‘സഹനങ്ങളില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല’ ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ പാലം തകര്‍ന്നുണ്ടായ വലിയ ദുരന്തത്തില്‍ ഇപ്പോഴും മനം നൊന്തു കഴിയുന്നവര്‍ക്ക് സമാശ്വാസവുമായി ഫ്രാന്‍സിസ് പാപ്പാ. ‘നിങ്ങള്‍ ഒറ്റയ്ക്കല്ല’ എന്ന് പാപ്പാ അയച്ച കത്തില്‍ പറഞ്ഞു.
‘യേശു നമുക്ക് മുമ്പേ സഹനങ്ങളിലൂടെയും മരണത്തിലൂടെയും കടന്നു പോയി. അവിടുന്ന് നമ്മുടെ എല്ലാ കഷ്ടപ്പാടുകളും ഏറ്റെടുത്തു. അവിടുന്ന് നിന്ദിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും കുരിശില്‍ തറയ്ക്കപ്പെട്ട് മൃഗീയമായ കൊല്ലപ്പെടുകയും ചെയ്തു. നമ്മുടെ വേദനകളോട് ദൈവം പ്രതികരിക്കുന്നത് നമ്മോട് സമീപസ്ഥനായിരുന്നു കൊണ്ടാണ്. അവിടുന്ന് നമ്മെ ഒറ്റയ്ക്ക് ഉപേക്ഷിക്കുകയില്ല’ മാര്‍പാപ്പാ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 43 പേരുടെ മരണത്തിനിടയാക്കിയ മൊറാന്‍ഡി പാലം തകര്‍ന്നതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പാപ്പാ സമാശ്വാസകരമായ കത്ത് എഴുതിയത്. പാപ്പായുടെ കത്ത് ജനോവയിലെ ഒരു പ്രാദേശിക ദിനപ്പത്രം പ്രസിദ്ധീകരിച്ചു.
‘യേശു സ്വയം നമ്മെ പോലെയായി. അതിനാല്‍ അവിടുന്ന് നമ്മോടു കൂടെയുണ്ട്. നമ്മുടെ ജീവിതത്തിലെ പ്രയാസകരമായ സാഹചര്യങ്ങളില്‍ നമ്മോടൊപ്പം അവിടുന്ന് വിലപിക്കുന്നുണ്ട്. നാം അവിടുത്തെ നേര്‍ക്ക് കണ്ണുകള്‍ ഉയര്‍ത്തുന്നു, നമ്മുടെ മനസ്സിലുയരുന്ന ചോദ്യങ്ങളും നമ്മുടെ വേദനകളും കോപവും എല്ലാം നാം അവിടുത്തെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു’ പാപ്പാ പറഞ്ഞു.
‘ഇന്ന് നിങ്ങളോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല. ഒരിക്കലും നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നറിയുക. ദൈവപുത്രനായ യേശുവിലൂടെ, അവിടുത്തെ സാന്നിധ്യത്തിലൂടെ നമ്മുടെ എല്ലാ വേദനകള്‍ക്കും ചോദ്യങ്ങള്‍ക്കും അവിടന്ന് ഉത്തരം നല്കിയിരിക്കുന്നു’.