പാദ്രേ പിയോയ്ക്ക് എതിരെ ഊമക്കത്ത്

ഫ്രാന്‍സിസ്‌ക്കോയ്ക്ക് പതിനഞ്ചു വയസ്സു പൂര്‍ത്തിയായി . പ്രാഥമിക വിദ്യാഭ്യാസം നേടി. തന്റെ ഭാവിജീവിതത്തെക്കുറിച്ച് അവനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. താടി നീട്ടി വളര്‍ത്തിയ ഒരു കപ്പുച്ചിന്‍ വൈദികനാകുക എന്നതായിരുന്നു അവന്റെ ജീവിതലക്ഷ്യം.
ഭിക്ഷയെടുത്ത് ഉപജീവനം നടത്തുന്ന കപ്പുച്ചിന്‍സഭയില്‍ ചേരുന്നത് മൗഢ്യമാണെന്ന് സ്ഥാപിക്കാന്‍ ഫ്രാന്‍സിസ്‌ക്കോയുടെ അമ്മാവന്‍ ഒരു വിഫലശ്രമം നടത്തി . ‘ബ്രദര്‍ കമില്ലോയുടെ സഭയിലേക്കാണ് ദൈവം എന്നെ വിളിച്ചിരിക്കുന്നത്. അങ്ങോട്ടു തന്നെയാണ് ഞാന്‍ പോകുന്നതും’ . ഫ്രാന്‍സിസ്‌ക്കോയുടെ ഉറച്ച തീരുമാനത്തിനു മുമ്പില്‍ മാതാപിതാക്കളുടെ തടസ്സവാദങ്ങളൊന്നും വിലപ്പോയില്ല.
ഫ്രാന്‍സിസ്‌ക്കോ , ഇടവക വികാരിയായ ഫാ. സാല്‍വത്താര്‍ പൊന്നുല്ലോയുടെ സഹായത്തോടെ കപ്പുച്ചിന്‍സഭയിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ അയച്ചു . ഫോജിയായിലെ കപ്പുച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റില്‍ നിന്ന് ഫ്രാന്‍സിസ്‌ക്കോയ്ക്ക് ഒരു ക്ഷണക്കത്ത് ലഭിച്ചു. എങ്കിലും ഫ്രാന്‍സിസ്‌ക്കോയ്ക്ക് ഉടനെതന്നെ സെമിനാരിയില്‍ ചേരാന്‍ സാധിച്ചില്ല. ഇതിനിടയില്‍ പുതിയൊരു പ്രശ്‌നം ഉടലെടുത്തു.
ഫ്രാന്‍സിസ്‌ക്കോയോട് അസൂയയുണ്ടായിരുന്ന ഒരു ബാലന്‍ ഒരുക്കിയ കെണിയായിരുന്നു അത് . പിയെത്രെല്‍ചിനായിലെ സ്റ്റേഷന്‍ മാസ്റ്ററുടെ മകളുമായി ഫ്രാന്‍സിസ്‌ക്കോ പ്രണയത്തിലാണെന്ന് വികാരിയായ ഫാ. സാല്‍വത്തോറെയ്ക്ക് ഊമക്കത്തു ലഭിച്ചു. ഊമക്കത്തിന്റെ പ്രശ്‌നമുദിച്ചതോടെ ഫ്രാന്‍സിസ്‌ക്കോയ്ക്ക് സെമിനാരിയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.
സാല്‍വത്തോറച്ചന്‍ ഫ്രാന്‍സിസ്‌കോയുടെ സ്വഭാവത്തെക്കുറിച്ച് ഇടവകയിലെ മറ്റു വൈദികരുമായി ചര്‍ച്ചചെയ്തു. അവര്‍ക്കാര്‍ക്കും ഫ്രാന്‍സിസ്‌ക്കോയുടെ ഒരു സ്വഭാവദൂഷ്യവും ആരോപിക്കാനില്ലായിരുന്നു എങ്കിലും വിശദീകരണമൊന്നും നല്‍കാതെ സഭാപരമായ എല്ലാക്കാര്യത്തിലും അവന്റെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി .
ഫ്രാന്‍സിസ്‌ക്കോ പ്രസ്തുത പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കയൊ ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഒരു വൈദികനെ രഹസ്യമായി ചുമതലപ്പെടുത്തി . ഇതൊക്കെ സന്ന്യാസിമാരുടെ ഗണത്തില്‍ ചേരുന്നതിനു മുന്‍പുള്ള ചെറിയ പരീക്ഷണമായിരിക്കും’,അവന്‍ സ്വയം ആശ്വസിച്ചു .
സംഭവബഹുലമായ രണ്ടുമാസം കടന്നുപോയി. അന്വേഷണത്തിന്റെ ചുമതലയേറ്റെടുത്ത വൈദികന്‍ ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു . കൈയക്ഷരം പരിശോധനയ്ക്ക് വിധേയമാക്കി . യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തി . അവന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു . ഫാന്‍സിക്കോയുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.
ഫ്രാന്‍സിസ്‌ക്കോയ്ക്ക് സെമിനാരിയില്‍ ചേരാനാവശ്യമായ എല്ലാ രേഖകളും സഭാധികാരികള്‍ നല്‍കി. യാതൊരു തടസ്സവുമില്ലാതെ സെമിനാരിയില്‍ പ്രവേശനവും ലഭിച്ചു. തന്റെ ഹൃദയത്തെ മുറിപ്പെടുത്തിയ സുഹൃത്തിനോട് ഫ്രാന്‍സിസ്‌ക്കോയ്ക്ക് യാതൊരു വിദ്വേഷവും തോന്നിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആദ്ധ്യാത്മിക ഗുരുവിന് അദ്ദേഹം എഴുതി : ‘എന്നെ അപ മാനിച്ചവര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു . ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് കഠിന ശിക്ഷയൊന്നും നല്‍കരുതേയെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ദൈവത്തോട് അപേക്ഷിച്ചു. അവരെ നന്മയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശിക്ഷ ആവശ്യമെങ്കില്‍ ലഘുശിക്ഷയേ നല്‍കാവൂ എന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത്. എല്ലാവരോടും ക്ഷമിക്കാനുള്ള കൃപ എനിക്കു ലഭിച്ചു’.
വി. പാദ്രേ പിയോയേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.