വിവാഹത്തിനൊരുങ്ങുന്നവര്‍ക്ക് ഇതാ നല്ല മാതൃകകള്‍

വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കള്‍ക്ക് മാതൃകയായി 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് നസ്രത്ത്‌ എന്ന കുഗ്രാമത്തില്‍ ജീവിച്ചിരുന്ന രണ്ടു മാതൃകാ കുടുംബങ്ങളെ പരിചയപ്പെടുത്താം. ഒന്ന് അന്ന, യോവാക്കീം ദമ്പതികള്‍ രണ്ടാമത്തേതു തിരുക്കുടുംബം. വളരെ വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമില്ലാത്തതിന്റെ പേരില്‍ നിരാശരാകാതെ, ദൈവത്തോടു അനുദിനം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവരായിരുന്നു അന്ന, യോവാക്കിം ദമ്പതികള്‍. അഹറോന്റെ പുത്രിയായ അന്ന ആഗ്രഹിച്ചിരുന്നതു തന്റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്റെ ജീവിതത്തോടു ചേര്‍ക്കണമെന്നായിരുന്നു. കുടുംബത്തിന്റെ സന്തോഷം നീതിനിഷ്ഠമായ ജീവിതത്തിലാണ് അടങ്ങിയിരിക്കുന്നതെന്നു അവര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. അതുപോലെ യൊവാക്കിം വിലമതിച്ചിരുന്നതു സൗന്ദര്യത്തെക്കാളും സമ്പത്തിനേക്കാളും കൂടുതലായി അന്നയില്‍ കണ്ട നന്മ യേയും ജ്ഞാനത്തേയും ആയിരുന്നു. വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കള്‍ ഇവരുടെ ഈ ഗുണങ്ങളെയാണ് അനുകരിക്കേണ്ടതും ബാഹ്യമോടിയില്‍ ആകൃഷ്ടരാവാതെ ആത്മീയ സമ്പത്തുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതും.

ഇനി നമുക്ക് തിരുക്കുടുംബത്തിലേക്കു കടക്കാം. അവിടെയും നമ്മള്‍ കാണുന്നതു ക്രിസ്തീയ കുടുംബങ്ങള്‍ക്ക് മാതൃകയായ പരിശുദ്ധയമ്മേയയും വിശുദ്ധ യൗസേപ്പിതാവിനേയും ആണ്. പറയത്തക്ക വിദ്യാഭ്യാസമോ സാമ്പത്തികശേഷിയോ ഇല്ലാതിരുന്ന രണ്ടു വ്യക്തികള്‍. ദാവീദു വംശജരായ, അവിവാഹിതരായ പുരുഷന്മാരെല്ലാവരും ജറുസലേം ദൈവാലയത്തില്‍ എത്തിച്ചേരണമെന്ന് പ്രധാന പുരോഹിതന്‍. ആജ്ഞയനുസരിച്ച് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന നാസിര്‍വ്രതക്കാരനും, സുന്ദരനും, സുമുഖനും, ചെറുപ്പക്കാരനായും ജോസഫ് കേവലം അനാഥയായ, നിര്‍ദ്ധനയായ ഒരു പതിനഞ്ചുകാരിയെ കൈ പിടിച്ചു തുടങ്ങിയ ജീവിതം മരണം വരെ സന്തുഷ്ടമായ ഒന്നായിരുന്നു. കുട്ടി ജനിക്കുന്നതിനു മുമ്പു മാതാപിതാക്കള്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. ജനിക്കുന്ന കുട്ടി ആണായാലും പെണ്ണായാലും ദൈവത്തിനു സമര്‍പ്പിച്ചേക്കാമെന്നും അതനുസരിച്ച് മൂന്നുവയസ്സുകാരിയായ മേരിയെ ജറുസലെം ദൈവാലയത്തില്‍ കാഴ്ച വച്ചു. അധികം താമസിയാതെ അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെട്ടു. സമ്പാദ്യമായി ഒരു ചെറിയ വീടു മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. എല്ലാ വിധത്തിലും അനാഥയായ മേരിയെ അതുപോലെ ഒരു നിര്‍ദ്ധനനായ ജോസഫ് യാതൊന്നും ആഗ്രഹിക്കാതെ വിവാഹം കഴിച്ചു. നസ്രത്തുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്ന അന്ന – യോവാക്കിം ദമ്പതികളുടെ പുത്രിയെ ലഭിച്ചത് അദ്ദേഹം വളരെ കാര്യമായി കരുതി. പരിശുദ്ധവും പരിപാവനവുമായ വിവാഹമെന്ന കൂദാശയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന മക്കളില്‍നിന്നും ഇവരെ മാതൃകയായി സ്വീകരിക്കുക. നിങ്ങളുടെ ജീവിതമാകുന്ന തോണി സന്തോഷത്തോടും സമാധാനത്തോടും തുടര്‍ന്നുകൊണ്ടു പോകാമെന്നതില്‍ യാതൊരു സംശയവും വേണ്ട. സ്വന്തം അനുഭവമാണ് ഈ എഴുതുന്നത്.

പരിശുദ്ധയായ ഒരു കന്യക – നീതിമാനും വിരക്തനുമായ ഒരു മനുഷ്യന്‍- ചാരിത്ര്യത്തിന്റെ സൗരഭ്യം വീശിയിരുന്ന രണ്ടു ലില്ലിപ്പൂക്കള്‍. അവരുടെ മദ്ധ്യേ പരിശുദ്ധിയുടെ പരിമളം സ്വീകരിച്ചാണ് ഞാന്‍ വളര്‍ന്നതും എന്നാണ് ഈശോ പറഞ്ഞത്. മാതാപിതാക്കള്‍ ആയിരിക്കണം മക്കള്‍ക്ക് മാതൃക. മാതാപിതാക്കളെ അനുകരിച്ചാണ് മക്കള്‍ വളരുന്നത്. മാതാപിതാക്കള്‍ വഴിതെറ്റിയാല്‍ മക്കളും വഴിതെറ്റും. പിന്നീട് അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ ദേവാലയത്തില്‍ അന്തേവാസിയായി തുടരാന്‍ അനുവാദമില്ല. അതനുസരിച്ച് മേരി നസ്രത്തിലെ തന്റെ കൊച്ചു വീട്ടിലേക്കു താമസം മാറ്റി. മേരിക്ക് ഒരു പക്വത വന്നിട്ടു വിവാഹം നടത്താമെന്നാണു ജോസഫ് സഹോദരനായ അല്‍ഫേയൂസിനോടു പറഞ്ഞത്. ജോലി കഴിഞ്ഞു ജോസഫ് വൈകുന്നേരങ്ങളില്‍ മേരിയെ സന്ദര്‍ശിക്കുകയും വീട്ടിലേക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് മാലാഖയുടെ മംഗളവാര്‍ത്ത. മംഗളവാര്‍ത്തയെക്കുറിച്ചു മേരി ജോസഫിനോടു ഒന്നുംതന്നെ പറഞ്ഞില്ല. താന്‍ അറിയാത്ത ഒരു കുറ്റം തന്നില്‍ ചുമത്തപ്പെടുമെന്നും ഭയന്ന അദ്ദേഹം മേരിയെ രഹസ്യമായി ഉപേക്ഷിക്കാന്‍ മനസ്സില്‍ തീരുമാനിച്ചു. മാലാഖയാല്‍ സംശയത്തില്‍ നിന്നു മോചിതനായ ഉടനെ മേരിയുടെ അടുക്കല്‍ വന്ന് മാപ്പുപറഞ്ഞു. ആ ഒരു തെറ്റേ അവരുടെ ദാമ്പത്യജീവിതത്തില്‍ അദ്ദേഹം ചെയ്തുള്ളു.

സംശയത്തിന്റെ പേരില്‍ ഇന്ന് എത്രയോ ദാമ്പത്യബന്ധങ്ങള്‍ തകരുന്നു. ഈ സാഹചര്യത്തിലാ ഈ ദാമ്പത്യബന്ധം കൂടുതല്‍ നമ്മുടെ ചിന്തയ്ക്കു വിധേയമാകുന്നത്. സാത്താന്‍ തന്റെ ഏറ്റവും ഫലസമൃദ്ധിയായുള്ള വിത്തായ ‘സംശയം’ മനുഷ്യമനസ്സില്‍ പാകിക്കഴിഞ്ഞാല്‍ അവനറിയാം, നമ്മള്‍ നൂറുമേനി അതില്‍നിന്നു വിളയിക്കുന്നുവെന്ന്.

അന്നത്തെ യഹൂദനിയമമനുസരിച്ച് മക്കളില്ലാത്തതിന്റെ പേരില്‍ യോവാക്കിമിന് അന്നയെ ഉപേക്ഷിക്കാമായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. ഭാര്യയെ ആശ്വസിപ്പിക്കുകയും ദൈവത്തോടു നിരന്തരമായി പ്രാര്‍ത്ഥിക്കുകയുമാണു അദ്ദേഹം ചെയ്തത്. മക്കളില്ലാത്തതിന്റെ പേരില്‍ എത്രയോ വിവാഹമോചനങ്ങള്‍ നടക്കുന്നു. ദൈവം തരുന്ന ദാനമാണു മക്കള്‍. ദൈവത്തിനു അസാദ്ധ്യമായി ഒന്നുമില്ല.

തിരുക്കുടുംബത്തിന്റെ തലവന്‍ ജോസഫായിരുന്നു. അമ്മയും മകനും അദ്ദേഹത്തെ അനുസരിച്ചിരുന്നു. വേണമെങ്കില്‍ താന്‍ ദൈവപുത്രനാണെന്നു പറഞ്ഞു ഈശോയും, താന്‍ ദൈവപുത്രന്റെ മാതാവാണെന്നു പറഞ്ഞു പരിശുദ്ധ അമ്മയ്ക്കും അനുസരണ ക്കേടു കാണിക്കാമായിരുന്നു. തന്റേതല്ലാത്ത കുഞ്ഞിനു വേണ്ടിയാണു അദ്ദേഹം യാതനകള്‍ അനുഭവിച്ചത്. ജറുസലേമില്‍ നിന്നു ഈജിപ്തിലേക്കുള്ള യാത്ര ഇന്നും ദീര്‍ഘവും വിരസവുമാണ്. ആ കണക്കിന് സുന്ദരിയും യുവതിയുമായ ഭാര്യയേയും ഒരു കൈക്കുഞ്ഞിനെയും കൊണ്ടു തന്റെ എക്കാലത്തെയും വാഹനമായ കഴുതപ്പുറത്തു എത്രമാത്രം ക്ലേശങ്ങള്‍ സഹിച്ചായിരിക്കും അദ്ദേഹം പാലായനം ചെയ്തത്. ലക്കും ലഗാനുമില്ലാതെ ഓടിനടക്കുന്ന റോമന്‍ പട്ടാളക്കാര്‍ അവനെ കണ്ടു പിടിക്കാന്‍ പാഞ്ഞു നടക്കുന്ന ഹെറോദേ സിന്റെ പട്ടാളക്കാര്‍! എത്രമാത്രം പ്രയാസങ്ങള്‍ ആ കുഞ്ഞിനുവേണ്ടി മാതാപിതാക്കള്‍ സഹിച്ചു.

ജീവിതത്തില്‍ മക്കള്‍ക്കുവേണ്ടി നമ്മള്‍ ത്യാഗങ്ങള്‍ സഹിക്കണം. തിരിച്ചു പ്രതിഫലം കിട്ടുമെന്നു യാതൊരു ഉറപ്പുമില്ല. എങ്കിലും നമ്മള്‍ നമ്മുടെ കടമകള്‍ നമ്മളാല്‍ കഴിയു ന്നവിധം ചെയ്യുക. തീര്‍ച്ചയായും ദൈവത്തിന്റെ മുമ്പില്‍ കണക്കു കൊടുക്കേണ്ടിവരും. അതുകൊണ്ടാണു ഈശോ പറഞ്ഞതു, നസ്രത്തിലെ ആ ഓക്കുമരത്തിന്റെ തണലിലാണു അനാഥരായ ഞാനും എന്റെ അമ്മയും ജീവിച്ചതെന്ന്.

കുടുംബപ്രാര്‍ത്ഥന, മിതവ്യയശീലം, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത, പരസ്പര സ്‌നേഹം, വിശ്വാസം, ഐക്യം, എല്ലാം തുറന്നു പറയാനുള്ള മനസ്സ് എന്നീ ഗുണങ്ങളെല്ലാം തിരുക്കുടുംബത്തില്‍ നിന്നു നമ്മള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തണം. എന്നാലേ കുടുംബജീവിതം വിജയപ്രദമാകൂ. കുറ്റങ്ങളും കുറവുകളും എല്ലാവരിലും ഉണ്ടാകും. നമ്മളാരും വി. യൗസേപിതാവോ, പരിശുദ്ധയമ്മയോ അല്ല.

ഇന്നത്തെ മക്കളില്‍ കൂടുതലും സ്വാര്‍ത്ഥതയാണു കണ്ടുവരുന്നത്. ഒന്നും സഹിക്കാന്‍ മാതാപിതാക്കള്‍ അവരെ അനുവദിക്കുന്നില്ല. അതുകൊണ്ടാണു ഇക്കാലത്തു വിവാഹമോചനം ധാരാളം ഉണ്ടാകുന്നതും. നിസ്സാരകാര്യത്തിനു വേണ്ടി വഴക്കിട്ടു വരുന്ന മക്കളെ അമ്മമാര്‍ താലോലിച്ചു വീട്ടില്‍ നിര്‍ത്തുകയാണ്. ഇന്നത്തെ പെണ്‍കുട്ടികള്‍ മിക്കവാറും വിവാഹം കഴിഞ്ഞാല്‍ ഉടനെ വിവാഹ കോടതികളുടെ വരാന്തയില്‍ ആണു സ്ഥാനം പിടിക്കുന്നത്. പണ്ടത്തെ കൂട്ടുകുടുംബങ്ങളില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. അഥവാ ഒരു സംഭവം നടന്നാല്‍ രാത്രിക്കു രാത്രിതന്നെ ഇരുചെവി അറിയാതെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിക്കുമായിരുന്നു. നിങ്ങള്‍ എത്രനാള്‍ പെണ്‍കു ട്ടികളെ സംരക്ഷിക്കും. മരുമക്കളായി വരുന്ന മറ്റൊരു പെണ്‍കുട്ടിയാണു ഇതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കുന്നത്. പെണ്‍കുട്ടികള്‍ ഒരു കാര്യം മനസ്സിലാക്കണം. ഭര്‍ത്താവിന്റെ കൈകളുടെ കരുത്തു മറ്റൊരു കൈയില്‍ നിന്നും പ്രതീക്ഷിക്കേണ്ട. അതുപോലെ അദ്ദേഹത്തിന്റെ സംരക്ഷണവും ഭര്‍ത്താവിനെ ഉപേക്ഷിച്ചു തന്റേടിയായി ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്കു സമൂഹത്തില്‍ എന്തു വിലയാണുള്ളത്. ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ഈശോ എടുത്തു പറയുന്നു, ഇണയെ പിരിഞ്ഞു മറ്റൊരു വ്യക്തിയെ സ്വീകരിക്കുന്നതു വ്യഭിചാരമാണ്.

വിവാഹിതരാകാന്‍ പോകുന്നവരോടു ഒരപേക്ഷ. അണുകുടുംബം സൃഷ്ടിക്കല്ലേ. അണുകുടുംബം സൃഷ്ടിച്ചവര്‍ ഇന്ന് അതിന്റെ ഫലം അനുഭവിക്കുന്നതും ഏകാന്തത അല്ലെങ്കില്‍ വൃദ്ധസദനങ്ങളെ ആശ്രയിക്കല്‍, ഭാവി തലമുറയ്ക്ക് ആ ഗതികേട് വരാതിരിക്കട്ടെ. സമ്പത്തും ആരോഗ്യവും സൗന്ദര്യവും അനുസരിച്ചു കുട്ടികള്‍ക്ക് ജന്മം നല്കാതെ, ഉല്‍പത്തി 1:28 പ്രകാരവും ‘ ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു, സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍’ ജെറമിയ 29:6 പ്രകാരവും ‘വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്കുവിന്‍. നിങ്ങളുടെ പുത്രീ പുത്രന്മാരെ വിവാഹം കഴിപ്പിക്കുവിന്‍. അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം’ എന്നീ വചനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം പാലിക്കുക.

ലോകത്തിലെ ജീവജാലങ്ങളെ പോറ്റുന്നതു ദൈവമാണെന്നും പഴയ തലമുറക്കാര്‍ക്ക് ധാരാളം ബോധ്യമുണ്ടായിരുന്നു. അവരവരുടെ കഴിവനുസരിച്ച് ഓരോരുത്തര്‍ക്കും ആവശ്യമായ വിദ്യാഭ്യാസം നല്കിയിരുന്നു. ആരും പട്ടിണികിടന്ന് മരിക്കേണ്ടി വന്നിട്ടില്ല. എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുക. അവിടുത്തേക്ക് അസാധ്യമായി വല്ലതുമുണ്ടോ?

മക്കളെ, വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തന്നെ മുട്ടുകുത്തിനിന്നു വിശുദ്ധ യൗസേപ്പിതാവിനോടും പരിശുദ്ധ അമ്മയോടും മരണം വരെ നിങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ അപേക്ഷിക്കുക. ഒരിക്കലും ആ ജീവിതത്തില്‍ നിരാശപ്പെടേണ്ടി വരുകയില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles