വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന പാര്‍ട്ടിരാഷ്ട്രീയത്തിനെതിരെ മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: പൊതുവിദ്യാഭ്യാസത്തെയും എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും തകർക്കുന്ന സർക്കാർ നയങ്ങൾക്കും പാർട്ടിരാഷ്ട്രീയം വിദ്യാർഥികളിൽ കുത്തിനിറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാപകലുഷിതമാക്കാനുള്ള ശ്രമങ്ങൾക്കുമെതിരേ ക്രൈസ്തവസഭയും എൻഎസ്എസും യോജിച്ചു നീങ്ങണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന 143-ാ മത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എയ്ഡഡ് വിദ്യാഭ്യാസ മേഖല ഇന്ന് ഏറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക നവോത്ഥാന രംഗങ്ങളിൽ എൻഎസ്എസും ക്രൈസ്തവ സഭയും നൽകിയ സംഭാവനകൾ മറക്കുന്നതു ശരിയല്ല. പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം നിർവീര്യമാക്കുന്ന നിലപാടുകൾ ഉചിതമല്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു. കാസർഗോഡ് മുതൽ പാറശാലവരെയുള്ള അറുപതു താലൂക്ക് യൂണിയനുകളിൽനിന്നുള്ള പതിനായിരക്കണക്കിനുവരുന്ന എൻഎസ്എസ് പ്രതിനിധികൾ കരഘോഷം മുഴക്കിയാണ് ആർച്ച് ബിഷപ്പിന്റെ പ്രസംഗത്തെ സ്വാഗതം ചെയ്തത്.

വിദ്യാഭ്യാസത്തിലൂടെ നല്ലനേതാക്കൾ വളർന്നുവരേണ്ടത് ആവശ്യമാണ്. എന്നാൽ, പാർട്ടിരാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും പഠിപ്പിച്ച് വിദ്യാർഥികളെ സംഘട്ടനത്തിലേക്കു നയിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘർഷഭരിതമാക്കാനുള്ള നീക്കങ്ങൾ എതിർക്കപ്പെടണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനുമുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം സമുദായത്തിനും ഇതര സമുദായങ്ങൾക്കും ദിശാബോധം പകരുന്നതിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭൻ പകർന്ന ആശയദർശനം ഇന്നും ഏറെ പ്രസക്തമാണ്. മന്നം കൊളുത്തിയ നവോത്ഥാനദീപം നായർ സർവീസ് സൊസൈറ്റിയിലൂടെ ഇന്നും സമൂഹത്തിനു പ്രകാശം പകരുകയാണ്. വർഗീയ ധ്രുവീകരണങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങളെ മുന്നിൽക്കണ്ട് സൗഹാർദത്തിന്റെയും സമാധാനത്തിന്റെും അന്തരീക്ഷം സംജാതമാക്കാൻ എൻഎസ്എസ് നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണ്. ശബരിമല വിഷയം വിശ്വാസിസമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയപ്പോൾ എൻഎസ്എസ് എടുത്ത ധീരമായ നിലപാടുകൾ വിജയംകണ്ട ത് കേരളം മനസിലാക്കിയ കാര്യമാണെന്നും ആർച്ച്ബിഷപ് മാർ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles