വിസ്‌കോണ്‍സിന്നിലെ സ്വര്‍ലോകരാജ്ഞിയുടെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ അറിയേണ്ടേ?

അമേരിക്കയുടെ പ്രധാനപ്പെട്ട മരിയഭക്തികളില്‍ ഒന്നാണ് വിസ്‌കോണ്‍സിന്നിലെ ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്. ഗ്രീന്‍ ബേ കത്തോലിക്കാ രൂപതയിലാണ് ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബെല്‍ജിയന്‍ വംശജയായ ഒരു സ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മയുമായി ബന്ധപ്പെട്ടതാണ് ഈ സവിശേഷ മരിയഭക്തി.

ബെല്‍ജിയംകാരിയായ അഡെല്‍ ബ്രീസ് ജനിച്ചത് 1831 ലാണ്. 1855 ല്‍ മാതാപിതാക്കളോടൊപ്പം ബ്രീസ് അമേരിക്കയിലെ വിസ്‌കോണ്‍സിന്നിലേക്ക് കുടിയേറി. അഡെലിന് മാതാവിന്റെ ദര്‍ശനമുണ്ടായത് 1859 ഒക്ടോബറിലാണ്. രണ്ടു മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന രീതിയിലാണ് ബ്രീസ് മാതാവിനെ ദര്‍ശിച്ചത്. ഒരു ഹെംലോക്ക് മരത്തിന്റെയും ഒരു മേപ്പിള്‍ വൃക്ഷത്തിന്റെയും നടുവില്‍. തിളങ്ങുന്ന വെളുത്ത വസ്ത്രം ധരിച്ച മാതാവിനെ ഒരു വലിയ പ്രകാശം വലയം ചെയ്തിരുന്നു. മഞ്ഞ നിറമുള്ള അരപ്പട്ട വെള്ള വസ്ത്രത്തെ ചുറ്റി കിടന്നു. സ്വര്‍ണനിറമുള്ള തലമുടിക്കു മുകളില്‍ നക്ഷത്രങ്ങള്‍. ആ കാഴ്ച കണ്ടു ബ്രീസ് പേടിച്ചരണ്ടുവെങ്കിലും ദര്‍ശനം മായും വരെ അവള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

ബ്രീസ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ ഏതോ ആത്മാവിന് നമ്മുടെ പ്രാര്‍ത്ഥന ആവശ്യമുള്ളതു കൊണ്ടാകും അങ്ങനെ ദര്‍ശനമുണ്ടായത് എന്നായിരുന്നു  അവരുടെ മറുപടി. എന്നാല്‍ അടുത്ത ഞായറാഴ്ച ഒക്‌ടോബര്‍ 9 ാം തീയതി അവള്‍ക്ക് വീണ്ടും മരിയന്‍ ദര്‍ശനമുണ്ടായി. ബെ സെറ്റില്‍മെന്റ് സമൂഹത്തില്‍ കുര്‍ബാനയില്‍ പങ്കു കൊള്ളാനായി നടക്കുമ്പോഴായിരുന്നു ദര്‍ശനം. അവളുടെ  സഹോദരിയും മറ്റൊരു സ്ത്രീയും ഒപ്പമുണ്ടായിരുന്നെങ്കിലും ബ്രീസിന് മാത്രമേ മാതാവിനെ കാണാന്‍ സാധിച്ചുള്ളൂ. ബ്രീസ് തന്റെ ദര്‍ശനത്തെ പറ്റി ഇടവക വികാരിയുമായി പങ്കുവച്ചു. ഇനി കാണുമ്പോള്‍ ആ സ്ത്രീയുടെ പേരും അവരെന്താണ് ആഗ്രഹിക്കുന്നതെന്നും ചോദിക്കണം എന്ന് വികാരിയച്ചന്‍ ബ്രീസിനോട് പറഞ്ഞു.

അന്ന് തന്നെ കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോള്‍ വീണ്ടും അവള്‍ മാതാവിനെ കണ്ടു. ഇത്തവണ ഇടവക വികാരി ചോദിക്കാന്‍ ആവശ്യപ്പെട്ട ചോദ്യങ്ങള്‍ അവള്‍ ആ സ്ത്രീയോട് ചോദിച്ചു. പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്ന സ്വര്‍ഗത്തിന്റെ രാജ്ഞിയാണ് ഞാന്‍ എന്നായിരുന്നു മറുപടി. നീയും അതു തന്നെ ചെയ്യണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പരിശുദ്ധ അമ്മ മറുപടി നല്‍കി. ആ നാട്ടിലെ കുട്ടികളെ ഒരുമിച്ചു കൂട്ടി അവര്‍ക്ക് രക്ഷയുടെ വഴി പഠിപ്പിച്ചു കൊടുക്കാന്‍ അമ്മ ബ്രീസിനൊരു ദൗത്യവും നല്‍കി.

ഈ പ്രത്യക്ഷീകരണം നടക്കുമ്പോള്‍ ബ്രീസിന് 28 വയസ്സുണ്ടായിരുന്നു. തന്റെ തുടര്‍ജീവിതകാലം മുഴുവന്‍ അവള്‍ കുട്ടികളെ പഠിപ്പിക്കുന്ന ശുശ്രൂഷയിലേര്‍പ്പെട്ടു. ആദ്യമെല്ലാം കാല്‍നടയായി വീടുകള്‍ തോറും കയറിയിറങ്ങിയാണ് അവള്‍ കുട്ടികളെ പഠിപ്പിച്ചത്. പിന്നീട് അവള്‍ ചെറിയ ഒരു സ്‌കൂള്‍ ആരംഭിച്ചു. മറ്റു സ്ത്രീകളും ഈ ശുശ്രൂഷയില്‍ ബ്രീസിനൊപ്പം ചേര്‍ന്നു. ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ നിയമാവലിയാണ് അവര്‍ ഉപയോഗിച്ചത്. 1896 ജൂലൈ 5 ന് അഡെല്‍ ബ്രീസ് അന്തരിച്ചു.

വിസ്‌കോണ്‍സിന്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം

ആദ്യത്തെ ചാപ്പല്‍ 10 അടി വീതിയും 12 അടി നീളവുമുള്ള ഒരു ചെറിയ കപ്പേളയായിരുന്നു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അഡെല്‍ ബ്രീസിന്റെ പിതാവ് ലാംബെര്‍ട്ട് ബ്രീസാണ് അത് നിര്‍മിച്ചത്. 1861 ല്‍ ഇസബെല്ല ഡോയെന്‍ എന്ന സ്ത്രീ സംഭാവനയായി നല്‍കിയ അഞ്ചേക്കര്‍ സ്ഥലത്ത് കുറേക്കൂടി വലിയൊരു ചാപ്പല്‍ നിര്‍മിതമായി. 1880 ല്‍ ഇഷ്ടിക കൊണ്ട് വലിയൊരു ചാപ്പല്‍ പണികഴിപ്പിക്കുകുയം ബിഷപ്പ് ഫ്രാന്‍സിസ് സേവ്യര്‍ ക്രാറ്റബോര്‍ അത് ആശീര്‍വദിക്കുകയും ചെയ്തു. ചാപ്പലിന്റെ കൂടെ ഒരു സ്‌കൂളും കോണ്‍വെന്റും കൂടി പണികഴിപ്പിച്ചു.

അഗ്നിബാധയില്‍ രക്ഷാകവചമായ്

1871 ഒക്ടോബര്‍ 8 ാം തീയതി ഈ പ്രദേശത്ത് വലിയൊരു അഗ്നിബാധയുണ്ടായി. വിസ്‌കോണ്‍സിന്നിന് സമീപം പെഷ്ടിഗോയില്‍ ആരംഭിച്ച തീ കൊടുങ്കാറ്റിനൊപ്പം അതിവേഗം പടര്‍ന്നു പിടിച്ചു. 2000 പേരാണ് ആ കൊടുംതീയില്‍ വെന്തമര്‍ന്നത്. തീ ചാപ്പല്‍ നശിപ്പിക്കുമെന്ന ഘട്ടമായപ്പോള്‍ അഡെല്‍ ബ്രീസ് മാതാവിന്റെ സംരക്ഷണം അപേക്ഷിച്ചു കൊണ്ട് ഒരു പ്രദക്ഷിണം ആരംഭിച്ചു. തീ സമീപമുള്ള സ്ഥലങ്ങളെല്ലാം ദഹിപ്പിച്ചെങ്കിലും ചാപ്പലും അതിന്റെ മുറ്റവും അതില്‍ അഭയം തേടിയ മനുഷ്യരെയും തൊടാതെ പോയി. ഇതൊരു വലിയ അത്ഭുത സംഭവമാണ്.  വിസ്‌കോണ്‍സിന്നില്‍ ഇപ്പോഴുള്ള ചാപ്പല്‍ പണികഴിപ്പിച്ചത് 1942 ലാണ്. ബിഷപ്പ് പോള്‍ പീറ്റര്‍ റോഡ് ഈ പുതിയ  ചാപ്പല്‍ 1942 ജൂലൈ യില്‍ പ്രതിഷ്ഠിച്ചു.

ഇന്നും നടക്കുന്ന അത്ഭുതങ്ങള്‍

അമ്പരപ്പിക്കുന്ന അത്ഭുതങ്ങളാണ് ഇന്നും വിസ്‌കോണ്‍സിന്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കുന്നത്. കാന്‍സറില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഒരു സ്ത്രീയുടെ അഭിമുഖം എന്‍ബിസി സംപ്രേക്ഷണം ചെയ്യുകയുണ്ടായി.നാന്‍സി ഫോയിട്ടിക്ക് എന്ന സ്ത്രീക്ക് കോളന്‍ കാന്‍സറായിരുന്നു. കാന്‍സറിന്റെ നാലാം ഘട്ടത്തിലെത്തി മരണത്തെ മുന്നില്‍ കാണുകയായിരുന്നു അവര്‍. വിസ്‌കോണ്‍സിന്നിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയപ്പോള്‍ അവരുടെ ശ്വാസകോശത്തിലെ ട്യൂമറുകള്‍ അപ്രത്യക്ഷമായിരുന്നു. താന്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സൗഖ്യം തന്റെ ശരീരത്തില്‍ നടക്കുന്നതായി അനുഭവപ്പെട്ടുവെന്ന് ആ സ്ത്രീ പിന്നീട് സാക്ഷ്യം നല്‍കി.

മറ്റൊരു അത്ഭുതം നടന്നത് 2013 ലാണ്. കന്‍സാസ് സിറ്റിയില്‍ നിന്നുള്ള ഒരു കുടുബം വിസ്‌കോണ്‍സിന്നിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തിയപ്പോള്‍ അവരുടെ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ വായിലൂടെ കടത്തിയിരുന്ന ഫീഡിംഗ് ട്യൂബ് പെട്ടെന്ന് പുറത്തേക്കു തള്ളിപ്പോന്നു. അവളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതായിരുന്നു, ഉള്ളിലെ ദ്വാരം സുഖപ്പെട്ടതു മൂലം ട്യൂബ് ഇടാനാകുന്നില്ല എന്നായിരുന്നു അത്!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles