അമ്മയ്ക്കരികെ
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ
മക്കൾ മരണപ്പെടുക എന്നത് എത്രയോ വേദനാജനകമാണല്ലേ?
അങ്ങനെയൊരു മൃതസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുത്തത് ഓർക്കുന്നു.
ഭർത്താവ് മരിച്ച ശേഷം
ആ സ്ത്രീയ്ക്കുണ്ടായിരുന്ന ഏക തുണ പത്തൊമ്പതു വയസുകാരൻ മകനായിരുന്നു.
ബൈക്കപകടത്തിൽ ആ മകനും മരണമടയുമ്പോൾ
ആ സ്ത്രീയുടെ മനസ് എത്രമാത്രം നൊന്തിരിക്കും?
വർഷങ്ങൾക്കു ശേഷം ആ സ്ത്രീയെ വീണ്ടും കണ്ടുമുട്ടാനിടയായി. അവരപ്പോൾ
ഒരു അഗതിമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. മകൻ്റെ വേർപാട് ഏൽപിച്ച നൊമ്പരത്തിൽ നിന്നും എങ്ങനെ കരകയറാനായി എന്ന് ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെയായിരുന്നു:
“മകൻ മരണപ്പെട്ട ദിവസങ്ങളിൽ
വല്ലാത്ത ഏകാന്തതയായിരുന്നു.
ആരോടും സംസാരിക്കാൻ ഇഷ്ടമില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു സിസ്റ്റർ എന്നെ ഈ അഗതിമന്ദിരത്തിൽ എത്തിച്ചത്. ഇവിടുത്തെ കുഞ്ഞുങ്ങളുടെ അപ്പനും അമ്മയും പലയിടങ്ങളിലായി ജീവിച്ചിരിപ്പുണ്ടെങ്കിലും
ഇവരെല്ലാം അനാഥരാണ്. ഇവരെ ശുശ്രൂഷിക്കുന്ന സിസ്റ്റേഴ്സ്
എത്ര മഹത്തായ സേവനമാണ് ചെയ്യുന്നത്?
മടക്കയാത്രയിൽ എൻ്റെ മനസ് പറഞ്ഞു:
‘മാതാപിതാക്കൾ ഉപേക്ഷിച്ച ഈ മക്കൾക്ക് നിനക്കൊരു അമ്മയായിക്കൂടെ… എന്ന്? ‘
ആ ചോദ്യം എൻ്റെ മനസിനെ വല്ലാതെ അലട്ടി. എന്തായാലും എൻ്റെ മകനെ ദൈവം
എടുത്തത് ആരോരുമില്ലാത്തവർക്ക് അമ്മയാകാനാണെന്ന് ഞാൻ തിരിച്ചറിയുന്നു. അതായിരുന്നു എന്നെക്കുറിച്ചുള്ള ദൈവീക പദ്ധതി. അധികം താമസിയാതെ ഞാനിവിടെ എത്തിച്ചേരുകയും ചെയ്തു. ഇപ്പോൾ എന്നെ അലട്ടിയിരുന്ന വിഷാദങ്ങളിൽ നിന്ന് കരകയറാൻ കുറച്ചെങ്കിലും എനിക്ക് കഴിഞ്ഞു.”
ഈ സ്ത്രീയെ പോലെ ഒരു അമ്മയായിരുന്നു മറിയവും. സ്വന്തം മകൻ്റെ ദാരുണമായ അന്ത്യം നിറമിഴികളാൽ കണ്ടു നിന്നവൾ. ‘ബറാബാസിനെ വിട്ടുതരിക’ എന്ന ആക്രോശവും ‘ഇതാ മനുഷ്യൻ ‘ എന്ന പ്രഖ്യാപനവും അവൾ കേക്കുന്നുണ്ടായിരുന്നു.
ചമ്മട്ടിയടിയേറ്റും മുൾമുടി ധരിക്കപ്പെടും വരുന്ന തൻ്റെ മകനെ അവൾ ദൂരെ നിന്നേ കണ്ടു. ശരീരം ചോരയും ചെളിയും തുപ്പൽ കൊണ്ടും നിറഞ്ഞവൻ.
അവൻ്റെ ശരീരം മരണവേദനയിൽ.
മേലങ്കിക്കു വേണ്ടി പടയാളികൾ ചിട്ടിയിടുന്നു. അമ്മയും ആ കയ്പുകാസ അവസാനം വരെ കുടിച്ചു.
‘പിതാവെ ഇവരോട് ക്ഷമിക്കണമെ ഇവർ ചെയ്യുന്നതെന്തെന്നിവർ അറിയുന്നില്ല’
(ലൂക്ക 23: 34) എന്ന് പുത്രൻ പ്രാർത്ഥിച്ചപ്പോൾ അവളും ആ പ്രാർത്ഥന ഏറ്റുചൊല്ലി.
മഗ്ദലേനക്കാരി മറിയത്തോടൊപ്പം
അവൾ കല്ലറയിലേക്ക് ഓടിയില്ല.
”അവന് ഇവിടെയില്ല; താന് അരുളിച്ചെയ്‌തതുപേലെ അവന് ഉയിര്പ്പിക്കപ്പെട്ടു” (മത്താ 28:6) എന്ന് ദൈവദൂതൻ പറയും മുമ്പേ അവൾ വിശ്വസിച്ചു.
കല്ലറയിൽ നിന്നുയർക്കും മുമ്പേ സ്വന്തം അമ്മയുടെ ഹൃത്തടത്തിൽ
ക്രിസ്തു ഉയിർത്തു കഴിഞ്ഞിരുന്നു!
കാത്തിരിക്കേണ്ടിടത്ത് കാത്തിരിക്കാനും ഓടേണ്ടിടത്ത് ഓടാനും അറിയാവുന്നവളുടെ പേരാണ് മറിയം. ജീവിതത്തിലെ മരണ തുല്യമായ നൊമ്പരങ്ങളിലും കർത്താവ് ഇടപെടുമെന്ന് തിരിച്ചറിയാൻ കല്ലറവരെ ഓടേണ്ട ആവശ്യമില്ലെന്ന് പഠിപ്പിച്ചവളാണവൾ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.