ഫാത്തിമ ദര്‍ശനം – ആധുനിക കാലത്തെ ഏറ്റവും വലിയ മരിയന്‍ അനുഭവം-2

(ഫാത്തിമ ദര്‍ശനം  –  രണ്ടാം ഭാഗം…)

തിരുസഭ അംഗീകരിച്ചിട്ടുള്ള മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളില്‍ നമ്മുടെ കാലവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് ഫാത്തിമായില്‍ നടന്ന പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണമാണ്. കന്യകാമറിയത്തിന്റെ ദര്‍ശനങ്ങളുടെ സമയത്ത് ലൂസിയയ്ക്കും, ഫ്രാന്‍സിസ്‌ക്കോയ്ക്കും, ജസീന്തയ്ക്കും യഥാക്രമം 10 ,9 , 7 വയസായിരുന്നു പ്രായം. ഫാത്തിമ എന്ന കൊച്ചു പട്ടണത്തിന്റെ കീഴിലുള്ള അല്‍ജുസ്‌ത്രേല്‍ ഗ്രാമത്തിലാണ് കുട്ടികള്‍ മൂന്നു പേരും കഴിഞ്ഞിരുന്നത്. ലിരീയിലേക്ക് പോകുന്ന നിരത്തില്‍ ഫാത്തിമയില്‍ നിന്ന് ഏകദേശം ഒന്നര മൈല്‍ അകലെ ലൂസിയയുടെ മാതാപിതാക്കളുടെ വക കോവാ ദ ഇരിയ എന്ന ഒരു തുണ്ട് പുരയിടത്തിലാണ് ദര്‍ശനങ്ങള്‍ നടന്നത്. മൂന്ന് അടിയില്‍ അല്പം കൂടുതല്‍ ഉയരമുള്ള ഒരു നിത്യ ഹരിത കരുവേല മരത്തിന്റെ മുകളിലാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. കൂട്ടത്തിലെ ആണ്‍ കുട്ടിയായ ഫ്രാന്‌സിസ്‌കോയ്ക്ക് അമ്മയെ കാണാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അവന് അമ്മയെ ശ്രവിക്കാന്‍ പറ്റുമായിരുന്നില്ല. ജസീന്തയ്ക്ക്ക് കാണാനും കേള്‍ക്കാനും സാധിക്കുമായിരുന്നു. പരിശുദ്ധ അമ്മയോട് സംസാരിച്ചിരുന്നത് ലൂസിയ ആണ്. ദര്‍ശനങ്ങള്‍ നടന്നത് ഏതാണ്ട് മധ്യാഹ്ന സമയത്തായിരുന്നു.

രഹസ്യത്തിന്റെ ആദ്യ ഭാഗം ; നരക ദര്‍ശനം

സിസ്റ്റര്‍ ലൂസിയ തങ്ങള്‍ക്കു ലഭിച്ച നരക ദര്‍ശനത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. സിസ്റ്റര്‍ ലൂസിയ എഴുതുന്നു : ‘ ഇപ്രകാരം അവസാന വാക്കുകള്‍ പറയുമ്പോള്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ചെയ്തത് പോലെ പരിശുദ്ധ കന്യക തന്റെ കൈകള്‍ തുറന്നു. അവയില്‍ നിന്നും ഉജ്ജ്വല പ്രകാശം ഭൂമിയെ തുളയ്ക്കുന്നത് പോലെ തോന്നിച്ചു. തീയുടെ ഒരു സമുദ്രത്തെ നേരിലെന്ന വിധം ഞങ്ങള്‍ കണ്ടു. ആ തീയില്‍ നിമഗ്‌നരായ പിശാചുകളെയും ആത്മാക്കളെയും ഞങ്ങള്‍ കണ്ടു. ചുടു പഴുത്തതും കറുത്തതും ഓട്ടു നിറമുള്ളതുമായ ഭസ്മത്തിന് സമമായിരുന്നു. അവരില്‍ നിന്നും പുറപ്പെട്ട തീ ജ്വാലകളാല്‍ അവരുടെ അലര്‍ച്ചയും ഞങ്ങളെ അമ്പരിപ്പിക്കുകയും ഭയത്താല്‍ കിടിലം കൊള്ളിക്കുകയും ചെയ്തു.”
ആ ദര്‍ശനം ഒരു നിമിഷം മാത്രം ദീര്‍ഘിച്ചു. തങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കാമെന്ന് മാതാവിന്റെ വാഗ്ദാനം അല്ലായിരുന്നുവെങ്കില്‍ ആ നിമിഷം ഭീതിയും നടുക്കവും കൊണ്ട് മരിച്ചു പോകുമായിരുന്നുവെന്ന് ലൂസിയ പറയുന്നു

.
രഹസ്യത്തിന്റെ രണ്ടാം ഭാവം

നരക ദര്‍ശനം നല്‍കിയ ശേഷം അമ്മ കുട്ടികളോട് പറഞ്ഞത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോടുള്ള ഭക്തി ലോകത്ത് സ്ഥാപിക്കാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യമായിരുന്നു. അമ്മ ലൂസിയയോടു പറഞ്ഞു ; യുദ്ധം അവസാനിക്കാന്‍ പോകുകയാണ്. പക്ഷെ ദൈവത്തെ നീരസപ്പെടുത്തുന്നത് അവര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിലും കൂടുതല്‍ വഷളായ മറ്റൊരു യുദ്ധം പീയുസ് പതിനൊന്നമന്റെ ഭരണ കാലത്ത് ആരംഭിക്കും. നോക്കുക, അജ്ഞാതമായ ഒരു വെളിച്ചത്താല്‍ പ്രകാശിതമായ ഒരു രാത്രി ആയിരിക്കും ,യുദ്ധം, വിശപ്പ്, പരിശുദ്ധ പിതാവിനും സഭയ്ക്കും എതിരായ പീഡനം എന്നിവ കൊണ്ട് ദൈവം ലോകത്ത് അതിന്റെ പാതകങ്ങള്‍ക്ക് ശിക്ഷിക്കാന്‍ പോകുന്നു എന്നതിന്റെ വന്‍ അടയാളം. അവസാനം എന്റെ വിമല ഹൃദയം വിജയം വരിക്കും.പരിശുദ്ധ പിതാവ് റഷ്യയെ എനിക്ക് പ്രതിഷ്ഠിക്കും. സമാധാനത്തിന്റെ ഒരു നിശ്ചിത കാലം ലോകത്തിനു അനുവദിക്കപ്പെടുകയും ചെയ്യും.ഇത് ആരോടും പറയരുത്. പക്ഷെ ഫ്രാന്‍സിസ്‌ക്കോയോട് നിനക്ക് പറയാം. നിമിഷങ്ങള്‍ക്ക് ശേഷം സംഭാഷണം പുനരാരംഭിച്ചു. അമ്മ കൊന്ത ചൊല്ലുമ്പോള്‍ ഓരോ ദശകത്തിനു ശേഷം ഈശോയെ മാപ്പാക്കാന്‍ അപേക്ഷിക്കണമേ എന്ന് നരകാഗ്‌നിയില്‍ നിന്നും രക്ഷിക്കണമേ ,എല്ലാ ആത്മാക്കളെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ എന്നും ചൊല്ലുവാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു.
ലൂസിയ : ‘ കാരുണ്യമൂര്‍ത്തി മറ്റെന്തെങ്കിലും എന്നില്‍ നിന്നും ആഗ്രഹിക്കുന്നുണ്ടോ?
അമ്മ : ‘ ഇല്ല.ഇന്ന് നിന്നില്‍ നിന്നും മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.” പതിവ് പോലെ ആകാശത്തിന്റെ വിശാലതയില്‍ അപ്രത്യക്ഷയാകും വരെ അമ്മ കിഴക്കോട്ടു ഉയരാന്‍ തുടങ്ങി.ദര്‍ശനം അവസാനിച്ചു എന്ന് സൂചിപ്പിക്കുന്ന ഇടി വെട്ടു പോലുള്ള ശബ്ധം ആ സമയത്ത് കേള്‍ക്കുകയുണ്ടായി.

നാലാമത്തെ ദര്‍ശനം : 1917 ആഗസ്റ്റ് 15

ഈ ദര്‍ശനം ആദ്യം നടക്കേണ്ടിയിരുന്നത് പതിമൂന്നാം തീയതി ആയിരുന്നു. കുട്ടികളില്‍ നിന്നും രഹസ്യം ബലമായി പുറത്തെടുക്കുവാന്‍ മേയര്‍ അവരെ തട്ടി കൊണ്ട് പോവുകയും ദര്‍ശനം നടക്കേണ്ടിയിരുന്ന കോവാ ദാ ഇരിയയില്‍ അവര്‍ക്ക് പോകാന്‍ സാധിച്ചില്ല.അവിടെ പതിവുള്ള സമയത്ത് ഇടിവെട്ട് കെട്ടു,ഉടനെ മിന്നലും. ചെറിയ ഒരു വെള്ളി മേഘം ഏതാനും നിമിഷങ്ങള്‍ കരുവേല മരത്തിന്റെ മുകളില്‍ തങ്ങിയത് ആളുകള്‍ ശ്രദ്ധിച്ചു. ആളുകളുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും മരങ്ങളിലും പ്രകാശം പരന്നിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഏകദേശം ഉച്ചകഴിഞ്ഞ് നാല് മണിയോടെ കുട്ടികളില്‍ ലൂസിയയും ഫ്രാന്‍സിസ്‌കോയും മറ്റൊരു ബന്ധുവായ കുട്ടിയോടൊപ്പം വലിഞ്ഞോസ് എന്ന സ്ഥലത്ത് ആയിരിക്കെ അമ്മ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ഉണ്ടായ അന്തരീക്ഷ വ്യതിയാനങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി.അന്തരീക്ഷം പെട്ടന്ന് തണുത്തു.സൂര്യന്‍ മങ്ങി. ലൂസിയ അപ്പോള്‍ ജസീന്ത്യ്ക്ക് ആളയച്ചു.തക്ക സമയത്ത് ലൂസിയ അവിടെ എത്തിച്ചേരുകയും ചെയ്തു. അമ്മ അവിടെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ലൂസിയ : അമ്മ എന്താണ് ആഗ്രഹിക്കുന്നത്?

കന്യകാമാതാവ് :  നിങ്ങള്‍ എല്ലാ മാസത്തിന്റെയും പതിമൂന്നാം തീയതി കോവാ ദാ ഇരിയയിലേക്ക് പോകാനും കൊന്ത നമസ്‌ക്കാരം എല്ലാ ദിവസം ചൊല്ലുവാനും ഞാന്‍ ആവശ്യപ്പെടുന്നു. എല്ലാവരും വിശ്വസിക്കാനായി അവസാനത്തെ മാസം ഞാന്‍ ഒരു അത്ഭുതം പ്രവര്‍ത്തിക്കും.

ലൂസിയ : കോവാ ദാ ഇരിയയില്‍ ആളുകള്‍ ഇട്ടിട്ടു പോകുന്ന പണം എന്ത് ചെയ്യണമെന്നാണ് അവിടന്ന് ആവശ്യപ്പെടുന്നത്?

കന്യകാമാതാവ് : എടുത്തു മാറ്റാവുന്ന വിധത്തിലുള്ള രണ്ടു പീഠങ്ങള്‍ ഒരുക്കുക. അതില്‍ ഒന്ന് നീയും ജസീന്തയും വെള്ള വസ്ത്രം ഉടുത്ത മറ്റു രണ്ടു ബാലികമാരും ചേര്‍ന്നും മറ്റേതു ഫ്രാന്‍സിസ്‌കോയും വേറെ മൂന്നു ആണ്‍ കുട്ടികളും ചേര്‍ന്നും വഹിക്കുക. ഇത് കൊന്ത മാതാവിന്റെ തിരുനാളിന് വേണ്ടിയാണ്. ബാക്കി വരുന്ന പണം പണിയപ്പെടെണ്ടതായ കപ്പേളയ്ക്ക് വേണ്ടി ഉപയോഗിക്കണം.”

ലൂസിയ : ‘ രോഗികളായ കുറച്ചു പേരെ സുഖപ്പെടുത്താന്‍ ആവശ്യപ്പെടണം എന്നുണ്ട്.

കന്യകാമാതാവ് : ശെരി ,ഈ വര്‍ഷം കുറച്ചു പേരെ സുഖപ്പെടുത്തും.

ഇത് പറഞ്ഞു മാതാവ് കുട്ടികളോട് വീണ്ടും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അനന്തരം പതിവ് പോലെ അമ്മ കിഴക്കോട്ടു ഉയരാന്‍ തുടങ്ങി.

അഞ്ചാമത്തെ ദര്‍ശനം 1917,സെപ്തംബര്‍ 13

മുന്‍പ് നടന്നിട്ടുള്ളത് പോലെ അന്തരീക്ഷത്തിലെ പ്രതിഭാസങ്ങള്‍ ആ ദിവസവും ആവര്‍ത്തിച്ചു. ഏകദേശം ഇരുപതിനായിരം ആളുകള്‍ ഇതിനൊക്കെ ദൃക് സാക്ഷികള്‍ ആയി ഉണ്ടായിരുന്നു. പരിശുദ്ധ കന്യകാ മാതാവ് പതിവ് പോലെ കരുവേല മരത്തിന്റെ മുകളില്‍ കുട്ടികള്‍ കാണുകയും ചെയ്തു.
അമ്മ:യുദ്ധം അവസാനിച്ചു കിട്ടാനായി കൊന്ത നമസ്‌ക്കാരം തുടര്‍ന്ന് ചൊല്ലുക.ലോകത്തെ ആശീര്‍വദിക്കാന്‍ വേണ്ടി ഒക്ടോബറില്‍ നമ്മുടെ കര്‍ത്താവും വരുന്നതാണ്. കൂടാതെ വ്യാകുല മാതാവും കര്‍മ്മല നാഥയും വി.ഔസേപ്പും ഉണ്ണീശോയും . നിങ്ങളുടെ ത്യാഗ പ്രവര്‍ത്തികളില്‍ ദൈവം സന്തുഷ്ടനാണ്. എന്നാല്‍ നിങ്ങള്‍ കയറുകള്‍ ധരിച്ചു ഉറങ്ങുന്നത് കാണാന്‍ അവിടന്ന് ആഗ്രഹിക്കുന്നില്ല. പകല്‍ സമയം മാത്രം അത് ധരിക്കുക.
ലൂസിയ: അങ്ങയോടു വളരെ കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ അവര്‍ എന്നോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ചില രോഗികളുടെ സൗഖ്യം. ഒരു മൂക ബധിരന്റെയും.
അമ്മ: ‘ അതെ, ഞാന്‍ ചിലരെ സുഖപ്പെടുത്തും . മറ്റുള്ളവരെയില്ല.എല്ലാവരും വിശ്വസിക്കാനായി ഒക്ടോബറില്‍ ഞാനൊരു അത്ഭുതം പ്രവര്‍ത്തിക്കും.” അതോടെ അമ്മ ഉയര്‍ന്നു പഴയ പോലെ തന്നെ മറഞ്ഞു.

ആറാമത്തെതും അവസാനത്തേതും ആയ ദര്‍ശനം : 1917 ഒക്ടോബര്‍ 13

മുന്‍ അവസരങ്ങളിലെ പോലെ കാണികള്‍ ഒരു വെളിച്ചം കാണുകയും അതില്‍ പിന്നെ കുട്ടികള്‍ അമ്മയെ കാണുകയും ചെയ്തു.

ലൂസിയ : അവിടന്ന് എന്നില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നത്?

കന്യകാമാതാവ് : എന്റെ ബഹുമതിക്കായി ഇവിടെ ഒരു കപ്പേള പണിയാന്‍ ഞാന്‍ ആവശ്യപ്പെടുന്നു എന്ന പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊന്ത മാതാവാണ് ഞാന്‍. കൊന്ത നമസ്‌ക്കാരം ദിവസേനെ തുടര്‍ന്ന് ചൊല്ലുക. യുദ്ധം അവസാനിക്കാന്‍ പോകുകയാണ്. പട്ടാളക്കാര്‍ സ്വന്തം വീടുകളിലേക്ക് താമസിയാതെ മടങ്ങി വരും.

ലൂസിയ : എനിക്ക് വളരെ കാര്യങ്ങള്‍ ആവ്ശ്യപ്പെടുവാനുണ്ട്. കുറെ രോഗികളെ സുഖപ്പെടുത്തിയിരുന്നെങ്കില്‍…കുറെ പാപികളെ മാനസാന്തരപ്പെടുത്തിയിരുന്നെങ്കില്‍…”

കന്യകാമാതാവ് :  ‘ ചിലത് നടക്കും. മറ്റുള്ളവ ഇല്ല. അവര്‍ ജീവിതം ഭേദപ്പെടുത്തി അവരുടെ പാപങ്ങള്‍ക്ക് മാപ്പ് അപേക്ഷിക്കണം.” കൂടുതല്‍ ദുഖിതയായി തീര്‍ന്ന അമ്മ കുട്ടികളോട് ഇത് കൂടെ പറഞ്ഞു.” അവര്‍ ഇനിയും നമ്മുടെ കര്‍ത്താവിനെ കൂടുതല്‍ ദ്രോഹിക്കാതെ ഇരിക്കട്ടെ .ഇപ്പോള്‍ തന്നെ വളരെ അധികം ദ്രോഹിക്കപ്പെട്ടു കഴിഞ്ഞു.” ശേഷം അമ്മ കൈകള്‍ തുറന്നു അവയില്‍ നിന്നും പുറപ്പെടുന്ന പ്രകാശം സൂര്യന്റെ മേല്‍ തെളിയിച്ചു. ആ നിമിഷം ലൂസിയ നിലവിളിച്ചു. ‘ സൂര്യനെ നോക്കു.”

അമ്മ ആകാശത്തിന്റെ വിശാലതയില്‍ അപ്രത്യക്ഷയായതോടെ മൂന്നു ദൃശ്യങ്ങള്‍ പടി പടിയായി തെളിഞ്ഞു വന്നു. ജപമാലയിലെ സന്തോഷ രഹസ്യങ്ങളുടെ പ്രതീകമായി ആദ്യത്തെതും സന്താപ രഹസ്യങ്ങളുടെ ഒരു ഭാഗവും മഹനീയ രഹസ്യങ്ങളുടെ പ്രതീകമായി അവസാനത്തേതും.ലൂസിയ മാത്രമാണ് മൂന്നും കണ്ടത്.മറ്റു രണ്ടു പേരും ആദ്യത്തെത് മാത്രം കണ്ടു.
ആദ്യത്തെ ദൃശ്യം : സൂര്യന്റെ പാര്‍ശ്വത്തില്‍ ഉണ്ണീശോയോടും കൊന്ത മാതാവിനോടും ഒപ്പം വി.ഔസേപ്പ് പ്രത്യക്ഷപ്പെട്ടു. തിരു കുടുംബമായിരുന്നു അത്. നീല മേലങ്കിയുള്ള വെള്ള വസ്ത്രമായിരുന്നു അമ്മ ധരിച്ചിരുന്നത്. ഔസേപ്പിതാവും വെള്ളയാണ് ഉടുത്തിരുന്നത്. ഈശോ ഇളം ചുവപ്പും. മൂന്നു പ്രാവശ്യം കുരിശിന്റെ അടയാളം തീര്‍ത്തു കൊണ്ട് ഔസേപിതാവ് ജനക്കൂട്ടത്തെ ആശീര്‍വദിച്ചു.ഈശോയും അപ്രകാരം തന്നെ ചെയ്തു.

രണ്ടാമത്തെ ദൃശ്യം: നെഞ്ചില്‍ വാളില്ലാത്ത വ്യാകുല മാതാവിന്റെയും കാല്‍വരിയിലേക്കുള്ള വഴിയില്‍ ദുഃഖം മൂലം പരവശനായ നമ്മുടെ കര്താവിന്റെയും ദര്‍ശനം ഇതിനെ തുടര്‍ന്ന് ഉളവായി. ജനത്തെ അനുഗ്രഹിക്കാന്‍ കര്‍ത്താവ് കുരിശിന്റെ അടയാളം ഉളവാക്കി. കര്‍ത്താവിന്റെ ശരീരത്തിന്റെ മേല്‍ ഭാഗം മാത്രമേ ലൂസിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.

മൂന്നാമത്തെ ദൃശ്യം: അവസാനമായി സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും റാണിയായി കിരീടം അണിയിക്കപ്പെട്ട കര്‍മ്മല മാതാവ് ഈശോയെ മാറില്‍ ചേര്‍ത്തു കൊണ്ടുള്ള മഹത്തായ ഒരു ദൃശ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.ഈ രംഗങ്ങള്‍ നടന്നു കൊണ്ടിരിക്കെ ഏതാണ്ട് എഴുപതിനായിരം കാണികളുടെ വന്‍ ജനക്കൂട്ടം സൂര്യന്റെ അത്ഭുതം കണ്ടു.

ദര്‍ശന സമയം മുഴുവന്‍ മഴ പെയ്യുകയായിരുന്നു. അമ്മയും ലൂസിയയും തമ്മിലുള്ള സംഭാഷണത്തിന്റെ അന്ത്യത്തില്‍ അമ്മ ഉയരുകയും സൂര്യനെ നോക്കു എന്ന് ലൂസിയ ആര്‍ത്തു വിളിക്കുകയുംചെയ്തപ്പോള്‍ വമ്പിച്ച ഒരു വെള്ളി തട്ട് കണക്കെ സൂര്യനെ കാണുന്ന രീതിയില്‍ മേഘങ്ങള്‍ തുറക്കപ്പെട്ടു. മുമ്പൊരിക്കലും തിളങ്ങിയിട്ടില്ലാത്ത തീക്ഷണതയോടെ സൂര്യന്‍ തിളങ്ങി. എന്നാല്‍ അത് അന്ധത ഉളവാക്കിയില്ല. ഒരു നിമിഷമേ ഇത് നില നിന്നുള്ളൂ. പിന്നീട് ആ വന്‍ ഗോളം നൃത്തം ചെയ്യാന്‍ തുടങ്ങി. അഗ്‌നി വൃത്തം പോലെ സൂര്യന്‍ വേഗത്തില്‍ കറങ്ങാന്‍ തുടങ്ങി.പിന്നെ ഒരു നിമിഷത്തേക്ക് അത് നിലച്ചു. തല ചുറ്റിക്കും വിധം വീണ്ടും കറങ്ങല്‍ തുടങ്ങി. രക്ത വര്‍ണ്ണം പൂകി സൂര്യന്‍ അതി വേഗതയോടെ കറങ്ങി കൊണ്ടിരുന്നു. ആകാശത്തുടനീളം ചുവപ്പ് നാളങ്ങള്‍ അത് ചിതറി. അവയുടെ പ്രകാശം നിലത്തും മരങ്ങളിലും കുറ്റിക്കാടുകളിലും ആളുകളുടെ വസ്ത്രങ്ങളിലും മുഖങ്ങളില്‍ പോലും പ്രതിഫലിച്ചു. വിചിത്രമായ ഈ ദൃശ്യം മൂന്നു തവണ നിര്‍വ്വഹിച്ചതില്‍ പിന്നെ സൂര്യന്‍ വളഞ്ഞു പുളഞ്ഞു സ്വസ്ഥാനത്ത് തിരിച്ചെത്തി. ഇതിനെല്ലാം കൂടി ഏതാണ്ട് പത്തു മിനിട്ടെടുത്തു. സൂര്യന്‍ വീണ്ടും അനുദിന ശോഭയോടെ തിളങ്ങുകയും ചെയ്തു. ദര്‍ശനങ്ങളുടെ പരിവൃത്തി സമാപിച്ചു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന അവരുടെ വസ്ത്രങ്ങള്‍ പെട്ടന്നുതന്നെ ഉണങ്ങിയത് പലരും ശ്രദ്ധിച്ചു. ദര്‍ശനങ്ങള്‍ നടന്ന സ്ഥലത്ത് നിന്ന് നാലപതു കിലോമീറ്റര്‍ വരെ അകലത്തില്‍ അനേകം കാണികള്‍ സൂര്യന്റെ ഈ അത്ഭുതം കാണുകയുണ്ടായി.

ദര്‍ശനങ്ങള്‍ക്ക് ശേഷവും കുട്ടികളില്‍ ജസീന്തയ്ക്കും ഫ്രാന്‍സിസ്‌കൊയ്ക്കും അവര്‍ ഭൂമിയില്‍ കഴിച്ചു കൂട്ടിയ സമയത്ത് രഹസ്യ ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ജസീന്തയ്ക്ക് ആണ് മുഖ്യമായും രഹസ്യ ദര്‍ശനങ്ങള്‍ ലഭിച്ചത്.1918 ഒക്ടോബര്‍ അവസാനത്തില്‍ ജസീന്തയും ഫ്രാന്‍സിസ്‌കോയും ഒരേ സമയത്ത് രോഗതുരരായി. 1919 ല്‍ ഏപ്രില്‍ നാലാം തീയതി ഫ്രാന്‍സിസ്‌കോയും അടുത്ത വര്‍ഷം ഫെബ്രുവരി 20 ന് ജസീന്തയും സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ലൂസിയയുടെ ദൌത്യം ആരംഭിക്കുകയായിരുന്നു. കുട്ടികളെ വിശുദ്ധരാക്കാനുള്ള നടപടികള്‍ 1949 ല്‍ ആരംഭിക്കുകയും ചെയ്തു.
പരിശുദ്ധ അമ്മയുടെ മധ്യസ്ഥം നമുക്ക് യാചിക്കാം. ദിവസേനെ കൊന്ത ചൊല്ലി അമ്മയോട് ചേര്‍ന്നിരിക്കാം. ഈശോയെ വേദനിപ്പിക്കാതെയിരിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles