യേശുവിന്റെ രൂപാന്തരീകരണവും നമ്മുടെ വിശ്വാസവും

വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒൻപതാം അധ്യായം രണ്ടുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം.

സമാന്തരസുവിശേഷകരെന്നറിയപ്പെടുന്ന മത്തായിയും മർക്കോസും ലൂക്കായും തങ്ങളുടെ സുവിശേഷങ്ങളിൽ മനോഹരമായി വർണ്ണിക്കുന്ന ഒരു സംഭവമാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം. താൻ കൊണ്ടുവരാനിരിക്കുന്ന രക്ഷയുടെ വിശുദ്ധരഹസ്യത്തിലേക്കുള്ള വഴിയിൽ, പീഡാനുഭവത്തിന്റെയും മരണത്തിന്റെയും അനുഭവങ്ങൾ തന്നെ കാത്തിരിക്കുന്നുവെന്ന് ക്രിസ്തു തന്റെ ശിഷ്യരെ അറിയിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വിചിന്തനം ചെയ്യാൻ പരിശ്രമിക്കുന്ന രൂപാന്തരീകരണത്തിന്റെ, മഹനീയമായ സംഭവം നടക്കുന്നത്. പീഡാനുഭവത്തെക്കുറിച്ചുള്ള ഒന്നാം പ്രവചനത്തിന് ശേഷം ആറു ദിനങ്ങൾക്കപ്പുറമാണ് ഈ സംഭവം നടക്കുന്നത് എന്നാണ് മർക്കോസിന്റെ സുവിശേഷത്തിൽ നാം വായിക്കുന്നത്. ലൂക്കയുടെ സുവിശേഷത്തിലാകട്ടെ ഏകദേശം എട്ടുദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവം നടക്കുന്നതെന്നാണ് സുവിശേഷകൻ എഴുതിവയ്ക്കുക. വിശ്വാസജീവിതത്തിലും മാതൃകയിലും പ്രധാനപ്പെട്ടവരായ മൂന്ന് പ്രിയ ശിഷ്യരെയാണ് ക്രിസ്തു ഈ സംഭവങ്ങൾക്ക് സാക്ഷികളാകാനായി തിരഞ്ഞെടുക്കുന്നത്; പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരാണവർ.

പർവ്വതവും പ്രാർത്ഥനയും ദൈവസാന്നിധ്യവും

സുവിശേഷത്തിലുടനീളം മലകളും പർവ്വതങ്ങളും ഉയർന്ന പ്രദേശങ്ങളും ക്രിസ്തു കയറുന്നത് പിതാവിന്റെ സാന്നിധ്യമറിഞ്ഞുള്ള പ്രാർത്ഥനയ്ക്കായും, തന്റെ പിന്നാലെ വരുന്ന ജനത്തെ പിതാവിന്റെ സ്നേഹത്തിന്റെ പദ്ധതിയെക്കുറിച്ച് പഠിപ്പിക്കുന്നതിനുമായാണ്. രൂപാന്തരീകരണവുമായി ബന്ധപ്പെട്ട ഇന്നത്തെ സുവിശേഷഭാഗവും ഈ രണ്ടു കാര്യങ്ങൾ തന്നെയാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തിലും, ക്രിസ്തു മലമുകളിലേക്ക് കയറുന്നത്, പ്രാർത്ഥനയുടെ, ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം ജീവിക്കുന്നതിനും, അത് തന്റെ ശിഷ്യർക്ക് ഒരു അനുഭവമായി പഠിപ്പിച്ചു കൊടുക്കുന്നതിനും വേണ്ടിയാണെന്ന് നമുക്ക് കാണാം. സഹനത്തെക്കുറിച്ചുള്ള പ്രവചനം ശിഷ്യരിൽ സന്ദേഹവും ഭീതിയുമുണർത്തുമ്പോൾ, ക്രിസ്തു ദൈവപുത്രനാണെന്നും, അവനെ സംശയിക്കേണ്ട കാര്യമില്ലെന്നും, സഹനത്തിലൂടെ അവൻ കടന്നു പോകുവാനിരിക്കുന്നത് ദൈവികപദ്ധതിയുടെ ഭാഗമായാണെന്നും ദൈവികമായ ഇടപെടലിലൂടെ അവർക്ക് ബോധ്യം നല്കുന്നതിനായാണ് ഇന്നത്തെ സംഭവം സഹായിക്കുന്നത്.

പ്രാർത്ഥനയുടെ ഉയർന്ന പ്രദേശങ്ങളിലേക്ക് കയറുന്നത്, അതായത് ദൈവസാന്നിധ്യത്തിലേക്ക് ഹൃദയമുയർത്തുന്നത്, ഓരോ മനുഷ്യരിലും ഉളവാക്കുന്ന, അല്ലെങ്കിൽ ഉളവാക്കേണ്ട രൂപാന്തരീകരണത്തെയാണ് ഇന്നത്തെ സുവിശേഷം നമുക്ക് മുന്നിൽ ആദ്യപാഠമായി അവതരിപ്പിക്കുന്നത്. ജീവിതത്തിൽ പീഡനങ്ങളുടെ, വേദനകളുടെ, കുരിശിന്റെ അനുഭവങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ, അവയെ രക്ഷാകരമായ ദൈവികഇടപെടലിന്റെ ഭാഗമായി മനസ്സിലാക്കാനും, മാറ്റാനും, നമ്മളും പ്രാർത്ഥനയുടെ ഉയർന്ന തലങ്ങളിലേക്ക് ഉയരേണ്ടതുണ്ട്. അങ്ങനെ ഉയരുമ്പോൾ മാത്രമേ, തന്റെ സന്നിധിയിൽ നമ്മുടെ ജീവിതങ്ങൾക്ക് ദൈവം നൽകിയിട്ടുള്ള മഹത്വവും വിലയും തിരിച്ചറിയാൻ നമുക്ക് സാധിക്കൂ.

ദൈവത്തിന്റെ സാന്നിധ്യവും രൂപാന്തരീകരണവും

ക്രിസ്തുവിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ട മറ്റൊരു ചിന്ത, പിതാവായ ദൈവത്തിന്റെ സാന്നിധ്യത്തിൽ ആയിരിക്കുന്ന ക്രിസ്തുവിന്റെ മുഖത്ത് ശിഷ്യന്മാർക്ക് ദർശിക്കുവാൻ കഴിയുന്ന പ്രകാശത്തെ സംബന്ധിച്ചുള്ളതാണ്. സഹനത്തിന്റെ, മരണത്തിന്റെ ഭീതിയിൽ കഴിയുന്ന മനുഷ്യരുടെ ജീവിതങ്ങളെപ്പോലും പ്രകാശപൂരിതമാക്കുവാൻ കഴിവുള്ളതാണ് ദൈവസാന്നിദ്ധ്യം. പ്രാർത്ഥനയുടെയും ദൈവസ്നേഹത്തിന്റെയും മലമുകളിലേക്ക് ഉയരുവാൻ സാധിക്കുന്ന ഓരോ ജീവിതങ്ങളും മറ്റുള്ളവർക്ക് ദൈവമഹത്വം ദർശിക്കാനുള്ള ഒരു രൂപാന്തരീകരണവേദിയാകുമെന്ന് ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. ക്രിസ്തുവിനൊപ്പമാണ് നമ്മുടെ ജീവിതമെങ്കിൽ, ഭയത്തിന്റെയും സംശയങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങളിൽപ്പോലും നമുക്കും ദൈവപിതാവിന്റെ കരുതലിന്റെ മേഘാവരണത്തിനുള്ളിൽ സംരക്ഷണം കണ്ടെത്താനാകുമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മപ്പെടുത്തുന്നു. പഴയനിയമത്തിലൂടെ നാം വായിച്ചറിഞ്ഞ, മരുഭൂമിയിൽ കൂടെയുണ്ടായിരുന്ന, സമാഗമകൂടാരത്തെ ആവരണം ചെയ്തിരുന്ന ആ മേഘത്തിന്റെ സാന്നിധ്യം നമ്മുടെയും ജീവിതത്തിൽ അനുഭവപ്പെടണമെങ്കിൽ, നാമും ക്രിസ്തുവിനോടൊപ്പമായിരിക്കണമെന്ന് നമുക്ക് മനസ്സിലാക്കാൻ പരിശ്രമിക്കാം.

ക്രിസ്തു അയക്കപ്പെട്ട ദൈവപുത്രൻ

സഹനത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പ്രവചനം അവന്റെ ശിഷ്യരിൽ സംശയങ്ങൾ ഉണർത്തുമ്പോൾ, അവരുടെ സംശയങ്ങളകറ്റാൻ ദൈവമനുവദിച്ചുനൽകുന്ന വെളിപാടിന്റെ ഒരു അവസരമാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം. നിയമത്തിന്റെ പ്രതിനിധിയായി മോശയും, പ്രവാചകന്മാരുടെ പ്രതിനിധിയായി ഏലിയായും അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ, ദൈവസാന്നിധ്യമായ മേഘത്തിൽനിന്ന്, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്റെ വാക്ക് ശ്രവിക്കുവിൻ” എന്ന് പിതാവിന്റെ വാക്കുകൾ ശ്രവിക്കുമ്പോൾ, ശിഷ്യന്മാരുടെ സംശയങ്ങൾ അകലുകയാണ്. പ്രാർത്ഥനയുടെ മലമുകളിൽ പലപ്പോഴും നിദ്രവിഹീനരായിരുന്ന ശിഷ്യന്മാർ, ക്രിസ്തുവിൽ ദൈവപുത്രനെ തിരിച്ചറിയുമ്പോൾ, ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണ് അവന്റെ ജീവിതത്തിലെ സഹനത്തിന്റെ കുരിശനുഭവങ്ങളെന്ന് മനസ്സിലാക്കാൻ തയ്യാറാകുമ്പോൾ, നിദ്രവിട്ട് ഉണർവുള്ളവരാകാനും, ദൈവസാന്നിധ്യത്തിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നവരാകാനും തയ്യാറാകുന്നു. ഓരോ ക്രൈസ്തവരുടെയും ജീവിതത്തിലും, ക്രിസ്തുവിന്റെ സഹനങ്ങളുടെയും കുരിശുമരണത്തിന്റെയും അർത്ഥവും ലക്ഷ്യവും തിരിച്ചറിയാൻ പരിശ്രമിക്കുമ്പോൾ, ക്രിസ്തുസാക്ഷികളാകുവാൻ, ദൈവസാന്നിധ്യത്തെ ഇഷ്ടപ്പെടുന്നവരാകുവാൻ അവർക്ക് സാധിക്കും.

ഏലിയായും ക്രിസ്തുവും

തന്റെ ജനത്തെ രക്ഷയുടെ പാതയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി, പിതാവായ ദൈവം അയക്കുവാനിരുന്ന ഏലിയായെ ഇനിയും കാത്തിരിക്കുകയാണ് ശിഷ്യന്മാർ. ക്രിസ്തുവിന്റെ മുന്നിലും ക്രിസ്തുവിലേക്കുള്ള വഴിയറിയാതെ നിൽക്കുന്ന അജ്ഞരായ മനുഷ്യരായി അവർ തുടരുന്നു. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലേക്ക് ദൈവജനത്തെ വിളിച്ച യോഹന്നാനിൽ, ദൈവപുത്രന് മുന്നോടിയായി പിതാവയച്ച പ്രവാചകസ്വരത്തെ തിരിച്ചറിയാൻ അവർക്കിനിയും കൃത്യമായി സാധിച്ചിട്ടില്ലെന്ന് ക്രിസ്തുവിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ട ഇന്നത്തെ സുവിശേഷഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നു. ക്രിസ്തുവിന് വഴിയൊരുക്കുവാനായി വന്ന്, സത്യത്തിന് സാക്ഷിയായി, ജീവൻ നൽകി കടന്നുപോയ യോഹന്നാന്റെ ജീവിതം മറ്റു പലരിലുമെന്നപോലെ ശിഷ്യരിലും ഇനിയും അർത്ഥപൂർണ്ണമായിട്ടില്ല. നമ്മുടെ ജീവിതങ്ങളുടെ മുന്നിൽ പശ്ചാത്താപത്തിന്റെ, അനുതാപത്തിന്റെ വഴികളിലേക്ക് നമ്മെ ക്ഷണിക്കുന്ന ദൈവമുയർത്തുന്ന പ്രവാചകസ്വരങ്ങളെ തിരിച്ചറിയാൻ നമുക്കും പലപ്പോഴും സാധിക്കാറില്ല എന്ന സത്യം ഈ വചനത്തോടൊപ്പം നമുക്കും ഓർത്തിരിക്കാം.

ക്രിസ്തുവിന്റെ രൂപാന്തരീകരണവും നമ്മുടെ ജീവിതങ്ങളും

ക്രൈസ്തവവിശ്വാസത്തിന്റെ മലമുകളിൽ ക്രിസ്തുശിഷ്യരെപ്പോലെ, യഥാർത്ഥ വിശ്വാസത്തിലേക്ക് കടന്നുവരാൻ കഴിയാതെ, പലപ്പോഴും രൂപാന്തരീകരണത്തിന്റെ പ്രഭയിൽ അത്ഭുതം കണ്ടെത്തി അതിനുമുന്നിൽ പത്രോസിനെയും മറ്റു ശിഷ്യരേയും പോലെ പകച്ചു നിൽക്കുന്ന ജീവിതങ്ങളാണ് നമ്മളിൽ പലരുടേതും. അത്ഭുതങ്ങളുടെ മാസ്മരികലോകത്തുനിന്ന് ഉയർന്ന്, പ്രാർത്ഥനയിൽ എപ്പോഴും ക്രിസ്തുവിനോടൊപ്പം ആയിരിക്കാൻ, ദൈവവിശ്വാസം ഉള്ളിൽ നിറച്ച്, ധ്യാനത്തിലും ദൈവസ്നേഹത്തിലും പരിശുദ്ധ ത്രിത്വത്തിന്റെ മഹനീയമായ സാന്നിധ്യത്തിലായിരിക്കാൻ നമുക്ക് പരിശ്രമിക്കാം. ശിഷ്യരെപ്പോലെ ദൈവസാന്നിധ്യത്തെ സ്നേഹിക്കുന്നവരാകുകയും, എന്നാൽ അതിലുപരി ദൈവത്താൽ ക്രിസ്തുസാന്നിധ്യത്തിൽ രൂപാന്തരപ്പെടുന്നവരായി മാറുവാനും നമുക്ക് പരിശ്രമിക്കാം. ബാഹ്യമായ അടയാളങ്ങളിലൂടെയും, പ്രവൃത്തികളിലൂടെയും, വാക്കുകളിലൂടെയും, ലോകത്തിന് സാക്ഷ്യം നൽകുന്നതിൽ മാത്രം സംതൃപ്തി കണ്ടെത്താതെ, ഉള്ളിൽ ദൈവം നടത്തുന്ന സമ്പൂർണ്ണമായ രൂപാന്തരീകരണത്തിനായി നമ്മെത്തന്നെ പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കാം. ജീവിതത്തിന്റെ സഹനനിമിഷങ്ങളിൽ, ദൈവം ഒരുക്കിവച്ചിരിക്കുന്ന മഹത്വത്തിന്റെ, ഉയർപ്പിന്റെ നിമിഷങ്ങളെ മനസ്സിൽ ധ്യാനിക്കാനും, അത് നൽകുന്ന പ്രത്യാശ ലോകത്തിന് പകരുവാനും നമ്മുടെ ജീവിതങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവികപദ്ധതികൾക്കായി നമ്മുടെ ജീവിതങ്ങളെ ദൈവം ഒരുക്കട്ടെ. അവന്റെ സാന്നിധ്യത്തിന്റെ മേഘം നമ്മുടെ ജീവിതങ്ങളെയും എല്ലാ നിമിഷങ്ങളിലും പൊതിഞ്ഞുപിടിക്കട്ടെ. ക്രിസ്തുവിന്റെ മഹത്വത്തിന്റെ സാക്ഷികളാക്കി ദൈവം നമ്മെ മാറ്റട്ടെ. ആമ്മേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles