നിദ്രയിലാണ്ടുപോകരുത്, അലസതയിൽ നിപതിക്കരുത്, ജാഗരൂകരായിരിക്കുക! – ഫ്രാൻസീസ് പാപ്പാ

യേശു, സകല ഭയപ്പാടുകളിലും  ശിഷ്യന്മാർക്ക് ആത്മധൈര്യം പകരുന്നതിനും  ജാഗരൂകരായിരിക്കാൻ അവരെ ക്ഷണിക്കുന്നതിനുമായി അവരോട് സംസാരിക്കുന്നു. അവിടന്ന് അവർക്ക് രണ്ട് മൗലിക പ്രബോധനങ്ങൾ നൽകുന്നു: ആദ്യത്തേത് “ചെറിയ അജഗണമേ, ഭയപ്പെടേണ്ട” (ലൂക്കാ 12:32); രണ്ടാമത്തേത് “ഒരുങ്ങിയിരിക്കുക” (ലൂക്കാ 12:35). “ഭയപ്പെടേണ്ട”, “തയ്യാറായിരിക്കുക”. ചിലപ്പോഴൊക്കെ നമ്മെ തളർത്തുന്ന ഭയങ്ങളെ പരാജയപ്പെടുത്താനും നിഷ്ക്രിയവും മരവിച്ചതുമായ ഒരു ജീവിതം നയിക്കാനുള്ള പ്രലോഭനത്തെ മറികടക്കാനുമുള്ള രണ്ട് സുപ്രധാന പദങ്ങളാണിവ. “ഭയപ്പെടേണ്ട”, “ഒരുങ്ങിയിരിക്കുക”: ഈ രണ്ട് ക്ഷണങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

ഭയപ്പേടേണ്ട- സ്വർഗ്ഗീയ പിതാവ് സ്വസുതനെ നല്കിയിരിക്കുന്നു

പേടിക്കേണ്ട. ഒന്നാമതായി, യേശു ശിഷ്യന്മാർക്ക് പ്രചോദനം പകരുകയാണ്. വയലുകളിലെ ലില്ലിപ്പൂക്കളെയും ആകാശത്തിലെ പറവകളെയും കാക്കുന്ന പിതാവിൻറെ സ്‌നേഹസാന്ദ്രവും പരിപാലനാപരവുമായ കരുതൽ സ്വന്തം മക്കളോട് എത്രയോ കൂടുതാലയിരിക്കും എന്നതിനെക്കുറിച്ച് അവരോട്  സംസാരിച്ചു കഴിഞ്ഞേയുള്ളു യേശു.  ആകയാൽ ആകുലരാകുകയും അസ്വസ്ഥരാകുകയും വേണ്ട: നമ്മുടെ ജീവിതം ദൈവത്തിൻറെ കരങ്ങളിൽ സുരക്ഷിതമാണ്. ഭയപ്പെടേണ്ട എന്ന യേശുവിൻറെ ഈ ക്ഷണം സാന്ത്വനം പകരുന്നു. ചിലപ്പോൾ, വാസ്തവത്തിൽ, അവിശ്വാസത്തിൻറെയും ഉൽക്കണ്ഠയുടെയുമായ ഒരു വികാരത്തിൻറെ തടവിലായിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു: ഇത് നസ്സഹായാവസ്ഥയിലാണെന്ന ഭയം, അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നില്ലയെന്ന ഭയം, നമ്മുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലയെന്ന ഭയം, ഒരിക്കലും സന്തോഷം ലഭിക്കില്ല എന്ന ഭയം ആണ്, അങ്ങനെ പോകുന്നു. അപ്പോൾ പരിഹാരങ്ങൾ കണ്ടെത്താനും, ഉയിർത്തെഴുന്നേൽപ്പിനുള്ള ഒരു ഇടം കണ്ടെത്താനും, വസ്തുക്കളും സമ്പത്തും സമാഹരിക്കാനും, സുരക്ഷ നേടാനും നാം പാടുപെടുന്നു; എങ്ങനെയായിരിക്കും ഇതിൻറെ അന്ത്യം? നിരന്തരമായ ഉത്കണ്ഠയിലും ആകുലതയിലും നാം ജീവിക്കുന്നു. മറുവശത്ത്, യേശു നമുക്ക് ഉറപ്പുനൽകുന്നു: ഭയപ്പെടേണ്ട! നിങ്ങൾക്ക് യഥാർത്ഥമായി ആവശ്യമുള്ളതെല്ലാം നൽകാൻ ആഗ്രഹിക്കുന്ന പിതാവിൽ വിശ്വാസമർപ്പിക്കുക. അവിടന്ന് ഇതിനകം നിങ്ങൾക്ക് സ്വസുതനെ നല്കി, അവൻറെ രാജ്യം നൽകി, അനുദിനം നിങ്ങളെ കാത്തുപരിപാലിച്ചുകൊണ്ട്  എപ്പോഴും നിങ്ങൾക്ക് പരിപാലനാപമായി തുണയേകുന്നു. ഭയപ്പെടേണ്ട: ഇതാ, നിങ്ങളുടെ ഹൃദയം ചേർത്തുവയ്ക്കേണ്ട ഉറപ്പ്! ഭയപ്പെടരുത്: ഈ ഉറപ്പിനോട് ചേർത്തുവയ്ക്കപ്പെട്ട ഒരു ഹൃദയം. പേടിക്കരുത്.

പരോന്മുഖത

എന്നാൽ, കർത്താവ് നമ്മെ സ്‌നേഹത്തോടെ കാത്തുപരിപാലിക്കുന്നു  എന്ന അവബോധം നിദ്രയിലാഴുന്നതിനും അലസരായിരിക്കുന്നതിനും നമ്മെ അനുവദിക്കുന്നില്ല! നേരെമറിച്ച്, നാം ഉണർന്നിരിക്കണം, ജാഗരൂകരായിരിക്കണം. വാസ്‌തവത്തിൽ, സ്‌നേഹിക്കുക എന്നതിനർത്ഥം മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരായിരിക്കുക, അവരുടെ ആവശ്യങ്ങളൾ മനസ്സിലാക്കുക, സംലഭ്യരായിരിക്കുക, കേൾക്കാനും സ്വാഗതം ചെയ്യാനും തയ്യാറാകുക എന്നാണ്.

ഒരുക്കമുള്ളവരായിരിക്കുക

രണ്ടാമത്തെ വാക്ക്: “തയ്യാറായിരിക്കുക”. ഇന്നത്തെ രണ്ടാമത്തെ ക്ഷണമാണിത്. അത് ക്രിസ്തീയ ജ്ഞാനമാണ്. യേശു ഈ ക്ഷണം പലവുരു ആവർത്തിക്കുന്നു, ഇന്ന് അവിടന്ന് ഇതു ചെയ്യുന്നത് ഒരു ഗൃഹനാഥനിൽ കേന്ദ്രീകൃതമായ മൂന്ന് ചെറിയ ഉപമകളിലൂടെയാണ്, ആദ്യത്തേതിൽ, യജമാനൻ വിവാഹവിരുന്നു കഴിഞ്ഞ് പെട്ടെന്ന് മടങ്ങിവരുന്നു, രണ്ടാമത്തേതിലാകട്ടെ, കള്ളന്മാരാൽ ആശ്ചര്യപ്പെടുത്തപ്പെടാൻ ഗൃഹനാഥൻ ആഗ്രഹിക്കുന്നില്ല, മൂന്നാമത്തേതിൽ യജമാനൻ ഒരു നീണ്ട യാത്രകഴിഞ്ഞ് മടങ്ങിവരുന്നു. ഇവയിലെല്ലാം, സന്ദേശം ഇതാണ്: നാം ഉണർന്നിരിക്കണം, ഉറങ്ങിപ്പോകരുത്, അതായത്, ശ്രദ്ധ വ്യതിചലിക്കരുത്, ആന്തരിക അലസതയ്ക്ക് വഴങ്ങരുത്, കാരണം, നാം പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിൽ പോലും, കർത്താവ് വരുന്നു. കർത്താവിൻറെ കാര്യത്തിൽ ഈ ശ്രദ്ധ ഉണ്ടായിരിക്കണം, നിദ്രയിലാണ്ടുപോകരുത്. ഉണർന്നിരിക്കണം.

നമുക്കു ഭരമേല്പിക്കപ്പെട്ടരിക്കുന്നവയുടെ കണക്കു ബോധിപ്പിക്കേണ്ടവർ നമ്മൾ

അവിടന്ന് നമ്മെ ഏൽപ്പിച്ചവയുടെ കണക്ക് നമ്മുടെ ജീവിതാന്ത്യത്തിൽ അവിടന്ന് ചോദിക്കും; അതുകൊണ്ടുതന്നെ, ജാഗരൂകരായിരിക്കുക എന്നതിനർത്ഥം ഉത്തരവാദിത്വമുള്ളവരായിരിക്കുക, അതായത്, ആ വസ്തുക്കളെ വിശ്വസ്തതയോടെ സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്നാണ്. നമുക്ക് വളരെയധികം ലഭിച്ചു: ജീവിതം, വിശ്വാസം, കുടുംബം, ബന്ധങ്ങൾ, ജോലി, മാത്രമല്ല നമ്മുടെ വാസയിടങ്ങൾ, നമ്മുടെ നഗരം, സൃഷ്ടി. ഒരുപാട് കാര്യങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. നമുക്ക് സ്വയം ചോദിക്കാം: കർത്താവ് നമുക്കേകിയ ഈ പൈതൃകത്തെ നാം പരിപാലിക്കുന്നുണ്ടോ? നാം അവയുടെ മനോഹാരിത  കാത്തുസൂക്ഷിക്കുന്നുണ്ടോ, അതോ അവയെ നാം നമുക്കുവേണ്ടിയും ഈ നിമിഷത്തെ സൗകര്യങ്ങൾക്കായും മാത്രം ഉപയോഗിക്കുകയാണോ? ഇതിനെക്കുറിച്ച് നാം അൽപ്പം ഒന്നു ചിന്തിക്കേണ്ടതുണ്ട്: നമുക്ക് നല്കപ്പെട്ടിരിക്കുന്നവയുടെ സംരക്ഷകരാണോ നമ്മൾ?

പരിശുദ്ധ അമ്മയുടെ സഹായം തേടുക

സഹോദരീ സഹോദരന്മാരേ, കർത്താവ് എപ്പോഴും നമ്മെ അനുഗമിക്കുന്നു എന്ന സുനിശ്ചിതത്വത്തിൽ നമുക്ക് ഭയലേശമന്യേ സഞ്ചരിക്കാം. കർത്താവ് കടന്നുപോകുമ്പോൾ നാം ഉറങ്ങിപ്പോകാതിരിക്കുന്നതിന് നമുക്ക് ഉണർന്നിരിക്കാം. വിശുദ്ധ അഗസ്റ്റിൻ പറയുമായിരുന്നു: “കർത്താവ് കടന്നുപോകുകയും ഞാൻ അത് അറിയാതിരിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു”; ഉറങ്ങിപ്പോകുകയും കർത്താവ് കടന്നുപോകുന്നത് ഞാൻ അറിയാതിരിക്കുകയും ചെയ്യും. ഉണർന്നിരിക്കുക! കർത്താവിൻറെ സന്ദർശനത്തെ സ്വാഗതം ചെയ്യുകയും, സന്നദ്ധതയോടും ഉദാരതയോടും, ” ഇതാ ഞാൻ” എന്ന് പറയുകയും ചെയ്ത കന്യകാമറിയം നമ്മെ സഹായിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles