സ്വന്തം വൈദികരെ അറിയാത്ത മെത്രാന്‍മാര്‍ സഭയെ ദുര്‍ബലമാക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: മെത്രാന്‍മാര്‍ സ്വന്തം രൂപതയിലെ വൈദികരുമായി ശക്തവും ഗാഢവുമായ ബന്ധം സ്ഥാപിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ചിലരോട് മാത്രം മമത കാണിക്കുന്നതും മറ്റുള്ളവരോട് അകല്‍ച്ച കാണിക്കുതും സഭയെ ദുര്‍ബലപ്പെടുത്തും എന്ന് പാപ്പാ മുന്നറിയിപ്പ് നല്‍കി. വര്‍ഷിക സമ്മേളനത്തിനായി വത്തിക്കാനില്‍ കൂടി ഇറ്റാലിയന്‍ മെത്രാന്‍മാരോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
‘നമ്മള്‍ മെത്രാന്‍മാരും നമ്മുടെ വൈദികരും തമ്മിലുള്ള ബന്ധം സഭാത്മക ജീവിതത്തിന്റെ കാതലായ ഭാഗമാണ്. ഒരു രൂപതാ സമൂഹത്തിന്റെ നട്ടെല്ലാണ് ഈ ബന്ധം’ പാപ്പാ പറഞ്ഞു.
‘ദൗര്‍ഭാഗ്യവശാല്‍, ചില മെത്രാന്‍മാര്‍ തങ്ങള്‍ക്ക് ചുമതലയുള്ള വൈദികരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്നു. അതുവഴി നമ്മുടെ ദൗത്യം നാം അപകടപ്പെടുത്തുകയും സഭയെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്’ പാപ്പാ മുന്നറിയിപ്പു നല്‍കി.
അതിനായി ആദ്യം തന്നെ വൈദികരോട് അടുപ്പം കാണിക്കണം. അവര്‍ക്കായി ഓരോ മെത്രാനും തങ്ങളുടെ വാതിലുകളും ഹൃദയങ്ങളും തുറന്നിടണം, പാപ്പാ ഓര്‍മപ്പിച്ചു.
വ്യക്തികേന്ദ്രീകൃത അധികാരവും സ്വാര്‍ത്ഥസ്‌നേഹവും കയറിക്കൂടിയാല്‍ സഭയുടെ ഹയരാര്‍ക്കിക്കല്‍ ഐക്യം തകരാറില്‍ ആകുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. നേരെ മറിച്ച്, മെത്രാന്‍മാരായ നാം ചെയ്യേണ്ടത് പരിപൂര്‍ണമായും ദൈവത്തിങ്കലേക്കുള്ള സമര്‍പ്പണമാണ്, ദൈവജനത്തിന്റെ സേവനമാണ്, പരിശുദ്ധ പിതാവ് പറഞ്ഞു.
മുഖസ്തുതി പറയുന്ന വൈദികരെ മാത്രം പരിഗണിക്കുവാനുള്ള പ്രലോഭനത്തില്‍ മെത്രാന്‍മാര്‍ ചെന്നു വീഴരുതെന്നും പാപ്പാ മുന്നറിയിപ്പ് നല്‍കി.