ഈ മിഴിവിളക്കുകൾ തുറന്നിരിക്കട്ടെ!

ഇത്തിരി ദൂരെ നിന്നുമാണ് ആ സ്ത്രീ കാണാൻ വന്നത്.
“അച്ചൻ്റെയടുത്ത് വരണമെന്നും കുറച്ചു കാര്യങ്ങൾ സംസാരിക്കണമെന്നും പ്രാർത്ഥിക്കണമെന്നും തോന്നി”
ആ സ്ത്രീ പറഞ്ഞു.
അല്പസമയത്തെ സംസാരത്തിനു ശേഷം
അവർ എന്നോടു ചോദിച്ചു:
“അച്ചാ, ഞാൻ എന്തെങ്കിലും ചെയ്യണമെന്ന് കർത്താവ് ആഗ്രഹിക്കുന്നുണ്ടോ?”
അവർക്കു വേണ്ടി പ്രാർത്ഥിച്ചശേഷം
ഞാൻ പറഞ്ഞു:
”നിങ്ങളുടെ ഇടവകാംഗമായ ഒരു സ്ത്രീ (പേര് സൂചിപ്പിക്കുന്നില്ല),
എൻ്റെ സുഹൃത്തായ അവർ
അഞ്ചാമത്തെ പ്രസവത്തിനു വേണ്ടി കാത്തിരിക്കുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ആ കുടുംബം കടന്നു പോകുന്നത്. അവരുടെ ഭവനത്തിൽ ചെന്ന് എന്തെങ്കിലും സഹായം ചെയ്യാനായാൽ അത് വലിയ ഉപകാരമായിരിക്കും… “
“അച്ചൻ പറഞ്ഞ ആളെ എനിക്കറിയില്ല.
ഞാൻ അന്വേഷിക്കാം. അവരുടെ വീട്ടിൽ ചെന്ന് എന്തെങ്കിലും സഹായം ചെയ്യാം. അച്ചൻ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണം” അങ്ങനെ പറഞ്ഞ് ആ സ്ത്രീ യാത്രയായി.
ഒരാഴ്ചയ്ക്കുശേഷം ഗർഭിണിയായ
ആ സ്ത്രീഎന്നെ വിളിച്ചു:
”അച്ചാ, അച്ചൻ പറഞ്ഞു വിട്ട ആ ചേച്ചി
വീട്ടിൽ വന്നിരുന്നു. ജോലി കഴിഞ്ഞുള്ള യാത്രയിൽ ഇത്തിരി വൈകിയാണ് വീട്ടിലെത്തിയത്. എന്നോടും ഭർത്താവിനോടും മക്കളോടുമെല്ലാം സംസാരിച്ചു. പള്ളിയിൽ എൻ്റെ തൊട്ടുമുമ്പിലാണ് ആ ചേച്ചി നിന്നത്. എന്നിട്ടും അവരുടെ പേരും വീടുമൊന്നും എനിക്കറിയില്ലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങാൻ സമയത്ത്
കുറച്ച് രൂപ കയ്യിൽ വച്ചു തന്ന്….
‘ഇപ്പോൾ ഇതേ ഉള്ളു… ഇരിക്കട്ടെ’
എന്നു പറഞ്ഞ് യാത്രയായി.
എൻ്റെയും ജീവിത പങ്കാളിയുടെയും
മിഴികൾ നിറഞ്ഞൊഴുകിയ നിമിഷങ്ങളായിരുന്നു അത്.
ആശുപത്രിയിൽ പോകാൻ
ഒരു രൂപാ പോലും ഇല്ലാതിരിക്കുന്ന സമയത്ത് ഒരു പരിചയവുമില്ലാത്ത സ്ത്രീ വന്ന്
കൈകളിൽ പണം നൽകിയിട്ടു പോകുക…..
എന്തിനാണച്ചാ ദൈവം ഇത്രമാത്രം
ഞങ്ങളെ സ്നേഹിക്കുന്നത്…?”
തുടർന്നു സംസാരിക്കാൻ
വാക്കുകളില്ലാതെ അവൾ കരഞ്ഞുപോയി.
അതെ,
ഒരാളെ സഹായിക്കണമെങ്കിൽ
ഊരും പേരും ബന്ധുത്വവുമെല്ലാം
വേണമെന്ന് ശഠിക്കുന്ന ലോകത്തിനു മധ്യേ ദൈവദൂതന്മാരെപ്പോലെ ചിലർ ഉള്ളതുകൊണ്ടാണ് പലരും ദൈവത്തിൽ വിശ്വസിക്കുന്നത് എന്നാണ് എൻ്റെ പക്ഷം.
അങ്ങനെയൊരു ദൈവദൂതനെക്കുറിച്ച് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്;
സമരിയാക്കാരൻ്റെ ഉപമയിലൂടെ.
വഴിയോരത്ത് മുറിവേറ്റു കിടന്ന ആ മനുഷ്യന് അവൻ കൂടപ്പിറപ്പോ, ബന്ധുവോ, മിത്രമോ അല്ലാഞ്ഞിട്ടു പോലും അയാളുടെ മുറിവുകൾ വച്ചുകെട്ടി സത്രത്തിൽ എത്തിക്കാനും അവനുവേണ്ടി എന്തു ചിലവായാലും ഞാൻ തന്നു വീട്ടിക്കൊള്ളാം എന്നു പറയുവാനും
ആ സമരിയാക്കാരന് കഴിഞ്ഞു എന്ന് വായിക്കുമ്പോൾ, ചെയ്യാതെ പോയ നന്മകളോർത്ത് ഉള്ളം നോവുന്നു
(Ref ലൂക്ക 10:33-37).
അപരനിലേക്ക് തുറന്നുവച്ച മിഴികളും
കരങ്ങളും കരുണയുടേതാകുമ്പോൾ
ഞാനും നിങ്ങളും ദൈവദൂതർക്ക് സമരാകും.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles