ധ്യാനം മനുഷ്യരില്‍ നന്മയുളവാക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

ഫ്രാന്‍സിസ് പാപ്പായുടെ പാരിസ്ഥിതി സംബന്ധിയായ ചാക്രിക ലേഖനത്തിന്‍റെ ചുവടുപിടിച്ച് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകൃതമായ സമൂഹങ്ങളെ വത്തിക്കാനില്‍ സെപ്തംബര്‍ 12-Ɔο തിയതി പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു നല്കിയ പ്രഭാഷണത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. “അങ്ങയേക്കു സ്തുതിയായിരിക്കട്ടെ” (Laudato Si’) സമൂഹത്തിന്‍റെ എല്ലാ ഉദ്യമങ്ങളുടെയും ചാലകശക്തിയായി ചാക്രികലേഖനം നിര്‍ദ്ദേശിക്കുന്ന സംയോജിത പരിസ്ഥിതി വീക്ഷണത്തെ, സമൂഹങ്ങളുടെ സ്ഥാപകനായ കാര്‍ളിന്‍, കാര്‍ളോ പെത്രീനി പ്രതിഷ്ഠിച്ചിരിക്കുന്നത് പാപ്പാ ആമുഖമായി ചൂണ്ടിക്കാട്ടി.. നാമെല്ലാം സൃഷ്ടികളായതുകൊണ്ട്, ഓരോന്നിനും പരസ്പര ബന്ധുത്വമുണ്ട്. എല്ലാം പരസ്പര ബന്ധിതമാണെന്നതുകൊണ്ടാണ് അത് സംയോജിതമാകുന്നതെന്നും എല്ലാം ശ്രൂതിയിണക്കമുള്ളതായിരിക്കണമെന്നും പാപ്പാ പ്രസ്താവിച്ചു.

ഈ മഹാമാരിയും അതുതന്നെയാണ് തെളിയിക്കുന്നത്. മനുഷ്യരുടെ ആരോഗ്യം അവര്‍ ജീവിക്കുന്ന പരിസ്ഥിതിയില്‍നിന്നു വേര്‍പെടുത്താനാവില്ല. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മാത്രമല്ല ബാധിക്കുന്നത്. വിശപ്പിനും ദാരിദ്യത്തിനും കാരണമാവുകയും ദുര്‍ബലരായവരെ തങ്ങളുടെ നാടും വീടും വിട്ട് പലായനംചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. സൃഷ്ടിയോടുള്ള അവഗണനയും സാമൂഹ്യ അനീതികളും പരസ്പരം സ്വാധീനിക്കുന്നവയാണ്. സമത്വമില്ലെങ്കില്‍ പരിസ്ഥിതി ഇല്ലെന്നും, പരിസ്ഥിതിയില്ലെങ്കില്‍ സമത്വം ഉണ്ടാവുകയില്ലെന്നും പറയേണ്ടിയിരിക്കുന്നു.
തുടര്‍ന്ന് സംയോജിത പരിസ്ഥിതി വീക്ഷണത്തിന്‍റെ രണ്ടു പ്രധാന ഘടകങ്ങളാണ് ധ്യാനവും അനുകമ്പയുമെന്ന് പാപ്പാ വിശദീരിച്ചു.

ഇന്ന് നമ്മെ വലയംചെയ്തിരിക്കുന്ന പ്രകൃതിയെ നാം ആദരിക്കുകയോ, അതിനെക്കുറിച്ച് ധ്യാനിക്കുകയോ ചെയ്യുന്നില്ല. മറിച്ച് മനുഷ്യന്‍ ലാഭത്തിനായി ആര്‍ത്തിയോടെ ഭൂമിയെയും അതിലെ വസ്തുക്കളെയും ഉപയോഗിക്കുകയാണ്. ഭൂമിയില്‍ ഉള്ളതിനോടും അത് നമുക്കു നല്കിയവരോടുമുളള കൃതജ്ഞതയാണ് നഷ്ടമാകുന്നതെന്നത് ഏറെ ഗുരുതരമായ തെറ്റാണ്. ഇത് മറക്കാതിരിക്കണമെങ്കില്‍ നാം ധ്യാനത്തിലേയ്ക്ക് തിരിച്ചു പോകണം. ആയിരം പാഴ്ക്കാര്യങ്ങളില്‍ ശ്രദ്ധതിരിയാതിരിക്കണമെങ്കില്‍ വീണ്ടും ജീവിതത്തില്‍ നിശ്ബ്ദത കണ്ടെത്തേണ്ടത് ആവശ്യമാണ്. പാഴ്ക്കാര്യങ്ങള്‍ മൂലം ഹൃദയത്തിന് അസുഖം വരാതിരിക്കാന്‍ ചിലത് ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. അതത്ര എളുപ്പമല്ല.

ധ്യാനിക്കുക എന്നാല്‍ നിശബ്ദരായിരിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ഓരോരുത്തരും സമയം കണ്ടെത്തുകയെന്നാണ്. അങ്ങനെ ആത്മാവ് താദാത്മ്യം പ്രാപിക്കുകയും, മനസ്സും ഹൃദയവും കൈകളും തമ്മിലും, ചിന്തകളും പ്രവൃത്തികളും തമ്മിലും ആരോഗ്യകരമായ സന്തുലനം പ്രാപിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ധ്യാനം നിങ്ങളെ നയിക്കുന്നത് പ്രവൃത്തിയിലേയ്ക്കാണ്, കടമകള്‍ സത്യസന്ധമായും നീതിനിഷ്ഠമായും ചെയ്യുവാന്‍ ധ്യാനം നമ്മെ സഹായിക്കും.

മറ്റുള്ളവരോട് അവന് അനുകമ്പയുണ്ടെങ്കില്‍, “ഇതില്‍ ഞാന്‍ ഖേദിക്കുന്നു…” എന്നു മാത്രം പറയലല്ല അനുകമ്പ. പറച്ചിലിനൊപ്പം അപരനുവേണ്ടി സഹിക്കുന്നതുമാണ് അനുകമ്പ. ഒഴികഴിവുകള്‍ക്കും തത്വങ്ങള്‍ക്കും അപ്പുറം പോവുകയാണങ്കില്‍, ഒരുവന് മറ്റുള്ളവരെ ചേര്‍ത്തു നിര്‍ത്തുവാനും, സഹോദരീ സഹോദരന്മാരായി കാണുവാനും കഴിയുന്നതാണ് അനുകമ്പയെന്നാണ് കാര്‍ളിന്‍ പറഞ്ഞതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദൈവം മക്കളോടെന്നപോലെ നമ്മോടു കരുണകാട്ടുന്നു. ആ കാരുണ്യം മറിച്ച് നാം സഹോദരങ്ങളോടും പ്രകടമാക്കുന്നതാണ് നീതി. കരുണയില്ലായ്മയാണ് സമൂഹത്തിലെ നിസംഗമായ നമ്മുടെ പെരുമാറ്റം.

നിസ്സംഗത മ്ലേച്ഛതയുടെ പദവും പാപവുമാണ്. അതായത് ഹൃദയത്തില്‍ നുഴഞ്ഞു കയറി മനോഭാവത്തില്‍, “എന്തെങ്കിലുമാവട്ടെ…” എന്നതില്‍ അവസാനിക്കുന്നതാണ് നിസ്സംഗത. നിസ്സംഗതയാകുന്ന  മഹാമാരിക്കെതിരെയുള്ള മികച്ച പ്രതിരോധ കുത്തിവയ്പാണ് അനുകമ്പ. “അത് എന്നെ ബാധിക്കുന്നതല്ല,” “എനിക്കതില്‍ കാര്യമില്ല,” “അതിന് എനിക്കെന്താണ്…,” “അത് അവന്‍റെ കാര്യമല്ലേ…?”, ഇതൊക്കെയാണ് നിസ്സംഗതയുടെ ലക്ഷണങ്ങള്‍. അതിന് നേര്‍വിപരീതമാണ് അനുകമ്പയെന്ന് പാപ്പാ വ്യക്തമാക്കി. അനുകമ്പയോടെ പെരുമാറുന്നത് ഒരു തെരഞ്ഞെടുപ്പാണ്. ഓരോരുത്തരിലും സ്വന്തം അയല്‍ക്കാരനെ കാണുവാനായി യാതൊരു ശത്രുതയും മനസ്സിലില്ലാത്ത ഒരു സ്വയം തെരഞ്ഞെടുപ്പാണത്. ഇതാണ് നാം തെരഞ്ഞെടുക്കേണ്ട അനുകമ്പയുടെ വഴി. അനുകമ്പയില്ലാതെ എത്രയോപേരാണ് സമൂഹത്തില്‍ അവഗണിക്കപ്പെടുന്നതെന്ന് ചിന്തിക്കുമ്പോള്‍ വേദന തോന്നുന്നു. വയോജനങ്ങള്‍, കുട്ടികള്‍, തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി എന്തുമാത്രം ജനങ്ങള്‍.  സഹോദരങ്ങളോടു ചേര്‍ന്നു  പ്രവര്‍ത്തിച്ചുകൊണ്ട് വിശ്വസാഹോദര്യം വളര്‍ത്താം.

ധ്യാനവും അനുകമ്പയും പരിപോഷിപ്പിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles