ബിജ്നോർ രൂപതയുടെ മെത്രാന്‍ മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ മെത്രാഭിഷേകം ഇന്ന് (1 നവംബര്‍, 2019)

ബിജ്നോർ രൂപതയുടെ മെത്രാന്‍ മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ മെത്രാഭിഷേകം ഇന്ന് രാവിലെ 9.30 മുതൽ ക്വാട്ട്ദ്വാർ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ നടക്കും. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ബിജ്നോർ രൂപത മെത്രാൻ മാർ ജോൺ വടക്കേൽ സി.എം.ഐ., ബിഷപ്പ് എമരിറ്റസ് മാർ ​ഗ്രേഷ്യൻ മുണ്ടാടൻ സി.എം.ഐ. തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. ശുശ്രൂഷാമദ്ധ്യേ ആ​ഗ്ര ആർച്ചുബിഷപ്പ് ഡോ. ആർബർട്ട് ഡിസൂസ വചന സന്ദേശം നല്‍കും. തിരുകര്‍മ്മങ്ങള്‍ക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും രാഷ്ട്രീയ നേതാക്കന്മാരും സാസ്കാരിക പ്രവർത്തകരും ഇതര മതനേതാക്കളും പങ്കെടുക്കും.

ഇന്ന് രാവിലെ 9 മണിക്ക് അഭി. പിതാക്കന്മാരേയും മറ്റ് വിശിഷ്ടവ്യക്തികളെയും ക്വാട്ട്ദ്വാർ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ അങ്കണത്തില്‍ സ്വീകരിക്കും. സെന്റ് ജോസഫ് കെ.ജി. സ്കൂളിൽ നിന്നും അഭി. പിതാക്കന്മാരും വൈദികരും പ്രദിക്ഷണമായി നിയുക്ത മെത്രാനൊപ്പം പരമ്പരാഗത ഗർവാലി നൃത്തത്തിന്റെ അകമ്പടിയോടെ പ്രത്യേക വേദിയിൽ പ്രവേശിക്കും. തുടര്‍ന്ന് രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോൺ വടക്കേൽ മെത്രാൻ എല്ലാവരേയും തിരുകര്‍മ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യും.

ആര്‍ച്ച്ഡീക്കന്‍ റവ. ഫാ. ജെയിംസ് തെക്കേക്കര നിയുക്ത മെത്രാനെ മദ്ബഹയിലേയ്ക്ക് ആനയിക്കും. നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങുന്നതിനെ തുടര്‍ന്ന്, മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോർ മെത്രാനായി നിയമിച്ചു കൊണ്ടുള്ള സീറോമലബാര്‍ സഭയുടെ തലവന്‍ അഭി. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഉത്തരവ് രൂപതയുടെ ചാന്‍സിലര്‍ റവ. ഡോ. ഫിലിപ്പ് കരിക്കുന്നേൽ വായിക്കും. തുടര്‍ന്ന് മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കും. സീറോമലബാര്‍, മലങ്കര, ലത്തീന്‍ രൂപതയിലെ മെത്രാന്‍മാര്‍, സഹോദരീസഭകളിലെ മെത്രാന്‍മാര്‍, സമുദായ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സർക്കാർ ഉദ്യോഗസ്ഥര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

മെത്രാഭിഷേക കര്‍മ്മങ്ങളെ തുടര്‍ന്ന് അഭി. മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിൽ മെത്രാൻ വി. കുര്‍ബാന അര്‍പ്പിക്കും. രൂപതയിലെ മുഴുവന്‍ വൈദികരും, മറ്റ് രൂപതകളിൽ നിന്നുള്ള ഇരുനൂറോളം വൈദികരും വി. കുര്‍ബാനയില്‍ സംബന്ധിക്കും. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ ആയിരകണക്കിനു വിശ്വാസികളും മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. എല്ലാ മിഷൻ സ്റ്റേഷനുകളിൽ നിന്നുള്ള കാറ്റക്യൂമെൻസും പ്രത്യേകിച്ച് ഹിമാലയൻ മലനിരകളിൽ നിന്നുള്ള വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും. മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി ക്വാട്ട്ദ്വാർ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ വിവിധ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പരിപാടികളുടെ ജനറൽ കൺവിനർ റവ. ഫാ. ജോസ് തെക്കേമുറിയിൽ അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles