മുളം തണ്ടില്‍ നിന്നും…
ഇളം മഞ്ഞ കലർന്ന ആരെയും ആകർഷിക്കുന്ന മുളം തണ്ട്….
ഭംഗി കണ്ട് നീ സ്വന്തമാക്കിയപ്പോൾ
ഉള്ളിൽ ശൂന്യത മാത്രം.
എങ്കിലും അതിൻ്റെ കുറവുകളെ നിറവുകളാക്കാൻ ….. നീ
വശങ്ങളിൽ ഏഴു മുറിവുകൾ കൂടി സമ്മാനിച്ചു.
വേദനയുടെ തീവ്രത ആഴപ്പെടുമ്പോഴും
നിനക്കു വേണ്ടി താളാത്മകമായി മധുര സ്വരം പുറപ്പെടുവിച്ച മുളം തണ്ട്.
ഇന്നത്തെ സഹനങ്ങളെ
ദൂരെയെറിഞ്ഞു കൊണ്ട് നാളെ
കൃപയുടെ സമുദ്രത്തിലേയ്ക്ക് നീന്തിയെത്താനാവും എന്നു നിന്നെ പഠിപ്പിക്കാൻ മുളം തണ്ട് ഏറ്റെടുത്ത സഹനങ്ങളെ ധ്യാനിക്കാം.
ജീവിത വഴിത്താരകളിൽ നിന്ന് ദൈവം നിനക്ക് പ്രിയപ്പെട്ടത് എന്തെങ്കിലും തിരിച്ചെടുക്കുമ്പോൾ നിരാശപ്പെടാതെ തിരിച്ചറിയുക….
ദൈവം നിൻ്റെ കരങ്ങൾ ശൂന്യമാക്കുകയാണ്. കൂടുതൽ മനോഹരമായത് എന്തിനോ വേണ്ടി.
വേദനകൾക്ക് ജീവിതത്തിൽ ശാശ്വതമായ ഒരു നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേൽക്കണം.
ശൂന്യതയുടെ അകത്തളങ്ങളിൽ നിന്നും
പ്രത്യാശയുടെ മധുര സംഗീതങ്ങൾ
നിന്നിൽ നിന്നും പുറപ്പെടട്ടെ.
ജീവിതം ഒഴുകുന്ന പുഴ പോലെ ….
ഒരിക്കൽ ഇറങ്ങിയ ജലത്തിൽ
ഇനി നാം ഇറങ്ങില്ല.
ഇന്നത്തെ വേദന നാളെകളിലെ നമ്മുടെ
അനുഗ്രഹത്തിൻ്റെ അച്ചാരമാണ്.
“കഷ്ടത സഹനശീലവും
സഹനശീലം ആത്മധൈര്യവും
ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു ‘”
( റോമ 5:4 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.