മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും

ക്രിസ്തുവുമായുള്ളള ബന്ധം: പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം

പരിശുദ്ധ പിതാവ് നമ്മുടെ മുന്നിൽ കൊണ്ടുവരാൻ ആഗ്രഹിച്ചത് യേശുവിന്റെ നമ്മോടുള്ള സ്നേഹവും അവന്റെ അനശ്വരതയും നമ്മെ മനസ്സിലാക്കിത്തരാനായിരുന്നു. ഇന്നും ജീവിക്കുന്ന, നമ്മോടൊപ്പം അനുദിന യാത്രയിൽ കൂടെയുള്ള, മരണത്തെ ജയിച്ച, സ്ഥലകാലങ്ങൾക്ക് അതീതനായ രക്ഷകനായ യേശുവുമായി ഒരു ബന്ധം സ്ഥാപിക്കാനാണ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത്. ഈ ബന്ധമാണ് നമ്മുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമായി ഫ്രാൻസിസ് പാപ്പാ മുന്നോട്ടു വയ്ക്കുന്നതും.

ബോബി ജോസ് അച്ചന്റെ ഒരു കുറിപ്പു കാണാനിടയായി. “മനുഷ്യരെ ക്രിയേറ്റീവ് ആയി സൂക്ഷിക്കുന്നത്, അവരെ എഴുത്തുകാരും, പാട്ടുകാരും, സ്നേഹിക്കുന്നവരുമായി മാറ്റുന്നത് അവരുടെ പരുക്കുകളാണ് ” എന്ന്. ആ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്‌താൽ തെളിഞ്ഞുവരുന്നത് സത്യത്തിൽ,  പരുക്കിൽ തന്നെ മരുന്നിരിക്കുന്നു എന്നല്ലേ?. ഒരുവന്റെ  മുറിവിൽ നിന്ന് അപരന്റെ മുറിവുണക്കാനുള്ള മരുന്നുണ്ടാകുന്നു. നാശവും മരണവും അവസാനം എന്നു കരുതുന്നയിടത്ത് ഉയിർത്തെഴുന്നേൽപ്പിന്റെ വിത്തുണ്ട് എന്നതാണിതിനർത്ഥം. ഇവിടെയാണ് യേശുവിന്റെ പ്രസക്തി. പങ്കുവയ്പ്പിലുള്ള രക്ഷാമാർഗ്ഗം നമുക്കുമുന്നിൽ വച്ചുനീട്ടിയ സ്നേഹജീവിതം. രണ്ടുള്ളവൻ ഒന്നില്ലാത്തവനും, ഒരു കാതം കൂടെനടക്കാൻ പറഞ്ഞാൽ രണ്ടുകാതം കൂടെച്ചെല്ലാനും ആവശ്യപ്പെട്ടവൻ സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ച ഒരു മാർഗ്ഗമുണ്ട്. അത് ആധിപത്യത്തിന്റെയോ, ആയുധ തേരോട്ടത്തിന്റെയോ വിജയ വീഥിയല്ല. മറിച്ച് സ്വയം ദാനത്തിന്റെയും പകുത്തു നൽകലിന്റെയും വഴിയാണ്.

മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ മൂർത്തഭാവമാണ് ക്രിസ്തുനാഥൻ. ലോകത്തിന്റെ യുക്തിക്കതീതമായ ദൈവത്തിന്റെ യുക്തി ഭൂമിയിൽ അവതരിപ്പിച്ച ജീവിതമാണത്. മനുഷ്യ ലോകത്തിന്റെ എല്ലാ വേദനകളും മുറിവുകളും തകർച്ചകളും മരണം പോലും തന്റെ തോളിലേറ്റി മനുഷ്യകുലത്തെ രക്ഷയുടെ ഉയരങ്ങളിലേക്ക്  കടത്തിക്കൊണ്ടുപോയ പുറപ്പാടിലെ പുതിയ മോശ. ഈ രക്ഷകന്റെ  കൂടെയുള്ള യാത്രയെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്.

