തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനത്തിൽ കുടുംബങ്ങൾക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

നാമിന്ന്  (2021 ഡിസംബർ 26, തിരുപ്പിറവിയ്ക്ക് ശേഷമുള്ള ഞായറാഴ്ച)  നസ്രത്തിലെ തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. നമ്മുടെ ഇടയിലേക്ക് വരാൻ ദൈവം തിരഞ്ഞെടുത്തത് എളിമയും ലാളിത്യവുമുള്ള ഒരു കുടുംബമാണ്. നമ്മുടെ കുടുംബങ്ങൾക്ക് വേണ്ട വ്യക്തമായ രണ്ടു കാര്യങ്ങൾ അടിവരയിട്ടുകൊണ്ട് ഈ രഹസ്യത്തിന്റെ ഭംഗിയെക്കുറിച്ച് നമുക്ക് വിചിന്തനം ചെയ്യാം.

കുടുംബവേരുകൾ

ഒന്നാമത്തേത്: കുടുംബം എന്നത്, നമ്മൾ എവിടെനിന്ന് വരുന്നു എന്നതിന്റെ ചരിത്രമാണ്. നമുക്കെല്ലാവർക്കും സ്വന്തമായി ഒരു ചരിത്രമുണ്ട്, ആരും ഒരു മാന്ത്രികവടിയാൽ, മാന്ത്രികമായി ജനിച്ചിട്ടില്ല, നമുക്കെല്ലാവർക്കും ഒരു ചരിത്രമുണ്ട്, നമ്മുടെ കുടുംബം നാം എവിടെനിന്ന് നാം വരുന്നു എന്നതിന്റെ ചരിത്രമാണ്. ഇന്നത്തെ ആരാധനാക്രമത്തിന്റെ സുവിശേഷം, യേശുവും ഒരു കുടുംബചരിത്രത്തിന്റെ പുത്രനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അവൻ പെസഹായ്ക്കായി മറിയത്തോടും യൗസെപ്പിനോടും കൂടെ ജെറുസലേമിലേക്ക് യാത്രചെയ്യുന്നത് നമുക്ക് കാണാം. പിന്നീട് അവനെ കാണാതിരിക്കുന്ന അമ്മയെയും അപ്പനെയും അവൻ വിഷമിപ്പിക്കുന്നു, കണ്ടെത്തിക്കഴിഞ്ഞപ്പോൾ അവരോടൊപ്പം അവൻ വീട്ടിലേക്ക് മടങ്ങുന്നു (cf. Lk 2: 41-52). മാതാപിതാക്കളുടെ ആലിംഗനത്തിലും കരുതലിലും ജനിച്ച് വളരുന്ന യേശു കുടുംബസ്നേഹങ്ങളുടെ ഇതിവൃത്തത്തിലേക്ക് ഇണങ്ങിച്ചേരുന്നത് കാണുന്നതിന് ഭംഗിയുണ്ട്. ഇത് നമുക്കും പ്രധാനപ്പെട്ടതാണ്. നാമും സ്നേഹബന്ധങ്ങൾ ഇഴചേർന്ന ഒരു ചരിത്രത്തിൽനിന്നാണ് വരുന്നത്. നമ്മൾ ഇന്ന് ആരായിരിക്കുന്നുവോ അത് നാം ഉപയോഗിച്ച ഭൗതികവസ്തുക്കളിൽനിന്നല്ല മറിച്ച് നാം സ്വീകരിച്ച സ്നേഹത്തിൽനിന്നാണ്; കുടുംബത്തിന്റെ ഉള്ളിൽനിന്നുള്ള സ്നേഹത്തിൽനിന്ന്. ഇത് നമ്മുടെ ചരിത്രമാണ്. ഓരോരുത്തരും ഇത് എന്റെ ചരിത്രമാണ് എന്ന് ചിന്തിക്കണം. അവ നമ്മുടെ വേരുകളാണ്. അവ നാം മുറിച്ചുകളഞ്ഞാൽ ജീവിതം വരണ്ടുപോകും! ദൈവം നമ്മെ സൃഷ്ടിച്ചത് ഒറ്റപ്പെട്ട നേതാക്കളാകാനല്ല, ഒരുമിച്ച് നടക്കാനാണ്. നമ്മുടെ കുടുംബങ്ങളെയോർത്ത് നമുക്ക് അവന് നന്ദി പറയുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യാം. ദൈവം നമ്മെ കരുതുന്നു, നാമെല്ലാവരും കൃതജ്ഞതയുമുള്ള, ഒരുമയുള്ള, വേരുകൾ സംരക്ഷിക്കാൻ കഴിവുള്ള ആളുകൾ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു. നാം നമ്മുടെ സ്വന്തം ചരിത്രത്തെക്കുറിച്ച് ചിന്തിക്കണം.

നിരന്തരമുള്ള വളർച്ച

രണ്ടാമത്തെ വശം: കുടുംബമായിരിക്കാൻ നാം ഓരോ ദിവസവും പഠിക്കുന്നു എന്നതാണ്. തിരുക്കുടുംബത്തിലും എല്ലാക്കാര്യങ്ങളും സുഗമമായല്ല പോകുന്നതെന്ന് നാം സുവിശേഷത്തിൽ കാണുന്നുണ്ട്: അപ്രതീക്ഷിതമായ പ്രശ്നങ്ങളും വേദനകളും കഷ്ടപ്പാടുകളും അവിടെ ഉണ്ട്. മനോഹരമായ ചിത്രങ്ങളിൽ കാണുന്നതുപോലെയല്ല തിരുക്കുടുംബം. യേശുവിനെ കാണാതാവുകയും മേരിയും ജോസഫും വേദനയോടെ അവനെ അന്വേഷിക്കുകയും മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തുകയും ചെയ്തു. ദേവാലയത്തിലെ ആചാര്യന്മാരുടെ ഇടയിൽ ഇരുന്നുകൊണ്ട്, പിതാവിന്റെ കാര്യങ്ങൾ താൻ ശ്രദ്ധിക്കണമെന്ന് അവൻ മറുപടി പറയുമ്പോൾ, അവർക്ക് അത് മനസ്സിലാകുന്നില്ല. തങ്ങളുടെ മകനെ മനസിലാക്കാൻ പഠിക്കാൻ അവർക്ക് സമയം ആവശ്യമുണ്ട്. നമുക്കും അതുപോലെതന്നെയാണ്: കുടുംബത്തിൽ ഓരോ ദിവസവും, പരസ്പരം കേൾക്കാനും മനസിലാക്കാനും, ഒരുമിച്ച് നടക്കാനും, സംഘർഷങ്ങളും ബുദ്ധിമുട്ടുകളും നേരിടാനും പഠിക്കണം. ഇത് ഓരോ ദിവസവുമുള്ള വെല്ലുവിളിയാണ്. ശരിയായ നിലപാടുകൾ, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ, ലളിതമായ പ്രവർത്തങ്ങൾ എന്നിവയിലൂടെ നമ്മുടെ ബന്ധങ്ങങ്ങളുടെ ഓരോ ഭാഗങ്ങളും പരിപാലിച്ചുകൊണ്ടാണ് ഇതിനെ വിജയിക്കാൻ സാധിക്കുക. നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരിൽനിന്നു വരുന്ന കുടുംബവേരുകൾ ജീവിക്കുവാൻ, നമ്മുടെ കുടുംബങ്ങളിൽ സംസാരിക്കുന്നത്, മേശയിൽ ആയിരിക്കുമ്പോൾ സംസാരിക്കുന്നത്, മാതാപിതാക്കളും മക്കളും തമ്മിലുള്ള സംഭാഷണം, സഹോദരങ്ങൾ തമ്മിലുള്ള സംഭാഷണം എന്നിവ ഒരുപാട് സഹായിക്കും. പ്രത്യേകിച്ച് മുത്തശ്ശീമുത്തച്ഛന്മാരുമായുള്ള സംഭാഷണം.

കുടുംബങ്ങളിലെ അകലം

ഇത് എങ്ങനെയാണ് സാധ്യമാകുന്നത്? “നിന്റെ പിതാവും ഞാനും നിന്നെ അന്വേഷിക്കുകയായിരുന്നു” (വാക്യം 48) എന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശുവിനോട് പറയുന്ന മറിയത്തെ നമുക്ക് നോക്കാം. ഞാനും നിന്റെ പിതാവും എന്നല്ല, നിന്റെ പിതാവും ഞാനും; എനിക്ക് മുൻപ് നീയുണ്ട്! ഞാൻ എന്നതിന് മുൻപ് നീയുണ്ട് എന്നത് നമുക്ക് അഭ്യസിക്കാം. എന്റെ ഭാഷയിൽ (സ്പാനിഷ്), ആദ്യം ഞാൻ എന്ന് പറഞ്ഞതിന് ശേഷം നീ എന്ന് പറയുന്ന ആളുകളെക്കുറിച്ച് ഒരു വിശേഷണമുണ്ട്: ഞാൻ, എനിക്ക്, എന്റെ കൂടെ, എനിക്ക് വേണ്ടി, എന്റെ ലാഭത്തിന് വേണ്ടി. ഇങ്ങനെയുള്ള ആളുകൾ ഉണ്ട്, ആദ്യം ഞാൻ അത് കഴിഞ്ഞ് നീ. എന്നാൽ തിരുക്കുടുംബത്തിൽ ഇങ്ങനെയല്ല, ആദ്യം നീ, അതിനു ശേഷം ഞാൻ. കുടുംബത്തിൽ ഐക്യം നിലനിറുത്താൻ, അഹന്തയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടണം, പ്രത്യേകിച്ച് ഞാനെന്ന ഭാവം വീർത്തു വലുതാകുന്ന സമയത്ത്. പരസ്പരം ശ്രവിക്കുന്നതിനുപകരം, തെറ്റുകളുടെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും, മറ്റുള്ളവരെ സഹായിക്കുന്ന പ്രവർത്തികൾ ചെയ്യുന്നതിന് പകരം നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് മാത്രം നാം ശ്രദ്ധിക്കുന്നതും, പരസ്പരം സംഭാഷണത്തിലേർപ്പെടുന്നതിന് പകരം മൊബൈൽഫോണുമായി മറ്റുള്ളവരിൽനിന്ന് മാറുന്നതും അപകടകരമാണ്. ഒരുമിച്ചുള്ള ഭക്ഷണസമയത്ത് പരസ്പരം സംസാരിക്കാതെ ഓരോരുത്തരും അവനവന്റെ ഫോണുമായി സംസാരത്തിലായിരിക്കുന്നത് സങ്കടകരമാണ്. അവസാനം ഒരു ശീതനിശബ്ദത വരുന്ന, മുൻപെങ്ങോ കണ്ട ഒരു ഹാസ്യരംഗം അഭിനയിച്ച്, ഓരോരുത്തരും വിജയിക്കാൻ ശ്രമിച്ചുകൊണ്ട് എപ്പോഴും പതിവ് വാചകങ്ങൾ പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തുന്നതും സങ്കടകരമാണ്. ഒരു കുടുംബകലഹത്തിനു ശേഷമുള്ള ആ തണുത്ത, മൂർച്ചയുള്ള, നിശബ്ദത മോശമാണ്, അത് വളരെ മോശമാണ്. ഒരുപദേശം ആവർത്തിക്കാം: വൈകുന്നേരം എല്ലാത്തിനും ശേഷം എപ്പോഴും പരസ്പരം സമരസപ്പെടുക. പരസ്പരം സമരസപ്പെടാതെ ഒരിക്കലും ഉറങ്ങാൻ പോകരുത്, അല്ലെങ്കിൽ പിറ്റേന്ന് ശീതയുദ്ധം ഉണ്ടാകും. ഇത് അപകടകരമാണ്, കാരണം അവിടെ കുറ്റപ്പെടുത്തലുകളുടെയും നീരസങ്ങളുടെയും ഒരു ചരിത്രത്തിന്റെ ആരംഭമായിരിക്കും. നിർഭാഗ്യവശാൽ, എത്രയോ തവണയാണ് വീടിന്റെ ഉള്ളിൽ നീണ്ടുനിൽക്കുന്ന മൗനങ്ങളിൽനിന്നും, ശരിയാക്കപ്പെടാത്ത സ്വാർത്ഥതയിൽനിന്നും സംഘർഷങ്ങൾ ഉണ്ടാവുകയും വളരുകയും ചെയ്യുന്നത്! ചിലപ്പോൾ അത് ശാരീരികവും ധാർമ്മികവുമായ അക്രമത്തിലേക്ക് പോലും എത്തുന്നു. ഇത് ഐക്യം തകർക്കുകയും കുടുംബത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. നമുക്ക്, ഞാൻ എന്നതിൽ നിന്ന് നിങ്ങൾ എന്നതിലേക്ക് സ്വയം പരിവർത്തനം ചെയ്യാം. കുടുംബത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കേണ്ടത് നീ ആണ്. നിങ്ങൾക്ക് ഒരല്പം ശ്രമിക്കാൻ കഴിയുമെങ്കിൽ ദയവായി എല്ലാ ദിവസവും, കുടുംബത്തിൽ സമാധാനമെന്ന അനുഗ്രഹം ദൈവത്തോട് അപേക്ഷിക്കാനായി ഒരുമിച്ച് പ്രാർത്ഥിക്കുക. കുടുംബമെന്ന നമ്മുടെ നിധിയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും, മാതാപിതാക്കൾ, കുട്ടികൾ, സഭ, പൊതുസമൂഹം, നമുക്കെല്ലാവർക്കും സ്വയം പ്രതിജ്ഞാബദ്ധരാകാം!

യൗസേപ്പിന്റെ ഭ്യാര്യയും യേശുവിന്റെ അമ്മയുമായ പരിശുദ്ധ കന്യകാമറിയം നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles