ഏറ്റവും നല്ലത് ചീത്തയായാല്‍…?
~ കെ ടി പൈലി ~
‘ഏറെ കിഴക്കോട്ട് പോയാല്‍ പടിഞ്ഞാറെത്തും’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതൊരു പ്രകൃതി നിയമമാണ്.. ഭൂമി ഉരുണ്ടതായതിനാല്‍ നമ്മള്‍ സഞ്ചരിച്ച് എതിര്‍ദിക്കിലെത്തും. ഇതു തന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്. സല്‍പേരും പ്രശസ്തിയുമുള്ള നന്മയുടെ വക്താക്കളായ പലരും പിന്നീട് ഏതെങ്കിലും ഒരു ദുര്‍ബല നിമിഷത്തില്‍ തെറ്റില്‍ വീണാല്‍ അത് അവര്‍ നേടിയെടുത്ത എല്ലാ സല്‍പേരിനും കളങ്കം ചാര്‍ത്തുന്നു. വളരെ ദയനീയമായ ഒരു പതനം ആയിരിക്കും അത്. എത്രത്തോളം ഉന്നതത്തില്‍ നിന്ന് താഴേക്കു വീഴുന്നുവോ അത്രയും വലുതായിരിക്കും അതിന്റെ ആഘാതവും. ആ വീഴ്ച വലുതായിരിക്കും. ‘നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍’ (മത്താ 5. 48).
പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ പ്രമുഖരില്‍ ഒരാളായിരുന്നു യൂദാസ് സ്‌കറിയോത്താ. അതു കൊണ്ടാണല്ലോ കര്‍ത്താവ് അവനെ ധനകാര്യം ഏല്‍പിച്ചത്. എന്നാല്‍ തന്നെ ഏല്‍പിച്ച ചുമതല വിശ്വസ്തതയോടെ ചെയ്യാന്‍ അവന് കഴിഞ്ഞില്ല. യൂദാസിന്റെ കുടുംബ പശ്ചാത്തലം ബൈബിളില്‍ പരാമര്‍ശികകപ്പെടുന്നില്ല. എന്തായാലും സുഖലോലുപതയില്‍ മുഴുകിയിരുന്നവനായിരിക്കും അവന്‍ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കാരണം ധനമോഹം കൂടുതലായിരുന്നു. കൈകാര്യം ചെയ്യാന്‍ തന്നെ ഏല്‍പിച്ച ധനത്തില്‍ നിന്ന് സ്വകാര്യ ആവശ്യങ്ങള്‍ക്ക് പണം അവന്‍ അപഹരിച്ചിരുന്നു എന്ന് യോഹന്നാന്‍ സൂചിപ്പിക്കുന്നുണ്ട്. ‘പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നു’ (യോഹ. 13. 29). നമ്മുടെ കഴിവുകള്‍ക്കപ്പുറമുള്ള ബലഹീനത നമ്മെ നശിപ്പിക്കും എന്നാണിവിടെ സൂചിപ്പിക്കുന്നത്.
വളരെ പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കള്‍, മതാചാര്യന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു നിമിഷത്തെ ബലഹീനതയില്‍ നിലംപതിക്കുന്ന കാഴ്ച പത്രത്തിലും ടിവിയിലൂടെയുമൊക്കെ നാം ദിനം പ്രതി കാണുന്ന കാഴ്ചയാണ്. ‘ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ച വരുത്തിയിരിക്കുന്നു (യാക്കോ. 2. 10).
ഉപ്പ് നല്ലത് തന്നെ. എന്നാല്‍ ഉറ കെട്ടു പോയാല്‍ അത് ഉപയോഗ ശൂന്യമായ പുറത്തേക്ക് വലിച്ചെറിയപ്പെടുന്നു. ‘നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല. ചീത്ത വൃക്ഷം നല്ല ഫലങ്ങളും.’ (ലൂക്ക. 6. 43). നല്ല മനുഷ്യര്‍ എപ്പോഴും നല്ലത് മാത്രം ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം.
പഴയ നിയമത്തിലെ സാവൂളിന്റെ പതനം ഇതിന് സമാനമാണ്. സാവൂള്‍ ഇസ്രയേല്‍ ജനത്തിന്റെ അഭിഷിക്തനാക്കപ്പെട്ടു. എന്നാല്‍ ദൈവത്തിന്റെ കല്‍പന ലംഘിച്ചു. കര്‍ത്താവ് പറഞ്ഞു: നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. എന്നാല്‍ അവിടെ നിന്ന് ഒന്നും എടുക്കരുത്. എന്നാല്‍ സാവൂളും ജനവും അഗാഗിനെയും ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലതിനെയും ഉത്തമമായവ ഒക്കെയും നശിപ്പിക്കാതെ സൂക്ഷിച്ചു (1 സാമു. 15. 9). അതിനുള്ള ശിക്ഷ സാമുവേല്‍ പ്രവാചകനിലൂടെ വെളിപ്പെട്ടു: ‘കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു’ (1 സാമു. 15. 23).
സോളമന്റെ അധപതനകാരണവും ഈ ബലഹീനത തന്നെയാണ്. ‘സോളമന്‍ രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശങ്ങളില്‍ പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു. നിങ്ങള്‍ അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന കല്‍പന ലംഘിച്ച് അവന്‍ കര്‍ത്താവിന്റെ മുന്നില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. (1 രാജാ 11. 1- 6). അതിനുള്ള ശിക്ഷയും ദൈവം കല്പിച്ചു: ‘ഇസ്രായേലിന്റെ കര്‍ത്താവില്‍ നിന്ന് അവന്‍ അകന്നു പോകുകയും അവിടുത്തെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ അവിടുന്ന് അവനോട് കോപിച്ചു. കര്‍ത്താവ് സോളമനോട് അരുളിച്ചെയ്തു. നിന്റെ മനസ്സ് ഇങ്ങനെ തിരിയുകയും അവിടുത്തെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ രാജ്യം നിന്നില്‍ നിന്ന് പറിച്ചെടുത്ത് നിന്റെ ദാസന് നല്‍കും (1 രാജാ. 11. 10 – 11).
‘ഈ ജീവിതത്തിന് വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയും കാള്‍ നിര്‍ഭാഗ്യവാന്മാരാണ്’ (1 കൊറി. 15. 11)