മാർ പീറ്റർ കൊച്ചുപുരക്കൽ പാലക്കാട് രൂപതയുടെ സഹായ മെത്രാൻ

പാലക്കാട്: മാർ ജേക്കബ് മനത്തോടത്ത് പിതാവിനൊപ്പം പാലക്കാട് രൂപതയുടെ ആത്മീയ വളർച്ചയിൽ കരുത്താകുവാൻ ദൈവം അനുവദിച്ച ഇടയൻ. അഭിവന്ദ്യ മനത്തോടത്ത് പിതാവ് രൂപതയെ വളർത്തിക്കൊണ്ടിരിക്കുന്ന അതേ ചൈതന്യത്തിൽ രൂപതയ്ക്ക് തണലേകുവാൻ, കരുത്തേകുവാൻ, ദൈവമക്കളെ എന്നും ചേർത്തുപിടിക്കുവാൻ മനത്തോടത്ത് പിതാവിന് ഉത്തമനായ പിൻഗാമിയായ്‌ 2020 ജൂൺ 18 വ്യാഴാഴ്ച നിയുക്ത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ പാലക്കാട് രൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നു.

2 പതിററാണ്ടിലധികം പാലക്കാട് രൂപതയുടെ വിവിധ മേഖലകളിൽ ദൈവജനത്തിനായ് ശുശ്രൂഷ ചെയ്ത് വന്നിരുന്ന നിയുക്ത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ തന്റെ ശുശ്രൂഷകളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പാലക്കാടിന്റെ വലിയ പിതാവായ അഭിവന്ദ്യ മനത്തോടത്ത് പിതാവ് പകർന്നുനൽകിയ ചൈതന്യത്തിൽ രൂപതയെ നയിക്കുവാൻ കൊച്ചുപിതാവെന്ന സ്ഥാനത്തേക്ക് ദൈവം വിളിച്ച് ചേർത്തിരിക്കുന്നു.

1945-1955 കാലഘട്ടത്തിൽ കാഞ്ഞിരപ്പുഴ, അട്ടപ്പാടി, വടക്കഞ്ചേരി എന്നീ മലയോര മേഖലകളിലേക്കും പാലക്കാടിന്റെ മറ്റു പ്രദേശങ്ങളിലേക്കും കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നും ക്രൈസ്തവർ കുടിയേറി. കാടിനോടും മലകളോടും പടവെട്ടി ചോരനീരാക്കി കർഷകരായ കുടിയേറ്റ ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ തീക്ഷ്‌ണതയാൽ നെയ്തെടുത്ത രൂപതയാണ് പാലക്കാട് രൂപത. പള്ളികൾ ഇല്ലാതിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് ഇന്നുകാണുന്ന ഈ പാലക്കാട് രൂപത ആയതിന് പിന്നിൽ കുടിയേറ്റ ക്രൈസ്തവർ കാട്ടിത്തന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു ധീര ചരിത്രമുണ്ട്.

1974 ജൂൺ 20 ന് ആണ് പോൾ ആറാമൻ മാർപാപ്പ പാലക്കാട് കേന്ദീകൃതമാക്കി ഒരു പുതിയ രൂപത സ്ഥാപിക്കുന്നത്. 1974 സെപ്റ്റംബർ 08 ന് മോൺസിഞ്ഞോർ ജോസഫ് ഇരിമ്പൻ അച്ചനെ പാലക്കാട് രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തു. സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ദൈവം തിരഞ്ഞെടുത്ത ഒരു വലിയ ഇടയനായിരുന്നു മാർ ജോസഫ് ഇരിമ്പൻ പിതാവ്. അഭിവന്ദ്യ പിതാവിന് 75 വയസ്സ് പൂർത്തിയായപ്പോൾ സീറോ മലബാർ സഭ പൊന്തിഫിക്കൽ സലഗേറ്റ് മാർ അബ്രഹാം കാട്ടുമന പിതാവ് ബഹുമാനപ്പെട്ട മോൺസിഞ്ഞോർ ജോസഫ് വെളിയത്തിലച്ചനെ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. പുതിയ മെത്രാൻ നിയമിതനാവുന്നതുവരെ അദ്ദേഹം രൂപതാ കാര്യങ്ങൾ നിർവഹിച്ചു.

1996 നവംബർ 11 ന് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് പിതാവിനെ പാലക്കാട് രൂപതയുടെ ദ്വിദീയ മെത്രാനായി നിയമിച്ചുകൊണ്ട് റോമിൽ നിന്നും കൽപനയായി. 1997 ഫെബ്രുവരി 01 ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി പാലക്കാടിന്റെ ഇടയനായി. 1947 ൽ കോടംതുരുത്തിൽ ജനിച്ച അഭിവന്ദ്യ മനത്തോടത്ത് പിതാവ് തന്റെ പഠനങ്ങൾക്ക് ശേഷം 1972 നവംബർ 04 ന് വൈദികപട്ടം സ്വീകരിച്ചു. പിന്നീട് ഉന്നത പഠനത്തിനും എറണാകുളം അങ്കമാലി അതിരൂപതയുടെ വിവിധ മേഖലകളിലും ശുശ്രൂഷ ചെയ്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി. അവിടെ നിന്നും ആ നല്ല പിതാവിനെ ദൈവം പാലക്കാടിന്റെ മെത്രാനായി നിയമിക്കുകയായിരുന്നു.

ഇന്ന് പാലക്കാട് രൂപതയ്ക്ക് ഒരു സുവർണ കാലമാണ്. അഭിവന്ദ്യ മനത്തോടത്ത് പിതാവിന് അഭിമാന നിമിഷമാണ്. കാരണം മനത്തോടത്ത് പിതാവിന്റെ അതേ ചൈതന്യത്തിൽ പിതാവിന് ഒരു പിൻഗാമിയെ ലഭിച്ചിരിക്കുന്നു. ഒരുമിച്ച് നിന്ന് പാലക്കാട് രൂപതയ്ക്ക് കരുത്തേകുവാൻ ഒരു കൊച്ചു പിതാവിനെ ദൈവം സമ്മാനിച്ചിരിക്കുന്നു. നിയുക്ത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ 2020 ജൂൺ 18 വ്യാഴാഴ്ച പാലക്കാട് രൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നു.

1964 മെയ് 29 ന് പാലായിൽ ജനിച്ച മാർ പീറ്റർ കൊച്ചുപുരക്കൽ 1981 ലാണ് പാലക്കാട് കല്ലേപ്പുള്ളി മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിക്കുന്നത്. ആലുവയിലുള്ള സെൻറ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും ഫിലോസഫിയും തിയോളജിയും പൂർത്തിയാക്കി. 1990 ഡിസംബർ 29 ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് ഉന്നതപഠനങ്ങൾക്ക് ശേഷം 2007 ജൂലൈ 01 ന് പാലക്കാട് രൂപതയുടെ ട്രൈബ്യുണൽ ജുഡീഷ്യറി വികാരിയായി നിയമിതനായി. 2013 ഒക്ടോബർ 01 ന് പാലക്കാട് രൂപതയുടെ ചാൻസലറായും, 2016 ഡിസംബർ 10 മുതൽ സെമിനാരികളുടെയും സമർപ്പിതരുടെയും സിഞ്ചുല്ലിയസായും ശുശ്രൂഷ ചെയ്ത് വരികയായിരുന്നു. 2020 ജനുവരി 15 ന് കാക്കനാട് സെൻറ്. തോമസ് മൗണ്ടിൽ വച്ച നടന്ന സിനഡിൽ വച്ച് നിയുക്ത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കലിനെ പാലക്കാട് രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. 2020 ജൂൺ 18 ന് പാലക്കാട് സെൻറ് റാഫേൽസ് കത്തീഡ്രലിൽ വച്ച് മെത്രാഭിഷേകം നടത്തപ്പെടുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles