ക്രിസ്ത്യാനികളായിട്ടും ക്രിസ്തുവിന്റെ അംശം നമ്മില്‍ ഇല്ലെങ്കില്‍ എന്തു നേട്ടമാണള്ളത്: ഫ്രാന്‍സിസ് പാപ്പാ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്‍റെ യൗവനം ‘കൃപാവര പൂർണ്ണത’ കൈവരിക്കാനുള്ള “പരിശീലന” ത്തിന്‍റെ കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. “യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ ” ത്തിന്‍റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്‍റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതം ദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

25. യേശുവിന്‍റെ മാമ്മോദീസാ ജീവിതദൗത്യത്തിനായുള്ള സമർപ്പണം

യേശുവിന്‍റെ മാമ്മോദീസാ നമ്മുടെ മാമ്മോദീസാ പോലെ ആയിരുന്നില്ല. നമ്മുടേത് പ്രസാദവര ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നതാണ്. യേശുവിന്‍റെത് വലിയ ജീവിതദൗത്യം തുടങ്ങുന്നതിനു മുമ്പ് നടന്ന ഒരു സമർപ്പണമാണ്. അവിടുത്തെ മാമ്മോദീസായുടെ സമയത്ത് പിതാവ് സന്തോഷിച്ചു എന്ന് സുവിശേഷം പറയുന്നു:” നീ എന്‍റെ പ്രിയ പുത്രൻ ആകുന്നു” (cf.ലുക്കാ.3:22). യേശു പെട്ടെന്ന് പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവനായി കാണപ്പെട്ടു. ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെടുകയും ചെയ്തു. പ്രസംഗിക്കാനും, അത്ഭുത പ്രവൃത്തികൾ ചെയ്യാനും, സ്വാതന്ത്ര്യവും, സൗഖ്യവും നൽകാനും അവിടെവച്ച് അവിടുന്ന് തയ്യാറായി. (cf.ലുക്കാ 4:1-14). യുവത്വത്തിലുള്ള ഓരോ വ്യക്തിക്കും ഈ ലോകത്തിലെ ഒരു ദൗത്യത്തിനായി വിളിക്കപ്പെട്ടുവെന്നു തോന്നുമ്പോൾ അതേ വാക്കുകൾ പിതാവ് പറയുന്നതായി ഹൃദയത്തിൽ കേൾക്കും” നീ എന്‍റെ പ്രിയ സന്താനമാണ്.” (കടപ്പാട് പി.ഒ.സി പ്രസിദ്ധീകരണം).

ഈ ഖണ്ഡികയിൽ യേശുവിന്‍റെ ജ്ഞാനസ്നാനത്തിനെ കുറിച്ച് പാപ്പാ പ്രബോധിപ്പിക്കുന്നു. യേശുവിന്‍റെ ജ്ഞാനസ്നാനം ദൗത്യം ഏറ്റെടുക്കുന്നതിനു മുമ്പ് സംഭവിക്കുന്നു. അപ്പോൾ പിതാവ് പുത്രനിൽ സംപ്രീതനാകുകയും ലോകത്തിന്‍റെ മുന്നിൽ തന്‍റെ പുത്രനാണ് യേശുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൗത്യത്തിനായി ഇറങ്ങുമ്പോൾ പിതാവ് നമ്മിലും സംപ്രീതനാകുന്ന അനുഭവം നമ്മിൽ ഉണ്ടാകുമെന്ന് ക്രിസ്തുവിന്‍റെ മാമ്മോദീസാ നമ്മെ ഓർമ്മപ്പെടുത്തുന്നു. ദൗത്യം ഏറ്റെടുക്കുന്നതിലാണ് പിതാവ് സംപ്രീതനാകുന്നത്. പിതാവിന്‍റെ സംതൃപ്തിയുടെ തെളിവാണ് പരിശുദ്ധാത്മാവിനെ തന്നെ പുത്രനിൽ നിറച്ചു നൽകുന്നത്. ആ നിറവോടെ കൂടിയാണ് യേശു മരുഭൂമിയിലേക്ക് നയിക്കപ്പെടുന്നത്. ദൗത്യം തുടങ്ങുന്നതിനു മുമ്പ് യേശു മരുഭൂമി അനുഭവത്തിലൂടെ കടന്നു പോകുന്നു. ജീവിതത്തിൽ സ്വയം ഒരു മരുഭൂമി സൃഷ്ടിക്കണം എന്നത് യേശു നമുക്ക് പകർന്നു തരുന്ന പാഠമാണ്. മരുഭൂമിയിൽ നാൽപ്പത് ദിവസം ചെലവഴിച്ചാണ് യേശു തന്‍റെ ദൗത്യത്തിനായി മുന്നൊരുക്കം നടത്തിയത്. ഫാദർ ബോബി ജോസിന്‍റെ വാക്കുകളിൽ “മരുഭൂമിയിലെ യേശുവിനെ മൗനം, സ്വയം സൃഷ്ടിച്ച ഏകാന്തത, ദൈവരാജ്യം കേൾക്കാനുള്ള ശ്രമം, പരുക്കൻ അനുഭവങ്ങളെ സ്വീകരിക്കാനുള്ള വിശാലത, വാക്കുകൊണ്ട് ജീവിക്കാനുള്ള ക്ഷണം, പലതിനോടും അരുതെന്ന് പറയാനുള്ള ആത്മവിശ്വാസം എല്ലാംകൂടി ചേർന്നിട്ടാണ് ഉപവാസത്തെ അവന്‍റെ മരുഭൂമിയുടെ നമ്മൾ ചേർത്തു നിർത്തേണ്ടത്.”

യഥാർത്ഥത്തിൽ ഈ ജീവിതം കടന്നു പോകുന്ന വഴികളിൽ ഇടറി യാലും വീഴാതിരിക്കാനും വീണാലും എഴുന്നേൽക്കാനും യേശുവിനെ പോലെ ഒരു മരുഭൂമി അനുഭവം നമുക്ക് വേണം. നാമോരോരുത്തരും ദൈവം നൽകിയ ദൗത്യവുമായാണ് ഈ ഭൂമിയിൽ പിറന്നു വീണത്. ആ ദൗത്യം ദൈവം ആഗ്രഹിക്കുന്നത് പോലെ പൂർത്തീകരിക്കപ്പെടാ൯ യേശു അഭ്യസിച്ച സാധനകൾ നാം അഭ്യസിക്കണം. കൃത്യമായ ദിശാബോധമുള്ള യുവാവായിരുന്നു ക്രിസ്തു. ക്രിസ്തു എപ്പോഴും ദൈവരാജ്യത്തിൽ ആയിരുന്നു. ദൈവരാജ്യത്തെ സഞ്ചരിക്കുന്നിടങ്ങളിലെല്ലാം കൊണ്ടുചെന്നു. അതുകൊണ്ടാണ് ദേവാലയ സങ്കൽപ്പങ്ങളിൽ മാത്രമൊതുങ്ങി നിർത്തുന്ന ദൈവരാജ്യം അല്ല തന്‍റെതെന്ന് പഠിപ്പിക്കാൻ മരുഭൂമിയുടെ പരുക്കൻ അനുഭവങ്ങളെയും, അഗാധമായ മൗനത്തെ യും, കൊടും വിശപ്പിനെയും, പിശാചിന്‍റെ പരീക്ഷണത്തെയും അവൻ അതിജീവിച്ചത്. അതുകൊണ്ടാണ് ഒരു ദേവാലയത്തിനും ക്രിസ്തുവിനെ ഒതുക്കാൻ മാത്രമുള്ള വലുപ്പം ഇല്ലാതിരിക്കുന്നത്. ക്രിസ്തുവിന്‍റെ ഈ അനുഭവം എന്ത് സന്തോഷമാണ് നമുക്ക് നൽകുന്നതെന്ന് പരിചിന്തനം ചെയ്യുമ്പോൾ നമ്മിൽ വെളിപ്പെടുന്ന പ്രകാശത്തിന് പേരാണ് ദൈവരാജ്യ അനുഭവം. അത് ത്രിത്വൈക ദൈവത്തിന്‍റെ സാന്നിധ്യം നൽകുന്ന അനുഭവമാണ്, യേശുവിന്‍റെ ജ്ഞാനസ്നാന സമയത്തിൽ ലോകത്തോടു സംസാരിച്ച, ലോകത്തിനു സമ്മാനിച്ച ത്രിത്വൈക അനുഭവം. നമുക്ക് നൽകപ്പെട്ടിരിക്കുന്ന ദൗത്യത്തെ എങ്ങനെ പ്രകാശപൂർണമായ ആക്കണമെന്ന് അതായിരിക്കണം നമ്മുടെ പ്രഥമലക്ഷ്യം. അതുപോലെതന്നെ മറ്റുള്ളവർക്കും ദൈവം നൽകിയ ദൗത്യം ഉണ്ടെന്നും അത് പൂർത്തീകരിക്കാൻ അവരിലും ദൈവം പ്രവർത്തിക്കുന്നുണ്ടെന്നും നാം തിരിച്ചറിയണം.

ഇന്നത്തെ ലോകത്തിൽ സ്വന്തം ദൗത്യം നിർവ്വഹിക്കപ്പെടാൻ പല മാർഗ്ഗങ്ങളിലൂടെ പ്രയത്നിക്കുന്ന മനുഷ്യരെ നമുക്ക് കാണാൻ കഴിയും. ദൈവരാജ്യത്തെ അകറ്റി നിർത്തി സഹജീവികളിൽ ദൈവ സാന്നിധ്യത്തെ തിരിച്ചറിയാതെ സ്വന്തം ഉത്തരവാദിത്വങ്ങളുടെ മുന്നിൽ മറ്റുള്ളവരുടെ ദൗത്യത്തിന് വില നൽകാതെ വ്രണപ്പെടുത്തുന്ന മനുഷ്യരെ നാം കണ്ടേക്കാം. യഥാർത്ഥത്തിൽ ദൈവരാജ്യം എന്നത് സ്നേഹവും സമാധാനവും പരിശുദ്ധാത്മാവിൽ നിന്നുള്ള ആനന്ദവുമാണ്. ഈ ദൈവരാജ്യം അനുഭവമല്ലേ യഥാർത്ഥത്തിൽ നാം സ്വന്തമാക്കേണ്ടത്. ഈ അനുഭവം നമ്മിൽ ഇല്ലെങ്കിൽ ദൈവരാജ്യത്തിൽ നിന്നും നാം നമ്മുടെ ദൗത്യത്തിൽ നിന്നും അകലെയാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കണം. മരുഭൂമി അനുഭവങ്ങൾ ലഭിക്കുമ്പോഴും പരിശുദ്ധാത്മാവിലുള്ള ആനന്ദം നമ്മുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ ദൈവരാജ്യത്തെ വഹിക്കുന്ന കൃപ നമ്മിൽ ഉണ്ടെന്ന് മനസ്സിലാക്കാം. ക്രിസ്തുവിന്‍റെ മാമ്മോദീസായിൽ പിതാവ് പുത്രനെ അംഗീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. സാധാരണ ജനത്തെ പോലെ തന്‍റെ ചാർച്ചക്കാരനായ സ്നാപക യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ച ക്രിസ്തുവിനെ സ്വർഗ്ഗം മറ്റുള്ളവരുടെ മുന്നിൽ അംഗീകരിക്കുന്നു. ആ അംഗീകാരം ക്രിസ്തുവിനെ തന്നെ ദൗത്യം പൂർത്തീകരിക്കാൻ ശക്തി പകരുന്ന ആയുധമായിത്തീരുന്നു. യഥാർത്ഥത്തിൽ ആത്മീയത അവനവനോടു തോന്നുന്ന മതിപ്പും അപരനോടുള്ള ആദരവുമാണ്.

ഈ മനോഭാവത്തോടെ ദൈവം നൽകിയ ദൗത്യം പൂർത്തീകരിക്കാൻ നാം ഇറങ്ങുമ്പോഴാണ് “ഇവൻ എന്‍റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് പിതാവായ ദൈവത്തിന്‍റെ സ്വരം ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ നമ്മുടെയുള്ളിൽ നമുക്ക് കേൾക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെ നമ്മിലെ നന്മയെ ഉണർത്താനും, ഉയർത്താനും. ഉജ്ജ്വലിപ്പിക്കാനും ഒരു മരുഭൂമി അനുഭവം നമ്മിൽ ഉണ്ടാകണം. ക്രിസ്തുവിനു വേണ്ടി ജീവിച്ചിട്ടും ക്രിസ്തുവിന്‍റെ അംശം നമ്മിൽ ഉണ്ടാകാതിരുന്നാൽ അത്കൊണ്ട് എന്ത് നേട്ടമാണ് നമുക്കുള്ളത്? ക്രിസ്തുവിന്‍റെ ഗുണമേന്മയ്ക്ക് നിരക്കാത്തത് നമ്മിലുള്ളിടത്തോളം കാലം ദൈവത്തെ നമുക്ക് ലോകത്തിന് നൽകാനാവില്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles