രക്ഷയുടെ അപ്പത്തിനായി പ്രാര്‍ത്ഥിക്കുക

~ കെ ടി പൈലി ~

കര്‍ത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍ വളരെ പ്രധാനപ്പെട്ട ഒരു വചനമാണ് ‘അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങള്‍ക്ക് തരേണമേ’ എന്നത്. ഇവിടെ ആഹാരം എന്ന എന്ന പദത്തിന് മൂന്ന് അര്‍ത്ഥ തലങ്ങളുണ്ട്. ഒന്ന് ശരീരത്തിന്റെ വിശപ്പടക്കുന്ന ആഹാരം. രണ്ട് ആത്മീയ പോഷണമായ പരിശുദ്ധ കുര്‍ബാനയില്‍ വാഴ്ത്തപ്പെടുന്ന അപ്പം. മൂന്ന് തിരുവചനം.

സാധാരണ നമ്മുടെ മനസ്സിലുയരുന്ന ആഹാരം നമുക്ക് ആവശ്യമായ ഭക്ഷണമാണ്. ശരീരത്തിന്റെ ആവശ്യത്തിനുള്ള ആഹാരം മരുഭൂമിയില്‍ വച്ച് വിശന്നു വലഞ്ഞ ഇസ്രായേല്‍ ജനത്തിന് കര്‍ത്താവ് മന്നായും കാടപ്പക്ഷിയും കൊടുത്തു വിശപ്പടക്കി എന്ന് പുറപ്പാട് പുസ്തകത്തില്‍ പതിനാറാം അധ്യായത്തില്‍ നാം കാണുന്നു. അതു പോലെ, അവരുടെ ദാഹം തീര്‍ക്കാന്‍ പാറയില്‍ നിന്ന് ജലം നല്‍കിയതായി പിതനേഴാം അധ്യായത്തിലും വായിക്കുന്നു.

പുതിയ നിയമത്തില്‍ ഇതിന് സമാനമായി യേശു അത്ഭുതം പ്രവര്‍ത്തിച്ചു നല്‍കിയതായി സുവിശേഷങ്ങളിലും വിവരിക്കുന്നുണ്ട്. (മത്താ 14. 13 – 21, മര്‍ക്കോസ് 6. 30 – 44, ലൂക്ക 9. 10 – 17, യോഹ. 6. 1- 14). ശരീരത്തിന്റെ വിശപ്പടക്കാന്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കാന്‍ പോലും തയ്യാറാകുന്നു.

ഇതിനപ്പുറമുള്ള അര്‍ത്ഥതലങ്ങളെയാണ് ക്രിസ്തു ഉയര്‍ത്തി കാണിക്കുന്നത്. നാല്പതു ദിവസത്തെ ഉപവാസത്തിന് ശേഷം വിശന്നു വലഞ്ഞു നല്‍ക്കുന്ന ക്രിസ്തുവിന്റെ മുമ്പില്‍ പ്രലോഭകന്‍ വന്നു നിന്ന് പറഞ്ഞു: :’നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക’ (മത്താ. 4.4). ഇതിന് മറുപടിയായി യേശു പ്രതിവചിച്ചു: ‘മനുഷ്യന്‍ അപ്പം കൊണ്ടു മാത്രല്ല, ദൈവത്തിന്റെ നാവില്‍ നിന്നും പിറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്’ (മത്താ. 4.4). വചനം മാസം ധരിച്ച് ഭൂമിയില്‍ അവതരിച്ച ക്രിസ്തു തന്നെയാണ് ജീവന്റെ അപ്പവും വചനവും.

ജെറമിയ പ്രവാചകന്‍ പറയുന്നു: ‘അങ്ങയുടെ വചനം കണ്ടെത്തയപ്പോള്‍ ഞാന്‍ ഭക്ഷിച്ചു, അവ എനിക്ക് ആനന്ദാമൃതമായി. എന്റെ ഹൃദയത്തിന് സന്തോഷവും (ജെറ. 15. 16). ആത്മാവാണ്് ജീവന്‍ നല്‍കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.’ എന്ന വചനം ഇവിടെ പ്രസക്തമാണ്. ‘ദൈവത്തിന്റെ അപ്പം സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന് ലോകത്തിന് ജീവന്‍ നല്‍കുന്നതത്രേ. (യോഹ. 6. 33). ആത്മാവിന്റെ വിശപ്പും ദാഹവുമാണ് ദിവ്യകാരുണ്യത്തിലൂടെയും തിരുവചനത്തിലൂടെയും ശമിപ്പിക്കപ്പെടുന്നത്.

ഇന്ന് കൊറോണ എന്ന മഹാരോഗത്താല്‍ ലോകമെമ്പാടുമുള്ള ദൈവാലയങ്ങളും ധ്യാനകേന്ദ്രങ്ങളും വചനപ്രഘോഷണവേദികളും അടച്ചു പൂട്ടപ്പെട്ടിരിക്കുകയാണ്. ജീവന്റെ സമൃദ്ധി നല്‍കുന്ന അപ്പവും വീഞ്ഞും തിരുവചനവും ലഭിക്കാതെ ക്രിസ്ത്യാനികള്‍ കഴിയുകയാണ്. സഭയാകുന്ന ക്രിസ്തുവിന്റെ മൗതിക ശരീരം നമുക്ക് മുന്നില്‍ മുഖം തിരിച്ചു നല്‍ക്കുമ്പോള്‍ നാം തിരിച്ചറിയണം, തിന്മ വര്‍ദ്ധിക്കുന്നിടത്ത് ദൈവത്തിന്റെ കോപം പ്രകടമാകും.

ആമോസ് പ്രവാചകന്റെ പുസ്തകത്തില്‍ പറയുന്നു: കര്‍ത്താവ് അരുളിച്ചെയ്യുന്നു. ‘ദേശത്ത് ഞാന്‍ ക്ഷാമം അയക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണമോ ദാഹജലത്തിനോ ഉള്ള വറുതിയല്ല അത്. കര്‍ത്താവിന്റെ വചനം ലഭിക്കാത്തകു കൊണ്ടുള്ള ക്ഷാമം ആയിരിക്കും അത്’ (ആമോ. 8. 11).അനുതപിക്കുക. കര്‍ത്താവിന്റെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക. അതു മാത്രമാണ് ദൈവജനത്തിന്റെ കടമ. വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും കര്‍ത്താവിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി കരുണയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. കാരണം, ‘അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചു കൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നവന്‍ വഴി മാത്രം മതി അവന്‍ പ്രത്യക്ഷപ്പെടും (1 തെസ 1. 7).

സാമുവേലിന്റെ ഒന്നാം പുസ്തകത്തില്‍ വിവരിക്കുന്നു: ഏലിയുടെ പുത്രന്മാര്‍ ദുര്‍മാര്‍ഗികളും കര്‍ത്താവിനെ ബഹുമാനിക്കാത്തവരും ആയിരുന്നു. അവര്‍ ബലിയര്‍പ്പിക്കുന്ന മൃഗത്തിന്റെ മാംസം മുഴുവന്‍ പുരോഹിതനു വേണ്ടി എടുത്തിരുന്നു. കൂടാതെ പ്രവേശ കവാടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവര്‍ ശയിച്ചിരുന്നു. ഏലീപുത്രന്മാരുടെ പാപം ദൈവസന്നിധയില്‍ ഗുരുതരമായിരുന്നു. ഇതറിഞ്ഞ പിതാവായ ഏലി പുരോഹിതന്‍ മക്കളോട് പറഞ്ഞു: ‘മനുഷ്യന്‍ മനുഷ്യനോട് പാപം ചെയ്താല്‍ ദൈവം അവനു വേണ്ടി മധ്യസ്ഥം വഹിക്കും. കര്‍ത്താവിനോട് പാപം ചെയ്താല്‍ ആര്‍ മധ്യസ്ഥം വഹിക്കും?’ എന്നാല്‍ അവര്‍ പിതാവിന്റെ വാക്ക് കേട്ടില്ല. കാരണം അവരെ നശിപ്പിക്കാന്‍ കര്‍ത്താവ് നിശ്ചയിച്ചിരുന്നു (1 സാമു. 2. 12 – 25).

ദൈവജനം ഒരുമിച്ച് കര്‍ത്താവിന്റെ കരുണയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. ‘രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍, എഴുന്നേറ്റ് നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാര പോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനു വേണ്ടി നീ അവിടത്തെ സന്നിധിയിലേക്ക് കൈകള്‍ ഉയര്‍ത്തുക.(വിലാപ. 2. 19).

കര്‍ത്താവേ, കൊറോണ രോഗത്തെ ശമിപ്പിച്ച്, ദൈവാലയങ്ങളും ധ്യാനകേന്ദ്രങ്ങളും വചനപ്രഘോഷണ വേദികളും തുറന്നു തരേണമേ. ഞങ്ങള്‍ ജീവന്റെ അപ്പത്തിനായും ജീവന്റെ വചനത്തിനായും ദാഹിക്കുന്നു. നമുക്ക് പ്രത്യാശിക്കാം. ‘അവിടു്‌ത്തെ കാരുണ്യം ഒരിക്കലും നമ്മില്‍ നിന്ന് പിന്‍വലിക്കുകയില്ല. വിപത്തുകള്‍ കൊണ്ട് നമുക്ക് ശിക്ഷണം നല്‍കുമെങ്കിലും അവിടുന്ന് സ്വജനത്തെ കൈവിടുകയില്ല’ (2 മക്ക. 6. 16).

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles