മറിയം പീഡിതരുടെ ആശ്വാസം

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 14
പീഡകൾ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്നും മനുഷ്യന്റെ മുന്നിലുണ്ട്. ദൈവിക പദ്ധതികളോടുള്ള അഗാധമായ അനുസരണം പീഡകളുടെ വഴിയിലൂടെയുള്ള പരിശുദ്ധ അമ്മയുടെ ആത്മീയാത്രയുടെ ആരംഭമായിരുന്നു.
മാനുഷിക ബുദ്ധിക്കതീതമായ ഗർഭധാരണം, ഭർത്താവിനാൽ സംശയിക്കപ്പെട്ടു, പിന്നീട് കാലിത്തൊഴുത്തിൽ പ്രസവം, ചോരക്കുഞ്ഞുമായുള്ള പലായനം, നസറത്തിലെ ദരിദ്രമായ കുടുംബ പശ്ഛാത്തലം, അകാലത്തിലെ വൈധവ്യം, ദേവാലയത്തിൽ വച്ച് ഏക മകനെ കാണാതായി , കള്ളനെയും കൊലപാതകിയെയുംപോലെ ജറുസലെമിന്റെ തെരുവീഥിയിൽ കുരിശുമെടുത്തുള്ള പുത്രന്റെ അന്ത്യയാത്ര, നഗ്നനായി കുരിശിന്മേൽ തറയ്ക്കപ്പെട്ട മകന്റെ മരണത്തിനു സാക്ഷിയായി, അവന്റെ ചേതനയറ്റ ശരീരം കൈകളിൽ താങ്ങി മടിയിൽ കിടത്തി……
ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാവുന്ന വേദനകളിലൂടെയെല്ലാം മറിയം സഞ്ചരിച്ചിട്ടുണ്ട്. പീഡകളിൽ മറിയം പാലിച്ച സംയമനം ദുരിതക്കയം നീന്തിക്കയറുന്നവർക്കു മാതൃകയാണ്.
ഏഴു വ്യാകുലങ്ങളുടെ അമ്മ വേദന അനുഭവിക്കുന്നവർക്ക് ഗുരുവും അത്താണിയുമാണ്.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.