ക്ഷമയും സാഹോദര്യവും ഉള്ളവരാകുക: സൈപ്രസിലെ കത്തോലിക്കാസഭയോട് ഫ്രാൻസിസ് പാപ്പാ

നിങ്ങളുടെ ഇടയിലായിരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്ന വാക്കുകളോടെയാണ് സൈപ്രസിലെ തന്റെ ആദ്യ പ്രഭാഷണം ഫ്രാൻസിസ് പാപ്പാ ആരംഭിച്ചത്. തനിക്ക് ലഭിച്ച നല്ല വാക്കുകൾക്കും അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിനും നന്ദി പറഞ്ഞ പാപ്പാ, അവിടെ ഒരുമിച്ചുകൂടിയ എല്ലാവരുടെയും സേവനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു.

അപ്പസ്തോലനായ ബർണബാസിന്റെ നാട്ടിൽ

അപ്പസ്തോലപ്രവർത്തനം പതിനൊന്നാം അദ്ധ്യായം 23-ആം വാക്യത്തെ അധികരിച്ച്, ഈ നാടിൻറെ പുത്രനായ വിശുദ്ധ ബർണബാസിനെപ്പോലെ, നിങ്ങളുടെ സഭയിലും ഈ മണ്ണിലും ദൈവത്തിന്റെ കൃപയുടെ പ്രവർത്തനങ്ങൾ കാണാനും, നിങ്ങളോടൊപ്പം ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളിൽ സന്തോഷിക്കാനും, ഒരിക്കലും തളരാതെയും നഷ്ടധൈര്യരാകാതെയും, വിശ്വാസത്തിൽ പിടിച്ചുനിൽക്കാൻ നിങ്ങളെ ഉദ്ബോധിപ്പിക്കാനുമാണ് താനും ഈ നാട്ടിൽ വന്നതെന്ന് പാപ്പാ പറഞ്ഞു.

ക്ഷമയുടെ മനുഷ്യനായ ബർണബാസ്‌

തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം സൈപ്രസിന്റെ മധ്യസ്ഥനായ വിശുദ്ധ ബർണബാസുമായി ബന്ധപ്പെട്ടാണ് നടത്തിയത്.

അന്ത്യോക്യയിലെ സഭയെ സന്ദർശിക്കാനായി ജറുസലേമിലെ സഭ തിരഞ്ഞെടുത്ത ബർണബാസ്‌ വിശ്വാസവും ക്ഷമയുമുള്ള ഒരു വലിയ മനുഷ്യനായിരുന്നു എന്ന് പാപ്പാ പറഞ്ഞു. മറ്റു മതങ്ങളിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടു വന്ന മനുഷ്യരെ ഒരു പര്യവേക്ഷകനെപ്പോലെ നോക്കിക്കാണുകയും, അവരുടെ ഉത്സാഹം നിറഞ്ഞതെങ്കിലും ദുർബലമായ വിശ്വാസത്തെ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. പുതുമയെ തിടുക്കത്തിൽ വിലയിരുത്താതെ, ദൈവത്തിന്റെ പ്രവർത്തികളെ കാണാൻ ശ്രമിക്കാനും, മറ്റ് സംസ്കാരങ്ങളെയും പാരമ്പര്യത്തെയും പഠിക്കാനും ഉള്ള ക്ഷമ കാണിക്കുകയും, അതോടൊപ്പം അവരുടെ വിശ്വാസത്തെ തകർക്കാതെ, അവരെ കൈപിടിച്ച് നടത്തുകയുമാണ് ബർണബാസ്‌ ചെയ്തത്.

ക്ഷമയുള്ള ഒരു സഭ

നമുക്ക് ക്ഷമയുള്ള ഒരു സഭയെയാണ് ഇന്ന് ആവശ്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാറ്റങ്ങളിൽ അസ്വസ്ഥയാകാതെ, പുതുമയെ സ്വാഗതം ചെയ്യുകയും, സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാഹചര്യങ്ങളെ വിലയിരുത്തുകയുമാണ് സഭ ചെയ്യേണ്ടത്. സൈപ്രസിലെ സഭയുടെ പ്രവർത്തനം വിലപ്പെട്ടതാണെന്ന് പറഞ്ഞ പാപ്പാ, ബർണബാസിനെപ്പോലെ ക്ഷമയോടെ വിശ്വസനീയവും ദൃശ്യവുമായ അടയാളങ്ങളായിരിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞു. തുറന്ന കൈകളോടെ ആളുകളെ സ്വാഗതം ചെയ്യുന്ന സൈപ്രസ് യൂറോപ്പിലെ സഭയ്ക്കുള്ള ഒരു സന്ദേശം കൂടിയാണെന്നും സമയത്തിന്റെയും പ്രതിസന്ധികളുടെയും അടയാളങ്ങൾ വായിച്ചറിഞ്ഞ് മുന്നോട്ടുപോകാൻ സഭ ശ്രമിക്കണമെന്നും പാപ്പാ പറഞ്ഞു. മെത്രാന്മാരോടും വൈദികരോടും ദൈവത്തെ കൂടുതലായി തേടാനും, മറ്റുള്ളവരോടുള്ള കണ്ടുമുട്ടലുകളിൽ കൂടുതൽ ക്ഷമയുള്ളവരായിരിക്കാനും പാപ്പാ ക്ഷണിച്ചു. നിങ്ങളുടെ ആളുകളുടെ വ്യത്യസ്തതകളെ ശ്രവിക്കാനും, ഗ്രഹിക്കാനും, വിവിധ ആധ്യാത്മികതകളെ മനസ്സിലാക്കാനുള്ള കഴിവും ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, സഭ ആഗ്രഹിക്കുന്നത്, എല്ലാവരെയും ഐക്യരൂപ്യരാക്കുക എന്നതല്ല, മറിച്ച് ക്ഷമയോടെ ഒരുമിച്ച് ചേർക്കുക എന്നതാണ് എന്നും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനൊഡൽ പ്രക്രിയയിലൂടെ, കൂടുതൽ പ്രാർത്ഥനയിലും മറ്റുള്ളവരെ കേൾക്കുന്നതിലും ക്ഷമയുള്ളതും, ദൈവത്തോട് അനുസരണമുള്ളതും മനുഷ്യർക്കുനേരെ തുറന്നതുമായ ഒരു സഭയാകാനാണ് നാം ശ്രമിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.

ബർണബാസും പൗലോസും തമ്മിലുള്ള സഹോദര്യസൗഹൃദം

ബർണബാസുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യമായി പാപ്പാ എടുത്തുപറഞ്ഞത്, താർസിസിലെ പൗലോസുമായുള്ള അദ്ദേഹത്തിന്റെ സഹോദര്യപൂർണ്ണമായ സൗഹൃദമാണ്. അതാണ് ദൈവം നൽകിയ തങ്ങളുടെ ദൗത്യനിർവഹണത്തിൽ ഒരുമിച്ച് നീങ്ങാൻ ഇരുവരെയും സഹായിച്ചത്. അപ്പസ്തോലപ്രവർത്തനങ്ങളുടെ ഒൻപതാം അധ്യായവുമായി ബന്ധപ്പെട്ട്, ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന പൗലോസിനെ ഭയപ്പെട്ട ആളുകൾക്ക് മുന്നിൽ, പൗലോസിനെ തന്റെ കൂടെ കൂട്ടി കൊണ്ടുപോയത് ബർണബാസ്‌ ആണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തു തന്റെ ശിഷ്യന്മാരെയും, നല്ല സമരിയക്കാരൻ വഴിയിൽ വീണു കിടന്ന ആളെയും തങ്ങളോടൊപ്പം കൂട്ടിയവരാണെന്ന് പറഞ്ഞ പാപ്പാ, കൂടെക്കൂട്ടുക എന്നത്, മറ്റുള്ളവരുടെ ഭാരങ്ങൾ വഹിക്കുവാൻ കൂടുകയാണെന്നും വിശദീകരിച്ചു. ഇതിനെയാണ് നാം സാഹോദര്യം എന്ന് വിളിക്കുന്നത്.

സഭയിലെ വാഗ്വാദങ്ങളും ചർച്ചകളും

സഭയ്‌ക്കെതിരായ പീഡനങ്ങൾക്കിടയിലും ബർണബാസും പൗലോസും ഒരുമിച്ചാണ് യാത്ര ചെയ്തതെന്നും, അവർ അന്ത്യോക്യയിലും സൈപ്രസിലും വചനം ഫലപ്രാപ്തിയോടെ പഠിപ്പിച്ചത് തങ്ങളുടെ മാനുഷികഗുണങ്ങളെക്കാൾ, സ്വജീവിതത്തിൽ ദൈവനാമത്തിൽ സഹോദരങ്ങളെപ്പോലെ സ്നേഹത്തിന്റെ കല്പനയനുസരിച്ച് ജീവിച്ചതിനാലാണെന്നും പാപ്പാ പറഞ്ഞു. എന്നാൽ അപ്പസ്തോലപ്രവർത്തനങ്ങൾ പതിനഞ്ചാം അധ്യായത്തിൽ പറയുന്നതുപോലെ, അവരുടെ ഇടയിൽ പോലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും ഇരുവരും വേർപിരിയുകയും ചെയ്തു എന്ന് ഓർമ്മിപ്പിച്ച പാപ്പാ, പക്ഷെ തങ്ങളുടെ വ്യക്തിതാല്പര്യങ്ങളെക്കാൾ, ശുശ്രൂഷാപരമായ കാരണങ്ങളാലാണ് അവർ വേർപിരിഞ്ഞതെന്നും വ്യക്തമാക്കി. ബർണബാസ്‌ ആഗ്രഹിച്ചതുപോലെ വിശുദ്ധ മാർക്കോസിനെ കൂടെക്കൂട്ടാൻ വിശുദ്ധ പൗലോസ് ആദ്യം തയ്യാറായില്ല എങ്കിലും, പിന്നീട് വിശുദ്ധ തിമൊത്തിക്കുള്ള ലേഖനത്തിൽ, മാർക്കോസിനെ കൂട്ടിക്കൊണ്ടു വരുവാൻ പൗലോസ് തന്നെ ആവശ്യപ്പെടുന്നുണ്ടെന്നും പറഞ്ഞ പാപ്പാ, സഭയിലെ സാഹോദര്യം ഇപ്രകാരമായിരിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു. വ്യത്യസ്തങ്ങളായ ആശയങ്ങളും ദർശനങ്ങളും പരസ്പരം ചർച്ചചെയ്യുവാനുള്ള സ്വാതന്ത്രം സഭയിൽ ഉണ്ടെന്ന് വ്യക്തമാക്കിയ പാപ്പാ, എന്നാൽ പരസ്പരമുള്ള ചർച്ചകൾ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കുക എന്നതിനല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ ചൈതന്യം പ്രകടിപ്പിച്ച് ജീവിക്കാനാണ് അത് ഉപകരിക്കേണ്ടതെന്നും, ചർച്ചകൾ നടത്തുമ്പോഴും, സഹോദരങ്ങളായി തുടരണമെന്നും ഓർമ്മിപ്പിച്ചു.

സാഹോദര്യത്തിന്റെ ഉപകരണമാകേണ്ട സഭ

ലോകത്തിനുതന്നെ സമാധാനത്തിന്റെ ഉപകാരണമാകേണ്ട ഒരു സഭയെയാണ് നമുക്ക് വേണ്ടത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധങ്ങളായ ആധ്യാത്മിക-സഭാ-മാനങ്ങളും വിവിധ നാട്ടുകാരും, ആചാരങ്ങളും പാരമ്പര്യങ്ങളും സൈപ്രസിൽ നിലനിൽക്കുന്നു എന്ന് പറഞ്ഞ പാപ്പാ, എന്നാൽ ആ വൈവിധ്യം ഒരിക്കലും തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാണെന്ന് കരുതരുതെന്ന് ഉദ്‌ബോധിപ്പിച്ചു. അങ്ങനെയുണ്ടായാൽ, അത് ഭയത്തിലേക്കും, ഭയം അവിശ്വാസത്തിലേക്കും, അവിശ്വാസസം സംശയങ്ങളിലേക്കും, അത് പിന്നീട് യുദ്ധങ്ങളിലേക്കും നയിക്കുമെന്നും പറഞ്ഞ പാപ്പാ, നാം ഒരേ പിതാവിനാൽ സ്നേഹിക്കപ്പെടുന്ന സഹോദരങ്ങളാണെന്ന് എടുത്തുപറഞ്ഞു. നിരവധി കഥകളുള്ള, നിരവധി സംസ്കാരങ്ങളെ തഴുകിയ മെഡിറ്ററേനിയൻ കടൽത്തീരമാണ് നിങ്ങൾക്കുള്ളതെന്ന് പറഞ്ഞ പാപ്പാ, ഇപ്പോഴും പല സംസ്കാരങ്ങളിൽനിന്നും നാടുകളിൽനിന്നുമുള്ള ആളുകൾ വന്നിറങ്ങുന്ന ഒരു തീരമാണതെന്ന് ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, നിങ്ങളുടെ സാഹോദര്യം കൊണ്ട് എല്ലാവരെയും, പ്രത്യേകിച്ച് യൂറോപ്പിനെ, ഒരുമിച്ച് പ്രയത്നിച്ചാണ് നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കേണ്ടതെന്ന് ഓർമ്മിപ്പിക്കണമെന്നും, സഹോദരീസഹോദരനാരെന്ന നിലയിൽ ഒരുമിച്ച് യാത്രചെയ്യേണ്ടവരാണ് നാമെന്നും പാപ്പാ പറഞ്ഞു.

നന്ദിയും പ്രാർത്ഥനാഭ്യർത്ഥനയും

സുവിശേഷവേലയിൽ ചെയ്യുന്ന സേവനത്തിന് എല്ലാവർക്കും നന്ദി പറഞ്ഞ പാപ്പാ, ആ ഒരു വഴിയാണ് അപ്പസ്തോലന്മാരായ പൗലോസും ബർണബാസും പഠിപ്പിച്ചതെന്ന് ഓർമ്മിപ്പിച്ചു. എപ്പോഴും ക്ഷമാശീലയായ, കാര്യങ്ങൾ വിവേചിച്ചറിയയാൻ കഴിവുള്ള, ആളുകളെ അനുഗമിക്കാനും, കൂടെച്ചേർക്കാനും, സഹോദര്യമുള്ളതുമായ ഒരു സഭയായിരിക്കാനും, മറ്റുള്ളവർക്ക് ഇടം കൊടുക്കാനും, പരസ്പരം ചർച്ചകൾ ചെയ്യുമ്പോഴും, ഒരുമിച്ച് നിൽക്കുന്ന ഒരു സഭയായി തുടരാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന പറഞ്ഞ പാപ്പാ, തന്റെ അനുഗ്രഹാശംസകൾ നേരുകയും, തനിക്കായി പ്രാർത്ഥനകൾ അപേക്ഷിക്കുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles