ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്ക് ആഗോള കത്തോലിക്കര്‍ ഈ പള്ളി സമ്മാനമായി നല്കി…
റോമില്‍ സാന്‍ ജിയോവാക്കിനോ എന്ന പേരില്‍ ഒരു പള്ളിയുണ്ട്. അത് ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ഒന്നു ചേര്‍ന്ന് മാര്‍പാപ്പായ്ക്ക് സമ്മാനമായി നല്‍കിയതാണ്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ഏതാണ്ട് ഒരു മൈല്‍ മാത്രം ദൂരെയായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. വിശുദ്ധ യോവാക്കിമിന്റെ പേരിലാണ് ഈ പള്ളി. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പായുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ അവസരതത്തില്‍ ആഗോള കത്തോലിക്കര്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ പള്ളി.
ലിയോ പതിമൂന്നാമന്റെ യഥാര്‍ത്ഥ പേര് ജിയോവാക്കിനോ പെക്കി എന്നായിരുന്നു. വി. ജോവാക്കിമിന്റെ നാമധേയത്തില്‍ വേറൊരു പള്ളിയും റോമില്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ തന്റെ സ്വര്‍ഗീയ മധ്യസ്ഥന്റെ നാമത്തില്‍ ഒരു പള്ളി വേണം എന്ന് മാര്‍പാപ്പാ ആഗ്രഹിച്ചു. ഈ ദൗത്യം അദ്ദേഹം ഫ്രഞ്ച് മഠാധിപതിയായ അന്റോണിയോ ബ്രുഗിഡുവിനെ ഏല്പിച്ചു.
പള്ളിയുടെ നിര്‍മാണം 1898 ആഗസ്റ്റ് 20 ന് പൂര്‍ത്തിയായി. പോന്തിഫിക്കല്‍ ദേവാലയമായ സെന്റ് ജിയോവാക്കിനോ ആ വര്‍ഷം തന്നെ റെഡംപ്റ്ററിസ്റ്റ് സഭയെ ഏര്‍പിച്ചു. 1905 ല്‍ പിയൂസ് പത്താമന്‍ പാപ്പാ അതൊരു ഇടവകയാക്കി.
ഈ ദേവാലയത്തിന്റെ നിര്‍മാണത്തിനായി ബ്രുഗിഡുവിന്റെ അഭ്യര്‍ത്ഥന പ്രകാരം 27 രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കര്‍ ഉദാരമായി സംഭാവന ചെയ്തു. ദേവാലയത്തിന്റെ കവാടത്തില്‍ ആ രാജ്യങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ഏറ്റവും അധികം ധനം നല്കിയ 14 രാജ്യങ്ങളുടെ പേരില്‍ ചാപ്പലുകളുമുണ്ട്. അര്‍ജന്റീന, ബവേറിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ഇംഗ്രണ്ട്, ഹോളണ്ട്, അയര്‍ലണ്ട്, ഇറ്റലി, പോളണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്, യുഎസ് എന്നിവയാണ് ആ രാജ്യങ്ങള്‍.