മുന്തിരിച്ചെടിയോടു ചേർന്ന് നിൽക്കുന്ന ശാഖകളാകുക  

ഒരു ചെടിയിൽ അതിന്റെ ശാഖകൾ ഒന്നിച്ചു ചേർന്ന് നിൽക്കുമ്പോഴാണ് ശാഖകൾക്ക് ജീവനുണ്ടാവുക. യേശു തന്നെ പറയുന്നുണ്ട്. താൻ മുന്തിരിച്ചെടിയാണെന്ന്. അവന്റെ  ആഹ്വാനം ഇതാണ്, “നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ചശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച്‌ തീയിലിട്ടു കത്തിച്ചുകളയുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ്‌ മഹത്വപ്പെടുന്നു.” (യോഹ15:1-8)

ക്രിസ്തുവിനോടു ഐക്യപ്പെട്ടുള്ള ജീവിതത്തിന് മാത്രമേ യഥാർത്ഥ രക്ഷ നേടാൻ കഴിയൂ. ഇത്രയും വലിയ ലോകത്തിൽ നാം തനിച്ചല്ല. നമുക്ക് കൂട്ടു ഒരാളുണ്ട്. അദൃശ്യനാണെങ്കിലും ദൃഢമായ ഒരു കണ്ണി. ഒറ്റപ്പെടലിൽ ഏറെ ദൂരത്താണെങ്കിലും, വീഴ്ചകളുടെ പടുകുഴിയിലാണെങ്കിലും തന്റെ സ്നേഹത്തിന്റെ കാന്തശക്തിയാൽ നമ്മെ തന്നിലേക്ക് വലിച്ചു രക്ഷിക്കുന്ന ശക്തിയാണ്  യേശു.  കാരണം നമ്മുടെ ജീവിതത്തിൽ പ്രത്യാശ നൽകുന്ന, ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, നമ്മുടെ പരുക്കുകൾ സുഖപ്പെടുത്തുന്ന ഒരു ഉറപ്പായി ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ മുന്നിലുണ്ട്. ശൂന്യമായ കല്ലറയിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്ന ഉയിർപ്പാണത്. കഷ്ടതകളുടെയും, നിരാശയുടെയും നിഴലിൽ കഴിയുമ്പോഴും അത്യുന്നതന്റെ ശക്തി ലഭിക്കുന്നത് വരെ ജീവിച്ചു പൊരുതേണ്ട ജെറുസലേം വിട്ടു പോകരുതെന്ന സന്ദേശവുമായി നമ്മെ നയിക്കുന്ന ഉറപ്പാണത്. അതുകൊണ്ടാണ് “അവിടുത്തെയും അവിടുത്തെ ഉത്ഥാനത്തിന്റെ ശക്തിയെയും അറിയുവാൻ” (ഫിലി 3:10 ) ക്രിസ്തുവുമായി ഒന്നായിരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന്  വിശുദ്ധ പൗലോസ് പറയുന്നത്. യേശുവുമായി സുദൃഢമായ ഒരു ബന്ധം സ്ഥാപിച്ചുകൊണ്ട്  ഉത്ഥിത൯ നൽകുന്ന ഈ ഉറപ്പ് നമ്മുടെ സ്വന്തമാക്കാം. അങ്ങനെ ഫ്രാൻസിസ് പാപ്പാ നമ്മെ ക്ഷണിക്കുന്നതുപോലെ യേശുവുമായുള്ള ബന്ധത്തിൽ നമ്മുടെ പ്രശ്നങ്ങളുടെ വെറും നൈമിഷിക പരിഹാരമല്ല മറിച്ച് ശാശ്വതമായ രക്ഷയുടെ പ്രതീക്ഷയും നെഞ്ചിലേറ്റി നമുക്ക് നമ്മുടെ സഞ്ചാരം തുടരാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles