നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തു പ്രത്യക്ഷയായ പ്രത്യാശയുടെ മാതാവ്
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
വര്‍ഷം 1861. കൈസര്‍ വില്‍ഹം ഒന്നാമന്‍ പ്രഷ്യയുടെ സിംഹാസനമേറിയ ഉടനെ ഓട്ടോ വോണ്‍ ബിസ്മാര്‍ക്കിനെ തന്റെ ചാന്‍സിലറായി നിയമിച്ചു. ജര്‍മന്‍ ഭാഷ സംസാരിക്കുന്നവരെയെല്ലാം ഒരു രാജ്യത്തില്‍ അണിചേര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിനായി അവര്‍ അടുത്തടുത്തായി മൂന്നു യുദ്ധങ്ങള്‍ നടത്തി. 1864 ല്‍ ഡെന്‍മാര്‍ക്കിനെതിരായും 1866 ല്‍ ആസ്ട്രിയക്ക് എതിരായും 1870 ല്‍ ഫ്രാന്‍സിന് എതിരായും.
1870 ആഗസ്റ്റ് 1 ന് ആദ്യ വെടി പൊട്ടി. ഡിസംബര്‍ 27 ന് പ്രഷ്യക്കാര്‍ പാരീസ് അധീനതയിലാക്കി. തുടര്‍ന്ന്, അവര്‍ നോര്‍മാന്‍ഡിയും ബ്രിട്ടനിയും ലക്ഷ്യമാക്കി നീങ്ങി.
1871 ജനുവരി പകുതിയായപ്പോള്‍ പ്രഷ്യന്‍ സൈന്യം പോണ്ട്‌മെയിന്‍ പട്ടണത്തിന് സമീപമെത്തി. പോണ്ട്‌മെയിനിലെ ജനങ്ങള്‍ ഭയന്നു വിറച്ചു. 35 വര്‍ഷങ്ങളായി ഇടവകയുടെ ആത്മീയ നേതൃത്വം നല്‍കിയിരുന്ന ഫാ. ഗ്വെരീന്‍ മറ്റൊരു അഭയവും കാണായ്കയാല്‍ പരിശുദ്ധ കന്യമാതാവിലേക്ക് തിരിഞ്ഞു. അമ്മേ, കാത്തു കൊള്ളണമേ! എന്നൊരു പ്രാര്‍ത്ഥന നിറഞ്ഞു.
ജനുവരി 17 ഒരു ചൊവ്വാഴ്ചയായിരുന്നു. അന്ന് 12 വയസ്സുകാരനായ യൂജിന്‍ ബാര്‍ബഡെറ്റ് തന്റെ പിതാവിന്റെ കളപ്പുരയില്‍ നിന്ന് പോരുകയായിരുന്നു. എന്തോ പ്രകാശം കണ്ട് ആകാശത്തേക്കു നോക്കിയ യൂജിന്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ വാനില്‍ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. വീടുകളുടെ മേല്‍ക്കൂരയും കവിഞ്ഞ് 20 അടി ഉയരത്തില്‍ വായുവിലുയര്‍ന്ന് ആ ദിവ്യസ്ത്രീ നില കൊണ്ടു.
സ്വര്‍ണനിറത്തിലുള്ള നക്ഷത്രങ്ങള്‍ തുന്നിച്ചേര്‍ത്ത കരിനീല നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്ന സ്ത്രീ ഒരു കറുത്ത മൂടുപടവും ലളിതമായൊരു സ്വര്‍ണക്കിരീടയവും അണിഞ്ഞിരുന്നു. അത്ഭുതത്താല്‍ നിശ്ചേഷ്ടനായി യൂജിന്‍ 15 മിനിറ്റോളം അവിടെ നിന്നു പോയി.
അപ്പോഴേക്കും അവന്റെ പിതാവും അനുജന്‍ ജോസഫും കളപ്പുരയില്‍ നിന്ന് പുറത്തെത്തിയിരുന്നു. ‘അതാ! അങ്ങോട്ടു നോക്കൂ! ആ വീടിന്റെ മുകളില്‍ എന്താണ് കാണുന്നതെന്ന് നോക്കൂ’ യൂജിന്‍ വിളിച്ചു പറഞ്ഞു. പിതാവിന് കാണാന്‍ കഴിഞ്ഞില്ലെങ്കിലും അനുജന്‍ ജോസഫിന് സ്ത്രീയെ കാണാന്‍ സാധിച്ചു. യൂജിന്‍ കണ്ട രൂപം തന്നെയായിരുന്നു ജോസഫും വിവരിച്ചത്.
താന്‍ ഒന്നും കാണാഞ്ഞതില്‍ കുപിതനായി പിതാവ് അവരോട് പോയി പണിയെടുക്കാന്‍ ആജ്ഞാപിച്ചെങ്കിലും അല്‍പരം കഴിഞ്ഞപ്പോള്‍ ഏതോ കാരണത്താല്‍ പോയി നോക്കിവരാന്‍ അയാള്‍ കുട്ടികളെ പറഞ്ഞയച്ചു. ‘എന്തൊരു ഭംഗിയാണവര്‍ക്ക്!’ ജോസഫ് പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴേക്കും അവരുടെ അമ്മയും സ്ഥലത്തെത്തി. ഒച്ച വച്ചു കൊണ്ടിരുന്ന ജോസഫിനോട് നിശബ്ദനാകാന്‍ പറഞ്ഞിട്ട് വിക്ടോറിയ ബാര്‍ബഡെറ്റ് പറഞ്ഞു: നിങ്ങള്‍ കണ്ടത് മിക്കവാറും പരിശുദ്ധ കന്യമാതാവിനെ ആയിരിക്കും! തന്റെ മക്കള്‍ നുണ പറയുകയല്ലെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. പരിശുദ്ധ മാതാവിന്റെ സ്തുതിക്കായി അഞ്ച് സ്വര്‍ഗസ്ഥനായ പിതാവേയും അഞ്ച് നന്മ നിറഞ്ഞ മറിയമേയും ചൊല്ലാന്‍ അവര്‍ മക്കളോട് നിര്‍ദേശിച്ചു.
പ്രാര്‍ത്ഥന കഴിഞ്ഞ് തന്റെ കണ്ണട എടുത്ത് ധരിച്ച് അമ്മ വന്നു നോക്കിയപ്പോള്‍ ഒന്നും ആകാശത്ത് കണ്ടില്ല. അപ്പോള്‍ അവര്‍ ദേഷ്യപ്പെട്ട് മക്കളോട് പറഞ്ഞു: നിങ്ങള്‍ നുണ പറയുകയാണ്! അപ്പോഴാണ് അവര്‍ക്കൊരു കാര്യം ഓര്‍മ വന്നത്. സിസ്‌റ്റേഴ്‌സിനെ വിളിക്കാം. പുണ്യജീവിതം നയിക്കുന്ന അവര്‍ക്ക് തീര്‍ച്ചയായും മാതാവിനെ കാണാന്‍ കഴിയും. സിസ്റ്റര്‍ വിറ്റാലിന്‍ വന്ന് നോക്കിയെങ്കിലും ഒന്നും കാണാന്‍ സാധിച്ചില്ല.
അപ്പോള്‍ സിസ്റ്റര്‍ ഒരു കാര്യം ചെയ്തു, അടുത്ത വീട്ടില്‍ ചെന്ന് അവിടെ ഉണ്ടായിരുന്ന രണ്ടു ചെറിയ പെണ്‍കുട്ടികളെ കൂട്ടി വന്നു. ഫ്രാന്‍കോയ്‌സ് റിച്ചറും ജീന്‍ മേരി ലോബോസും. കുട്ടികള്‍ നോക്കിയപ്പോള്‍ അവര്‍ മാതാവിനെ കണ്ടു. ആണ്‍കുട്ടികള്‍ നല്‍കിയ അതേ രീതിയില്‍ തന്നെയാണ് അവരും മാതാവിനെ വിവരിച്ചത്.
അപ്പോഴേക്കാം സിസ്റ്റര്‍ മേരി എഡുവാര്‍ഡും അവരുടെ ഒപ്പം കൂടി. അവര്‍ ഫാ. ഗ്വെരീന് ആളയച്ചു. ആറര വയസ്സു കാരനായ യൂജിന്‍ ഫ്രിറ്റു എന്നൊരു കൊച്ചു കൂട്ടിയും മാതാവിനെ കണ്ടു. ആ സമയം വിവരം കേട്ട് ഏതാണ്ട് 50 പേര്‍ അവിടെ തടിച്ചു കൂടിയിരുന്നു. രണ്ടു വയസ്സു മാത്രം പ്രായമുള്ള അഗസ്റ്റിന്‍ ബോയ്ട്ടിന്‍ എന്നൊരു കുട്ടി മാതാവിനെ നോക്കി പറഞ്ഞു: ഈശോ! ഈശോ!
എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ ഫാ. ഗ്വെരിന്‍ ആവശ്യപ്പെട്ടു. എല്ലാവരും ചേര്‍ന്ന് മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലി. തുടര്‍ന്ന്, മറിയത്തിന്റെ സ്‌തോത്രഗീതം ആലപിച്ചു. ക്രമേണ, ഒരു സന്ദേശം സുവര്‍ണലിപികളില്‍ ആകാശത്ത് കാണുമാറായി: പക്ഷേ, എന്റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍! ആറ് കുട്ടികളും ഈ സന്ദേശം കണ്ടു. വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്ത് ഈ വാക്കുകള്‍ തെളിഞ്ഞു വന്നു: വൈകാതെ ദൈവം നിങ്ങളെ ശ്രവിക്കും!
അന്നേരം പ്രഷ്യക്കാര്‍ പോണ്ട്‌മെയിനിന് വളരെ അടുത്തുള്ള ലാവലില്‍ എത്തിയതായി വാര്‍ത്തയെത്തി. അപ്പോഴും ആകാശത്ത് സന്ദേശം കണ്ടു: എന്റെ പുത്രന്‍ നിങ്ങളോട് കാരുണ്യം കാണിക്കുന്നു!
ഈ സന്ദേശം വായിച്ച് കുട്ടികള്‍ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ സ്‌തോത്രഗീതം ആലപിക്കാന്‍ ഫാ. ഗ്വരിന്‍ എല്ലാവരോടും ആവശ്യപ്പെട്ടു. സി. എഡുവാര്‍ഡ് പ്രാര്‍ത്ഥിച്ചു: ‘പ്രത്യാശയുടെ മാതാവേ, ഓ മധുര നാമമേ, ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കണമേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ!’ അപ്പോള്‍ ജനം പ്രതിവചിച്ചു: ‘പ്രഷ്യക്കാര്‍ ഞങ്ങളുടെ ഗ്രാമത്തിന്റെ വാതില്ക്കല്‍ പ്രവേശിച്ചാലും ഞങ്ങള്‍ ഇനി പേടിക്കുകയില്ല!’
സ്‌തോത്രഗീതം ആലപിച്ചു കഴിഞ്ഞപ്പോള്‍ സന്ദേശം അപ്രത്യക്ഷമായി. ജനം അനുതാപഗീതം ആലപിച്ച് യേശുവിനോട് മാപ്പു യാചിച്ചു. വിഷാദഭരിതമായ മുഖഭാവത്തോടെ പ്രത്യക്ഷയായ മറിയം വലിയൊരു ചുവന്ന ക്രൂശിരൂപം പിടിച്ചു പ്രത്യക്ഷയായി. അതില്‍ യേശു ക്രിസ്തു എന്ന് ആലേഖനം ചെയ്തിരുന്നു.
രാത്രി 8.30 ആയപ്പോള്‍ ജനം ആവേ മരിയ സ്‌റ്റെല്ലാ എന്ന ഗാനം പാടി. അപ്പോള്‍ ക്രൂശിതരൂപം അപ്രത്യക്ഷമായി. മാതാവ് വീണ്ടു പുഞ്ചിരി തൂകി. രണ്ടു ചെറിയ വെള്ള കുരിശുകള്‍ മാതാവിന്റെ തോളുകളില്‍ കാണപ്പെട്ടു. ഒരു വെളുത്ത ശിരോവസ്ത്രം അമ്മയെ ആപാദചൂഢം മറച്ചു. 8.45 ആയപ്പോഴേക്കും ‘എല്ലാം കഴിഞ്ഞു’ എന്നു പറഞ്ഞിട്ട് അപ്രത്യക്ഷയായി!
ഈ മരിയന്‍ പ്രത്യക്ഷപ്പെടല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ വേറൊരിടത്ത് ഒരു സംഭവം നടക്കുകയായിരുന്നു. പ്രഷ്യന്‍ സൈന്യത്തെ നയിച്ചിരുന്ന ജനറല്‍ ഫൊന്‍ ഷമിഡ്റ്റിന് പ്രഷ്യന്‍ ഹൈ കമാന്‍ഡില്‍ നിന്ന് ഒരു ഉത്തരവ് ലഭിച്ചു. പടയോട്ടം മതിയാക്കി പിന്‍മാറാനായിരുന്നു ഉത്തരവ്! പത്തു ദിവസത്തിന് ശേഷം ഫ്രാന്‍സും പ്രഷ്യയും തമ്മില്‍ യുദ്ധവിരാമക്കരാറില്‍ ഒപ്പുവച്ചു. മാതാവിന്റെ അത്ഭുതകരമായ മാധ്യസ്ഥമാണ് പോണ്ട്‌മെയിനെ വലിയ നാശത്തില്‍ നിന്ന് രക്ഷിച്ചത്.
പ്രത്യാശയുടെ മാതാവിനോടുള്ള ഭക്തി അതിവേഗം വ്യാപിച്ചു. പ്രത്യാശ പകരുന്നതായിരുന്നു അമ്മയുടെ സന്ദേശം; ‘പക്ഷേ, എന്റെ മക്കളേ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍. വൈകാതെ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും. എന്റെ പുത്രന്‍ നിങ്ങളോട് കാരുണ്യം കാണിക്കുന്നു!’
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.