മേപ്പിള്‍ മരക്കൊമ്പില്‍ പ്രത്യക്ഷയായ പോളണ്ടിലെ മാതാവ്

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പോളണ്ടിലെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഗൈട്രസ്‌വാൾഡ്. മാതാവിന്റെ പ്രത്യക്ഷം നടക്കുമ്പോൾ ജർമൻ ആധിപത്യം ഇവിടെ ശക്തമായിരുന്നു. തങ്ങളുടെ മാതൃഭാഷയായ പോളിഷ് നിരോധിക്കപ്പെടുകയും ജർമൻ ഭാഷ നിർബന്ധമാക്കുകയും ചെയ്തതു മൂലം ജനങ്ങൾ ആശങ്കാകുലരായിരുന്നു.

1877 ജൂൺ 27 ബുധൻ. ആദ്യകുർബാന സ്വീകരണത്തിന് ഒരുങ്ങുന്ന ജസ്റ്റിന സാഫ് റിൻസ്ക തന്റെ അമ്മയോടൊപ്പം ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അവർ വളരെ സന്തോഷത്തിലായിരുന്നു.കാരണം, ആദ്യകുർബാന സ്വീകരണത്തിന്റെ നമസ്കാര പരീക്ഷ ജയിച്ച് വികാരിയച്ചന്റെ കുർബാന സ്വീകരണ സമ്മതപത്രം ലഭിച്ച ദിവസമായിരുന്നു അത്.

സമയം സന്ധ്യ കഴിഞ്ഞു. പെട്ടെന്ന് പള്ളിയിൽ നിന്ന് ത്രിസന്ധ്യ ജപത്തിനുള്ള മണിമുഴങ്ങി.ജസ്റ്റിനയും അമ്മയും വഴിയരികിൽ ഒതുങ്ങിനിന്ന് ‘കർത്താവിന്റെ മാലാഖ പ്രാർത്ഥന’ ചൊല്ലുവാൻ തുടങ്ങി.ജസ്റ്റിന ശ്രദ്ധിച്ചപ്പോൾ അടുത്തുനിൽക്കുന്ന മേപ്പിൾ മരത്തിന്റെ രണ്ടായി പിരിയുന്ന ശാഖകൾക്കിടയിൽ പരിശുദ്ധ മറിയം പ്രത്യക്ഷയായി. അൽപസമയം കഴിഞ്ഞ് ഉണ്ണീശോ സ്വർഗ്ഗത്തിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു.പ്രാർത്ഥന കഴിഞ്ഞതോടുകൂടി അവർ സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി.

പിറ്റേന്ന് ജസ്റ്റിന തന്റെ കൂട്ടുകാരിയായ ബാർബരയോടൊത്താണ് പള്ളിയിൽ നിന്ന് വന്നത്. ഇത്തവണ അവർ രണ്ടുപേരും മേപ്പിൾ മരത്തിൽ പരിശുദ്ധ മറിയം ഉണ്ണിയും ഒത്ത് സിംഹാസനത്തിൽ ഇരിക്കുന്നതും ചുറ്റും മാലാഖമാർ നിൽക്കുന്നതും കണ്ടു. മാലാഖമാർ മാതാവിനെ കിരീടമണിയിക്കുകയായിരുന്നു. ഉണ്ണിശോയുടെ കയ്യിൽ തിളങ്ങുന്ന ഒരു ഗോളം (മുകളിൽ കുരിശോടു കൂടെയുള്ളത്) ഉണ്ടായിരുന്നു.

പിറ്റേദിവസത്തെ ദർശനത്തിൽ പരിശുദ്ധ മറിയത്തോട് ജസ്റ്റിന ചോദിച്ചു :”പരിശുദ്ധ അമ്മേ, അങ്ങ് എന്താണ് ഞങ്ങളോട് ആവശ്യപ്പെടുന്നത്? “പരിശുദ്ധ അമ്മ പറഞ്ഞു:” ഞാൻ ആവശ്യപ്പെടുന്നത് നിങ്ങൾ ദിവസവും ജപമാല ചൊല്ലണം എന്നാണ്. ” പിന്നീട് കുറച്ചു ദിവസം ദർശനം ഒന്നുമുണ്ടായില്ല. കുട്ടികൾ പറഞ്ഞ സംഭവങ്ങൾ ഗ്രാമം മുഴുവൻ അറിഞ്ഞു. വികാരിയച്ചൻ ഏതാണ്ട് ഇരുപത് വർഷം മുൻപ് നടന്ന ലൂർദ് പ്രത്യക്ഷം ഓർത്തുകൊണ്ട് കുട്ടികളോട് ഇനി മാതാവ് വരുമ്പോൾ അങ്ങ് ആരാകുന്നു എന്ന് ചോദിക്കണം എന്ന് ആവശ്യപ്പെട്ടു.

1877 ജൂലൈ 1.അന്ന് ഒരു ഞായറാഴ്ചയായിരുന്നു. മാത്രമല്ല,ഗൈട്രസ്‌വാൾഡ് ഇടവകയിൽ ആദ്യകുർബാന സ്വീകരണദിനവും. പള്ളിയിലെ ചടങ്ങുകൾക്കുശേഷം ജസ്റ്റിനയും ബാർബരയും മേപ്പിൾ മരത്തിനടുത്തേയ്ക്കോടി. തങ്ങളുടെ ജപമാല കയ്യിൽ എടുത്ത് പ്രാർത്ഥിക്കുവാൻ തുടങ്ങി.അവർ പ്രതീക്ഷിച്ചതുപോലെ പരിശുദ്ധ മറിയം അവരെ അനുഗ്രഹിച്ചുകൊണ്ട് പ്രത്യക്ഷയായി.ജപമാല കഴിഞ്ഞപ്പോൾ വികാരിയച്ചൻ പറഞ്ഞതുപോലെ ജസ്റ്റിന “അങ്ങ് ആരാകുന്നു?”എന്ന് ചോദിച്ചു. അതിന് പരിശുദ്ധ മറിയം നൽകിയ മറുപടി “ഞാൻ കന്യകയായി ഗർഭംധരിച്ച ഏറ്റവും പരിശുദ്ധ മറിയം ആകുന്നു” എന്നത്രേ. പരിശുദ്ധ മറിയം നിത്യകന്യകയാണ് എന്ന വിശ്വാസ സത്യം അരക്കിട്ടുറപ്പിക്കുന്ന ദർശനമായിരുന്നു അത്.

തുടർന്ന് കുട്ടികൾ, ഇവിടെ വരുന്ന രോഗികൾ സൗഖ്യപെടുമോ?എന്ന് ചോദിച്ചു. മാതാവ് പറഞ്ഞു:” ഒരു അത്ഭുതം ഇവിടെ സംഭവിക്കും. തുടർന്ന് രോഗികൾ സുഖം പ്രാപിക്കും.” അടുത്തതായി കുട്ടികൾ തങ്ങളുടെ ഇടയിലെ ഒരു കുട്ടി നുണ പറഞ്ഞ് ആണയിട്ടതിനെ പറ്റി ചോദിച്ചു. അപ്പോൾ മാതാവ് പറഞ്ഞു:” അങ്ങനെ ചെയ്യുന്നവർ സ്വർഗ്ഗം അവകാശമാക്കുകയില്ല. അത് അവർ പിശാചിനാൽ പ്രേരിതരായി ചെയ്യുന്നതാണ്.”

തുടർന്ന് ബാർബര തങ്ങളുടെ നാട്ടിലെ വൈദികരില്ലാതെ അനാഥമാക്കപ്പെടുന്ന പള്ളികളെ പറ്റി ചോദിച്ചു. അപ്പോൾ മാതാവ് ജനങ്ങൾ ശക്തമായി പ്രാർത്ഥിച്ചാൽ അനാഥമാകുന്ന ഇടവകകളിൽ വൈദികരെ ലഭിക്കുമെന്ന് പറഞ്ഞു.

സെപ്റ്റംബർ എട്ടിന് നടന്ന പ്രത്യക്ഷത്തിൽ മാതാവ് ആശീർവദിച്ചപ്പോൾ ഒരു ചെറു അരുവി പൊട്ടിപ്പുറപ്പെടുകയും അതിലെ ജലം ഉപയോഗിച്ചവർ സൗഖ്യപെടുകയും ചെയ്തു. സെപ്റ്റംബർ 16ന് മാതാവിന്റെ അവസാന പ്രത്യക്ഷത്തിൽ അവിടെ സ്ഥാപിതമായ ചാപ്പലിനെയും അതിലെ തന്റെ രൂപത്തെയും അവിടെ കൂടിയ ജനങ്ങളെയും ആശീർവദിച്ച ശേഷം പരിശുദ്ധ മറിയം ഇപ്രകാരം പറഞ്ഞു: “ജപമാല തീഷ്ണതയോടെ ചൊല്ലുക”. തുടർന്ന് മറിയം അപ്രത്യക്ഷയായി.

ഈ പ്രത്യക്ഷങ്ങൾ ജനങ്ങൾക്ക് നൽകിയ ആശ്വാസം വലുതായിരുന്നു. കാരണം, തങ്ങളുടെ മാതൃഭാഷയായ പോളിഷ്ലാണ് മറിയം സംസാരിച്ചത്. രോഗികൾക്ക് സൗഖ്യം ലഭിച്ചു. വൈദീകദാരിദ്ര്യം മൂലമുള്ള ക്ലെശങ്ങൾക്കും മറുപടി ലഭിച്ചു. ലൂർദ് പ്രത്യക്ഷങ്ങളോട് വളരെ സാമ്യമുള്ള ദർശനമാണ് പോളണ്ടിലേത്. രോഗസൗഖ്യം നൽകുന്ന ഉറവ,സഭയുടെ വിശ്വാസ സത്യം (നിത്യകന്യകത്വം) ഉറപ്പിക്കൽ, ജപമാല ചൊല്ലുവാൻ ഉള്ള ആഹ്വാനം തുടങ്ങിയവയെല്ലാം ലൂർദിലും കാണാനാകും.

1967 സെപ്റ്റംബർ 10ന് കർദിനാൾ ആയ സ്റ്റീഫൻ വൈസിൻസ്‌കി മാതാവിന്റെ രൂപത്തിന് കിരീടധാരണം നടത്തി. 1970 ഫെബ്രുവരി രണ്ടിന് പോൾ ആറാമൻ പാപ്പാ ഗൈട്രസ്‌വാൾഡിലെ പ്രത്യക്ഷങ്ങളെ പൂർണമായി അംഗീകരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles