വിഭൂതിത്തിരുനാളോടെ സഭയിൽ വലിയനോമ്പിനു തുടക്കം

കേരളത്തിൽ സീറോ-മലബാർ സീറോ-മലങ്കര സഭകളിൽ ഫെബ്രുവരി 15, തിങ്കളാഴ്ചയും വലിയ നോമ്പിന് തുടക്കമായി. ഫെബ്രുവരി 17 വിഭൂതി തിരുനാളോടെ ആഗോള സഭയിൽ തപസ്സുകാലം ആരംഭിക്കും.

1. പെസഹാരഹസ്യങ്ങളുടെ അനുസ്മരണം
ദൈവികപുണ്യങ്ങളായ വിശ്വാസവും പ്രത്യാശയും സ്നേഹവും നവീകരിക്കുവാനുള്ള സമയമാണ് ഇതെന്ന ആഹ്വാനവുമായിട്ടാണ് ഇത്തവണ പാപ്പ ഫ്രാൻസിസിന്‍റെ തപസ്സുകാല സന്ദേശം പ്രകാശിതമായത്. പിതാവിന്‍റെ തിരുഹിതത്തിന് അനുസൃതമായുള്ള തന്‍റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ക്രിസ്തു തന്‍റെ ജീവിതദൗത്യത്തിന്‍റെ ആഴമായ അർത്ഥതലങ്ങൾ ശിഷ്യന്മാർക്കു വെളിപ്പെടുത്തിക്കൊടുത്തത്. എന്നിട്ട് ലോകരക്ഷയ്ക്കായുള്ള തന്‍റെ ദൗത്യത്തിൽ പങ്കുചേരുവാൻ അവരെ ക്ഷണിക്കുകയും ചെയ്തുവെന്ന് പാപ്പാ സന്ദേശത്തിന് ആമുഖമായി പ്രസ്താവിച്ചു.

2. ദൈവികപുണ്യങ്ങളുടെ ധ്യാനം
അതിനാൽ ആരംഭിക്കുവാൻ പോകുന്ന തപസ്സിലെ ആത്മീയയാത്രയിൽ നാം അനുസ്മരിക്കേണ്ടത് മരണത്തോളം, കുരിശുമരണത്തോളം തന്നെത്തന്നെ വിനീതനാക്കിയ ക്രിസ്തുവിനെയാണെന്ന് പാപ്പാ വചനത്തെ ആധാരമാക്കി അനുസ്മരിച്ചു. സഹനദാസനായ ക്രിസ്തുവിനെയാണ് നാം മാതൃകയാക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു (ഫിലിപ്പിയർ 2, 8). മാനസാന്തരത്തിന്‍റെ ഇക്കാലഘട്ടത്തിൽ നമ്മുടെ വിശ്വാസത്തെ നവീകരിക്കണമെന്നും, പ്രത്യാശയുടെ ജീവജലം അവിടുന്നിൽനിന്ന് ശേഖരിച്ച്, സ്നേഹമുള്ളതും തുറവുള്ളതുമായ ഹൃദയത്തോടെ നമ്മെ ഓരോരുത്തരെയും ക്രിസ്തുവിൽ സഹോദരീ സഹോദരന്‍മാരായി രൂപപ്പെടുത്തണമെന്നും  പാപ്പാ ഉദ്ബോധിപ്പിച്ചു.

3. ക്രൈസ്തവ വിളിയുടെ പൂർത്തീകരണം
പെസഹാരാത്രിയിൽ നാം ജ്ഞാനസ്നാന വ്രതങ്ങൾ നവീകരിച്ചുകൊണ്ട് പരിശുദ്ധാത്മ ചൈതന്യത്താൽ നവസൃഷ്ടികളായി ഭവിക്കുന്ന അനുഭവം ഏവർക്കും ലഭിക്കുമാറാകട്ടെയെന്നും പാപ്പാ സന്ദേശത്തിൽ ആശംസിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ അനുയായികളായ സകലരുടെയും ചിന്തകളെയും മനോഭാവത്തെയും പ്രചോദിപ്പിക്കുന്ന ഈ തപസ്സുകാല യാത്ര നമ്മുടെ അനുദിനജീവതയാത്രയെ ഉത്തേജിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

4. സ്നേഹം പങ്കുവയ്ക്കുന്ന വിശ്വാസം
മാനസാന്തരത്തിന്‍റെ അടയാളങ്ങളായി തപസ്സിൽ നാം സ്വീകരിക്കുന്നത്, ക്രിസ്തു പഠിപ്പിച്ചിട്ടുള്ള ഉപവാസം, പ്രാർത്ഥന, ദാനധർമ്മം എന്നിവയാണ് (മത്തായി 6, 1-18).  ആത്മാർത്ഥമായി വിശ്വാസം ജീവിക്കുന്നതിനും പ്രത്യാശയിൽ വളരുന്നതിനും സ്നേഹം പങ്കുവയ്ക്കുന്നതിനും നമ്മെ ഉപവാസത്തിന്‍റെയും ആത്മപരിത്യാഗത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും വഴി സഹായിക്കും.  പാവങ്ങളുടെ പക്ഷംചേരുന്ന ദാനധർമ്മത്തിന്‍റെയും ജീവിതശൈലി  സ്വീകരിക്കുകയും, ഇതെല്ലാം ദൈവമക്കളായ നമ്മെ പിതാവുമായുള്ള സംവാദത്തിൽ എത്തിക്കട്ടെയെന്നും പാപ്പാ സന്ദേശത്തിൽ ആശംസിക്കുന്നു.

5. ദൈവികപുണ്യങ്ങളുടെ വ്യാഖ്യാനം
തുടർന്ന് വിശ്വാസം, ശരണം, സ്നേഹം എന്നീ പുണ്യങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ തപസ്സുകാല സന്ദേശം മുഴുമിക്കുന്നത്.

a) സത്യം അംഗീകരിക്കുവാനും ദൈവത്തിന്‍റെ മുന്നിലും സഹോദരങ്ങളുമായുള്ള ജീവിതത്തിലും, സത്യത്തിനു സാക്ഷ്യംവഹിക്കുന്നതിനും വിശ്വാസം നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പാ ആഹ്വാനംചെയ്യുന്നു.

b) പ്രത്യാശയാണ് ജീവജലംപോലെ ഈ ജീവിതയാത്ര വിശ്വസ്തതയോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് നമ്മെ സഹായിക്കേണ്ടതെന്നും പാപ്പാ സന്ദേശത്തിൽ അനുസ്മരിപ്പിച്ചു.

c) ആർദ്രതയും പ്രതിബദ്ധതയുമുള്ള ക്രിസ്തുവിന്‍റെ സ്നേഹം അനുകരിച്ചുകൊണ്ടും, അത് എല്ലാവരുമായി പങ്കുവച്ചുകൊണ്ടും, സമുന്നതമായ രീതിയിൽ വിശ്വാസവും പ്രത്യാശയും ജീവിച്ചും അനുദിന ക്രൈസ്തവജീവിതത്തിൽ ആത്മീയാനന്ദത്തോടെ ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാക്ഷികളായി മുന്നേറാൻ ഏവർക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles