പാ വ്യക്തിമാക്കി. ഇനി തെറ്റുതിരുത്തുവാനുള്ള ശ്രമത്തില്‍ എത്ര നല്ല ഉദ്ദേശം ഉണ്ടായിരുന്നാലും ആദ്യം പരിശ്രമം പരാജയപ്പെട്ടേക്കാം. എന്നാല്‍, “മതി ഞാനില്ല,” എന്നു പറഞ്ഞ് ആരും കൈയ്യൊഴിയരുത്. ഇതു ക്രിസ്തീയമല്ല. അതിനാല്‍ പ്രശ്നം വിട്ടുകളയരുതെന്നും പ്രതിസന്ധിയില്‍പ്പെട്ടവനെ തള്ളിക്കളയരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മൂന്നാമത് ഒരാളുടെ സഹായം തേടുവാനോ, മാദ്ധ്യസ്ഥം അംഗീകരിക്കുവാനോ വ്യക്തി കൂട്ടാക്കുന്നില്ലെങ്കില്‍ പോയി രണ്ടു മൂന്നുപേരെ കൂട്ടിക്കൊണ്ടുവരികയെന്നാണ് ഈശോ പറയുന്നത്. അങ്ങനെ സാക്ഷികളെ മുന്‍നിര്‍ത്തി പ്രശ്നപരിഹാരം കണ്ടെത്താമെന്നും ഈശോ ആഹ്വാനംചെയ്യുന്നു (16). ഇത് മോശയുടെ നിയമമാണ് (നിയമാ.19, 6). ഇവിടെ കുറ്റക്കാരന്‍ വൈഷമ്യമുണ്ടാക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ സാക്ഷികള്‍ വ്യാജാരോപണത്തില്‍നിന്നും അയാളെ സംരക്ഷിക്കും. ഈ പറയുന്ന, രണ്ടോ മൂന്നോപേരുടെ സാന്നിദ്ധ്യം കുറ്റവാളിയെ ആരോപിക്കാനോ വിധിക്കുവാനോ അല്ല, മറിച്ച് അയാളെ സഹായിക്കുവാനാണ്. ആദ്യം ഒരാള്‍ സംസാരിക്കുന്നു. പിന്നെ രണ്ടുമൂന്നു സാക്ഷികളെ കൂട്ടിക്കൊണ്ടുവരുന്നു സംസാരിക്കുന്നു. പഴയ നിയമകാലത്ത് രണ്ടുമൂന്നുപേരുടെ സാക്ഷ്യം മതിയായിരുന്നു കുറ്റക്കാരനെ വിധിക്കുവാന്‍.

യഥാര്‍ത്ഥത്തില്‍ രണ്ടുമുന്നുപേരുടെ ഇടപെടലും മാദ്ധ്യസ്ഥവും പരാജയപ്പെടാം. അതിനാല്‍ ഈശോ പറയുന്നു, ഉടനെ സമൂഹത്തെ സമീപിക്കുക. സമൂഹത്തോടു പറയുക (17). സമൂഹം സഭയാണെന്ന് പാപ്പാ വ്യക്തമാക്കി. ചില സാഹചര്യങ്ങളില്‍ സമൂഹം മുഴുവന്‍ പ്രശ്ന പരിഹാരത്തില്‍ അല്ലെങ്കില്‍ തിരുത്തല്‍ പ്രകൃയയില്‍ പങ്കുചേരുന്നു. മറ്റു ചില കാര്യങ്ങളില്‍ പ്രശ്നത്തി‍ല്‍പ്പെട്ട സഹോദരനോട് സമൂഹത്തിന് നിസംഗത പാലിക്കാനാവില്ല. വീണ്ടെടുക്കല്‍ യഥാര്‍ത്ഥമായ സ്നേഹം ആവശ്യപ്പെടുന്നു.

എന്നാല്‍ ചില ചുറ്റുപാടുകളില്‍ ഇതും ഫലപ്രദമാകില്ല. അപ്പോള്‍ ഈശോ പറയുന്നു. ഇനി അയാള്‍ സമൂഹത്തെയും അനുസരിക്കുന്നില്ലെങ്കില്‍, അയാള്‍ നിനക്കൊരു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയുമായിരിക്കട്ടെ (176). സഹോദരനു നേരെ വെറുപ്പോടെയല്ല സമൂഹത്തിന്‍റെ ഈ പ്രതികരണം പ്രകടമാക്കുന്നത്. മറിച്ച് ഈ പ്രതികരണംവഴി ധിക്കാരിയായ സഹോദരനെ അവസാനം നാം തിരികെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയാണ്. പിതാവിനു മാത്രമേ മറ്റു സഹോദരങ്ങളുടെ സ്നേഹത്തെക്കാളും അധികമായി അയാളെ സ്നേഹിക്കുവാനാകൂ.

ഈശോയുടെ ഈ പ്രബോധനം ആര്‍ക്കും ഏറെ സഹായകമാണ്. കാരണം ഒന്നാലോചിച്ചു നോക്കൂ! ആരെങ്കിലും ഒരാള്‍ സഹോദരനെതിരെ തെറ്റുചെയ്താല്‍ ഉടനെ അവനെകുറിച്ചു പരദൂഷണം പറഞ്ഞു പരത്തുകയാണു പതിവ്. ഈ കുറ്റംപറച്ചില്‍ കേട്ട് സമൂഹം അറിയാതെ അവനും അവള്‍ക്കും എതിരായി കണ്ണടയ്ക്കുന്നു. അവനെ മനംകൊണ്ടും സമൂഹം തള്ളിക്കളയുന്നു. ഈ മനോഭാവം പലരുമായി ബന്ധപ്പെട്ടാകുമ്പോള്‍ അത് സമൂഹത്തിലെ ഐക്യം ഇല്ലാതാക്കുന്നു. സമൂഹത്തിലെ പരദൂഷണം സഭയിലെ ഐക്യം ഇല്ലാതാക്കുന്നു.

മറ്റുള്ളവരുടെ കുറ്റംപറഞ്ഞു നടക്കുന്ന ഈ പരദൂഷണക്കാരന്‍ ഒരു ചെറിയ പിശാചാണ്. സമൂഹത്തിലെ കൂട്ടായ്മ നശിപ്പിക്കുന്ന കളവു പറച്ചിലിന്‍റെ സ്രോതസ്സാണ് ഈ കുട്ടിപ്പിശാച്, എന്നു പാപ്പാ വിശേഷിപ്പിച്ചു. അതിനാല്‍ സമൂഹത്തിലെ പരദൂഷണം നാം ഇല്ലാതാക്കണം. ഇന്നു നാം അനുഭവിക്കുന്ന കോവിഡ് വൈറസ് ബാധയെക്കാളും വലിയ ബാധയാണ് ഈ പരദൂഷണവും നുണപറച്ചിലുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഈ തിന്മയ്ക്ക് അറുതിവരുത്തണമെന്ന് ഉദ്ബോധിപ്പിച്ചു.

അക്കാലത്തെ നീതിമാന്മാരെന്നു നടിച്ചവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് യേശു പാപികളെയും പാവങ്ങളെയും സ്നേഹിച്ചത്. കുറ്റവാളിയെ ശ്രവിക്കാതെയും അയാളെ മാനിക്കാതെയും നാം ഒരിക്കലും വിധിപറയരുത്. കാരണം മാനുഷികമായ വിധി പ്രസ്താവങ്ങള്‍ തെറ്റിപ്പോകാം ദൈവത്തിന്‍റെ മുന്നിലാണ് യഥാര്‍ത്ഥത്തില്‍ ഒരാളുടെ പ്രവൃത്തികളും മനഃസ്സാക്ഷിയും ന്യായീകരിക്കപ്പെടുന്നത്. പിന്നെയും കാര്യങ്ങള്‍ ശരിയാവാതെ പോകുമ്പോള്‍, നിശ്ശബ്ദതയാണു നല്ലത്. എന്നിട്ട് പ്രതിയോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. എന്നാലും പരദൂഷണം പറയരുതെന്ന് പാപ്പാ ആവര്‍ത്തിച്ച് അനുസ്മരിപ്പിച്ചു.

സമൂഹത്തിനും വ്യക്തിക്കും ആരോഗ്യകരമായ സാഹോദര്യത്തിന്‍റെ തിരുത്തല്‍ അനുദിന ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ കന്യാനാഥയുടെ സഹായം തേടാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ, ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും വഴികളില്‍, സര്‍വ്വോപരി ദൈവത്തിന്‍റെ കരുണയില്‍ ആശ്രയിച്ച് സമൂഹത്തില്‍ സാഹോദര്യബന്ധങ്ങളും കൂട്ടായ്മയും വളര്‍ത്താം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles