താന്‍ രാജാവായാല്‍ എന്തെല്ലാം ചെയ്യുമെന്ന് പാദ്രേ പിയോ വിവരിക്കുന്നു

ജൂസേപ്പാ പ്രശസ്ത അധ്യാപകനായ ആഞ്ചലോ കക്കാവോയുടെ അടുത്തെത്തി. ഫ്രാന്‍സിസ്‌ക്കോയെ (വിശുദ്ധ പാദ്രേ പിയോയുടെ ആദ്യകാല നാമം) ശിഷ്യനായി സ്വീകരിക്കണമെന്ന് അവള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു . അദ്ദേഹം ഫ്രാന്‍സിസ്‌കോയുടെ മുന്‍ അധ്യാപകനായ ടിസ്സാനിയുടെ സുഹൃത്താണ്. അയാളുടെ നീരസം സമ്പാദിക്കാന്‍ കക്കാവോ ഇഷ്ടപ്പെട്ടില്ല. കക്കാവോ വിസമ്മതം പ്രകടിപ്പിച്ചു. എന്നാല്‍ അവസാനം ജ്യൂസേപ്പായുടേയും ബന്ധുക്കളുടേയും നിര്‍ബ്ബന്ധത്തിന് അദ്ദേഹം വഴങ്ങി. ഫ്രാന്‍സിസ്‌കോയെ ശിഷ്യനായി സ്വീകരിച്ചു.
രണ്ടുവര്‍ഷം കക്കാവോയുടെ കീഴില്‍ ഫ്രാന്‍സിസ്‌കോ പഠിച്ചു. ഇക്കാലഘട്ടത്തില്‍ അവന്‍ മുപ്പതോളം ഉപന്യാസങ്ങള്‍ എഴുതി. ഇവ മിക്കതും നോട്ടുബുക്കിലാണ് എഴുതിയത്. 1902 സെപ്തംബര്‍ 22 ാം തീയതി ഒരു പുതിയ വിഷയം ഉപന്യാസരചനയ്ക്കായി കക്കാവോ നിര്‍ദ്ദേശിച്ചു . വിഷയം ഇതായിരുന്നു : ‘ഞാന്‍ ഒരു രാജാവായാല്‍.’
ഈ വിഷയത്തെക്കുറിച്ച് തനിക്കുള്ള സങ്കല്പങ്ങളും പ്രതീക്ഷകളും ഫ്രാന്‍സിസ്‌കോ ഭംഗിയായി എഴുതി അവതരിപ്പിച്ചു . അവന്റെ ആദര്‍ശ ധീരതയും ധിഷണാശക്തിയും ഇതില്‍ പ്രകടമാണ്.
‘ദൈവവിശ്വാസിയായ രാജാവാകാനാണ് എന്റെ ആഗ്രഹം. അതു തന്നെയാണ് എന്റെ പ്രതീക്ഷയും. വിവാഹമോചനത്തിനെതിരെ ഞാന്‍ പോരാടും . വിവാഹമെന്ന കൂദാശയുടെ പരിപാവനത ഉയര്‍ത്തിപ്പിടിക്കും. വിദ്യാസമ്പന്നനും കര്‍മ്മോന്മുഖനുമായ ജൂലിയന്റെ കഥ ഓര്‍മ്മി ക്കുന്നില്ലേ ? അദ്ദേഹം ക്രിസ്തുമതത്തെ തള്ളിപ്പറഞ്ഞു. പേഗന്‍ ചിന്താഗതിക്ക് അടിമയായി. അങ്ങനെ സ്വന്തം ജീവിതം നശിപ്പിച്ചു. മതത്യാഗി എന്ന നിന്ദ്യമായ നാമം മാത്രമാണ് അയാള്‍ നേടിയെടുത്തത്.
‘ക്രിസ്തു തെളിച്ച പാതയിലൂടെ ഞാന്‍ മുന്നേറും. സത്യത്തിന്റെ പാത പിന്‍തുടരാത്തവരെ ഞാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു കൊണ്ടുവരും. അലക്‌സാന്‍ഡ്രാ സെവറോയുടെ ആദര്‍ശസൂക്തം തന്നെയാണ് എന്റേതും , ‘നിന്നോട് മറ്റുള്ളവര്‍ ചെയ്യരുതെന്ന് നീ ആഗ്രഹിക്കുന്നവ മറ്റുള്ളവരോട് നീയും ചെയ്യരുത് ‘ ,
‘എന്റെ ഭരണകാലത്ത് എല്ലാ പ്രവിശ്യകളും ഞാന്‍ സന്ദര്‍ശിക്കും. വിശുദ്ധരുടെ സ്മാരകങ്ങള്‍ സ്ഥാപിക്കും. നഗരകവാടങ്ങളും , റോഡുകളും , ലൈബ്രറികളും തീയേറ്ററുകളും പണി കഴിക്കും. ഞാന്‍ നന്മനിറഞ്ഞവനും , ദയാശീലനും , നിയമം അനുസരിക്കുന്നവനും ആയിരിക്കും. ഒരു സാധാരണ പൗരനെപ്പോലെ സഞ്ചരിക്കും. ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ ശ്രമിക്കും . എന്റെ രാജസദസ്സില്‍ സാഹിത്യ കാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രഭാഷണനൈപുണ്യമുള്ളവര്‍ക്കും സ്ഥാനം നല്‍കും. വൈസ്പാനിയോയുടെ മുദ്രാവാക്യം ഞാനും ഏറ്റു ചൊല്ലും : മനുഷ്യരാശിയുടെ സുഹൃത്തിനു മാത്രമേ അധികാരം കൈയാളാന്‍ യഥാര്‍ത്ഥത്തില്‍ അവകാശമുള്ളു’.
വി. പാദ്രേ പിയോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.