മോണ്‍ട്‌സെറാട്ടിലെ മാതാവ്‌

മൊണ്‍ട്‌സെറാട്ട് സ്‌പെയിനിലെ ബാഴ്‌സലോണയ്ക്ക് സമീപത്തുള്ള ഒരു മലയാണ്. അറക്കവാളിന്റെ പല്ലുകള്‍ പോലെ കിടക്കുന്ന മലനിരകളെ സ്പാനിഷ് ഭാഷയില്‍ മോണ്‍ട്‌സെറാട്ട് എന്ന് വിളിച്ചു. ഇവിടത്തെ പ്രസിദ്ധമായ മരിയഭക്തിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വി. ഇഗ്നേഷ്യസ് ലൊയോള ഇവിടേക്ക് തീര്‍ത്ഥാടനം ചെയ്തു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നു.പാരമ്പര്യം അനുസരിച്ച്, മോണ്‍ട്‌സെറാട്ടിലെ അത്ഭുത രൂപം ജറൂസലേമില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് അറിയപ്പെട്ടിരുന്നു. ആദിമ കത്തോലിക്കാ സഭാ വിശ്വാസികള്‍ ജറുസലേമില്‍ കൊത്തിയ രൂപമാണെന്ന് പരക്കെ കരുതപ്പെട്ടിരുന്നു. ആ രൂപം വി. എത്തേറിയോക്ക് ലഭിക്കുകയും അദ്ദേഹം അത് സ്‌പെയിനിലേക്ക് കൊണ്ടുവരികയും ചെയ്തു എന്നാണ് വിശ്വാസം.

ഏഴാം നൂറ്റാണ്ടില്‍ സരാസെന്‍മാര്‍ സ്‌പെയിനിനെ ആക്രമിച്ചു. മൂന്നു വര്‍ഷക്കാലം സ്‌പെയിന്‍ ധീരമായി ചെറുത്തു നിന്നു. എന്നാല്‍ അതിനു ശേഷം അവര്‍ പരാജയഭീതി നേരിട്ടു. സരാസെന്‍മാര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ അവരുടെ പ്രിയപ്പെട്ട മാതൃരൂപം സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കാന്‍ അവര്‍ തീരുമാനമെടുത്തു.  മെത്രാന്റെയും സ്ഥലത്തെ ഗവര്‍ണറുടെയും അനുവാദത്തോടെ ആ രൂപമെടുത്ത് അവര്‍ മോണ്‍ട് സെറാട്ട് മലയിലുള്ള ഒരു ചെറിയ ഗുഹയില്‍ പ്രതിഷ്ഠിച്ചു. ഈ സംഭവം നടന്നത് ഏഡി 718 ഏപ്രില്‍ 22 നാണ്.  ഏറെ നാള്‍ കഴിഞ്ഞ് അവര്‍ രൂപം വച്ച സ്ഥലം മറന്നു പോയി. എങ്കിലും ആ വിശുദ്ധ രൂപത്തെ കുറിച്ചുള്ള ഓര്‍മകള്‍ അവര്‍ക്ക് കൈമോശം വന്നില്ല. ഭക്തിയും നിലനിന്നു. 890 ല്‍ ഇക്കാര്യമൊന്നും അറിയാതെ അവിടെ ആടുമേയ്ക്കാനെത്തിയ ഇടയബാലന്‍മാര്‍ പെട്ടെന്ന് ഒരു ഗാനം കേട്ടു. ഒപ്പം എവിടെ നിന്നോ വെളിച്ചം പ്രഭ തൂകുന്നു!

ഈ പ്രതിഭാസം ആവര്‍ത്തിച്ചപ്പോള്‍ ഇടയബാലന്മാര്‍ വിവരം വികാരിയച്ചനെ അറിയിച്ചു. അദ്ദേഹം വന്ന് നോക്കി. പ്രകാശം അദ്ദേഹം കാണുകയും സംഗീതം കേള്‍ക്കുകയും ചെയ്തു. ഇക്കാര്യം അദ്ദേഹം മെത്രാനെ അറിയിച്ചു. മെത്രാനും സംഭവം നേരില്‍ കണ്ടു ബോധ്യപ്പെട്ടു. അവസാനം, പരിശോധനയ്‌ക്കൊടുവില്‍ ഗുഹയില്‍ നിന്ന് മാതൃരൂപം കിട്ടി. ആ സ്ഥലത്ത് ഒരു ചെറിയ പള്ളിയും നിര്‍മിച്ചു. പിന്നീട് ഈ പള്ളി പുതുക്കി പണിതു. 1592 ലാണ് പുതിയ പള്ളിയുടെ പണി കഴിഞ്ഞത്. ഇന്ന് കാണുന്നത് ഈ ദേവാലയമാണ്. വൈകാതെ പള്ളിയുടെ കൂടെ ഒരു ആശ്രമവും സ്ഥാപിച്ചു. അവിടെ മരിയഭക്തി വര്‍ദ്ധിക്കുകയും നിരവിധി അത്ഭുതങ്ങള്‍ മാതാവിന്റെ മധ്യസ്ഥതയില്‍ നടക്കുകയും ചെയ്തു. കപ്പേളയുടെ ചുമതല ഇപ്പോള്‍ വഹിക്കുന്നവര്‍ പറയുന്നത് ആദ്യത്തെ മരിയന്‍ രൂപം ഏതെങ്കിലും യുദ്ധത്തില്‍ നശിച്ചു പോയിരിക്കാമെന്നും ഇപ്പോഴുള്ളത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചതാണെന്നുമാണ്. മരത്തില്‍ കടഞ്ഞെടുത്ത മരിയന്‍ തിരുസ്വരൂപത്തിന് മൂന്നടിയോളം ഉയരം വരും. ഇരിക്കുന്ന അവസ്ഥയിലാണ് രൂപം. കന്യകയുടെ വലതു കൈയില്‍ ഒരു ഗോളമുണ്ട്.

മറ്റേ കൈ വിരിച്ചു പിടിച്ചിരിക്കുന്നു. ഉണ്ണിയേശു മാതാവിന്റെ മടിയില്‍ ഇരിക്കുന്നു. ഉണ്ണി ആശീര്‍വദിക്കാനായി കരം ഉയര്‍ത്തിയിട്ടുണ്ട്. ഒരു വിശുദ്ധരൂപം എന്നതിനൊടൊപ്പം ഒരു കലാസൃഷ്ടിയായും ഈ രൂപം വാഴ്ത്തപ്പെടുന്നു. നൂറ്റാണ്ടുകളായ മെഴുകുതിരികള്‍ കത്തി നിന്ന് പുക പടര്‍ന്ന് രൂപത്തിന് ഇരുനിറം വന്നിട്ടുണ്ട്. അതിനാല്‍ സ്പാനിഷ് ഭാഷയില്‍ ലാ മൊറെനേറ്റ അഥവാ ചെറിയ കുറത്ത രൂപം എന്നും പേരുണ്ട്.  ഇവിടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് വാസമുറപ്പിച്ച ബെനഡിക്ടൈന്‍ സന്യാസികള്‍ ഇവിടെ ശുശ്രൂഷ ചെയ്യുകയും തീര്‍ത്ഥാടകരെ പരിചരിക്കുകയും ചെയ്യുന്നു. വി. വിന്‍സെന്റ് ഫെറര്‍, വി. ഫ്രാന്‍സിസ് ബോര്‍ജിയ, വി. അലോഷ്യസ് ഗൊണ്‍സാഗ, വി. ഇഗ്നേഷ്യസ് തുടങ്ങി അനേകം വിശുദ്ധര്‍ ഇവിടേക്ക് തീര്‍ത്ഥാടകരായി എത്തിയിട്ടുണ്ട്.

ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മോണ്‍ട് സെറാട്ട്  കന്യകയെ കാറ്റലോണിയ രൂപതയുടെ മധ്യസ്ഥയായി  പ്രഖ്യാപിച്ചു. ഈ രൂപം സ്‌പെയിനിലെ ഏറ്റവും പ്രസിദ്ധമായ മരിയന്‍ തിരുസ്വരൂപങ്ങളില്‍ ഒന്നാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles