വനങ്ങളുടെ മാതാവ്‌

ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചു കൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി നല്‍കുന്നു. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന അമ്മ. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ഒരേ തലത്തില്‍ കാണുന്നവളാണ് ആ ദൈവമാതാവ്. തന്റെ കുഞ്ഞുങ്ങളുടെ സങ്കടത്തില്‍ അവര്‍ സ്വയം അലിഞ്ഞുചേരുകയാണ്. ഏതൊരാപത്തിലും മനസറിഞ്ഞ് വിളിച്ചാല്‍ രക്ഷകയായി ആ മാതാവ് എത്തിച്ചേരുന്നു.

സാന്റി ബെവിലാഖ്വാ എന്ന ചെറിയ കുട്ടിയിലാണ് ഈ കഥ തുടങ്ങുന്നത്. അനാഥനായ സാന്റി തന്റെ അമ്മാവന്റെ കൂടെ റോമിലെ ‘എല്‍ അരീക്ക’യിലാണ് താമസം. ആടിനെ മേയ്ക്കലായിരുന്നു അവന്റെ ജോലി. തന്റെ ജോലിയില്‍ സാന്റി എപ്പോഴും സന്തോഷവാനായിരുന്നു. ഒരു ദിവസം ആടിനെ മേയ്ക്കുന്നതിനിടെ അവന്‍ കുറ്റിച്ചെടികള്‍ക്കു മറവില്‍ ഒരു ചെറിയ മതില്‍ കണ്ടു. അതെന്താണെന്ന് അറിയാന്‍ ആഗ്രഹിച്ച അവന്‍ മതിലിനടുത്തെത്തി. അത്ഭുതമെന്നു പറയട്ടെ അവിടെ കണ്ട കാഴ്ച വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. മാതാവിന്റെ ചിത്രമായിരുന്നു ആ മതിലിന്റെ മേല്‍. ഒരു നിമിഷം അവനവിടെ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം അവന്‍ പൂക്കളുമായി മാതാവിന്റെ അടുക്കലെത്തി. സാന്റി മാതാവിന്റെ മുമ്പില്‍ ഒരു സ്ഥിരം സന്ദര്‍ശകനായി മാറി. പിന്നീട് സാന്റിയോടൊപ്പം അവന്റെ സുഹൃത്തുക്കളും മാതാവിന്റെ മുമ്പില്‍ എത്തി പൂക്കള്‍ അര്‍പ്പിച്ച് സ്തുതികള്‍ പാടി തുടങ്ങി.

എന്നാല്‍ വനത്തിലേക്കുളള കുട്ടികളുടെ സ്ഥിരം സന്ദര്‍ശനം സമീപവാസികള്‍ക്ക് അത്ര ഹിതകരമായി തോന്നിയില്ല. അതിനൊരു പരിഹാരമെന്ന നിലയില്‍ കുട്ടികള്‍ മാതാവിന്റെ അടുക്കലെത്താനായി കുറ്റിച്ചെടികള്‍ക്കി ടയിലൂടെ എളുപ്പമുളള മറ്റൊരു വഴിയുണ്ടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വഴിയുണ്ടാക്കുന്നതിനിടെ അജ്ഞാതമായ തീ കുറ്റിച്ചെടികള്‍ക്കു നേരെ പടര്‍ന്നു പിടിച്ചു. അതോടെ മാതാവിന്റെ അടുക്കലെത്താനുളള അവരുടെ വഴി പൂര്‍ണ്ണമായും അടഞ്ഞു.
പിന്നീട് ആടിനെ മേയ്ക്കുന്ന ജോലിയൊക്കെ വിട്ട് സാന്റി മരപ്പണിക്കാരനായി. ഒരു ദിവസം തന്റെ ജോലിയൊക്കെ കഴിഞ്ഞ് സാന്റി കൂട്ടിയിട്ട മരപ്പലകകളുടെ അരികെ കിടന്നുറങ്ങുകയായിരുന്നു. പെട്ടന്ന് ആ മരപലകകള്‍ അവന്റെ മേല്‍ വീണു, ഞെട്ടിയുണര്‍ന്ന അവന്‍ കരഞ്ഞുകൊണ്ട് ‘വനങ്ങളുടെ മാതാവേ എന്നെ രക്ഷിക്കണമേ’ എന്ന് ഉറക്കെ പ്രാര്‍ത്ഥിച്ചു. സാന്റിക്ക് ഒന്നും തന്നെ സംഭവിച്ചില്ല. ഇത് കണ്ട് പേടിച്ച് ഓടിയെത്തിയ സാന്റിയുടെ അമ്മാവന്‍ അവന്റെ മേല്‍ വീണ പലക എടുത്തുമാറ്റി, എന്നാല്‍ തന്റെ കുട്ടിക്ക് ഒരുപോറല്‍ പോലും ഏറ്റിട്ടില്ല എന്ന് അദ്ദേഹത്തിനു മനസ്സിലായി. ‘നിന്നെ ഇത്രയും വലിയ അപകടത്തില്‍ നിന്നും ആരാണ് രക്ഷിച്ചത്’ അമ്മാവന്‍ സാന്റിയോടു ചോദിച്ചു. ‘ഗല്ലോറോയിലെ മാതാവാണ് എന്ന രക്ഷിച്ചത്’ സാന്റിയോ പറഞ്ഞു. സാന്റി പറഞ്ഞതിന്റെ സത്യാവസ്തയെ കുറിച്ച് അമ്മാവന്‍ അന്വേഷിച്ചു. ഒരു ദേവാലയത്തിന്റ ഭാഗമായി രൂപം കൊണ്ട മതിലായിരുന്നു യഥാര്‍ഥത്തില്‍ അവിടെ ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായി. ആ മതിലിന്റെ ഒരുവശത്തായി മാതാവിനെ പ്രതിനിധീകരിക്കുന്ന അതിമനോഹരമായ ഒരു ചിത്ര വും ഉണ്ടായിരുന്നു. ഗ്രോട്ടോ ഫെറാട്ടായി ലെ ഒരു സന്യാസിയാണ് മാതാവിന്റെ അതിമനോഹരമായ ചിത്രം മതിലിന്റെ മേല്‍ വരച്ചതെന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരുന്നു. ദേവാലയം പണിയാന്‍ തീരുമാനിച്ച ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഭ ആ ഭൂമി ഉപേക്ഷിക്കുകയായിരുന്നു.

സാന്റി പറഞ്ഞത് മുഴുവന്‍ യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം നശിച്ചു പോയ ആ ദേവാലയത്തിന്റെ മാഹാത്മ്യം മനസ്സിലാക്കികൊണ്ട് അത് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. മാതാവിന്റെ കാരുണ്യം കൊണ്ട് ദേവാലയത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ പണം ലഭിക്കുകയും പെട്ടന്നു തന്നെ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. മറ്റുള്ളവരുടെ ആത്മാര്‍ത്ഥ സഹായവും സഹകരണവും ഉണ്ടായതിനാല്‍ ‘വനങ്ങളുടെ മാതാവി’ നായുളള ദേവാലയത്തിന്റെ പണി പെട്ടന്നു തന്നെ പൂര്‍ത്തിയായി. അതോടൊപ്പം തന്നെ ദേവാലയത്തിലെ പുരോഹിതര്‍ക്ക് താമസിക്കുന്നതിനുളള സൗകര്യങ്ങളും ഒരുക്കിയിരുന്നു. പിന്നീട് സാന്റി ദേവാലയത്തിന്റെ ഒരു ഭാഗമായി, ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് തന്റെ ജീവിതം നയിച്ചു.

1633-ല്‍ ദിവസം 15-ഓളം ദിവ്യബലികള്‍ ദേവാലയത്തില്‍ നടന്നു വന്നു. ദേവാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ വനങ്ങളുടെ മാതാവിനെ കാണാന്‍ പലഭാഗങ്ങളില്‍ നിന്നുമായി തീര്‍ത്ഥാടകര്‍ എത്തി. വനങ്ങളുടെ മാതാവാല്‍ അവിടുത്തെ ജനങ്ങള്‍ എന്നും അനുഗ്രഹീതരായിരുന്നു. മാരക രോഗങ്ങളായ പ്ലേഗും കോളറയും അവിടെ നിന്നും പാടെ തുടച്ചു നീക്കപ്പെട്ടു. ജനങ്ങള്‍ എന്നും രോഗവിമുക്തരായിരുന്നു. മറ്റ് പല അത്ഭുതങ്ങളും ജനങ്ങളെ മാതാവിനോട് കൂടുതല്‍ അടുപ്പിച്ചു. ഇന്നും പ്രശസ്തിയാര്‍ജിച്ച ഒരു തീര്‍ത്ഥാടന കേന്ദ്രമായി വനങ്ങളുടെ മാതാവിന്റെ ദേവാലയം അറിയപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles