അമ്മേ, എന്റെ ആശ്രയമേ

”മാതൃത്വം” എന്നാല്‍ എന്റെ കുഞ്ഞിനുവേണ്ടി ഞാന്‍ മരിക്കുക എന്ന പ്രതിജ്ഞയാണ്. എന്നു വച്ചാല്‍ സ്വയം ബലിയായിത്തീരുക എന്നര്‍ത്ഥം. കുഞ്ഞിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്ന അമ്മ ജീവിതത്തിലെ എല്ലാ സഹനങ്ങളും ഏറ്റു വാങ്ങുന്നു. അവള്‍ മരിക്കുന്നതിലല്ല കുഞ്ഞിനു വേണ്ടി ജീവിക്കുന്നതിലാണ് പ്രതിജ്ഞാബദ്ധയായിരിക്കുന്നത്. ഈ അര്‍ത്ഥത്തിലാണ് പരി. കന്യകാമറിയം തന്റെ പുത്രനായ യേശുവിനുവേണ്ടി എത്ര സഹിച്ചു എന്നു വ്യക്തമാകുന്നത്. മരിക്കാന്‍ എളുപ്പമാണ്; ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും മരിക്കാം. ആത്മഹത്യയും, കൊലപാതകങ്ങളും പെരുകുന്ന ഇക്കാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് അവസാനം വരെ പിടിച്ചുനില്‍ക്കുന്നവര്‍ എത്രപേരുണ്ട്? സഹിച്ചുകൊണ്ട് ജീവിക്കുന്ന അമ്മമാര്‍ ഉണ്ടാകണം, പിതാക്കന്മാരുണ്ടാകണം, സഹോദരങ്ങള്‍ ഉണ്ടാകണം, സുഹൃത്തുക്കള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ ഈ ജീവിതത്തിനു നിലനില്‍പുള്ളു. ”അവസാനം വരെ സഹിച്ചു നില്ക്കുന്നവര്‍ രക്ഷ പ്രാപിക്കും” എന്ന തിരുവചനത്തിന്റെ പ്രസക്തി ഇവിടെയാണ്. പരിശുദ്ധ മറിയം എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു അവസാനം വരെ പിടിച്ചു നിന്നു. കുരിശിന്‍ ചുവട്ടില്‍ തന്റെ മകന്റെ കഠിന വേദനകള്‍ ഏറ്റുവാങ്ങി അചഞ്ചലയായി നിലകൊണ്ടു. ഇതാണ് മാതൃത്വത്തിന്റെ മഹത്വം.

ജീവിതം എന്നതു ക്ഷണനേരം കൊണ്ടു ഉദിച്ചുയരുന്നതും നീര്‍ക്കുമിളപോലെ പൊട്ടിമറയുന്നതുമല്ല. അത് അവസാനം വരെ സഹിച്ചുനിന്നുകൊണ്ടു കൂടെയുള്ളവരെ കാത്തുപരിപാലിക്കുന്നതാണ്. സ്വാര്‍ത്ഥതയില്ലാത്ത സ്‌നേഹം! ലാഭേച്ഛയില്ലാത്ത സ്‌നേഹം! പരിശുദ്ധ അമ്മയില്‍ നമ്മള്‍ കാണുന്നത് ഈ സ്‌നേഹമാണ്. സഹിച്ചുജീവിക്കുക എന്നത് ഇക്കാലത്ത് അന്ത്യം വന്നു പോകുന്ന ഒരവസ്ഥയാണ്. ആര്‍ക്കുവേണ്ടി സഹിക്കണം? എന്തിനു വേണ്ടി സഹിക്കണം? ആര്‍ക്കുവേണ്ടി ജീവിക്കണം? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പരി. മറിയത്തിന്റെ ജീവിതം. കൂടെയുള്ളവരില്‍ നിന്നനുഭവിക്കുന്ന നിന്ദാപമാനങ്ങളും, ശാപവാക്കുകളും, നന്ദിഹീനതയും, പീഢനങ്ങളുമൊക്കെ സമചിത്തതയോടെ ഹൃദയത്തില്‍ ഏറ്റുവാങ്ങി ക്ഷമയോടെ കരുതലോടെ മുന്നോട്ടുപോകുന്നവരാണ് മാതാവിന്റെ മാതൃക അനുകരിക്കുന്നവര്‍. ഇവിടെയാണ് പരി. മറിയത്തിന്റെ ത്യാഗത്തിന്റെ വില നമ്മള്‍ തിരിച്ചറിയേണ്ടത. ലോകരക്ഷക്കുവേണ്ടി സഹനം എന്ന പാനപാത്രം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അമ്മയാണ് പരി. മറിയം. സഹനം എന്നത് രക്ഷയുടെ പാനപാത്രമാകുന്നത് പരി. മറിയത്തിലൂടെയാണ്. അതുകൊണ്ടാണ് വിശുദ്ധബലിയില്‍ കന്യകാമറിയത്തെ നമ്മള്‍ അനുസ്മരിക്കുന്നതും, പ്രകീര്‍ത്തിക്കുന്നതും. ജീവിതബലി എന്നും സമര്‍പ്പണമാണ്. നമ്മള്‍ ലക്ഷ്യത്തില്‍ എത്തിചേരുന്നതുവരെ തളരാതെ, നിരാശരാകാതെ മുന്നോട്ടുപോകാനുള്ള സമര്‍പ്പണം. നമ്മള്‍ ലക്ഷ്യമാക്കുന്ന ജീവിതധാര അനുസ്യൂതം മുന്നോട്ടുപോകമമെങ്കില്‍ പരി. അമ്മയുടെ സമര്‍പ്പണജീവിതത്തിന്റെദിവ്യരഹസ്യങ്ങള്‍ ധ്യാനിക്കണം. ഇനിയും വെളിപ്പെടുത്താത്ത ദിവ്യരഹസ്യങ്ങള്‍ പരി. മറിയത്തില്‍ നിഗൂഢമായി നിലകൊള്ളുന്നു. കാരണം അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.

ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ അമ്മ എന്ന വാക്ക് ചുണ്ടില്‍ വിരിഞ്ഞുകൊണ്ടു ഭൂമിയില്‍ ജാതനാകുന്നു. മരിക്കുമ്പോഴോ? ”എന്റെ അമ്മേ എന്റെ ആശ്രയമേ” എന്നു വിളിച്ചാല്‍ അമ്മ ചാരത്തുണ്ടാകും. അതാണ് കുരിശിന്‍ ചുവട്ടില്‍ നിന്ന അമ്മയുടെ പ്രതിരൂപം. അതുകൊണ്ടാണ് തിന്മ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അമ്മയുടെ പ്രത്യക്ഷീകരണവും വെളിപ്പെടുത്തലുകളും അധികമായി കാണപ്പെടുന്നത്. പ്രത്യാശയുടെ പ്രതീകമാണ് പര. അമ്മ. അതുകൊണ്ടാണ് പിതാവായ ദൈവം കല്പിച്ചരുളിയ ദൈവപുത്രന്റെ അമ്മയാകാന്‍ വിളിക്കപ്പെട്ട പരി. മറിയം ദൈവം കല്പിച്ചു നല്‍കിയിരിക്കുന്ന അധികാരത്തിന്റെ മദ്ധ്യസ്ഥ ശക്തിയെ അധരം കൊണ്ടു ഏറ്റുപറയുകവഴി, ഏതു സാഹചര്യത്തിലും ഏതു പ്രതിസന്ധികളിലും നമുക്കേറ്റുപറയാം ”അമ്മേ എന്റെ ആശ്രയമേ”.

~ പൈലി, കൊടുവേലിപ്പറമ്പില്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles