വിശ്വസ്തതയോടെ വിവേകപൂർവ്വം ജീവിക്കുക

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാറാം അധ്യായം ഒന്നുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം.

വിശുദ്ധ ലൂക്കയുടെ സുവിശേഷം പതിനാറാം അധ്യായത്തിന്റെ ഒന്നുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനഭാഗമാണ് ഇന്ന് നമ്മുടെ വിചിന്തനത്തിനായി സഭ നിർദ്ദേശിക്കുന്നത്. അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ചുള്ള ഉപമയും, ഭൗമികസാമ്പത്തിന്റെ ശരിയായ ഉപയോഗവും സംബന്ധിച്ചുള്ള ഒരു ഭാഗമാണ് ഇതിൽ ആദ്യമുള്ളത്. പ്രത്യേകിച്ച് ഒന്നുമുതൽ എട്ടുവരെയുള്ള തിരുവചനങ്ങളിൽ നാം കണ്ടുമുട്ടുന്നത് ഇതാണ്. രണ്ടാമത്തെ ഒരു ഭാഗത്താകട്ടെ, ഈ ഉപമയുടെ ചില പ്രയോഗികവശങ്ങളും നമുക്ക് കാണാം.

പലസ്തീനയിലെ കാര്യസ്ഥർ

തങ്ങളുടെ യജമാനന്മാരുടെ സ്വത്തുപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്തി, അതുവഴി മറ്റുള്ളവരിൽനിന്ന് ലാഭം നേടി, അതിന്റെ ഒരു വീതം ഉപയോഗിച്ച് ജീവിക്കുന്നവരായിരുന്നു അന്നത്തെ കാര്യസ്ഥന്മാരിൽ പലരും. എന്നാൽ ഇങ്ങനെയുള്ള കാര്യസ്ഥന്മാരുടെ പൊതുവായ ഒരു കുഴപ്പമായി കണക്കാക്കിയിരുന്നത് അവരുടെ ധൂർത്തും, അതിനുവേണ്ടി അവർ നടത്തിയിരുന്ന തിരിമറികളും അഴിമതിയുമൊക്കെയാണ്. മറ്റൊരുവന്റെ സമ്പത്തുപയോഗിച്ച് ധൂർത്തജീവിതം നയിക്കുന്ന കാര്യസ്ഥർ. ഇവിടെ ഇടപാടുകാരോടോ മറ്റു മനുഷ്യരോടോ എന്തെങ്കിലും രീതിയിൽ മോശമായി പെരുമാറിയതിന് പേരിലല്ല അവൻ തന്റെ യജമാനന് അപ്രിയനായി മാറുന്നത്. ഈ കാര്യസ്ഥനുകൂടി അവകാശപ്പെട്ട ഒരു ഭാഗമുള്ള സ്വത്തിന്റെ ശരിയല്ലാത്ത ഉപയോഗമാണ് അവനെ യജമാനന് സ്വീകാര്യനല്ലാതാക്കുന്നത്.

തന്റെ അവിശ്വസ്ഥത മനസ്സിലാക്കി, തന്നിൽനിന്ന് തന്റെ യജമാനൻ കാര്യസ്ഥത എടുത്തു മാറ്റുന്നു എന്ന് മനസ്സിലാക്കിയ ഈ മനുഷ്യനാകട്ടെ യജമാനന്റെ കടക്കാരുടെ കടപ്പത്രങ്ങൾ എടുത്ത് അവ തിരുത്തിയെഴുതാൻ സഹായിക്കുന്നു. ചിലരെങ്കിലും അത്ര മോശമായ രീതിയിലല്ല. ഇതിനെ വ്യാഖ്യാനിക്കുന്നത് അവർ പറയുന്നത്, കാര്യക്കാരൻ കുറച്ചെഴുതുന്നത്, അവന് ലഭിക്കേണ്ടിയിരുന്ന ഭാഗമായിരുന്നു എന്നാണ്. അതായത് തനിക്ക് അവകാശമായി ലഭിക്കേണ്ടിയിരുന്ന ഭാഗം, തന്റെ ജോലി നഷ്ടപ്പെടുന്നതോടെ തനിക്ക് ഇല്ലാതാകുമെന്ന് തിരിച്ചറിയുന്ന കാര്യസ്ഥൻ, തന്റെ ഭാഗം വേണ്ടെന്ന് വച്ച്, യജമാനന് ലഭിക്കേണ്ട മുതൽ മാത്രം എഴുതിവയ്ക്കുന്നു. അവൻ തിരുത്തിയെഴുതുന്നത് തനിക്ക് ലഭിക്കേണ്ട കമ്മീഷൻ ഒഴിവാക്കിയാണ്. തനിക്ക് അവകാശപ്പെട്ടതിനെ ഉപയോഗിച്ച് തന്റെ ഭാവിയെ സുരക്ഷിതമാക്കാൻ പരിശ്രമിക്കുന്നു. അതുകൊണ്ടുതന്നെയായിരിക്കണം, സുവിശേഷം പറയുക “കൗശലപൂർവ്വം പ്രവർത്തിച്ചതിനാൽ, നീതിരഹിതമായ കാര്യസ്ഥനെ യജമാനൻ പ്രശംസിച്ചു” (വാ. 8) എന്ന്. ഒരു യജമാനനും തന്റെ സ്വത്തിൽ കുറവ് വന്നാൽ തന്റെ കാര്യസ്ഥനെ പ്രശംസിക്കുകയില്ലല്ലോ.

ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്ന അവിശ്വസ്തനായ മനുഷ്യൻ

നീതിരഹിതനായ മനുഷ്യനായിരുന്നിട്ടും, ആസന്നമായ പ്രതിസന്ധിയുടെ മുന്നിൽ തനിക്ക് അവകാശമാകേണ്ടിയിരുന്ന ഭൗതികസാമ്പത്തിനെ, തന്റെ ഭാഗത്തെ, ബുദ്ധിപൂർവ്വം വിനിയോഗിച്ചതുകൊണ്ടാണ് യജമാനൻ അവനെ പ്രശംസിക്കുന്നത്. ഈയൊരു ഉപമയിൽനിന്ന് നാമൊക്കെ പഠിക്കണമെന്ന് യേശു ഉദ്ദേശിക്കുന്ന പാഠങ്ങളിൽ ഒന്ന് ഇതാണ്. ജീവിതത്തിൽ ഭൗതികസ്വത്തിനെ സ്വന്തമാക്കുന്നതിനേക്കാൾ, മറ്റുള്ളവർക്ക് സ്വീകാര്യരാകുവാൻ പഠിക്കുക. ഇന്നത്തെ ജീവിതത്തെ സുരക്ഷിതമാക്കാൻ പരിശ്രമിക്കുന്നതുപോലെ, ഒരുപക്ഷെ അതിലും കൂടുതൽ, ഭാവിജീവിതത്തെ സുരക്ഷിതമാക്കാൻ മറന്നുപോകാതിരിക്കുക. ഭൗതികമായ എന്തെങ്കിലുമൊക്കെ നമ്മുടേതായി ഈ ഭൂമിയിൽ നേടുന്നതിനേക്കാൾ, മറ്റുള്ളവരുടേതായി മാറുവാൻ, മറ്റുള്ളവർക്ക് സ്വീകാര്യരാകുവാൻ പഠിക്കുക.

ഭൗതികമായവ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്

ഈ സുവിശേഷത്തിന്റെ എട്ടുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങളിലൂടെ മൂന്ന് കാര്യങ്ങളാണ് ക്രിസ്തു പറയുന്നത്. ക്രിസ്തുവിന്റെ വചനങ്ങളെ ലൂക്കാസുവിശേഷകൻ, അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമയുടെ പ്രായോഗികമായ ഒരു വ്യാഖ്യാനമായി ക്രമപ്പെടുത്തിയിരിക്കുന്നതാണ് ഇവിടെ നാം കാണുന്നത്.

സമ്പത്തിന്റെ ശരിയായ ഉപയോഗം

ഉപമയിലൂടെ ക്രിസ്തു നൽകുന്ന ഒന്നാമത്തെ ഉപദേശം, ഭൗതികസമ്പത്തിന്റെ, വിവേകപൂർണ്ണമായ ഉപയോഗത്തെക്കുറിച്ചാണ്. വരുവാനിരിക്കുന്ന കാര്യങ്ങളെ മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് നേടുവാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. കാലങ്ങളുടെ അവസാനത്തെ മുന്നിൽ കണ്ട്, വിശ്വാസപൂർവ്വം, വിശ്വസ്തതാപൂർവ്വം ജീവിക്കാൻ ആരംഭിക്കുക. അവിശ്വസ്ഥനായ കാര്യസ്ഥൻ പ്രതിനിധീകരിക്കുന്ന, ഈ ലോകത്തിന്റെ മക്കൾ ബുദ്ധിപൂർവ്വം തങ്ങളുടെ അവസരങ്ങൾ വിനിയോഗിക്കുന്നതുപോലെ, ജീവിതത്തിന്റെ നാളെയെ മുന്നിൽ കണ്ട്, നിത്യതയിലേക്ക് ഉപയോഗ്യമല്ലാത്ത ഭൗതികസാമ്പത്തിനെ ശരിയായ രീതിയിൽ വിവേകത്തോടെ ഉപയോഗിക്കാൻ പഠിക്കുക. ദൈവത്തിന് മുന്നിൽ സ്വീകാര്യരാകാൻ വേണ്ടി, നിത്യതയുടെ കൂടാരങ്ങളിൽ സ്വീകാര്യരാകാൻ വേണ്ടി, നമുക്കുള്ള ഓരോ അവസരങ്ങളും ഉപയോഗിക്കുക.

വിശ്വസ്തത

എല്ലായ്പ്പോഴും, എല്ലായിടങ്ങളിലും വിശ്വസ്തതയോടെ ജീവിക്കുക എന്ന ഒരു പാഠമാണ് ക്രിസ്തു രണ്ടാമതായി നൽകുന്നത്. പത്തുമുതൽ പന്ത്രണ്ടു വരെയുള്ള തിരുവചനങ്ങളിലാണ് ഇത് നാം കാണുക. ചെറിയ കാര്യങ്ങളിൽപ്പോലും വിശ്വസ്തരാകാൻ സാധിക്കാത്തവർക്ക് എങ്ങനെയാണ് വലിയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കാൻ സാധിക്കുക? നാം എവിടെയാണെങ്കിലും, ദൈവം നമുക്കേൽപ്പിച്ചിരിക്കുന്ന കടമകളും അവസരങ്ങളും ശരിയായ രീതിയിൽ ഉപയോഗിക്കുക. നിരന്തരം, ഓരോ നിമിഷവും, ഓരോ ഇടങ്ങളിലും വിശ്വസ്തതയോടെ ജീവിക്കുക.

രണ്ടു യജമാനന്മാർ

മൂന്നാമതെത്തും അവസാനത്തേതുമായ ഇന്നത്തെ സുവിശേഷത്തിന്റെ പാഠം, ദൈവത്തോട് വിശ്വസ്തരും, അതേ സമയം സമ്പത്തിന്റെ അടിമകളും ആയിരിക്കാൻ ഒരുവന് സാധിക്കില്ല എന്ന ഒരു സത്യമാണ്. ഭൗതികമായ സമ്പത്തിൽ ജീവിതാശ്രയം വച്ച് ജീവിക്കുക എന്നത്, ക്രിസ്തുവിന്റെ ഉദ്ബോധനങ്ങൾക്ക് എതിരായ ചിന്തയാണ്. തന്റെ പിതാവായ ദൈവത്തിൽ പൂർണ്ണമായി നമ്മുടെ ജീവിതം സമർപ്പിച്ച്, ആ ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചുള്ള ഒരു ജീവിതത്തെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ഒരു യഥാർത്ഥ ക്രൈസ്തവന്റെ സ്വഭാവവും ജീവിതവും അതായിരിക്കണം. സമ്പത്തിനെ ദൈവമായി കണ്ട്, അതിൽ ആശ്രയിച്ചുള്ള ജീവിതം, ദൈവത്തിന് പ്രീതികരമായ ഒന്നല്ല.

കണക്കുകൾ നൽകുക

“നിന്റെ കാര്യസ്ഥതയുടെ കണക്ക് ബോധിപ്പിക്കുക”. പാപികളും വിശുദ്ധരും, നീതിരഹിതരും നീതിമാന്മാരും ഏവരും ഒരിക്കൽ ശ്രവിക്കേണ്ട വാക്കുകളാണിവ. നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകളുടെ, സമ്പത്തിന്റെ, അനുഗ്രഹങ്ങളുടെ, അവസരങ്ങളുടെ എല്ലാത്തിന്റെയും കണക്കുകൾ കൃത്യമായി ഒരിക്കൽ നാം നൽകേണ്ടിവരും. ഭൂമിയിൽ നമുക്കുള്ള വസ്തുവകകളും, ധനവും കഴിവുകളും നിത്യതയോളം നമ്മെ അനുഗമിക്കില്ല. എല്ലാ കാര്യസ്ഥതകളും ഒരിക്കൽ അവസാനിക്കും. അപ്പോൾ യജമാനന്റെ ചോദ്യത്തിനു മുൻപിൽ നാം കണക്കുകൾ സമർപ്പിക്കേണ്ടവരാണ്. ഈയൊരു ചിന്തയോടെ ജീവിക്കാൻ ആരംഭിച്ചാൽ നമ്മുടെയും ജീവിതം വ്യത്യസ്തമാകും. നമ്മുടെ കുറവുകളേയും പാപത്തിൽ മുങ്ങിയ ആഡംബരജീവിതത്തെയും  തിരിച്ചറിയാൻ നമുക്ക് സാധിക്കണം.

ദൈവത്തിന്റെ കാര്യസ്ഥർ

ഈ ലോകത്തിന്റെ മക്കളുടെ ബുദ്ധിയെ പുകഴ്ത്തുന്ന ക്രിസ്തു, ദൈവരാജ്യത്തിന്റെ അവകാശികളാകാനായി വിളിക്കപ്പെട്ടിരിക്കുന്ന, ദൈവത്തിന്റെ കാര്യസ്ഥരായി ഈ ഭൂമിയിൽ ജീവിക്കേണ്ട നമ്മോടും വിവേകത്തോടെ ജീവിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. ഭൗതികമായ സമ്പത്തിനെയും, കഴിവുകളെയും തങ്ങളുടെ നന്മയ്ക്കായി എപ്രകാരമാണ് സാധാരണജനം ഉപയോഗിക്കുന്നതെന്ന് മനസിലാക്കുക മാത്രമല്ല, അവരെക്കാൾ വിവേകപൂർവ്വം, അവരെക്കാൾ പ്രാപ്തിയോടെ, അവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ സ്വർഗ്ഗീയമായ സമ്പത്ത് കൈകാര്യം ചെയ്യാനും, ദൈവകൂടാരത്തിൽ സ്വീകാര്യരാകാനും നമുക്ക് പരിശ്രമിക്കാം. ലോകസമ്പത്താകുന്ന മാമ്മോനിൽ ശരണം വയ്ക്കാതെ, എല്ലാത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൽ ശരണം വയ്ക്കാൻ നമുക്ക് പഠിക്കാം. നിത്യതയിൽ കണ്ണുനട്ട്, ഭൂമിയിൽ നമ്മുടെ ദൗത്യങ്ങൾ സത്യസന്ധതയോടെ, വിശ്വസ്തതയോടെ നിറവേറ്റാം. ദൈവാനുഗ്രഹം തന്നെയായ ഭൗതികമായ സമ്പത്തുകൾ സ്വന്തമായി ഉള്ളപ്പോഴും, ദൈവത്തിന്റെ ദാസരായി ജീവിക്കാൻ പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ

~ മോൺസിഞ്ഞോർ ജോജി വടകര ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles