നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയുടെ മാഹാത്മ്യം

വിജ്ഞാനികളായ ക്രിസ്ത്യാനികളിൽ പോലും വളരെ കുറച്ചു പേർക്ക് മാത്രമേ ജപമാല ഭക്തിയുടെ മഹാത്മ്യവും യോഗ്യതയും മനസിലായിട്ടുള്ളൂ. വിശുദ്ധ ഡോമിനിക്, വിശുദ്ധ ജോൺ കപ്പിസ്ട്രാൻ, വാഴ്ത്തപ്പെട്ട അലൻ ഡി ലാറോഷെ തുടങ്ങിയവർക്ക് പോലും ഇതിന്റെ മഹാത്മ്യം ബോധ്യപ്പെടുത്തി കൊടുക്കാൻ പരിശുദ്ധ അമ്മ തന്നെ പല അവസരങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടി വന്നു. ഈ പ്രാർത്ഥന വഴി നടന്നിട്ടുള്ള അത്ഭുതങ്ങളെയും ആത്മാക്കളെ മാനസന്തരപ്പെടുത്തുവാൻ ഇതിനുള്ള കഴിവിനെയും വിവരിച്ചു കൊണ്ട് പല പുസ്തകങ്ങളും അവർ രചിച്ചിട്ടുണ്ട്. ലോക രക്ഷ ‘നന്മ നിറഞ്ഞ മറിയം’ കൊണ്ടാരംഭിച്ചത് പോലെ ഓരോ വ്യക്തിയുടെയും രക്ഷയും ഈ പ്രാർത്ഥനയോട് ബന്ധപ്പെട്ടതാണെന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുകയും പരസ്യമായി പഠിപ്പിക്കുകയും ചെയ്തു.

ഈ പ്രാർഥനയാണ് ഉണങ്ങി വരണ്ടു നിഷ്ഫലമായിരുന്ന ലോകത്തിനു ജീവന്റെ ഫലം നൽകിയത്. യഥോചിതം ചൊല്ലിയാൽ ഈ പ്രാർത്ഥന ദൈവ വചനത്തെ നമ്മുടെ ആത്മാവിൽ അങ്കുരിപ്പിക്കുകയും ജീവന്റെ ഫലമാകുന്ന ഈശോയെ ജനിപ്പിക്കുകയും ചെയ്യും എന്ന് അവർ പറയുന്നു. യഥാകാലം ഫലം പുറപ്പെടുവിക്കാൻ വേണ്ടി നമ്മുടെ ആത്മാവാകുന്ന ഭൂമിയെ നനയ്ക്കുന്ന സ്വർഗീയ മഞ്ഞാണ് നന്മ നിറഞ്ഞ മറിയം. ഈ സുധാരസം കൊണ്ട് നനയ്ക്കപ്പെടാത്ത ആത്മാവ് ഫലം ഉൽപാദിപ്പിക്കില്ല. പകരം ഞെരിഞ്ഞിലുകളും മുള്ളുകളും മാത്രമാണ് പുറപ്പെടുവിക്കുക. അങ്ങിനെ അത് ദൈവ കോപത്തിന് പാത്രമാവുകയും ചെയ്യുമെന്നു അവർ ഉൽബോധിപ്പിക്കുന്നു.

ജപമാലയുടെ മേന്മയെ കുറിച്ച് വാഴ്ത്തപ്പെട്ട അലൻ ഡി ലാറോഷിന് മാതാവ് പലതും വെളിപ്പെടുത്തി. അദ്ദേഹം അവ രേഖപ്പെടുത്തിയിട്ടുള്ള ആ പുസ്തകത്തിലെ ഒരു ഭാഗം ഇതാണ്. ‘മാലാഖയുടെ അഭിവാദനത്തിലാണ് ലോകം മുഴുവൻ രക്ഷ പ്രാപിച്ചത്. അത് ചൊല്ലുവാൻ വെറുപ്പും മന്ദതയും കാണിക്കുന്നത് നിത്യ നാശത്തിന്റെ വ്യക്തവും നിശ്ചിതവുമായ അടയാളമാണ്. എന്റെ മകനെ, ഇക്കാര്യം മനസിലാക്കുകയും എല്ലാവരെയും അറിയിക്കുകയും ചെയ്യുക’

ഏറ്റവും ഭയാനകവും, അതെ സമയം ആശ്വാസജനകവുമാണ് ഈ വാക്കുകൾ. അദ്ദേഹത്തിന്റയും അതിനു മുൻപേ ഉണ്ടായിരുന്ന വിശുദ്ധ ഡോമിനിക്കിന്റെയും സാക്ഷ്യം ഇല്ലായിരുുവെങ്കിൽ ഇവ വിശ്വസിക്കുക പ്രയാസം ആയിരുന്നേനെ. പല മഹാന്മാരുടെയും അഭിപ്രായവും മറ്റൊന്നല്ല. തിരസ്‌കൃതർ എല്ലായ്‌പോഴും നന്മ നിറഞ്ഞ മറിയത്തെയും ജപമാലയെയും വെറുക്കുകയും അവഗണിക്കുകയും ചെയുന്നു എന്നത് ശ്രദ്ധേയമാണ്. അഹങ്കാരികളായ കത്തോലിക്കർക്ക് തങ്ങളുടെ പിതാവായ ലൂസിഫറുടെ അതെ പ്രവണതകൾ തന്നെയാണുള്ളത്. അവർ ഈ പ്രാർത്ഥനയോട് അവജ്ഞയോ നിഷ്പക്ഷതയോ കാണിക്കുന്നു. ജപമാല അജ്ഞർക്കും വായിക്കാൻ അറിയില്ലാത്തവർക്കും ഉള്ളതാണ് പോലും! പക്ഷെ തിരഞ്ഞെടുക്കപ്പെട്ടവർ മറിയത്തെ ഇഷ്ടപ്പെടുകയും വില മതിക്കുകയും ചെയുന്നു. അനുഭവം ഇങ്ങിനെയാണ് വ്യക്തമാക്കുന്നത്. അവർ ദൈവത്തോട് എത്രയധികം അടുക്കുന്നുവോ അത്രയധികം ഈ പ്രാർഥനയെ ഇഷ്ടപ്പെടും. വാഴ്ത്തപ്പെട്ട അലൻ ഡി ലാ റോഷിനോട് മാതാവ് അരുൾ ചെയ്തതും ഇത് തന്നെയാണ്.

ഒരാൾ ദൈവത്തിനു ഉള്ളതാണോ എന്നറിയാൻ ഞാൻ സ്വീകരിക്കുന്ന ഏറ്റവും നല്ല മാർഗം അയാൾ നന്മ നിറഞ്ഞ മറിയവും ജപമാലയും ചൊല്ലാൻ ഇഷ്ടപ്പെടുന്നുവോ എന്ന് പരിശോധിക്കുകയാണ്. എന്ത് കൊണ്ട് അങ്ങനെ ആയിരിക്കണം എന്നെനിക്കറിഞ്ഞു കൂടാ. പക്ഷെ ഇത് പരമാർത്ഥം ആണ്. അവന് അത് ഇഷ്ടമുണ്ടോ എന്നതാണ് പ്രശ്‌നം. തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെ മറിയത്തിൽ ഈശോയുടെ അടിമകളെ, ‘സ്വർഗസ്ഥനായ പിതാവേ’ എന്ന ജപം കഴിഞ്ഞാൽ ഏറ്റവും മനോഹരമായത് ‘നന്മ നിറഞ്ഞ മറിയം’ ആണെന്ന് ഗ്രഹിക്കുവിൻ. അതാണ് മറിയത്തിനു കൊടുക്കുവാൻ നിങ്ങൾക്ക് കഴിയുന്ന ഏറ്റവും വലിയ അഭിനന്ദനം. അവളുടെ ഹൃദയം കവരുവാൻ ഒരു മുഖ്യദൂതൻ വഴി അത്യുന്നതനായ ദൈവം കൊടുത്തയച്ച അഭിവാദനവും അത് തന്നെയല്ലേ? അത്യഗാധമായ എളിമ ഉണ്ടായിരുന്നിട്ടും മനുഷ്യാവതാരത്തിന് സമ്മതം നൽകുവാൻ അവളെ നിർബന്ധിക്കത്തക്ക വിധം സുശക്തമായിരുന്നു ആ അഭിവാദനത്തിന്റെ വശ്യ ശക്തി: അത്ര മാത്രം ഗഹനീയമായ രമണീയത കൊണ്ട് അത് നിറഞ്ഞിരിക്കുന്നു. അനുയോജ്യമാം വിധം ഈ അഭിവാദനം ചൊല്ലിയാൽ നിനക്കും സംശയമില്ലാതെ അവളുടെ ഹൃദയം കീഴടക്കാം.

‘നന്മ നിറഞ്ഞ മറിയം’ എന്ന ജപം ശ്രദ്ധയോടും ഭക്തിയോടും വിനയത്തോടും കൂടി ചൊല്ലുമ്പോൾ അത് പിശാചിനെ പലായനം ചെയിക്കുന്ന ശത്രുവും അവനെ ഇടിച്ചു പൊടിക്കുന്ന കൂടവുമാണ്. വിശുദ്ധരുടെ അഭിപ്രായത്തിൽ ആത്മാവിന്റെ വിശുദ്ധിയും മാലാഖാമാരുടെ സന്തോഷവും, തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗാനവും, പുതിയ നിയമത്തിലെ സങ്കീർത്തനവും, മറിയത്തിന്റെ ആനന്ദവും പുതിയ നിയമത്തിലെ സങ്കീർത്തനവും, പരിശുദ്ധ ത്രീത്വത്തിന്റെ മഹത്വവുമാണത്. ആത്മാവിനെ ഫലഭൂയിഷ്ഠമാക്കുവാൻ സ്വർഗത്തിൽ നിന്ന് പെയ്യുന്ന മഞ്ഞു തുള്ളി ആണത്. ‘നന്മ നിറഞ്ഞ മറിയം’ മറിയത്തിനു നാം നൽകുന്ന പരിപാവനവും സ്‌നേഹ നിർഭരവുമായ ചുംബനമാണിത്. അത് നാം അവൾക്കു സമ്മാനിക്കുന്ന ചെമന്ന റോസാപുഷ്പം ആണ്. ഇങ്ങനെ പോകുന്നു വിശുദ്ധരുടെ ഉപമകൾ. ആകയാൽ, പരിശുദ്ധ കന്യകയുടെ ചെറു കിരീടം ചൊല്ലി തൃപ്തിപ്പെടാത്ത ഓരോ ദിവസവും അമ്പത്തി മൂന്നു മണി ജപം ചൊല്ലുക, സമയം ഉണ്ടെങ്കിൽ നൂറ്റി അമ്പത്തി മൂന്നു മണി തന്നെ ചൊല്ലണം. എങ്കിൽ എന്റെ വാക്കുകളെ ശ്രവിച്ച സമയം അനുഗ്രഹീതമെന്നു മരണ നേരത്ത് നീ പറയും. ഈശോയുടെയും മറിയത്തിന്റെയും ആശീർവാദത്തോട് കൂടി വിതയ്ക്കുന്ന നീ സ്വർഗത്തിൽ നിത്യാനന്ദം കൊയ്‌തെടുക്കും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും.(2 കൊറി 9:6 )


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles