തിരികൾ അണയാതിരിക്കാൻ

മഴ തോർന്നിട്ടും മരം പെയ്തു കൊണ്ടേയിരുന്നു.
അന്തരീക്ഷത്തിലെ ഈർപ്പം കനത്ത് കോടമഞ്ഞുപോലെ രൂപപ്പെട്ടു.
അപ്പോഴാണ് ആശ്രമത്തിലെ
ലാസലെറ്റ് മാതാവിൻ്റെ
രൂപത്തിനു മുമ്പിൽ
തിരിതെളിക്കാൻ വന്ന
കുട്ടികൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്.
എത്ര ശ്രമിച്ചിട്ടും അവർക്ക്
മെഴുതിരി സ്റ്റാൻഡിലെ തിരികൾ കത്തിച്ചു വയ്ക്കാൻ കഴിയുന്നില്ലെന്ന് കണ്ടപ്പോൾ
ഞാൻ അവർക്കരികിലെത്തി.
മഴ നനഞ്ഞതിനാൽ തിരികളിൽ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്നു.
തീ പിടിച്ചെങ്കിലും തിരിയിൽ ജലാംശമുള്ളതിനാൽ അത് അണഞ്ഞുപോയി.
ഒരു തിരിയെടുത്ത് ഞാനവരോടു പറഞ്ഞു:
“നിങ്ങൾ ശ്രദ്ധിച്ചോ ഈ തിരിയിൽ ജലാംശമുണ്ട്. അതുകൊണ്ട് കൂടുതൽ സമയം തിരി ചൂടുപിടിക്കണം. ചുറ്റിനുള്ള മെഴുക് കുറച്ചെങ്കിലും ഉരുകണം.
അപ്പോഴേ അതിലെ ജലാംശം വറ്റൂ.
ജലാംശം വറ്റിയാൽ പിന്നെ തിരി അണയുകില്ല….”
ഒന്നുരണ്ടുതിരികൾ അങ്ങനെ
കത്തിച്ചു കാണിച്ച് ഞാൻ
ആശ്രമത്തിലേക്ക് മടങ്ങി.
നനഞ്ഞ മെഴുകു തിരികൾ പോലെയല്ലെ മനുഷ്യജീവിതമെന്ന് ആ രാത്രി ഞാൻ ചിന്തിച്ചു. സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവർക്ക്
പ്രകാശം പരത്തണമെന്ന് എത്രയോ തവണ നമ്മൾ ആഗ്രഹിച്ചു.
എന്നാൽ മെഴുകുതിരിയെ കെടുത്തിക്കളയുന്ന മഴപോലെ നമ്മുടെ ജീവിതത്തിലും അലസതയും പ്രാർത്ഥനക്കുറവുമെല്ലാം
കടന്നു വന്നിട്ടില്ലേ?
ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥയിലൂടെ നമ്മളും കടന്നു പോയിട്ടില്ലെ?
അശുദ്ധിയും അക്രമവാസനയും
നമ്മുടെ മനസിലും രൂപപ്പെട്ടിട്ടില്ലെ?
ക്രിസ്തു പറയുന്നതുപോലെ
“അധര്‍മം വര്‍ധിച്ച് പലരുടെയും
സ്‌നേഹം തണുത്തുപോയിരിക്കുന്നു.”
(Ref മത്തായി 24 : 12) ഇത് എത്രയോ വാസ്തവമാണ്.
നമ്മുടെ ജീവിതവും ചൂടുപ്പിടിപ്പിക്കേണ്ട സമയമായെന്ന് തിരിച്ചറിയാം. അങ്ങനെയെങ്കിൽ തണുത്തുറഞ്ഞ നമ്മിലെ നന്മയുടെ തിരികളെ ചൂടുപ്പിടിപ്പിക്കാൻ ക്രിസ്തുവിനല്ലാതെ മറ്റാർക്കാണ് കഴിയുക?
തീക്ഷ്ണമായ പ്രാർത്ഥനയും
വചന വായനയും സൗഹൃദങ്ങളുമെല്ലാം
നമ്മുടെ ആത്മാവിനെ ദൈവത്തോട്‌
ചേർത്തു നിർത്തി ജ്വലിപ്പിക്കട്ടെ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles