പുതുവത്സരത്തിലെ ആത്മീയ വെല്ലുവിളികൾ
പുതിയൊരു വർഷം നമ്മുടെ മുന്നിൽ ഒരു വെള്ളക്കടലാസുപോലെ നിവർന്നു കിടക്കുന്നു. അതിൽ എന്ത് എഴുതണം എന്നത് നമ്മുടെ തീരുമാനങ്ങളും ദൈവത്തിന്റെ കൃപയും അനുസരിച്ചിരിക്കും. ഈ വർഷം മുഴുവൻ യേശു എന്ന നാമം നമ്മുടെ നാാവിലും, ഹൃദയത്തിലും, പ്രവർത്തികളിലും ഉണ്ടായിരിക്കട്ടെ.
ഇന്നത്തെ ലോകത്തിൽ പുതുവത്സരം എന്നത് പലപ്പോഴും മദ്യത്തിന്റെയും ലഹരിയുടെയും, അതിരുകടന്ന ആഘോഷങ്ങളുടെയും പര്യായമായി മാറുന്നുണ്ട്. ഒരു കത്തോലിക്കൻ ഇതിനെതിരെ സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവനാണ്.
- അർത്ഥപൂർണ്ണമായ തുടക്കം: രാത്രിയിലെ ആഘോഷങ്ങളിൽ മതിമറന്ന്, പിറ്റേന്ന് ഉച്ചവരെ ഉറങ്ങിത്തീർക്കാനുള്ളതല്ല പുതുവത്സരദിനം. മറിച്ച്, ദൈവാലയത്തിൽ പോയി, വിശുദ്ധ കുർബാനയിൽ സംബന്ധിച്ച്, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് വേണം വർഷം തുടങ്ങാൻ.
- പാപങ്ങളോടുള്ള വിടപറയൽ: പഴയ വർഷത്തിലെ പാപങ്ങളെയും തിന്മകളെയും കുമ്പസാരമെന്ന കൂദാശയിലൂടെ കഴുകിക്കളഞ്ഞ്, പുതിയ മനുഷ്യനായി മാറാനുള്ള അവസരമാണിത്. “പഴയവ കടന്നുപോയി, ഇതാ സകലതും പുതുതായിരിക്കുന്നു” (2 കോറിന്തോസ് 5:17) എന്ന് വചനം പറയുന്നത് നമ്മുടെ ആത്മാവിനെക്കുറിച്ചാണ്.
- കാരുണ്യപ്രവർത്തികൾ: സ്വന്തം സുഖം മാത്രം നോക്കാതെ, അഗതികളെയും രോഗികളെയും സഹായിച്ചുകൊണ്ട് വർഷം ആരംഭിക്കുന്നത് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കാര്യമാണ്.
ദൈവമാതാവിന്റെ കരങ്ങളിൽ പിടിച്ച് നമുക്ക് ഈ വർഷത്തിലേക്ക് പ്രവേശിക്കാം. കാനായിലെ കല്യാണവിരുന്നിൽ വീഞ്ഞു തീർന്നുപോയപ്പോൾ “അവർക്ക് വീഞ്ഞില്ല” എന്ന് യേശുവിനോട് പറഞ്ഞ അമ്മ, നമ്മുടെ ജീവിതത്തിലെ കുറവുകൾ ഈ വർഷം യേശുവിന്റെ മുൻപിൽ അവതരിപ്പിക്കും. “അവൻ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ” എന്ന അമ്മയുടെ ഉപദേശം സ്വീകരിച്ച്, ദൈവകല്പനകൾ അനുസരിച്ച് ജീവിക്കാൻ നമുക്ക് തീരുമാനിക്കാം.
ദൈവസാന്നിധ്യം നമ്മുടെ കൂടെയുണ്ടെങ്കിൽ, ഈ വർഷം വരുന്ന വെല്ലുവിളികൾ നമ്മെ തകർക്കില്ല, മറിച്ച് നമ്മെ വിശുദ്ധീകരിക്കുകയേ ഉള്ളൂ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമുക്ക് കോട്ടയായിരിക്കട്ടെ. ഏവർക്കും ദൈവാനുഗ്രഹം നിറഞ്ഞ, സമാധാനപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.
~ ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.
