പ്രാണന്‍ പിരിയുമ്പോഴും പ്രാര്‍ത്ഥനയോടെ…
വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 43
“എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്….?”
( മർക്കോസ് 15 : 34 )
ക്രിസ്തു കടന്നു പോയ കാൽവരി അനുഭവങ്ങൾ എന്നിലും നിന്നിലും …
നെഞ്ചിലെ സ്നേഹം മുഴുവൻ
ആർക്കാണോ പകർന്നേകിയത്…,
അവരാൽത്തന്നെ വഞ്ചിക്കപ്പെടുമ്പോൾ…,
ആരെയാണോ വിശ്വസിച്ചത്….,
അവരാൽത്തന്നെ ഉപേക്ഷിക്കപ്പെടുമ്പോൾ ….,
അറിയാതെയെങ്കിലും ഉള്ളിൽ അലയടിക്കുന്ന ചോദ്യമാണിത്:
“ദൈവമേ എന്തേ നീ മൗനം പാലിക്കുന്നു..?
കൂട്ട് കൂടി നടന്നവരിൽ ഒരുവൻ ഒറ്റിക്കൊടുത്തു….,
മറ്റൊരുവൻ തള്ളിപ്പറഞ്ഞു…..,
ശേഷിച്ചവർ ഓടിയൊളിച്ചു.
ഒടുവിൽ….!!!
ആർക്കു വേണ്ടിയാണോ ഒരു ജന്മം മുഴുവൻ ഓടിത്തീർത്തത്….?,
അവൻ്റെ മൗനവും.
നിൻ്റെ വാക്കുകളായിരുന്നു എൻ്റെ വാമൊഴികളൊക്കെയും……,
നിൻ്റെ ഹിതമായിരുന്നു എൻ്റെ ഇഷ്ടങ്ങളൊക്കെയും…..
എന്നിട്ടും….
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഗാഗുൽത്തായിൽ നീയും എന്നെ ഉപേക്ഷിച്ചുവോ ….?
ഒടുവിൽ മൗനം പാലിച്ചവൻ
തൻ്റെ മൗനം ഭേദിച്ചു.
മൂന്നാം ദിനം….!!!
ദൈവത്തിൻ്റെ നിശബ്ദതയ്ക്ക് അവസാനം,
അന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത ഒരു
പ്രതീക്ഷയുടെ ഉത്തരം കൊണ്ട്
പരിസമാപ്തി – ഉത്ഥാനം.
കാൽവരി അനുഭവങ്ങൾ ഇന്നും മനുഷ്യനെ വല്ലാതെ പിച്ചിചീന്തുന്നുണ്ട്.
ഒപ്പം ക്രൂശിതനിൽ നിന്നും
ഉത്ഥിതനിലേക്കുള്ള ദൂരം ഒത്തിരി പ്രതീക്ഷകളും അവന് സമ്മാനിക്കുന്നു.
യേശുവിൻ്റെ കുരിശുമരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ യേശു
അത്യുച്ചത്തിൽ “പിതാവേ, ഞാൻ
എൻ്റെ ആത്മാവിനെ തൃക്കൈയ്യിൽ
ഏല് പിക്കുന്നു “എന്ന് നിലവിളിച്ചു പറഞ്ഞു.
ഇതൊരു പ്രാർത്ഥനയാണ്. സങ്കീ.31:5ൽ
കാണുന്ന ഈ പ്രാർത്ഥന ,
ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്
എല്ലാ യഹൂദരും ചൊല്ലിയതിനു ശേഷം മാത്രമേ ഉറങ്ങുകയുള്ളൂ.
യേശുവിനെ ഈ പ്രാർത്ഥന ചൊല്ലി പഠിപ്പിച്ചത് അമ്മ മറിയം ആണ്.
തൻ്റെ മകനെ ഒരു യഥാർത്ഥ യഹൂദനായിത്തന്നെ വളർത്തുവാൻ
ആ അമ്മ ശ്രദ്ധിച്ചിരുന്നു.
യഹൂദ ന്യായപ്രമാണവും ആചാരാനുഷ്ഠാനങ്ങളും ആ അമ്മ മകനെ
അഭ്യസിപ്പിച്ചു.
മരണ സമയത്ത് പോലും ഈ പ്രാർത്ഥന
യേശുവിന് കൂട്ടുവന്നു.
ക്രിസ്തുവിനെ വളർത്തിയ അമ്മയ്ക്ക് മാത്രമേ ….,
ക്രിസ്ത്യാനിയെയും വളർത്താൻ കഴിയൂ.
~ Jincy santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.