അസ്തമയവും നാളേയ്ക്കുള്ള പ്രതീക്ഷയാണ്…
നിറഞ്ഞു പെയ്ത മഴയ്ക്കു ശേഷം തൊടിയിലിറങ്ങി നിന്ന്
ഒരു കടലാസ്സു താളിൽ കളിവള്ളമുണ്ടാക്കി ഒഴുക്കിവിടുന്ന അതേ ലാഘവത്തോടെയാണ് പലപ്പോഴും ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രിയപ്പെട്ടവർ സങ്കടങ്ങളുടെയും ഒറ്റപ്പെടലിൻ്റെയും പെരുമഴയിലേക്കിറക്കി വിടുന്നത്.
ഒരു വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന സവിശേഷമായ ദാനമാണ് ആത്മധൈര്യം.
ഒരുവനെ മൂടിക്കളയുവാൻ പോരുന്ന വിനാശത്തിൻ്റെ ജലപ്രളയത്തിന് മുകളിൽ നടക്കുവാൻ അത് അവനെ ശക്തനാക്കുന്നുണ്ട്.
ജീവിത ഭാരത്താൽ യോർദ്ദാൻ കലങ്ങിമറിയുന്നതു പോലെ….
പ്രശ്നങ്ങൾ അലട്ടിയാലും അവൻ പതറുകയില്ല.
നിരാശപ്പെടുകയുമില്ല.
കൺമണി പോലെ തന്നെ കാക്കുന്ന കർത്താവിൻ്റെ കരങ്ങളിൽ
ജീവിതം ഭദ്രമാണെന്ന ഉറച്ച ബോധ്യം അവന് കരഗതമാണ്.
ഓരോ അസ്തമയവും ഓരോ പ്രതീക്ഷകളാണ്. നാളെ എല്ലാം ശരിയാകും എന്ന് പ്രതീക്ഷ .
വിശ്വാസം പരീക്ഷിക്കപ്പെടുന്ന ശോധനയുടെ സമയങ്ങളിൽ
ജീവൻ്റെ വചനത്തെ മുറുകെ പിടിക്കുക.
വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം
നിൻ്റെ ജീവിതത്തെ കൈ പിടിച്ചുയർത്തും.
നിൻെറ ജീവിതമാകുന്ന തോണിയിലെ പങ്കായം ദൈവമാണ് .ആ ദൈവത്തെ നിന്നിൽ നിന്ന് അകറ്റിയപ്പോഴാണ് നിൻെറ ജീവിതത്തിൻെറ ഗതി തെറ്റിപ്പോയത് .
നിതാന്തമായ ജാഗ്രതയിൽ നിന്നെ കാത്തുസൂക്ഷിക്കുന്ന ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ലന്ന തിരിച്ചറിവിൻ്റെ കൃപ നിന്നെ പൊതിയട്ടെ.
“ഇസ്രായേലിൻ്റെ പരിപാലകൻ മയങ്ങുകയില്ല ; ഉറങ്ങുകയുമില്ല.
കർത്താവാണ് നിൻ്റെ കാവൽക്കാരൻ.
നിനക്ക് തണലേകാൻ അവിടുന്നു നിൻ്റെ
വലതുഭാഗത്തുണ്ട്.”
( സങ്കീർത്തനങ്ങൾ 121 :4,5 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.