ഇന്നു മുതല്‍…. മരണം വരെ…
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക്
വേഗം പോരാ….
ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്.
യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം.
വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചു
വണ്ടി പതിയെ പോയാൽ മതി എന്ന ആഗ്രഹമാണ് മനുഷ്യന്.
എന്നാൽ ജീവിതത്തിന് ബലവും നിറവുമൊക്കെ പകരുന്നത് …..
അരികത്തും അകലെയുമായുള്ള ബന്ധങ്ങളും ഉറ്റവരുടെ സ്നേഹവുമാണ്.
എല്ലാറ്റിനുമുപരി …, ജീവിതത്തിൻ്റെ അവസാന നാളുകളിലും ജീവൻ പിരിയുന്ന നേരത്തും
എന്നും എപ്പോഴും കൂടെയുണ്ടാവുമെന്നാശിച്ച്
ദേവാലയ അൾത്താരയിൽ നിന്ന്
ജീവിതമാകുന്ന അൾത്താരയിലേക്ക്
ചേർത്ത് പിടിച്ച വിരലുകളിൽ
മുറുകെ പിടിക്കാൻ അവൻ/അവൾ
കൂടെയുണ്ടെങ്കിൽ ഏറെ ആശ്വാസം .
ഉത്തമ ഗീതത്തിലെ ദാമ്പത്യത്തിൻ്റെ
ദാമ്പത്യത്തിൻ്റെ മുന്തിരിവള്ളികളും
മാതളപ്പൂക്കളും അവിടെയുണ്ട്….
ബന്ധങ്ങളിൽ വിള്ളലുകൾ രൂപപ്പെടുന്നിടത്ത് ജീവിതം അസ്തമിക്കാറാണ് പതിവ്.
ജീവിതം ഒന്നേയുള്ളൂ …
ദൈവം നിനക്കായൊരുക്കിയ ഇണയും ഒന്നേയുള്ളു.
ഭൂമിയിൽ നിങ്ങളുടെ കുടുംബം സ്ഥാപിതമായതിൽ സ്വർഗം ആനന്ദിക്കുന്നു.
അഴകും ആരോഗ്യവും ഏറെയുള്ള കാലങ്ങളിൽ …..
ദൈവം ചങ്കോട് ചേർത്തവരെ തള്ളിക്കളയരുത്….
നീ എത്ര നിന്ദിച്ചാലും പ്രാണൻ ഉണ്ടെങ്കിൽ
ജീവിത സായന്തനങ്ങളിൽ
നിനക്കു തുണ നിൻ്റെ ഇണയേ ഉള്ളൂ എന്നു മറക്കരുത്.
പൊന്നിട്ടു മൂടിയില്ലങ്കിലും…
മണ്ണിട്ടു മൂടുന്നതുവരെ നിന്നോടൊപ്പം
നിൻ്റെ നിഴലായി കൂടെയുണ്ടാവാൻ കൊതിക്കുന്നവരെ തള്ളിപ്പറയരുത്.
സ്നേഹം ഉണ്ടെന്നു ആവർത്തിച്ചുറപ്പിച്ചിട്ടു കാര്യമില്ല.
സ്നേഹം പ്രകടിപ്പിക്കണം.
നിൻ്റെ വാക്കിലും, നോട്ടത്തിലും പ്രവൃത്തിയിലും സ്നേഹം പ്രകടമാക്കണം.
അല്ലെങ്കിൽ ….
അവൻ്റെ /അവളുടെ മരണ ശേഷം കല്ലറയിൽ പൂക്കൾ വയ്ക്കുന്നതിനു തുല്യമാവും നിൻ്റെ സ്നേഹം.
പകലന്തിയോളം ഓടിത്തീർത്താലും ഒടുവിൽ ആറടി മണ്ണിൽ അലിഞ്ഞു തീരുമെന്ന ബോധ്യം ഉണർവ്വായി കൂടെയുണ്ടെങ്കിൽ….
ദാമ്പത്യ നടവഴിയിൽ ……
ഉറച്ച കാൽവെയ്പ്പുമായി ആയുസ്സിൻ്റ പടിവരെയും ഒരുമിച്ച് മുന്നേറാം.
കണ്ണീരിൻ്റെ കാലങ്ങളിലാണ്
കൺമുമ്പിൽ മഴവില്ലു തെളിയുന്നത്.
ചന്ദ്രൻ ആകാശത്തെ എന്തുവന്നാലും ഉപേക്ഷിക്കാത്തതുപോലെ….,
ഉടയവനെ ചേർത്തു പിടിക്കുന്ന കാലമാണത്.
നല്ല വെട്ടത്തിൽ പിടികിട്ടാത്ത പലതും
ജീവിതത്തിൻ്റെ അരണ്ട വെളിച്ചത്തിൽ
നമുക്കു വായിച്ചെടുക്കാനാവും.
” ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ് ;
കർത്താവിനെ ഭയപ്പെടുന്നവർക്കു ലഭിക്കുന്ന ദാനങ്ങളിൽ ഒന്നാണ് അവൾ.”
( പ്രഭാഷകൻ 26 : 3 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.