സുവിശേഷ വിളംബരം: ദൈവത്തിൻറെ സാമീപ്യം സൗമ്യതയോടെ പ്രഘോഷിക്കൽ

യേശു ശിഷ്യന്മാരോടു പറഞ്ഞു: സഞ്ചരിക്കുമ്പോൾ നിങ്ങൾ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിൻ. ദാനമായി നിങ്ങൾക്കു കിട്ടിയത് ദാനമായിത്തന്നെ കൊടുക്കുവിൻ.നിങ്ങളുടെ അരപ്പട്ടയിൽ സ്വർണ്ണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്. യാത്രയ്ക്ക് സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്. വേല ചെയ്യുന്നവൻ ആഹാരത്തിന് അർഹനാണ് ….ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു .” ~ മത്തായി: 10,7-10.16

സുവിശേഷവത്ക്കരണാഭിനിവേശം, അപ്പസ്തോലിക തീക്ഷ്ണത പ്രമേയമായി സ്വീകരിച്ചിട്ടുള്ള നമ്മുടെ പരിചിന്തനം നാം തുടരുകയാണ്. സംസാരിക്കലല്ല സുവിശേഷവത്ക്കരിക്കൽ ആകുന്നത് എന്തുകൊണ്ട്. സുവിശേഷപ്രഘോഷണത്തിൽ മുഴുവൻ വ്യക്തിയും ഉൾപ്പെടുന്നു. പ്രഘോഷണത്തിൻറെ മാതൃകയും ഗുരുവുമായി യേശുവിനെ കണ്ട നമുക്ക് ഇന്ന് ആദ്യ ശിഷ്യന്മാരിലേക്ക് കടക്കാം. “തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും” (മർക്കോസ് 3:14)  യേശു “പന്ത്രണ്ടുപേരെ ശിഷ്യരാക്കുകയും – അവൻ അവരെ അപ്പോസ്തലന്മാർ എന്ന് വിളിക്കുകയും ചെയ്തു എന്ന് സുവിശേഷം പറയുന്നു.  ഇവിടെ പരസ്പരവിരുദ്ധമായി തോന്നുന്ന ഒരു വശമുണ്ട്: തന്നോടൊപ്പം നിൽക്കാനും പോയി പ്രസംഗിക്കാനും അവൻ അവരെ വിളിക്കുന്നു. ഒരാൾ പറയും: ഒരു കാര്യത്തിന് അല്ലെങ്കിൽ മറ്റൊരു കാര്യത്തിന്, ഒന്നുകിൽ കൂടെ നില്ക്കാൻ അല്ലെങ്കിൽ പോകാൻ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അങ്ങനെയല്ല: യേശുവിനെ സംബന്ധിച്ചിടത്തോടളം “നില്ക്കാതെ” “പോകാൻ” ആകില്ല, അതു പോലെ തന്നെ പോകാതെ കൂടെ നില്ക്കാനും ആകില്ല. ഇവിടെ എന്താണ് അർത്ഥം എന്ന് മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം.

കൂടെ ആയിരിക്കുക, പോകുക

ഒന്നാമതായി, “നില്ക്കാതെ” “പോകുക” സാദ്ധ്യമല്ല: ശിഷ്യന്മാരെ ദൗത്യത്തിന് അയക്കുന്നതിനുമുമ്പ്, ക്രിസ്തു “അവരെ വിളിച്ചു” (cf. Mt 10:1) എന്ന് സുവിശേഷം പറയുന്നു. കർത്താവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നാണ് വിളംബരം ഉണ്ടാകുന്നത്; എല്ലാ ക്രിസ്തീയ പ്രവർത്തനങ്ങളും, പ്രത്യേകിച്ച് ദൗത്യം, അവിടെ നിന്നാണ് ആരംഭിക്കുന്നത്. അവിടത്തേക്ക് സാക്ഷ്യം വഹിക്കുക എന്നതിനർത്ഥം അവിടത്തെ പ്രസരിപ്പിക്കുക എന്നാണ്; എന്നാൽ, ക്രിസ്തുവിൻറെ പ്രകാശം നമുക്ക് ലഭിച്ചില്ലെങ്കിൽ, നാം അണഞ്ഞുപോകും; നാം അവൻറെ പക്കൽ കൂടെക്കൂടെ പോയില്ലെങ്കിൽ, അവനു പകരം നം നമ്മെത്തന്നെയായിയിരിക്കും സംവഹിക്കുക, സകലവും വൃഥാവിലാകും. അതുകൊണ്ട് യേശുവിനോടൊപ്പം വസിക്കുന്നവർക്കു മാത്രമേ അവിടത്തെ സദ്വാർത്ത സംവഹിക്കാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ, “പോകാതെ” “കൂടെ ആയിരിക്കാനും” സാദ്ധ്യമല്ല. വാസ്‌തവത്തിൽ, ക്രിസ്തുവിനെ അനുഗമിക്കുക എന്നത് ഒരു ഉറ്റബന്ധത്തിൻറെ പ്രശ്നമല്ല: പ്രഘോഷണവും സേവനവും  ദൗത്യവും കൂടാതെ അവനുമായുള്ള ബന്ധം വളരില്ല. ശിഷ്യന്മാരെ അവരുടെ ഒരുക്കം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അയക്കുന്നത് നമുക്ക് സുവിശേഷത്തിൽ കാണാം: അവരെ വിളിച്ച് കുറച്ചു കഴിയുമ്പോൾ തന്നെ അവിടന്ന് അവരെ അയയ്ക്കുന്നു!  ദൗത്യാനുഭവം രൂപീകരണത്തിൻറെ ഭാഗമാണ് എന്നാണ് ഇതിനർത്ഥം. ഓരോ ശിഷ്യനും ആവശ്യമായ ഈ രണ്ട് സുപ്രധാന നിമിഷങ്ങൾ നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാം: അതായത്, “കൂടെ ആയിരിക്കുക” “പോകുക”.

പ്രേഷിതദൗത്യ നിയോഗ പ്രഭാഷണം

ശിഷ്യന്മാരെ വിളിച്ച് അവരെ അയയ്ക്കുന്നതിന് മുമ്പ്, ക്രിസ്തു അവരെ സംബോധന ചെയ്യുന്നു, അത് “പ്രഷിതദൗത്യനിയോഗ പ്രഭാഷണം” ആണ്. മത്തായിയുടെ സുവിശേഷത്തിൽ 10-ാം അദ്ധ്യായത്തിൽ കാണുന്ന ഇത് പ്രഘോഷണത്തിൻറെ “ഭരണഘടന” പോലെയാണ്. അത് നിങ്ങൾ വായിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. ആ പ്രഭാഷണത്തിൽ നിന്ന് ഞാൻ മൂന്ന് മാനങ്ങൾ എടുക്കുകയാണ്: അതായത്, എന്തിന് പ്രഘോഷിക്കണം, എന്ത് പ്രഘോഷിക്കണം, എങ്ങനെ പ്രഘോഷിക്കണം.

പ്രഘോഷണം എന്തിന്?

എന്തിന് പ്രഘോഷിക്കണം. ഇതിനു കാരണം യേശുവിൻറെ അഞ്ച് വാക്കുകളിലുണ്ട്, അത് ഓർക്കുന്നത് നല്ലതാണ്: അതായത്, “ദാനമായി നിങ്ങൾക്ക് കിട്ടി, ദാനമായിത്തന്നെ നൽകുക” (മത്തായി 10. 8). പ്രഘോഷണം ആരംഭിക്കുന്നത് നമ്മിൽ നിന്നല്ല, മറിച്ച് അർഹതയില്ലാതെ നമുക്ക് ലഭിച്ചതിൻറ മനോഹാരിതയിൽ നിന്നാണ്: ആതായത്, യേശുവിനെ കണ്ടുമുട്ടുക, അവനെ അറിയുക, നാം സ്നേഹിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് മനസ്സിലാക്കുക. അത് നമുക്കായി മാത്രം സൂക്ഷിക്കാൻ കഴിയാത്ത വിധത്തിലുള്ള അത്ര വലിയ ദാനമാണ്. അത് പ്രചരിപ്പിക്കേണ്ടതിൻറെ ആവശ്യകത നമുക്ക് അനുഭവപ്പെടുന്നു; എന്നാൽ അതേ ശൈലിയിൽ, സൗജന്യമായിത്തന്നെ. മറ്റു വാക്കുകളിൽ പറഞ്ഞാൽ: നമ്മുടെ കൈവശം ഒരു ദാനമുണ്ട്, അതിനാൽ നാം ദാനമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു; ദൈവമക്കളായിരിക്കുന്നതിൻറെ സന്തോഷം നമ്മിലുണ്ട്, അതിനെക്കുറിച്ച് ഇതുവരെ അറിയാത്ത സഹോദരീസഹോദരന്മാരുമായി ആ ദാനം നാം പങ്കിടണം! ഇതാണ് പ്രഘേഷണത്തിന് നിദാനം.

എന്തു പ്രഘോഷിക്കണം?

ആകയാൽ എന്താണ് നാം പ്രഘോഷിക്കേണ്ടത്? യേശു പറയുന്നു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിൻ” (മത്തായി 10, 7). പ്രഥമമായും, എല്ലാറ്റിലും പറയേണ്ടത് ഇതാണ്: ദൈവം സമീപസ്ഥനാണ്. നമ്മൾ, പ്രസംഗിക്കുമ്പോൾ, പലപ്പോഴും ആളുകളെ എന്തെങ്കിലും ചെയ്യുന്നതിന് ക്ഷണിക്കുന്നു, അത് നല്ലതാണ്; പക്ഷേ, കർത്താവ് നമ്മുടെ ചാരത്തുണ്ട് എന്നതാണ് കാതലായ സന്ദേശം എന്നത് നാം മറക്കരുത്. സാമീപ്യം, കാരുണ്യം ആർദ്രത. ദൈവസ്നേഹം സ്വാഗതം ചെയ്യുകയെന്നത് കൂടുതൽ ആയാസകരമാണ്, കാരണം നമ്മൾ എപ്പോഴും നമ്മെത്തന്നെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നായകരാക്കാൻ, ആഗ്രഹിക്കുന്നു,  സ്വയം രൂപപ്പെടാൻ അനുവദിക്കുന്നതിനേക്കാൾ പ്രവർത്തിക്കാനും ശവിക്കുന്നതിനേക്കാൾ സംസാരിക്കുന്നതിനുമുള്ള പ്രവണതയാണ് നമുക്ക് കൂടുതലുള്ളത്. പക്ഷേ, നമ്മൾ ചെയ്യുന്നവയ്ക്കാണ് പ്രഥമ സ്ഥാനമെങ്കിൽ, നമ്മൾതന്നെയായിരിക്കും ഇപ്പോഴും നായകന്മാർ. നേരെ മറിച്ച്, പ്രഘോഷണം പ്രാഥമ്യം നല്കേണ്ടത് ദൈവത്തിനാണ്, അവിടത്തെ സ്വാഗതം ചെയ്യാനും അവിടന്ന് ചാരെയുണ്ടെന്ന് മനസ്സിലാക്കാനുമുള്ള അവസരം മറ്റുള്ളവർക്ക് പ്രദാനംചെയ്യുകയും വേണം.

എങ്ങനെ പ്രഘോഷിക്കണം ?

മൂന്നാമത്തെ കാര്യം: എങ്ങനെ പ്രഘോഷിക്കണം എന്നതാണ്. യേശു ഏറ്റവും കൂടുതൽ ഊന്നൽ നല്കുന്ന മാനമാണിത്; ഇത് സുപ്രാധാനമാണ്: സാക്ഷ്യമേകുന്നതിൽ മാർഗ്ഗവും ശൈലിയും സത്താപരമാണെന്ന് ഇത് നമ്മോട് പറയുന്നു. നമുക്ക് ആവശ്യമുള്ളത് നാം കേൾക്കുന്നു: “ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു” (മത്തായി 10, 16). ചെന്നായ്ക്കളെ എങ്ങനെ നേരിടണമെന്ന്, അതായത് തർക്കിക്കാനും തിരിച്ചടിക്കാനും സ്വയം പ്രതിരോധിക്കാനും കഴിയണമെന്ന് അവിടന്ന് നമ്മോട് ആവശ്യപ്പെടുന്നില്ല. നമ്മൾ ഇങ്ങനെ ചിന്തിക്കും: നമ്മൾ പ്രമുഖരും, എണ്ണമറ്റവരും, ആദരണീയരുമായിത്തീരും, ലോകം നമ്മളെ ശ്രവിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അല്ല, ഞാൻ നിങ്ങളെ ആടുകളെപ്പോലെ, കുഞ്ഞാടുകളെപ്പോലെ അയയ്ക്കുന്നു. അവൻ നമ്മോട് ഇങ്ങനെയായിരിക്കാൻ ആവശ്യപ്പെടുന്നു, സൗമ്യരും നിഷ്കളങ്കരും, ബലിയാകാൻ സന്നദ്ധരുമായിരിക്കാൻ; ഇത് യഥാർത്ഥത്തിൽ കുഞ്ഞാടിനെ പ്രതിനിധീകരിക്കുന്നു: അതായത്, സൗമ്യത, നിഷ്കളങ്കത, സമർപ്പണം. അവൻ, ഇടയൻ, തൻറെ കുഞ്ഞാടുകളെ തിരിച്ചറിയുകയും ചെന്നായ്ക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഒരു സാഭാപിതാവ് ഇങ്ങനെ കുറിച്ചു: “നാം കുഞ്ഞാടുകളായിരിക്കുമ്പോൾ, നമ്മൾ വിജയിക്കും, നമുക്ക് ചുറ്റും നിരവധി ചെന്നായ്ക്കൾ ഉണ്ടെങ്കിലും, നമുക്ക് അവയെ മറികടക്കാൻ കഴിയും. എന്നാൽ ചെന്നായ്‌ക്കളായിത്തീർന്നാൽ നമ്മൾ തോൽക്കും, കാരണം ഇടയൻറെ സഹായം നമുക്ക് നഷ്ടമാകും. അവൻ ചെന്നായ്ക്കളെയല്ല, ആട്ടിൻകുട്ടികളെയാണ് പോറ്റുന്നത്” (വിശുദ്ധ ജോൺ ക്രിസോസ്റ്റം, മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള പ്രഭാഷണം 33).

യാത്രയ്ക്ക് ഒന്നും കൈവശം വയ്ക്കരുത് 

എങ്ങനെ പ്രഘോഷിക്കണം എന്നതിനെക്കുറിച്ച് പറയുമ്പോൾ, ഒരു ദൗത്യത്തിന് എന്താണ് കൊണ്ടുപോകേണ്ടതെന്ന് നിർദ്ദേശിക്കുന്നതിനുപകരം, എന്താണ് കൊണ്ടുപോകാൻ പാടില്ലാത്തതെന്ന് യേശു പറയുന്നത് ശ്രദ്ധേയമാണ്.: ” നിങ്ങളുടെ അരപ്പട്ടയിൽ സ്വർണ്ണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്. യാത്രയ്ക്ക് സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്.” (മത്തായി 10,9-10). ഭൗതികമായ ഉറപ്പുകളിൽ ആശ്രയിക്കരുതെന്നും ലൗകികതയില്ലാതെ ലോകത്തിലേക്ക് പോകണമെന്നും അവിടന്ന് പറയുകയാണ്. ഒന്നും കൊണ്ടുപോകരുത്. പറയേണ്ടത് ഇതാണ്: ഞാൻ ലോകത്തിലേക്ക് പോകുന്നത് ലോകത്തിൻറ ശൈലിയുമായല്ല, ലോകത്തിൻറെ മൂല്യങ്ങളുമായല്ല, ലൗകികതയുമായല്ല – സഭയെ സംബന്ധിച്ചിടത്തോളം ലൗകികതയിലേക്ക് വീഴുന്നത് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ്. ഞാൻ ലാളിത്യത്തോടെ പോകുന്നു.  ഇതാ, ഇതാണ് പ്രഘോഷണം: യേശുവിനെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ യേശുവിനെ കാണിച്ചുകൊടുക്കുക. നമ്മൾ എങ്ങനെയാണ് യേശുവിനെ കാണിച്ചുകൊടുക്കുന്നത്? നമ്മുടെ സാക്ഷ്യത്താൽ. ഒടുവിൽ, ഒരുമിച്ച്, സമൂഹമായി ചരിച്ചുകൊണ്ട്: കർത്താവ് എല്ലാ ശിഷ്യന്മാരെയും അയയ്ക്കുന്നു, പക്ഷേ ആരും ഒറ്റയ്ക്ക് പോകുന്നില്ല. അപ്പൊസ്തോലിക സഭ പൂർണ്ണമായും പ്രേഷിതയാണ്, ദൗത്യത്തിൽ അവൾ അവളുടെ ഐക്യം കണ്ടെത്തുന്നു. അതുകൊണ്ട്: ലൗകികതയില്ലാതെ കുഞ്ഞാടുകളെപ്പോലെ സൗമ്യരും നല്ലവരുമായി പോകുക ഒരുമിച്ച് പോകുക. പ്രഘോഷണത്തിൻറെ താക്കോൽ ഇവിടെയാണ്, ഇതാണ് സുവിശേഷവത്ക്കരണത്തിൻറെ വിജയത്തിൻറെ താക്കോൽ. യേശുവിൻറെ ഈ ക്ഷണം നമുക്ക് സ്വീകരിക്കാം: അവിടത്തെ വചസ്സുകൾ ആയിരിക്കട്ടെ നമ്മുടെ സംശോധകബിന്ദു. നന്ദി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles