എഡേസയിലെ മാതാവും വി. അലക്‌സിയൂസും

എഡേസയിലെ പരിശുദ്ധ മാതാവിന്റെ കഥ വി. അലക്‌സിയൂസിന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ്. എഡി 4 നാലാം നൂറ്റാണ്ടാണ് കാലം. ഒരു പ്രമുഖ റോമന്‍ സെനറ്ററായിരുന്ന യൂഫെമിയന്റെ മകനായിരുന്നു അലക്‌സിയൂസ്. ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായാണ് അലക്‌സിയൂസ് പിറന്നത്.

റോമില്‍ ജീവിച്ചിരുന്ന അലക്‌സിയൂസിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ദൈവം ധനികകര്‍ക്ക് ധനം നല്‍കുന്നത് ദരിദ്രരെ സഹായിക്കാനാണെന്ന് അദ്ദേഹം തന്റെ മാതാപിതാക്കളില്‍ നിന്ന് പഠിച്ചിരുന്നു.

അലക്‌സിയൂസ് വളര്‍ന്നു യുവാവായപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മകന് ചേര്‍ന്ന ഇണയെ തിരഞ്ഞു. എന്നാല്‍ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിക്കണം എന്നായിരുന്നു അലക്‌സിയൂസിന്റെ ആഗ്രഹം. അതിനാല്‍ വിവാഹം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല.

മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അലക്‌സിയൂസ് വിവാഹം ചെയ്‌തെങ്കിലും വിവാഹം കഴിഞ്ഞയുടന്‍ ദൈവിക പ്രചോദനത്താല്‍ തന്റെ വിവാഹ മോതിരം ഊരി വധുവിനെ ഏല്‍പിക്കുകയാണ് അലക്‌സിയൂസ് ചെയ്തത്. അദ്ദേഹത്തിന്റെ വധുവിന് അത് സ്വീകാര്യമായി എന്നാണ് കരുതപ്പെടുന്നത്.

തുടര്‍ന്ന് അലക്‌സിയൂസ് രഹസ്യമായി റോം വിട്ട് സിറിയയിലേക്ക് കപ്പല്‍ കയറി. അദ്ദേഹം എഡേസ എന്ന സ്ഥലത്തേക്ക് യാത്രയായി. അവിടെ അദ്ദേഹം ധനമെല്ലാം ഉപേക്ഷിച്ച് ഒരു യാചകനെ പോലെ ജീവിക്കാന്‍ ആരംഭിച്ചു. ഔര്‍ ലേഡി ഓഫ് എഡേസ എന്നറിയപ്പെട്ടിരുന്ന പരിശുദ്ധ അമ്മയ്ക്ക് പ്രതിഷ്ഠിതമായ ഒരു ദേവാലയത്തിന്റെ കവാടത്തില്‍ അദ്ദേഹം ഭിക്ഷ യാചിച്ചു കൊണ്ടിരുന്നു.

അലക്‌സിയൂസ് എവിടെ പോയെന്നറിയാതെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മകനെ എല്ലായിടത്തും തിരഞ്ഞു. അലക്‌സിയൂസാകട്ടെ തന്റെ യാചക ജീവിതത്തില്‍ സംതൃപ്തനായിരുന്നു. അദ്ദേഹം പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി കാലം കഴിച്ചു. മറ്റ് സമയങ്ങളില്‍ എഡേസ ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തു. താന്‍ ആരാണെന്നോ താന്‍ ഉപേക്ഷിച്ചത് എന്താണെന്നോ അദ്ദേഹം ആരോടും വെളിപ്പെടുത്തിയില്ല.

ഒരു ദിവസം അലക്‌സിയൂസ് വണങ്ങിയിരുന്ന മാതൃരൂപം അലക്‌സിയൂസിന്റെ വിശുദ്ധിയെ കുറിച്ച് കപ്യാരോട് വെളിപ്പെടുത്തി. അലക്‌സിയൂസ് ഒരു ദൈവമനുഷ്യനാണ് എന്ന് അമ്മ പറഞ്ഞു. അങ്ങനെ അലക്‌സിയൂസിന്റെ വിശുദ്ധി എഡേസ മുഴുവന്‍ പ്രസിദ്ധമായി.

തനിക്ക് പെട്ടെന്നുണ്ടായ പ്രസിദ്ധി വിശുദ്ധനെ അസ്വസ്ഥനാക്കി. ആരുമറിയാതെ ജീവിക്കാന്‍ ആഗ്രഹിച്ച അദ്ദേഹം ഉടനെ താര്‍സൂസിലേക്ക് കപ്പല്‍ കയറി. എന്നാല്‍ ഒരു വലിയ കൊടുങ്കാറ്റ് കപ്പലിനെ ഇറ്റാലിയന്‍ തീരത്തേക്ക് അടുപ്പിച്ചു. ഈ സംഭവത്തില്‍ ദൈവഹിതം ദര്‍ശിച്ച അലക്‌സിയൂസ് ഉടനെ തന്റെ ജന്മദേശത്തേക്ക് മടങ്ങിപ്പോകാന്‍ നിശ്ചയിച്ചു.

നാട്ടില്‍ മടങ്ങിയെത്തിയ അലക്‌സിയൂസിനെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞില്ല. അത്രമാത്രം അദ്ദേഹം മാറിപ്പോയിരുന്നു. അവിടെ അദ്ദേഹത്തിന് ഒരു എളിയ ജോലി ലഭിച്ചു. അദ്ദേഹം ആ വീട്ടിലെ ചവിട്ടു പടികള്‍ക്ക് കീഴെ അന്തിയുറങ്ങി. താന്‍ ആരാണെന്ന് അലക്‌സിയൂസ് ആരോടും പറഞ്ഞുമില്ല. നീണ്ട 17 വര്‍ഷങ്ങള്‍ ഒരു അപരിചിതനെ പോലെ അലക്‌സിയൂസ് സ്വന്തം ഭവനത്തില്‍ വസിച്ചു. എല്ലാ നിന്ദനങ്ങളും മറ്റ് വേലക്കാരുടെ ദുഷ്‌പെരുമാറ്റങ്ങളും അദ്ദഹം ക്ഷമയോടെ സഹിച്ചു.

വി. അലക്‌സിയൂസ് മരണമടഞ്ഞപ്പോള്‍ പള്ളി മണികള്‍ താനെ മുഴങ്ങി. ഇന്നസെന്റ് ഒന്നാമന്‍ മാര്‍പാപ്പ വി. കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ ഇങ്ങനെ ഒരു ശബ്ദം കേട്ടു: ദൈവമനുഷ്യനെ അന്വേഷിക്കുക. മാര്‍പാപ്പയുടെ അന്വേഷണത്തില്‍ റോമാ ചക്രവര്‍ത്തിയും ചേര്‍ന്നു. അവസാനം ദിവ്യസ്വരത്തിന്റെ അകമ്പടിയോടെ അവര്‍ അദ്ദേഹത്തിന്റെ മൃതശരീരം സ്വന്തം വീട്ടിലെ ചവിട്ടു പടികള്‍ക്ക് താഴെ കണ്ടെത്തി.

അലക്‌സിയൂസിന്റെ മൃതശരീരത്തിനടുത്ത് അദ്ദേഹം ദൈവിക പ്രചോദനത്താല്‍ എഴുതിയ സൂക്ഷിച്ചിരുന്ന സ്വന്തം ജീവിതം അടങ്ങിയ ഒരു ചുരുള്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് സത്യം അറിഞ്ഞ അലക്‌സിയൂസിന്റെ മാതാപിതാക്കള്‍ അതീവ ദുഖിതരായി. എല്ലാം ദൈവസ്‌നേഹത്തെ പ്രതി സഹിച്ച ഒരു മഹാവിശുദ്ധനായിരുന്നു തങ്ങളുടെ മകന്‍ എന്ന അറിവ് ്അവര്‍ക്ക് സാന്ത്വനമായി.

വി. അലക്‌സിയൂസ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ പിന്നീട് റോമിലെ അവെന്റൈന്‍ വേയിലെ വി. ബോനിഫേസിന്റെ പള്ളിയിലേക്ക് മാറ്റി. ഒരിക്കല്‍ അലക്‌സിയൂസ് കിടന്നുറങ്ങിയിരുന്ന ആ ചവിട്ടു പടിയുടെ ചിത്രം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles