ഉത്ഥിതനായ ക്രിസ്തു നിങ്ങളോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
ഈ ഈസ്റ്റര്‍ കാലത്ത് യേശു നിങ്ങളോട് ഒരു കാര്യം ആവശ്യപ്പെടുന്നുണ്ട്. അത് എന്താണെന്ന് അറിയാമോ? അവിടുന്ന് നമ്മോട് പറയുന്നത് ഈസ്റ്റര്‍ ആഘോഷിക്കാനോ ഈസ്റ്റര്‍ ചിത്രീകരിക്കാനോ ഒന്നുമല്ല. അതൊക്കെ ചെയ്താല്‍ യേശുവിന് സന്തോഷമാകും എന്നത് സത്യം തന്നെ. എന്നാല്‍ പ്രധാനപ്പെട്ട കാര്യം അതല്ല.
യേശുവിന്റെ ഉത്ഥാനത്തെ കുറിച്ച് ലോകത്തുള്ള ഓരോരുത്തരോടും വിളിച്ചു പറയാനാണ് അവിടുന്ന് നമ്മള്‍ ഓരോരുത്തരോടും ആവശ്യപ്പെടുന്നത്.
യേശു മറിയം മഗ്ദലേനയോട് ആവശ്യപ്പെടുന്നത്, പോയി എന്റെ സഹോദരന്മാരോട് ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു പറയുക എന്നാണ്. അവിടുന്ന് തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്, പോയി ലോകം മുഴുവനോടും സുവിശേഷം പ്രഘോഷിക്കുക എന്നാണ്.
നമ്മള്‍ പറയുന്നില്ലെങ്കില്‍ മറ്റുള്ളവര്‍, പ്രത്യേകിച്ച് യേശുവിനെ അറിയാത്തവര്‍ എങ്ങനെ അവിടുത്തെ ഉയിര്‍പ്പിനെ കുറിച്ചറിയും? അങ്ങനെ അറിയുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ യേശുവിലേക്ക് തിരിയുകയും നിത്യരക്ഷ പ്രാപിക്കുകയും ചെയ്യും?
ജീവന്റെ വിലയെ കുറിച്ച് മറന്നു പോകുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യര്‍ പരസ്പരം കൊല്ലുന്നു. ഉദരത്തില്‍ വച്ച് ജീവനെ നശിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ നാം ജീവന്റെ മഹത്വത്തെ കുറിച്ച് പ്രഘോഷിക്കണം. യേശു നമുക്കായി വീണ്ടെടുത്തു തന്നിരിക്കുന്ന ജീവന്‍ എത്ര അമൂല്യമാണെന്നും എത്ര ശക്തമായി നാം മുറികെ പിടിക്കേണ്ടതാണ് അവിടുത്തെ നിത്യജീവന്‍ എന്നും നാം ലോകത്തോട് പറയണം. ഇതാണ് ഈ ഈസ്റ്ററില്‍ യേശു നമ്മോട് ആവശ്യപ്പെടുന്നത്.