കൃപയുടെ നീര്‍ച്ചാലുകള്‍ എഴുത്തിലൂടെ…
ദൈവിക ദാനങ്ങളെല്ലാം കൃപകളാണെന്ന് ധ്യാനിക്കേണ്ടതിന് പകരം
ആർജ്ജിച്ചെടുത്ത കഴിവുകളാണെന്ന് വിശ്വസിക്കുന്നിടത്താണ് ‘അഹം’ രൂപം കൊള്ളുന്നത്.
ജീവിതയാത്രയിൽ ചുരുക്കം ചില വ്യക്തികളെ കണ്ടിട്ടുണ്ട്…. ആത്മാഭിമാനത്തിൻ്റെ ആധിക്യത്താൽ അപരനെ പുച്ഛിക്കുകയും തന്നിലെ അഹത്തെ പുകഴ്ത്തുകയും ചെയ്യുന്നവർ.
” അവരെ ഏല്പിച്ചപ്പോഴേ കരുതിയതാ എല്ലാം കുളമാക്കുമെന്ന് .ഞാനായിരുന്നെങ്കിൽ എല്ലാം ഭംഗിയായി ഉത്തരവാദിത്വത്തിൽ ചെയ്തേനെ ….”
എന്ത് ഭംഗിയാക്കാൻ….? എങ്ങനെ ഭംഗിയാക്കും…?
ക്രിസ്തു ഓർമ്മപ്പെടുത്തുന്നുണ്ടല്ലോ
ഉന്നതത്തിൽ നിന്നും നൽകപ്പെട്ടില്ലായിരുന്നെങ്കിൽ ആർക്കും ഒന്നും ചെയ്യുവാൻ സാധിക്കുമായിരുന്നില്ല .
സൃഷ്ടാവായ ദൈവത്തിൻ്റെ കരങ്ങളിലെ ഒരു ഉപകരണം മാത്രമാണ് ഞാൻ.
എന്നിലൂടെ ഒഴുകുന്ന കൃപയുടെ ഉറവിടം എന്നിലല്ല,
ഒരമ്മ തൻ്റെ കുഞ്ഞിൻ്റെയെന്ന പോലെ…,
ദാനമായ ഈ ജീവിതത്തിൽ കൃപയുടെ അക്ഷരങ്ങൾ എൻ്റെ കൈ പിടിച്ച് എഴുതിക്കുന്ന ദൈവത്തിലാണ്.
ഈ തിരിച്ചറിവിൽ നിന്ന് ഉടലെടുക്കുന്ന ദൈവത്തോടുള്ള ആദരവ്
എന്നിലുയരുന്ന അഹങ്കാര ചില്ലകളുടെ മുളനാമ്പുകളൊടിക്കണം.
ഈ എഴുത്തിൻ്റെ സാന്നിധ്യം അപരന് അനുഗ്രഹദായകമാകുന്നുണ്ടെങ്കിൽ…
അവൻ്റെ ചിന്തകളുടെ ദിശ നേർവഴിക്കു തിരിക്കുന്നുണ്ടെങ്കിൽ ….
തിരിച്ചറിയുന്നു …..
ഞാൻ ദൈവകരങ്ങളിലാണ് കുശവൻ്റെ കൈയ്യിൽ കളിമണ്ണെന്ന പോലെ….
ഞാൻ ഇല്ലാതിരുന്ന ഇന്നലെകളിലും ദൈവം മനുഷ്യനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
എൻ്റെ സാന്നിധ്യം ഉറപ്പുപറയാനാവാത്ത നാളെകളിലും അവിടുന്ന് മനുഷ്യന് വേണ്ടി പ്രവർത്തിക്കും.
എങ്കിൽ … എൻ്റെ സാന്നിധ്യം ഉറപ്പു പറയാനാവുന്ന ഇന്നുകളിൽ….,
കൃപയുടെ ജീവിതത്തെ ദൈവത്തിനു വേണ്ടി ചിലവഴിക്കുന്നതിനെക്കാൾ
എന്ത് നിർവൃതിയാണ് എനിക്ക് നേടാനുള്ളത് …?
” എല്ലാം ദാനമായിരിക്കെ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട്…?”
( 1 കോറിന്തോസ് 4:7 )
“അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ.”
( 1 കോറിന്തോസ് 1:31 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.