വേളാങ്കണ്ണിയും ആരോഗ്യ മാതാവും

ചെന്നൈ നഗരത്തോട് 250 കിലോമീറ്റര്‍ ദൂരം മാറിയു
ള്ള തമിഴ്‌നാട്ടിലെ ഒരു തീരപ്രദേശമാണ് വേളാങ്കണ്ണി.
കുറച്ച് നിവാസികളാണ് അവിടുള്ളത്. എല്ലാ വര്‍ഷവും നിരവധി തീര്‍ത്ഥാടകര്‍ രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും കിഴക്കിന്റെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന പരി. കന്യകാ മാതാവിന്റെ ബസലിക്കയില്‍ പ്രാര്‍ത്ഥനാമംഗളങ്ങള്‍ അര്‍പ്പിക്കാന്‍ കടന്നുവരാറുണ്ട്.

വേളാങ്കണ്ണിയില്‍ മാതാവിന്റെ ആദ്യ അത്ഭുതം നടക്കുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. ഒരിക്കല്‍ ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഒരു ബാലന്‍ തന്റെ അധ്യാപകന് നല്‍കാന്‍ പാലുമായി വേളാങ്കണ്ണിയില്‍ നിന്നും നാഗപട്ടണത്തിലേക്ക് പോകുകയായിരുന്നു. വെളുപ്പാന്‍കാലമായിരുന്നതിനാല്‍ യാത്രാമധ്യേ, അവന്‍ കുറച്ചുനേരം ഉറങ്ങി. പ്രശോഭിതയായ ഒരു സ്ത്രീ ഒരു കുഞ്ഞിനെയും കൈയില്‍ പിടിച്ചുകൊണ്ട് മുന്നില്‍നില്‍ ക്കുന്നത് കണ്ട ബാലന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കണ്ണുകള്‍ തിരുമ്മി. ആ സ്ത്രീ അവനോട് ചോദിച്ചു, ‘കുഞ്ഞിന് കൊടുക്കാന്‍ അല്പം പാലുതരുമോ?’ ഭയചകിതനായ ബാലന്‍ ആശ്ചര്യത്തോടെ തന്റെ പാല്‍ പാത്രം നീട്ടി. നടന്ന സംഭവങ്ങളെല്ലാം അവന്‍ തന്റെ അധ്യാപകനെ അറിയിച്ചു. പാല്‍ നഷ്ടപ്പെട്ടതില്‍ അദ്ദേഹത്തിന് കോപം വന്നു. തല്‍ക്ഷണം, പാല്‍പാത്രത്തില്‍ പാല്‍ നിറഞ്ഞൊഴുകി. ആ ബാലന്റെ കഥ നാട്ടുകാര്‍ വിശ്വസിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം പുണ്യമായി കരുതാന്‍ ക്രൈസ്തവരായ നിവാസികള്‍ തീരുമാനിച്ചു.

പരി. അമ്മ രണ്ടാമത് പ്രത്യക്ഷപ്പെടുന്നത് 1500 ന്റെ അവസാനമാണ്. ദരിദ്രനും മുടന്തനുമായിരുന്ന ഒരു പന്ത്രണ്ടു വയസ്സുകാരന്‍ വേളാങ്കണ്ണിയില്‍ ഉണ്ടായിരുന്നു. തൈര് വില്പനയായിരുന്നു അവന്റെ ജീവനമാര്‍ഗം. ഒരിക്കല്‍ വളരെ തിളക്കമുള്ള എന്തോ ഒന്ന് അവന്‍ കാണുവാനിടവന്നു. മനോഹാരിതയില്‍ വിളങ്ങുന്ന പരി. കന്യകാമറിയത്തെയും, കൂടെ ശിശുവായ ഉണ്ണിയേശുവിനെയും അവന്‍ ശ്രദ്ധിച്ചു. അമ്മ അവനോട് അല്പം തൈര് ആവശ്യപ്പെട്ടു. അവന്‍ വൈമനസ്യം കൂടാതെ അത് നല്‍കി. അത്ഭുതങ്ങള്‍ നടന്ന അവിടെ ഒരു ചാപ്പല്‍ പണിയണമെന്നും നാഗപട്ടണത്തിലെ ധനവാനായ ഒരാളെ അക്കാര്യം അറിയിക്കണമെന്നും അമ്മ ബാലനോട് പറഞ്ഞു. അവന്‍ അത് മൂളികേള്‍ക്കുമ്പോള്‍ മുടന്തുള്ള അവന്റെ കാല്‍ സൗഖ്യം പ്രാപിക്കുകയായിരുന്നു. ഓടിക്കിതച്ച് കൊണ്ട് ആ ബാലന്‍, ധനവാനായ മനുഷ്യന്റെ അടുത്തെത്തി. അയാള്‍ക്കും അതേ സമയത്ത് അമ്മയുടെ ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. അത്ഭുതത്തെക്കുറിച്ച് നേരിട്ട് ബോധ്യം വന്ന ആ മനുഷ്യന്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തുകയും, ചാപ്പല്‍ പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. അയാള്‍ പിന്നീട് കത്തോലിക്കാ വിശ്വാസിയായി മാറി. പരി. അമ്മയുടെ പേരില്‍ പണിതീര്‍ത്ത ചാപ്പലിനെ ആരോഗ്യ മാതാവിന്റെ ചാപ്പല്‍ എന്ന പേരില്‍ വിശ്വാസികള്‍ വിളിച്ചു.

ചൈനയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കപ്പല്‍മാര്‍ഗം സഞ്ചരിച്ചുകൊണ്ടിരുന്ന പോര്‍ച്ചുഗീസുകാര്‍ക്കാണ് പതിനാറാം നൂറ്റാണ്ടില്‍ പരി. അമ്മയുടെ മൂന്നാമത് അത്ഭുതം സംഭവിക്കുന്നത്. യാത്രയ്ക്കിടെ വലിയ കൊടുങ്കാറ്റ് രൂപപ്പെട്ടു. ജീവന്‍ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ കച്ചവടക്കാര്‍ പരി. കന്യകാമാതാവിന്റെ സഹായം തേടുകയും, തങ്ങള്‍ രക്ഷപെട്ട് എത്തിച്ചേരുന്ന സ്ഥലത്ത് അമ്മയുടെ പേരില്‍ ദേവാലയം പണിയാമെന്ന് നേര്‍ച്ച നേരുകയും ചെയ്തു. അങ്ങനെ അത്ഭുതകരമായി അവരുടെ കപ്പല്‍ കരയ്ക്ക് അടുത്തു. അവര്‍ എത്തിച്ചേര്‍ന്ന വേളാങ്കണ്ണിയില്‍, പഴയ ഒരു ചാപ്പല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ, കച്ചവടക്കാര്‍ അവിടം പള്ളി പണിയുവാനുള്ള കല്ലിട്ടു വെന്ന് ചരിത്രം പറയുന്നു.
1962 നവംബര്‍ മൂന്നാം തീയതി വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ ദേവാലയം ബസലിക്കയായി ഉയര്‍ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles