ചോദ്യങ്ങള്‍ ചോദിക്കുന്ന പരിശുദ്ധ മറിയം

~ അഭിലാഷ് ഫ്രേസര്‍ ~

അഭൗമ തേജസ്സോടെ അമാനുഷനായൊരു വ്യക്തി  വന്ന് മുന്നില്‍ നില്‍ക്കുമ്പോള്‍, അത്ര എളുപ്പമല്ല സമചിത്തത പാലിക്കാന്‍. പ്രത്യേകിച്ച് പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക്. ലൂക്കായുടെ സുവിശേഷം  1 ാം അധ്യായം 26 മുതലുള്ള വാക്യങ്ങളില്‍ വിവരിക്കുന്ന മംഗളവാര്‍ത്ത ധ്യാനപൂര്‍വം വായിക്കുമ്പോള്‍ നാം കാണുന്ന പരിശുദ്ധ കന്യാമറിയം യുക്തഭദ്രമായ മനസ്സുള്ള,  ധീരയായ ഒരു പെണ്‍കുട്ടിയാണ്. അമാനഷ തേജസ്സിന് മുന്നില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് ചിന്തകള്‍ പതറിപ്പോകുന്നില്ല എന്ന് മറിയത്തിന്റെ മറുപടികളില്‍ വ്യക്തമാണ്.

കൃപ നിറഞ്ഞവളേ സ്വസ്തി എന്നൊക്കെ പറഞ്ഞ് മറിയത്തെ വാഴ്ത്തിക്കൊണ്ടാണ് ദൈവദൂതനായ ഗബ്രിയേല്‍ പ്രത്യക്ഷപ്പെടുന്നത്. അതു കേട്ട് മറിയം അസ്വസ്ഥയായി എന്നാണ് ലൂക്ക എഴുതിയിരിക്കുന്നത്. എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ത്ഥം എന്ന് ചിന്തിച്ച് മറിയം അസ്വസ്ഥയായി എന്നാണ് ലൂക്ക പറയുന്നത്. അപ്രതീക്ഷിതമായിരുന്നു ആ ദൈവികമായ അഭിവാദനം. സ്വയം ചെറിയവളാണെന്ന് ധരിച്ചു വച്ചിരുന്ന, അങ്ങനെ എപ്പോഴും ചിന്തിച്ചിരുന്ന മറിയം അത്ര വലിയൊരു വാഴ്ത്ത് പ്രതീക്ഷിച്ചിരുന്നില്ല, അതൊട്ട് ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് ആകുമായിരുന്നുമില്ല എന്നതാവണം മറിയത്തിന്റെ അസ്വസ്ഥതയ്ക്ക് കാരണം എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നു.

ഉടനെ ദൂതന്‍ ദൈവ വചനത്തിന്റെ മനുഷ്യാവതാരത്തെ കുറിച്ചും അവന്റെ മഹിമകളെ കുറിച്ചും വിവരിക്കുകയാണ്. അത്യുന്നതന്റെ പുത്രനെ പ്രസവിക്കാന്‍ പോകുന്നത് നീയാണ് എന്നാണ് ദൂതന്റെ വചസ്സ്. അതിന് മറിയം പറയുന്ന മറുപടിയാണ് അവളുടെ യുക്തിഭദ്രവും കരുത്തുറ്റതുമായ മനസ്സിന്റെ പ്രതിഫലനമാകുന്നത്. ഒരു വിധത്തില്‍ നോക്കിയാല്‍ ദൂതന്‍ പറഞ്ഞതൊക്കെ മുഖസ്തുതിയാണ്. ഒരു സാധാരണ പെണ്‍കുട്ടിക്ക് അതെല്ലാം ധാരാളം മതി മതിമറന്നാഹ്ലാദിക്കാന്‍. അല്ലെങ്കില്‍ ഭയം കൊണ്ട് മനസ്സാകെ കലങ്ങി എന്തു മറുപടി പറയണമെന്നറിയാതെ നിശ്ചലയായി പോകും.

എന്നാല്‍ മറിയം തെളിമയോട് ചിന്തിക്കുകയാണ്, ദൂതന്റെ മുന്നില്‍ നിന്ന്. പുരുഷനെ അറിയാത്ത എന്നില്‍ ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നുള്ള മറിയത്തിന്റെ ചോദ്യം അവളുടെ മനസ്സാന്നിധ്യത്തിന്റെയും യുക്തിഭദ്രമായ മനസ്സിന്റെയും ധീരതയുടെയും തെളിവാണ്. തനിക്ക് മനസ്സിലാകാത്തെ കാര്യം ദൈവത്തോട് പോലും ചോദിക്കാന്‍ അവള്‍ മടി കാണിച്ചില്ല. അതിലൊരു അസാമാന്യമായ സത്യസന്ധതയുണ്ട്. അന്നേ വരെ ലോകത്ത് ആരും കേട്ടിട്ടില്ല, പുരുഷനെ കൂടാതെ സ്ത്രീക്ക് ഗര്‍ഭം ധരിക്കാമെന്ന്. പുരുഷനുമായി സംഗമിക്കാത്ത താന്‍ എങ്ങനെ ഗര്‍ഭം ധരിക്കാനാണ്? എന്ന ചിന്ത തുറന്നു ചോദിക്കുന്നതില്‍ മറിയത്തിന് ലജ്ജയോ ഭീതിയോ ഇല്ല. ദൈവദൂതനോടുള്ള ആ ചോദ്യത്തില്‍ ഒരു ധീരതയുണ്ട്.

ആത്മാര്‍ത്ഥമായ ചോദ്യങ്ങള്‍ക്ക് ദൈവം ഉത്തരം നല്‍കും എന്നതിന്റെ തെളിവാണ് ബൈബിളിലെ ഈ സന്ദര്‍ഭം. നീ എന്നെ ചോദ്യം ചെയ്യുന്നോ? എന്ന് ദൈവദൂതന്‍ ചോദിക്കുന്നില്ല. മറിച്ച്, കാര്യങ്ങള്‍ വളരെ തെളിമയോടെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ അര്‍ത്ഥം മറിയത്തിന്റെ ചോദ്യത്തിന്റെ ആത്മാര്‍ത്ഥത ദൈവദൂതന് മനസ്സിലായി എന്നതാണ്.
ചോദ്യം ചോദിക്കലും ചോദ്യം ചെയ്യലും തമ്മില്‍ വ്യത്യാസമുണ്ട്. ചോദ്യം ചോദിക്കലില്‍ ആത്മാര്‍ത്ഥയുണ്ട്. അറിയാനുള്ള ആഗ്രഹമുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഒരു കുറ്റപ്പെടുത്തലിന്റെ ലാഞ്ചനയുണ്ട്. മറിയം ഒരിക്കലും ദൈവത്തെ ചോദ്യം ചെയ്യുന്നില്ല. അവള്‍ തനിക്ക് അറിവില്ലാത്ത കാര്യം ഹൃദയപരമാര്‍ത്ഥതയോടെ ദൈവത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ഒന്നും മിണ്ടാത്ത, പാവ പോലെയുള്ള ഒരു സ്ത്രീയായിരുന്നു പരിശുദ്ധ മറിയം എന്ന് കരുതിയെങ്കില്‍ നമുക്ക് തെറ്റി. വികാരങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുന്നവളല്ല പരിശുദ്ധ മറിയം. ദേവാലയത്തില്‍ വച്ച് ബാലനായ യേശുവിനെ കാണാതായി മൂന്നാം ദിവസം അവിടുത്തെ കണ്ടെത്തുമ്പോള്‍ മറിയം ചോദിക്കുന്നു, മകനേ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്തു കൊണ്ട്? ചോദ്യങ്ങള്‍ ചോദിക്കുകയും വികാരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത ചോരയും നീരുമുള്ള സ്ത്രീയായിരുന്നു പരിശുദ്ധ കന്യമറിയം എന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ആത്മീയത എന്നാല്‍ മനുഷ്യന്റെ സ്വാഭാവികമായ പ്രവണതകളെ ഒളിപ്പിച്ചു വയ്ക്കലോ നിഷേധിക്കലോ ആണെന്നൊരു ധാരണ പൊതുവേയുണ്ട്. ചിരിക്കാതെ വളരെ ഫോര്‍മലായിട്ട് പെരുമാറുന്ന ക്രിസ്തുവിനെയാണ് പണ്ടു കാലങ്ങളില്‍ ചലച്ചിത്രങ്ങളിലും നമ്മുടെ നാടകങ്ങളിലുമൊക്കെ കാണിച്ചിരുന്നത് എന്നോര്‍ക്കുക. വളരെ സ്വാഭാവികമായി ജീവിച്ച സ്ത്രീയായിരുന്നു പരിശുദ്ധ അമ്മ. മനസ്സിലാകാത്ത കാര്യങ്ങള്‍ അവള്‍ ചോദിച്ചിരുന്നു. സങ്കടകരമായ സംഭവങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അവള്‍ യേശുവിനോട് പോലും ചോദ്യം ചോദിക്കാന്‍ മടിച്ചില്ല.

പതുക്കെ പതുക്കെ മറിയം ചോദ്യങ്ങള്‍ എല്ലാം ഉള്ളില്‍ ഒതുക്കുന്നതും നാം കാണുന്നു. എല്ലാം അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു വച്ചു എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. അതൊരു ആത്മീയ വളര്‍ച്ചയാണ്. ചോദ്യങ്ങള്‍ മനസ്സിലുയരുന്നുണ്ട്. എന്നാല്‍ തന്റെ ചോദ്യങ്ങളും സന്ദേഹങ്ങളും അവള്‍ ദൈവത്തിന്റെ നേര്‍ക്ക് തിരിച്ചു വിടുന്നു. ഉത്തരം കിട്ടാത്ത ജീവിത സമസ്യകളുടെ മുന്നില്‍ അവള്‍ സമര്‍പ്പണത്തിന്റെ വിശുദ്ധമായ മൗനമാകുന്നു.

ആത്മാര്‍ത്ഥമായ ചോദ്യങ്ങള്‍ ആത്മപ്രകടനങ്ങള്‍ തന്നെയാണെന്ന് പരിശുദ്ധ അമ്മയുടെ മാതൃക പഠിപ്പിക്കുന്നു. ഒന്നും ചോദിക്കാതെ നിര്‍വികാരമായി അനുസരിക്കുന്നതല്ല വിശ്വാസം. മനസ്സിലാകാത്ത കാര്യങ്ങള്‍ ദൈവത്തോടും മനുഷ്യരോടും ചോദിക്കാന്‍ മടിക്കേണ്ടതില്ല. എല്ലായ്‌പ്പോഴും ഉത്തരം കിട്ടിയെന്ന് വരില്ല. എന്നാല്‍ ആത്മാര്‍ത്ഥമായ ചോദ്യങ്ങള്‍ ഉത്തരം അര്‍ഹിക്കുന്നു. ദൈവത്തിന്റെതായ വഴികളില്‍ തീര്‍ച്ചയായും ഉത്തരം നമുക്ക് ലഭിക്കുക തന്നെ ചെയ്യും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles