ലാസറിന്റെ വെള്ളിയും ശനിയും തിങ്കളും

ഓശാനയ്ക്ക് മുമ്പുള്ള വെള്ളി, ശനി ദിവസങ്ങളും ഓശാനയ്ക്ക് ശേഷമുള്ള തിങ്കളാഴ്ചയും ലാസറിന്റെ വെള്ളി, ശനി, തിങ്കൾ എന്ന പേരിലാണ് പൗരസ്ത്യ സുറിയാനി സഭകളിൽ അറിയപ്പെടുന്നത് !

1. വലിയനോമ്പിലെ ആറാം വെള്ളി – ലാസറിന്റെ വെള്ളി (Lazarus’ Friday)

നമ്മുടെ ആരാധനാവത്സര കലണ്ടറനുസരിച്ച് വലിയ നോമ്പിലെ ആറാം വെള്ളി ഈശോ ലാസറിനെ ഉയിർപ്പിച്ചതിനെ അനുസ്മരിക്കുന്ന “ലാസറിന്റെ വെള്ളി” എന്ന പേരിലറിയപ്പെടുന്ന ദിനമാണ്.

എന്തുകൊണ്ടാണ് വലിയ നോമ്പിലെ ആറാം വെള്ളിയാഴ്ച ‘ലാസറിന്റെ വെള്ളി’യായത്?

ഈശോ ലാസറിനെ ഉയിർപ്പിച്ച സംഭവമാണ് നമ്മുടെ ആരാധനാവത്സര കലണ്ടർ അനുസരിച്ച് ഈ വെളളിയാഴ്ചയിലെ സുവിശേഷം വിവരിക്കുന്നത്.
ലാസറിനെ ഉയിർപ്പിച്ച സംഭവം ഈശോയുടെ പീഡാനുഭവത്തിന്റെയും (യോഹ 11:53) ഉയിർപ്പിന്റെയും (യോഹ 11:25) സൂചനയുമാണല്ലോ. പീഡാനുഭവചിന്തകളോടൊപ്പം, എന്നാൽ അതിലേറെ, ഈശോയുടെ ഉയിർപ്പിനുള്ള ആത്‌മീയഒരുക്കമെന്ന നോമ്പുകാലത്തിന്റെ മുഖ്യലക്ഷ്യത്തിലേക്കു “ലാസറിന്റെ വെള്ളി” നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.

2. വലിയനോമ്പിലെ ആറാം ശനിയാഴ്ച – ലാസറിന്റെ ശനിയാഴ്ച – കൊഴുക്കട്ട ശനി

പൗരസ്ത്യസഭകളെല്ലാം ഓശാനയ്ക്ക് മുമ്പുള്ള ശനി “ലാസറിന്റെ ശനിയാഴ്ച”യായി കൊണ്ടാടുന്നു.
ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് നന്ദി സൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാർദ്ദീൻ സുഗന്ധതൈലം ഈശോയുടെ പാദത്തിൽ ഒഴിച്ചതിനെയും (യോഹ 12:1-8) ഇന്നേ ദിവസം അനുസ്മരിക്കുന്നു.

നസ്രാണി ഗാർഹികപാരമ്പര്യത്തിൽ ഈ ദിവസമാണ് ‘കൊഴുക്കട്ട’ ഉണ്ടാക്കിയിരുന്നത്.

ഈശോ പെസഹായ്ക്ക് ആറു ദിവസം മുൻപ് ഓറശ്ശേമിലേക്കുള്ള യാതയിൽ ബഥാനിയായിലുള്ള ലാസറിന്റെ ഭവനത്തിൽ വരികയും അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തു (യോഹ. 12:1-8). അന്ന് ലാസറിന്റെ സഹോദരിമാരായ മർത്തയും മറിയവും പ്രത്യേക ഭക്ഷണം തയ്യാറാക്കി ഈശോയ്ക്ക് നൽകി. അതാണ് കൊഴുക്കട്ട എന്ന പ്രത്യേക ഭക്ഷണം തയ്യാറാക്കി ആചരിക്കുന്നത്.

മറിയം ഉപയോഗിച്ച സുഗന്ധക്കുപ്പിയെ ഓർമ്മിപ്പിക്കുന്ന, ശർക്കരയും തേങ്ങായും സുഗന്ധവർഗ്ഗങ്ങളും ചേർത്ത കൊഴുക്കട്ട ഉണ്ടാക്കി കുടുംബനാഥൻ അതിൽ സ്ലീവാ വരച്ചു കുടുംബാംഗങ്ങൾക്ക് കൊടുത്തിരുന്നു.

ഇക്കാരണങ്ങളാൽ ഈ ദിനത്തെ “കൊഴുക്കട്ട ശനി” എന്നും വിളിക്കുന്നു.

മറിയത്തിന്റെ തൈലാഭിഷേകം തന്റെ മൃതസംസ്കാരത്തിന്റെ സൂചനയായി ഈശോ വ്യാഖ്യാനിക്കുന്നു. (യോഹ 12:7)

3. വലിയ നോമ്പിലെ അവസാനത്തെ തിങ്കളാഴ്ച – ലാസറിൻ്റെ തിങ്കൾ (Lazarus’ Monday) – ബഥാനിയാ അനുസ്മരണം

പൗരസ്ത്യ സുറിയാനി സഭക്ക് ലാസറിനെ അനുസ്മരിക്കുന്ന ഒരു മൂന്നാം ദിനവുമുണ്ട്.

തിങ്കളാഴ്ചയിലെ സുവിശേഷ വായനയും മർത്തായും മറിയവും ലാസറിന്റെ സാന്നിധ്യത്തിൽ ബഥാനിയായിൽ ഈശോയ്ക്ക് വിരുന്നൊരുക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്.

ഇന്നേ ദിവസത്തെ ലെലിയാ ബേസ് അനിയായുടെ പ്രതീകമായ മോണ്ടളത്തിൽ വച്ച് ആരംഭിക്കുന്നു. സ്ലീവാ, ഏവൻഗലിയോൻ, കത്തിച്ച തിരികൾ, മക്ശാനീസാകൾ, ധൂപം, ഓശാനേകൾ (കുരുത്തോലകൾ) ഇവയെല്ലാമായി ആരാധനാ സമൂഹം മോണ്ടളത്തിൽ നിൽക്കുന്നു. ലെലിയായുടെ പ്രാരംഭ ഭാഗത്തിനു ശേഷം രണ്ടാമത്തെ മൗത്വായുടെ അവസാന പാദം ആലപിക്കുമ്പോൾ (ശമ്പഹ്) പ്രദക്ഷിണമായി ഖൻകെ യിലേക്ക് നീങ്ങുന്നു. പ്രദക്ഷിണാവസാനം സ്ലീവായും ഏവൻഗലിയോനും മദ്ബഹായിൽ പ്രതിഷ്ഠിക്കുന്നു.

ലാസറിന്റെ ഭവനം ബഥാനിയായിലായിരുന്നു. ഓശാനയ്ക്കു ശേഷം പെസഹാ വരെ ഈശോ കഴിഞ്ഞിരുന്നത് ബഥാനിയായിലാണ്. അവിടെ നിന്നാണ് ഈശോ ഓറശ്ശേമിലേക്ക് പോയിരുന്നത്. ബഥാനിയായിൽ നിന്നും ഓറശ്ശേമിലേക്കുളള ഈശോയുടെ യാത്രയെ അനുസ്മരിച്ചു കൊണ്ടാണ് ബഥാനിയായുടെ പ്രതീകമായ മോണ്ടളത്തിൽ നിന്നും ബഥാനിയാ അനുസ്മരണ പ്രദക്ഷിണം നടത്തിയിരുന്നത്.

ഇപ്രകാരം ലാസറുമായി ബന്ധപ്പെട്ട മൂന്നു സുവിശേഷ അറിയിപ്പുകൾ ധ്യാനിച്ചുകൊണ്ട് ഈശോയുടെ മൂന്നാംനാളിലെ ഉയിർപ്പിലേക്കു നാം ആനയിക്കപ്പെടുന്നു…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles