സഹനം പിതാവിന്റെ തിരുഹിതം

ക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോ വ്യക്തിയും സഹനത്തിന്റെ പാതയില്‍ക്കൂടി കടന്നുപോകണമെന്നുള്ളത് പിതാവിന്റെ തിരുഹിതമാണ്. സഹനം കൂടാതെ ഒരുവനും ക്രിസ്ത്യാനി ആയിരിക്കാന്‍ സാധിക്കുകയില്ല. ദൈവം തന്റെ ഏകപുത്രനെപ്പോലും മാറ്റിനിര്‍ത്താതെ നമുക്കുവേണ്ടി മരണത്തിന് ഏല്‍പിച്ചുകൊടുത്തു. ഇത് പിതാവിന്റെ തിരുഹിതമായിരുന്നു. ഈശോയുടെ പ്രാര്‍ത്ഥന ഇത് വ്യക്താക്കുന്നു. ‘എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതം പോലെയല്ല അവിടുത്തെ ഹിതം പോലെ നിറവേറട്ടെ’ (മത്താ.26:29). പിതാവിന്റെ ഏകജാതന്‍ തന്റെ അനുസരണത്തിലൂടെ പിതാവിനോട് കാണിക്കുന്ന സ്‌നേഹത്തിന്റെ തെളിവുകൂടിയാണ് ഈ പ്രാര്‍ത്ഥന. ഈ വാക്കുകള്‍ അവിടുത്തെ സ്‌നേഹത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. അവിടുത്തെ സ്‌നേഹവും സഹനവും സജീവമായ യാതാര്‍ത്ഥ്യങ്ങളാണ്. വളരെ ലളിതമായ രീതിയില്‍ സഹനത്തിന്റെ മാനുഷികവശം അതിന്റെ അഗാധതയില്‍ യേശു വെളിവാക്കുന്നു. പിതാവിന്റെ ഹിതം ഓരോ വ്യക്തിയിലും നിറവേറ്റിക്കൊണ്ട് കിട്ടുന്ന സഹനങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുമ്പോഴാണ് ഒരാള്‍ ക്രിസ്ത്യാനിയായി മാറുന്നത്.

യേശു തന്റെ കുരിശിനെ കണ്ടത് ‘യൂദാസും പീലാത്തോസും’ കാരണം തനിക്ക് കിട്ടിയതായിട്ടല്ല, അത് പിതാവിന്റെ തിരുഹിതമായിട്ടാണ് സ്വീകരിച്ചത്. നമ്മുടെ ജീവിതത്തിലും കുരിശുകള്‍ ഉണ്ടാകുമ്പോള്‍ അത് മറ്റുള്ളവര്‍ കാരണമാണെന്ന് പറയാതെ പിതാവിന്റെ തിരുഹിതമാണെന്ന് പറയാന്‍ സാധിക്കണം. പലപ്പോഴും മറ്റുള്ളവര്‍ കാരണം നമുക്ക് സഹനങ്ങളും പ്രയാസങ്ങളും ഉണ്ടാകുന്നു. ആരില്‍ നിന്ന് സഹനം നേരിട്ടാലും ദൈവതൃക്കരം അതില്‍ കണ്ടെത്തണം. അല്ലെങ്കില്‍ ആരില്‍ നിന്നു സഹനം നേരിടുന്നുവോ അവരുമായിട്ട് നമ്മുടെ വ്യക്തിബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്നു. ദൈവം വിശുദ്ധീകരണത്തിനുവേണ്ടി ആ വ്യക്തിയെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കണം. ജോബിന്റെ അനുഭവം നമുക്ക് ഉണ്ടാകാം. ജോബ് തന്റെ പിതാവിന്റെ തിരുഹിതമാണെന്ന് മനസിലാക്കിക്കൊണ്ട് സന്തോഷത്തോടെ സ്വീകരിച്ചു. ‘അവിടുന്ന് എന്റെ സഹോദരന്മാരെ അകറ്റിയിരിക്കുന്നു. എന്റെ പരിചയക്കാരും അപരിചിതരായിത്തീരുന്നു, ബന്ധുജനങ്ങളും ഉറ്റ സ്‌നേഹിതരും എന്നെ ഉപേക്ഷിച്ചു. എന്റെ ഭവനത്തിലെ അതിഥികളും എന്നെ വിസ്മരിച്ചിരിക്കുന്നു. എന്റെ ദാസിമാര്‍ എന്നെ അന്യനായി കരുതുന്നു. ഞാന്‍ അവരുടെ ദൃഷ്ടിയില്‍ പരദേശിയായി തീര്‍ന്നിരിക്കുന്നു. ഞാന്‍ ദാസനെ വിളിച്ചാല്‍ അവന്‍ കേള്‍ക്കുന്നില്ല. ഞാന്‍ അവരോട് യാചിക്കേണ്ടിവരുന്നു. എന്റെ ഭാര്യ എന്നോട് അറപ്പ് കാട്ടുന്നു. എന്റെ സഹോദരന്മാര്‍ക്ക് ഞാന്‍ നിന്ദാപാത്രമായി. കൊച്ചുകുട്ടികള്‍ പോലും എന്നെ പുച്ഛിക്കുന്നു. എന്നെ കാണുമ്പോള്‍ അവര്‍ പരിഹസിക്കുന്നു. എന്റെ ഉറ്റ സ്‌നേഹിതന്മാര്‍ എന്നില്‍നിന്ന് അറപ്പോടെ അകലുന്നു. ഞാന്‍ സ്‌നേഹിച്ചവര്‍ എനിക്കെതിരെ തിരിഞ്ഞു’ (ജോബ് 19. 13-19).

ആരില്‍ നിന്ന് സഹനം നേരിട്ടാലും എന്റെ വിശുദ്ധീകരണത്തിനുവേണ്ടി ദൈവം ഉപയോഗിക്കുന്ന ആ വ്യക്തിയെ ഓര്‍ത്ത് സ്തുതിക്കാന്‍ സാധിക്കണം. എല്ലാം സ്‌നേഹനിധിയായ സ്വര്‍ഗ്ഗീയ പിതാവിന്റെ കരങ്ങളില്‍ നിന്നാണെന്നു മനസിലാക്കുമ്പോള്‍ നമ്മുടെ മനോഭാവത്തിനു മാറ്റമുണ്ടാകുന്നു. ദൈവതൃക്കരങ്ങളില്‍നിന്ന് എന്ന മനോഭാവം നമ്മുടെ ഉള്ളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തും. ‘നിങ്ങള്‍ എനിക്കു തിന്മ ചെയ്തു പക്ഷെ ദൈവം അത് നന്മയ്ക്കായി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അത് ചെയ്തത്.’ (ഏശയ്യ 50.20). അതുവഴി ദൈവം എല്ലാം നന്മയ്ക്കായിട്ട് ക്രമീകരിക്കുന്നു. ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിക്കുന്നുവെന്ന് നമുക്കറിയമല്ലോ’ (റോമ 8.28).


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles